ഗുവാം

അമേരിക്കയിലെ ഇൻ‌കോർപ്പറേറ്റ് ചെയ്യപ്പെട്ട പ്രദേശങ്ങളിലൊന്നാണ് ഗുവാം (/ˈɡwɑːm/ ⓘ; ചമോറോ: Guåhåncode: cha promoted to code: ch ).

പസഫിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഇതിന്റെ സ്ഥാനം. വ്യവസ്ഥാപിതമായ സിവിലിയൻ ഭരണകൂടമുള്ള അഞ്ച് അമേരിക്കൻ അധിനിവേശപ്രദേശങ്ങളിലൊന്നാണ് ഗുവാം. ഐക്യരാഷ്ട്രസഭയുടെ കോളനിഭരണം നിർത്തലാക്കാനുള്ള പ്രത്യേക കമ്മിറ്റി തയ്യാറാക്കിയ സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയിൽ ഗുവാമിനും സ്ഥാനമുണ്ട്. ഹഗാത്നയാണ് (പണ്ടുകാലത്ത് അഗാന എന്നായിരുന്നു ഇതിന്റെ പേര്) തലസ്ഥാനം. മരിയാന ദ്വീപുകളിൽ ഏറ്റവും വലുതും ഏറ്റവും തെക്കുള്ളതുമായ ദ്വീപാണ് ഗുവാം.

ഗുവാം

Guåhån
Flag of ഗുവാം
Flag
സീൽ of ഗുവാം
സീൽ
ദേശീയ ഗാനം: ഫാനോഘെ ചാമോറു
Location of ഗുവാം
തലസ്ഥാനംഹഗാത്ന
വലിയ ഗ്രാമംഡെഡെഡോ
ഔദ്യോഗിക ഭാഷകൾഇംഗ്ലീസ് and ചമാറോ
വംശീയ വിഭാഗങ്ങൾ
39% ചമോറോ, 26.3% ഫിലിപ്പീനോ, 11.3% ഫസഫിക്, 6.9% വെള്ളക്കാർ, 6.3% other ഏഷ്യക്കാർ, 2.3%മറ്റുള്ളവർ, 9.8% മിശ്രിതവിഭാഗം
നിവാസികളുടെ പേര്ഗുവാമാനിയൻ
ഭരണസമ്പ്രദായം
ബറാക്ക് ഒബാമ (ഡെമോക്രാറ്റിക് പാർട്ടി)
• ഗവർണർ
എഡ്ഡി കാൽവോ (റിപ്പബ്ലിക്കൻ പാർട്ടി)
• ലെഫ്റ്റനന്റ് ഗവർണർ
റെയ്മണ്ട് റേ ടെനോറിയോ (റിപ്പബ്ലിക്കൻ പാർട്ടി)
നിയമനിർമ്മാണസഭLegislature of Guam
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
541.3 km2 (209.0 sq mi) (190)
•  ജലം (%)
negligible
ജനസംഖ്യ
• 2010 census
159,358
•  ജനസാന്ദ്രത
320/km2 (828.8/sq mi) (37th)
ജി.ഡി.പി. (PPP)2000 estimate
• ആകെ
$250 കോടി (2005 est.)1 (167)
• പ്രതിശീർഷം
$15,000(2005 est.)1
നാണയവ്യവസ്ഥഅമേരിക്കൻ ഡോളർ (USD)
സമയമേഖലUTC+10 (ചമോറോ സ്റ്റാൻഡേഡ് ടൈം)
കോളിംഗ് കോഡ്+1-671
ഇൻ്റർനെറ്റ് ഡൊമൈൻ.gu
  1. 2000 -ലെ കണക്ക്.
ഗുവാം
ആപ്ര ഹാർബറിന്റെ വിഹഗവീക്ഷണം
ഗുവാം
ഗുവാമിൽലെ സൂര്യാസ്തമയം.

ഉദ്ദേശം 4,000 വർഷങ്ങൾക്കുമുമ്പാണ് ഗുവാം വാസികളായ ചമോറോ വംശജർ ദ്വീപിൽ ആദ്യം എത്തിപ്പെട്ടത്. ദ്വീപിന് യൂറോപ്യൻ കോളനിഭരണത്തിന്റെ നീണ്ട ചരിത്രമാണുള്ളത്. ഫെർഡിനാന്റ് മഗല്ലൻ 1521 മാർച്ച് 6-നാണ് ഈ ദ്വീപ് കണ്ടെത്തിയത്. 1668-ൽ സ്പെയിൻ ആദ്യത്തെ കോളനി സ്ഥാപിച്ചു. ആദ്യം താമസക്കാരായി എത്തിയവരിൽ പെഡ്രേ സാൻ വിടോറസ് എന്ന ഒരു മിഷനറിയുമുണ്ടായിരുന്നു. രണ്ടു ശതാബ്ദങ്ങളിലേറെക്കാലം പസഫിക് മഹാസമുദ്രം മുറിച്ചുകടക്കുന്ന മാനില ഗാലിയൺസ് എന്ന കപ്പലുകളുടെ പ്രധാന ഇടത്താവളമായിരുന്നു ഗുവാം. 1898 വരെ ഈ ദ്വീപ് നിയന്ത്രിച്ചിരുന്നത് സ്പെയിനായിരുന്നു. 1898-ൽ സ്പെയിനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഈ പ്രദേശം അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഈ കൈമാറ്റം 1898-ലെ പാരീസ് ഉടമ്പടിയോടെ ഔദ്യോഗികമായി.

മൈക്രോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപ്, രണ്ടാം ലോകമഹായുദ്ധത്തിനുമുൻപ് ഈ മേഖലയിൽ അമേരിക്കയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഒരേയൊരു ദ്വീപ് എന്നീ പ്രത്യേകതകൾ ഗുവാമിനുണ്ട്. 1941 ഡിസംബർ 8-ന് പേൾ ഹാർബർ ആക്രമണത്തിന് മണിക്കൂറുകൾക്കു ശേഷം ഈ ദ്വീപ് ജപ്പാൻ പിടിച്ചെടുക്കുകയുണ്ടായി. രണ്ടര വർഷക്കാലം ഇത് ജപ്പാന്റെ പിടിയിലായിരുന്നു.

ജപ്പാന്റെ പിടിയിലായിരുന്ന സമയത്ത് ഗുവാം വാസികളെ പീഡനത്തിനും, ശിരഛേദത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയിരുന്നു. ജപ്പാനിലെ സംസ്കാരം ഇവർക്കുമേൽ അടിച്ചേൽപ്പിക്കാനും ശ്രമമുണ്ടായി. 1944 ജൂലൈ 21-ന് അമേരിക്കൻ സൈനികർ ഗുവാം പിടിച്ചെടുത്തത് രൂഷമായ പോരാട്ടത്തെത്തുടർന്നാണ്. ഈ ദിവസം എല്ലാ വർഷവും വിമോചനദിനമായി ആഘോഷിക്കപ്പെടുന്നു.

ഇന്ന് ഗുവാമിന്റെ സാമ്പത്തികവ്യവസ്ഥ പ്രധാനമായും വിനോദസഞ്ചാര വ്യവസായത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ജപ്പാനിൽ നിന്നുള്ള സഞ്ചാരികളാണ് മുഖ്യ വരുമാനസ്രോതസ്സ്. രണ്ടാമത്തെ വലിയ വരുമാനമാർഗ്ഗം അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തിന്റെ സാന്നിദ്ധ്യമാണ്.


ചരിത്രം

ഗുവാം 
അറിയാവുന്നതിൽ ഏറ്റവും വലിയ ലാറ്റെ കല്ലിനു സമീപത്ത് ഒരു മനുഷ്യൻ നിൽക്കുന്നു. ഇവിടെയാണ് ടാഗ എന്ന ഗോത്രത്തലവൻ താമസിച്ചിരുന്നത് എന്നാണ് ഐതിഹ്യം

ദക്ഷിണപൂർവ ഇന്തോനേഷ്യയിലെ വാസികളാണ് ഉദ്ദേശം 2000 ബി.സി.യിൽ ഗുവാം കണ്ടുപിടിച്ചത്. യൂറോപ്യന്മാരുമായി ബന്ധം സ്ഥാപിക്കുന്നതിനു മുൻപുള്ള തദ്ദേശവാസികളുടെ വിവരങ്ങൾ മിത്തുകളിൽ നിന്നും കഥകളിൽ നിന്നും, പുരാവസ്തുശാസ്ത്രത്തിൽ നിന്നും ജെസ്യൂട്ട് മിഷനറിമാരുടെ രേഖകളിൽ നിന്നുമാണ് നമുക്ക് ലഭിക്കുന്നത്.

യൂറോപ്യന്മാർ എത്തിയപ്പോൾ ചമോറോ സമൂഹത്തിൽ മൂന്ന് വർണങ്ങളുണ്ടായിരുന്നു. മാറ്റുവ (വരേണ്യവർഗ്ഗം), അചാവോട്ട് (മദ്ധ്യവർഗ്ഗം), മനാ'ചാങ് (കീഴ്ജാതിക്കാർ) എന്ന രീതിയിലായിരുന്നു ഈ വിഭജനം. മാറ്റുവ വർണ്ണക്കാർ കടൽത്തീരത്തുള്ള ഗ്രാമങ്ങളിലായിരുന്നു താമസിച്ചിരുന്നത്. മീൻപിടിക്കാനുള്ള അവകാശം ഏറ്റവുമുണ്ടായിരുന്നത് ഇവർക്കാണെന്നനുമാനിക്കാം. മനാ'ചാങ് എന്ന വിഭാഗം ദ്വീപിന്റെ ഉൾ പ്രദേശങ്ങളിലാണ് താമസിച്ചിരുന്നത്. മാറ്റുവ വിഭാഗക്കാരും മനാ'ചാങ് വിഭാഗക്കാരും തമ്മിൽ വിരളമായേ ഇടപെടാറുള്ളായിരുന്നുള്ളൂ. അചാവോട്ട് വിഭാഗക്കാരായിരുന്നു ഇവർ തമ്മിലുള്ള ഇടപാടുകളുടെ മദ്ധ്യവർത്തി. ചികിത്സയിൽ പ്രാവീണ്യമുള്ള "മകാഹാ" എന്ന വിഭാഗക്കാരുമുണ്ടായിരുന്നു. ചമോറോക്കളുടെ ആത്മാക്കളിലുള്ള വിശ്വാസം "ടോവോടാവോ മോ'ണ" ഇപ്പോഴും ചില വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുണ്ട്. മഗെല്ലൻ ഇവിടെയെത്തിയപ്പോൾ നൂറുകണക്കിന് തോണികൾ അതിവേഗത്തിൽ കടലിനുമീതെ പറക്കുന്നതുപോലെ കാണപ്പെട്ടുവത്രേ. മഗെല്ലൻ ഈ ദ്വീപിനെ ഐലാസ് ഡെ ലാ വെലാസ് ലാറ്റിനാസ് ("ലാറ്റീൻ കപ്പൽപ്പായയുടെ ദ്വീപുകൾ") എന്നു വിളിക്കാൻ കാരണം ഇവയായിരുന്നു.

ഫിലിപ്പീൻസിനു കിഴക്കായി സ്പെയിനിനുണ്ടായിരുന്ന ആദ്യകാല കണ്ടുപിടിത്തങ്ങളിലൊന്നായ ഈ ദ്വീപ് അകാപുൾക്കോ, മെക്സിക്കോ, മനീല എന്നിവയ്ക്കിടയിലുള്ള ഒരു പ്രധാന ഇടത്താവളമായിരുന്നു. 1565 മുതൽ 1815 വരെ ഇത് തുടർന്നു. ഫിലിപ്പീൻസ് സ്വതന്ത്രമായതിനുശേഷം ഇത് അമേരിക്കയുടെ പസഫിക് സമുദ്രത്തിലെ ഏറ്റവും പടിഞ്ഞാറുള്ള അധിനിവേശപ്രദേശമായി തുടരുന്നു. മൈക്രോനേഷ്യയുടെ ഏറ്റവും വലിയ ഭാഗമാണിത്.

ലാറ്റെ കല്ലുകൾ മറിയാന ദ്വീപുകളുടെ പ്രത്യേകതയാണ്. ഇതിനു മുകളിലാണ് ഓലമേഞ്ഞ വീടുകൾ പണിതിരുന്നത്. കാർബൺ ഡേറ്റിംഗ് ഉപയോഗിച്ച് പാശ്ചാത്യരെത്തും മുൻപുള്ള ഗുവാമിന്റെ ചരിത്രത്തെ ആർക്കിയോളജിസ്റ്റുകൾ "പ്രീ-ലാറ്റെ" (ബി.സി. 2000? മുതൽ എ.ഡി.1 വരെ) "ട്രാൻസിഷണൽ പ്രീ-ലാറ്റെ" (എ.ഡി. 1 മുതൽ എ.ഡി. 1000 വരെ), "ലാറ്റെ" (എ.ഡി. 1000 മുതൽ എ.ഡി. 1521 വരെ) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

1521-നോടടുത്ത് ചമോറോ സമൂഹം അടുത്തൊരു വലിയ മാറ്റത്തിനൊരുങ്ങുകയായിരുന്നു എന്ന് പര്യവേഷണങ്ങൾ സൂചിപ്പിക്കുന്നു. കല്ലുകളുടെ വലിപ്പം ഈ സമയത്ത് വളരെ അധികരിച്ചിരുന്നു. ഇത് ചമോറോ സമൂഹം കൂടുതൽ തട്ടുകളായി തിരിയുന്നതിന്റെ ലക്ഷണമായി കണക്കാക്കാമത്രേ. ഈ ഊഹം സ്ഥാപിക്കത്തക്ക കൂടുതൽ തെളിവുകൾ ലഭ്യമല്ല.

സ്പെയിനിന്റെ കോളനിഭരണവും മനീല ഗാലിയണുകളൂം

മഗെല്ലനെത്തുടർന്ന് ഇവിടെയെത്തിയ ജനറൽ മിഗുവേൽ ലോപ്പസ് ഡെ ലെഗാസ്പി ഗുവാം സ്പെയിനിന്റേതാണെന്ന അവകാശവാദമുന്നയിച്ചു. 1668-ൽ സ്പാനിഷ് കോളനിഭരണത്തിന് തുടക്കമായി. സാൻ വിറ്റോരസ് എന്ന പാതിരി ആദ്യ കത്തോലിക് മിഷൻ സ്ഥാപിച്ചു. ഫിലിപ്പീൻസ് കേന്ദ്രമാക്കി ഭരിച്ചിരുന്ന സ്പാനിഷ് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു ഗുവാം. മെക്സിക്കോ സിറ്റി കേന്ദ്രമായിരുന്ന സ്പാനിഷ് വൈസ്രോയിയുടെ കീഴിലായിരുന്നു സ്പാനിഷ് ഈസ്റ്റ് ഇൻഡീസ്.

1668-നും 1815-നും ഇടയിൽ ഗുവാം അകാപുൾക്കോയ്ക്കും മനീലയ്ക്കുമിടയിൽ യാത്രചെയ്തിരുന്ന കപ്പലുകൾക്ക് (മനീല ഗാലിയണുകൾ) ഒരു ഇടത്താവളമായിരുന്നു. ഈ കപ്പലുകളെ സംരക്ഷിക്കാൻ സ്പെയിൻ നുവെസ്ട്ര കോട്ട പോലെ ധാരാളം പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഈ കോട്ട ഇപ്പോഴും നിലവിലുണ്ട്. ഗവർണറുടെ കൊട്ടാരം, സ്പാനിഷ് പാലം, (ഹഗാത്ന), ഗുവാമിലെ കത്തീഡ്രൽ എന്നിവയൊക്കെ സ്പെയിൻ‌കാർ പണിതതാണ്. ഗുവാമിലെയും നോർതേൺ മരിയാന ദ്വീപുകളിലെയും സംസ്കാരത്തിന് സ്പെയിനിലെയും മെക്സിക്കോയിലെയും സംസ്കാരവുമായി ധാരാളം സമാനതകളുണ്ടത്രേ.

സ്പാനിഷ് അമേരിക്കൻ യുദ്ധവും രണ്ടാം ലോകമഹായുദ്ധവും

ഗുവാം 
ഫിലിപ്പീൻ സ്പാനിഷ് പെസോ. ഇതിൽ അമേരിക്ക ഗുവാം കീഴടക്കിയതിന്റെ സ്മാരകമായുള്ള മുദ്രണവും കാണാം.
ഗുവാം 
1944-ലെ ഗുവാമിനായുള്ള യുദ്ധത്തിൽ ആദ്യ ആക്രമണസംഘത്തിലെ മറീനുകൾ എത്തുന്നു.

അമേരിക്കൻ ഐക്യനാടുകൾ 1898-ലെ സ്പെയിനുമായുള്ള യുദ്ധത്തിൽ ഗുവാം പിടിച്ചടക്കി. അതേ വർഷം തന്നെ പാരീസ് ഉടമ്പടി പ്രകാരം ഗുവാം ഔദ്യോഗികമായി അമേരിക്കയ്ക്ക് നൽകപ്പെട്ടു. ഫിലിപ്പീൻസിൽ നിന്ന് യാത്ര ചെയ്യുന്ന അമേരിക്കൻ കപ്പലുകൾ അടുക്കുന്ന ഒരു തുറമുഖമായിരുന്നു ഗുവാം. വടക്കൻ മറിയാന ദ്വീപുകൾ ജർമനിയും പിന്നീട് ജപ്പാനും കൈവശം വച്ചു.

രണ്ടാം ലോകമഹായുദ്ധത്തിൽ 1941 ഡിസംബർ 8-ന് ജപ്പാൻ ഈ ദ്വീപ് ആക്രമിച്ചു കീഴടക്കി.

വടക്കൻ മറിയാന ദ്വീപുകൾ യുദ്ധത്തിനു മുൻപ് ജപ്പാന്റെ സംരക്ഷണത്തിലായിരുന്നു. ഇവിടെനിന്നു കൊണ്ടുവന്ന ചമോറോ വംശജരായിരുന്നു ജപ്പാൻ സൈന്യത്തിന്റെ പരിഭാഷകരായും മറ്റും പ്രവർത്തിച്ചിരുന്നത്. ഗുവാമിലെ ചമോറോ വംശജരെ കീഴടക്കിയ ശത്രുക്കളായായിരുന്നു ജപ്പാൻ കണക്കാക്കിയിരുന്നത്. യുദ്ധശേഷം ഗുവാമിലെയും വടക്കൻ മരിയാന ദ്വീപുകളിലെയും ചമോറോ വംശജർ തമ്മിൽ സ്പർദ്ധയുണ്ടാകാൻ ഇത് കാരണമായി.

മുപ്പത്തൊന്നു മാസത്തോളം ഗുവാം ജപ്പാന്റെ അധീനതയിലായിരുന്നു. ഇക്കാലത്ത് നാട്ടുകാരെ നിർബന്ധിത അദ്ധ്വാനത്തിനു വിധേയരാക്കിയിരുന്നു. കുടുംബങ്ങളെ അകറ്റുകയും ആൾക്കാരെ തടവിലാക്കുകയും വധിക്കുകയും മറ്റും ചെയ്തിരുന്നു. ആൾക്കാരെ കോൺസൺട്രേഷൻ ക്യാമ്പുകളിൽ അടയ്ക്കുകയും സ്ത്രീകളെ നിർബന്ധിതമായി വേശ്യാവൃത്തി ചെയ്യിക്കുകയും മറ്റും ചെയ്തത് ജപ്പാൻകാരുടെ അതിക്രമങ്ങളിൽ പെടുന്നു. അധിനിവേശസമയത്ത് ഉദ്ദേശം ആയിരം ആൾക്കാർ മരിക്കുകയുണ്ടായി. ചിലരുടെ അഭിപ്രായത്തിൽ ഗുവാമിലെ 20,000 ആൾക്കാരിൽ 10% യുദ്ധദുരിതത്തിന്റെ ഭാഗമായി മരിച്ചുപോയിരുന്നു.

അമേരിക്കൻ സൈന്യം 1944-ൽ ബാറ്റിൽ ഓഫ് ഗുവാം എന്നറിയപ്പെടുന്ന യുദ്ധത്തിലൂടെ ജൂലൈ 21-ആം തീയതി ജപ്പാനിൽ നിന്ന് ഈ ദ്വീപ് പിടിച്ചെടുത്തു. 18,000-ൽ കൂടുതൽ ജപ്പാൻ‌കാർ മരിക്കുകയും 485 പേർ കീഴടങ്ങുകയും ചെയ്തു. 1972-ൽ കീഴടങ്ങിയ സർജന്റെ ഷോഇചി യോകോയിയാണ് അവസാനമായി കീഴടങ്ങിയ ജപ്പാൻകാരൻ. അമേരിക്ക വടക്കൻ മറിയാന ദ്വീപുകളും ഇതോടൊപ്പം പിടിച്ചെടുത്തു.

യുദ്ധാനന്തരകാലം

യുദ്ധശേഷം 1959-ലെ ഗുവാം ഓർഗാനിക് ആക്റ്റ് അമേരിക്കൻ ഐക്യനാടുകളിലെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത് ഭൂവിഭാഗമായി മാറ്റി. ഈ നിയമം സിവിലിയൻ ഭരണകൂടം എങ്ങനെയാവണം എന്ന് വ്യവസ്ഥ ചെയ്തു. നാട്ടുകാർക്ക അമേരിക്കൻ പൗരത്വമുണ്ട്. ഗുവാം അമേരിക്കൻ സംസ്ഥാനമല്ലാത്തതിനാൽ നാട്ടുകാർക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല. ഇവരുടെ കോൺഗ്രസ്സ് പ്രതിനിധിക്കും വോട്ടവകാശമില്ല.

പേരുമാറ്റാനുള്ള നിർദ്ദേശം

ഗുവാം 
ഗുവാമിന്റെ ഇപ്പൊഴത്തെ കൊടി ഇംഗ്ലീഷിൽ ദ്വീപിന്റെ പേര് എഴുതിയതാണ്.

ഗുവാം എന്ന പേര് അമേരിക്കൻ ഭരണത്തോടൊപ്പം വന്നതാണത്രേ. 2010-ൽ അന്നത്തെ ഗവർണറായിരുന്ന ഫെലിക്സ് ചമോച്ചോ ഗുവാമിനെ ഇനിമുതൽ ഗുവാഹാൻ എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ചമോറോ ഭാഷയിൽ ഇതാണ് ദ്വീപിന്റെ പേര്. തന്റെ ഭരണകാലാവധി അവസാനിച്ച സമയത്ത് ഈ പേരുമാറ്റം നടപ്പാക്കാനുള്ള ഒരു ഉത്തരവും അദ്ദേഹം പുറത്തിറക്കി. ചമോചോ ഗുവഹാൻ ഗവർണർ എന്ന് സ്വയം വിളിക്കാനും തുടങ്ങി.

ചരിത്രകാരൻ ടോണി റാമിറസിന്റെ അഭിപ്രായത്തിൽ ഗുവഹാൻ എന്ന പദത്തിന്റെ അർത്ഥം "ഞങ്ങൾക്കുണ്ട് അല്ലെങ്കിൽ "ഉള്ളസ്ഥലം" എന്നാണത്രേ. ദ്വീപിലെ നദികളും മറ്റ് വിഭവങ്ങളെയുമാണത്രേ ഈ പ്രയോഗം വിവക്ഷിക്കുന്നത്. ഇവ മറ്റ് മൈക്രോനേഷ്യൻ ദ്വീപുകളിൽ അസാധാരണമാണ്.

1521 നും 1898 നുമിടയിൽ ഗുവഹാൻ അല്ലെങ്കിൽ ഗുവജാൻ എന്ന പേര് വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്നു. ഗുവാം എന്ന പേരും നൂറ്റാണ്ടുകളായി നിലവിലുള്ളതാണെന്ന് പീറ്റർ ഒനെഡേറ എന്ന ചരിത്രകാരൻ അവകാശപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ ഗുവാം ഗവർണറായിരുന്ന റിച്ചാർഡ് ലെവിയാണ് 1900-ൽ ഗുവാം എന്ന പേര് സ്വീകരിച്ചത്.

അനുകൂലമായും പ്രതികൂലമായും നാട്ടുകാരും നിയമനിർമാതാക്കളും ഈ പേരുമാറ്റത്തിനോട് പ്രതികരിച്ചിരുന്നു. പേരുമാറ്റം വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് അഭിപ്രായമുണ്ടായി.

ഭൂമിശാസ്ത്രം

ഗുവാം 
ഗുവാമിന്റെ മാപ്പ്
ഗുവാം 
നാസയുടെ എർത്ത് ഒബ്സർവിംഗ് ഉപഗ്രഹമെടുത്ത ഫോട്ടോ.

13.2°വടക്ക് 13.7°വടക്ക് എന്നീ രേഖാംശങ്ങൾക്കിടയിലും 144.6°കിഴക്ക്, 145.0°കിഴക്ക് എന്നീ രേഖാംശങ്ങൾക്കിടയിലുമാണ് ഗുവാമിന്റെ സ്ഥാനം. 549 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. വലിപ്പത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ദ്വീപുകളിൽ 32-ആം സ്ഥാനമാണ് ഗുവാമിനുള്ളത്. മരിയാന ദ്വീപുകളിൽ ഏറ്റവും തെക്കുള്ളതും ഏറ്റവും വലുതുമായ ദ്വീപാണിത്. മൈക്രോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപും ഇതുതന്നെ. ഫിലിപ്പീൻ കടൽ ടെക്റ്റോണിക് പ്ലേറ്റും പസഫിക് ടെക്റ്റോണിക് പ്ലേറ്റും തമ്മിൽ കൂട്ടിയിടിച്ചതിലൂടെയാണ് ഈ ദ്വീപസമൂഹം ഉണ്ടായത്. മരിയാന ട്രെഞ്ച് എന്ന ഗർത്തത്തിന്റെ ഏറ്റവും സമീപത്തുള്ള കരയാണ് ഗുവാം ദ്വീപ്. ഗുവാമിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലം ലാംലാം കുന്നാണ്. 406 മീറ്ററാണ് ഇതിന്റെ ഉയരം.

ദ്വീപിന്റെ നീളം 48 കിലോമീറ്ററും വീതി 6 മുതൽ 19 കിലോമീറ്റർ വരെയുമാണ്. ഇവിടെ ഭൂചലനങ്ങൾ സാധാരണയാണ്. ഇവിടെ അഗ്നിപർവ്വതങ്ങളില്ല. മരിയാന ദ്വീപുകളിൽത്തന്നെയുള്ള അന്റഹാൻ അഗ്നിപർവ്വതം കാരണം ഇവിടെ സ്മോഗ് ഉണ്ടാകാറുണ്ട്.

പവിഴപ്പുറ്റുകളുടെ നിര ഗുവാമിനു ചുറ്റുമുണ്ട്. മണലുള്ള കടൽത്തീരങ്ങളും, കടൽത്തീരം വരെയെത്തുന്ന പാറക്കെട്ടുകളും കണ്ടൽച്ചെടികളും മറ്റും തീരത്ത് കാണാൻ സാധിക്കും.

കാലാവസ്ഥ

ഭൂമദ്ധ്യരേഖയോടടുത്ത തീരപ്രദേശങ്ങളിലെ കാലാവസ്ഥയാണിവിടെ. സാധാരണഗതിയിൽ ചൂടുള്ളതും ഹ്യുമിഡിറ്റി കൂടുതലുള്ളതുമായ അന്തരീക്ഷമാണ്. കൂടിയ താപനിലയുടെ ശരാശരി 30°C-യും കുറഞ്ഞ താപനിലയുടെ ശരാശരി 24°C-യുമാണ്. 2,180മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത്. ഡിസംബർ മുതൽ ജൂൺ വരെ ഉണങ്ങിയ കാലാവസ്ഥയാണ്. ജൂലൈ മുതൽ നവംബർ വരെയുള്ള സമയം മഴക്കാലമാണ്. ജനുവരിയും ഫെബ്രുവരിയുമാണ് ഏറ്റവും തണുപ്പുള്ള മാസങ്ങൾ. ടൈഫൂൺ കൊടുങ്കാറ്റുകൾ ഉണ്ടാകാൻ ഏറ്റവും സാദ്ധ്യത ഒക്ടോബറിലും നവംബറിലുമാണ് (വർഷം മുഴുവനും കൊടുങ്കാറ്റുകളുണ്ടാകാൻ സാദ്ധ്യതയുണ്ട്).

ജനസംഖ്യാക്കണക്കുകൾ

Historical population
Census Pop.
191011,806
192013,27512.4%
193018,50939.4%
194022,29020.4%
195059,498166.9%
196067,04412.7%
197084,99626.8%
19801,05,97924.7%
19901,33,15225.6%
20001,54,80516.3%
20101,59,3582.9%

ചമോറോകളാണ്, ഏറ്റവും വലിയ ജനവിഭാഗം. മൊത്തം ജനസംഖ്യയുടെ 37.1% ഇവരാണ്. ഫിലിപ്പിനോകൾ (25.5%), വെള്ളക്കാർ, സ്പാനിഷ്/മറ്റു യൂറോപ്യ അമേരിക്കൻ വിഭാഗങ്ങൾ എന്നിവർ (10%). ചൈനക്കാർ, ജപ്പാൻകാർ, കൊറിയക്കാർ എന്നിവരാണ് മറ്റുള്ളവർ. 85% ജനങ്ങളും റോമൻ കത്തോലിക്കാ വിഭാഗത്തിൽ പെടുന്നു.

2000 മുതൽ 2010 വരെ 2.9% മാത്രമായിരുന്നു ജനസംഖ്യാവളർച്ചയെങ്കിലും , 2010 മുതൽ 2014 വരെ നടക്കുന്ന അമേരിക്കൻ സൈന്യവിന്യാസത്തോടെ ജനസംഖ്യ 40% വളരുമെന്ന് പ്രതീക്ഷിക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സമയത്ത് 80,000 വരെയാൾക്കാർ ഇവിടെ അധികമായുണ്ടാകും.

ഇംഗ്ലീഷ് ചമോറോ ഭാഷ എന്നിവയാണ് ഔദ്യോഗിക ഭാഷകൾ.

സംസ്കാരം

ഗുവാം 
ടൂ ലവേഴ്സ് പോയിന്റ് എന്ന സ്ഥലം ദ്വീപിലെ കമിതാക്കൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണത്രേ ഇത്.

പരമ്പരാഗത ചമോറോ സംസ്കാരം സ്പെയിൻകാർ ഇവിടെയെത്തും മുൻപുള്ള സംസ്കാരത്തിന്റെയും സ്പാനിഷ് സംസ്കാരത്തിന്റെയും മെക്സിക്കോയിൽ രൂപപ്പെട്ട സംസ്കാരത്തിന്റെയും മിശ്രണത്താൽ ഉരുത്തിരിഞ്ഞുണ്ടായ ഒന്നാണ്. ചമോറോ ഭാഷ, സംഗീതം, നൃത്തം, കടൽയാത്ര, ഭക്ഷണം, കളികൾ (ബാറ്റു, ചോങ്ക, എസ്റ്റുലെക്സ്, ബായോഗു എന്നിവ ഉദാഹരണം), മീൻപിടിത്തം, ഗാനങ്ങൾ, വസ്ത്രവിധാനം എന്നിവയിലൊക്കെ ഈ സമ്മിശ്രസംസ്കാരം ദൃശ്യമാണ്. 1668 മുതൽ 1898 വരെയുള്ള സ്പാനിഷ കോളനിഭരണക്കാലത്ത് ബഹുഭൂരിപക്ഷം നാട്ടുകാരെയും മതപരിവർത്തനം ചെയ്ത് റോമൻ കത്തോലിക്കരാക്കി മാറ്റിയിരുന്നു. ഈസ്റ്റർ, ക്രിസ്മസ് മുതലായ ആഘോഷങ്ങൾ വ്യാപകമായി. മിക്ക ചമോറോകളുടെയും കുടുംബപ്പേരും സ്പാനിഷ് ശൈലിയിലാകാൻ കാരണം മതപരിവർത്തനമാണ്.

അമേരിക്കയുടെയും സ്പെയിനിന്റെയും സാംസ്കാരിക സ്വാധീനം കാരണം ചമോറോകളുടെ ആദ്യകാല സാംസ്കാരിക പാരമ്പര്യം ഏറെക്കുറെ കൈമോശം വന്ന സ്ഥിതിയിലാണിപ്പോൾ. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി സ്പെയിൻകാരുടെ വരവിനു മുൻപുള്ള സംസ്കാരം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചില പണ്ഡിതർ പസഫിക്കിലെ മറ്റു ദ്വീപുകളിൽ സന്ദർശിച്ച് ആദ്യകാല ചമോറോകളുടെ നൃത്തം, ഭാഷ, നൗക നിർമ്മാണം എന്നിവ എങ്ങനെയായിരുന്നിരിക്കണം എന്ന് ഗവേഷണം നടത്തിയിട്ടുണ്ട്.

പൊതുമുതലിനും പരസ്പര സഹകരണത്തിനും ഊന്നൽ നൽകുന്ന സമ്പ്രദായങ്ങൾ (മൂല്യങ്ങൾ) ആയ ചെഞ്ചുലെ, ഇനാഫമയോലക് എന്നിവ (chenchule'. inafa'maolek) പാശ്ചാത്യ സ്വാധീനമുണ്ടായിട്ടും നഷ്ടപ്പെട്ടുപോകാത്ത രണ്ട് കാര്യങ്ങളാണ്.

ഗുവാം 
യൂറോപ്യന്മാർ എത്തും മുൻപുള്ള ഗുവാമിനെപ്പറ്റിയുള്ള കഥകളിൽ ഗഡാവോ എന്ന ചീഫ് സ്ഥാനം പിടിക്കുന്നുണ്ട്.

ബഹുമാനത്തിൽ ആസ്പദമായ സാമൂഹിക നിയമങ്ങളാണ് ചമോറോ സംസ്കാരത്തിന്റെ മുഖ്യഭാഗം. മുതിർന്നവരുടെ കൈകൾ മണക്കുക, കഥകളും മറ്റും തലമുറകളിലൂടെ കൈമാറുക, പഴയ യുദ്ധഭൂമിയിലേയ്ക്കും കാട്ടിലേയ്ക്കും മറ്റും പ്രവേശിക്കുന്നതിനുമുൻപ് പരേതാത്മാക്കളോട് അനുവാദം ചോദിക്കുക എന്നിവയൊക്കെ ഇത്തരം ആചാരങ്ങളിൽ പെടുന്നു. തോണി നിർമ്മാണം, ബെലെംബായോടുയെൻ (belembaotuyan) എന്ന തന്ത്രിവാദ്യം നിർമ്മിക്കുക, കവണകൾ ഉണ്ടാക്കുക, ശവമടക്കുന്ന രീതി എന്നിവയൊക്കെ യൂറോപ്യന്മാരുടെ വരവിനും മുൻപേയുള്ളവയാണ്.

നെയ്ത്ത് (കുട്ടകൾ, പരവതാനികൾ, സഞ്ചികൾ, തൊപ്പികൾ, ഭക്ഷണം സൂക്ഷിക്കുന്ന പാത്രങ്ങൾ എന്നിവ ഉദാഹരണം), നെയ്ത്തുയന്ത്രം ഉപയോഗിച്ചുള്ള നിർമിതികൾ എന്നിവ ഇവിടെ പ്രചാരത്തിലുണ്ട്. കക്കകളും മറ്റും ഉപയോഗിച്ചുള്ള നെക്‌ലേസുകൾ, ബ്രേസ്‌ലെറ്റുകൾ, കമ്മലുകൾ, ബെൽറ്റുകൾ, ചീപ്പുകൾ എന്നിവയും നിർമ്മിക്കപ്പെടുന്നുണ്ട്.

ഭരണകൂടവും രാഷ്ട്രീയവും

ഗുവാം 
ഗുവാമിലെ അസാൻ എന്ന സ്ഥലത്തുള്ള പെസഫിക് യുദ്ധസ്മാരകമായ ഉദ്യാനം

തിരഞ്ഞെടുക്കപ്പെടുന്ന ഗവർണറും ഒരു തലം മാത്രമുള്ളതും 15 അംഗങ്ങളുള്ളതുമായ നിയമനിർമ്മാണസഭയുമാണ് ഇവിടെയുള്ളത്. ജനപ്രതിനിധികളെ സെനറ്റർമാർ എന്നാണ് വിളിക്കുന്നത്. അമേരിക്കൻ കോൺഗ്രസ്സിലേയ്ക്ക് വോട്ടവകാശമില്ലാത്ത ഒരു പ്രതിനിധിയെ ഗുവാം തിരഞ്ഞെടുത്തയയ്ക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇവിടെയും നടക്കാറുണ്ടെങ്കിലും ഇലക്ടറൽ കോളേജിൽ പ്രാതിനിദ്ധ്യമില്ലാത്തതിനാൽ ഇതിന് പ്രയോജനമൊന്നുമില്ല. ഡെമോക്രാറ്റിക് പാർട്ടിയുടെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും സ്ഥാനാർത്ഥി നിർണയത്തിൽ ഗുവാമിലെ വാസികൾക്ക് സ്വാധീനം ചെലുത്താൻ സാധിക്കും.

1980-കളിലും 1990-കളുടെ ആദ്യ ഭാഗത്തിലും പോർട്ടോ റിക്കോ മാതിരി സ്വയം ഭരണം ലഭിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇതിനെ അമേരിക്ക നിരാകരിക്കുകയാണുണ്ടായത്. അമേരിക്കൻ സംസ്ഥാനമാവുക, ഹവായി സംസ്ഥാനവുമായോ നോർതേൺ മറിയാന ദ്വീപുകളുമായോ ഒത്തുചേരുക എന്നീ ദിശകളിലും ശ്രമം നടക്കുന്നുണ്ട്. സ്വാതന്ത്ര്യം നേടാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഗ്രാമങ്ങളും സൈനികത്താവളങ്ങളും

ഗുവാം 
യു.എസ്.എസ്. റൊണാൾഡ് റീഗൺ എന്ന വിമാനവാഹിനിക്കപ്പൽ ആപ്ര ഹാർബറിൽ പ്രവേശിക്കുന്നു.
    അടിക്കുറിപ്പ് കാണുക

ഗുവാമിനെ 19 മുനിസിപ്പാലിറ്റികളായി (ഗ്രാമങ്ങളായി) തിരിച്ചിട്ടുണ്ട്. ആഗ്ന ഹൈറ്റ്സ്, അഗാത്, അസാൻ, ബാരിഗ്ഡ, ചലാൻ പാഗോ ഓർഡോട്ട്, ഡെഡെഡോ, ഹഗാത്ന, ഇനരജൻ, മാൻഗിലാവോ, മെറിസോ, മോങ്‌മോങ്-ടോടോ-മൈറ്റെ, പിറ്റി, സാന്റ റീത്ത, സിനാജന, ടാലോഫോഫോ, ടാമുനിങ്, ഉമാടാക്, യിഗോ, യോന എന്നിവയാണ് ഗ്രാമങ്ങൾ.

അമേരിക്കൻ സൈന്യം സൈനികത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളുടെ നിയമപാലനവും കോടതിഭരണവും ഏറ്റെടുത്തിട്ടുണ്ട്. സൈനികത്താവളങ്ങൾ ദ്വീപിന്റെ വിസ്തീർണ്ണത്തിന്റെ 29% വരും:

  • നാവികത്താവളം - സുമേ
  • കോസ്റ്റ് ഗാർഡ് താവളം - സുമേ
  • ആൻഡേഴ്സൺ വ്യോമസേനാ താവളം - യിഗോ
  • ആപ്ര ഹാർബർ - ഓരോട്ട് ഉപദ്വീപ്
  • ‌നാവികസേനയുടെ ആയുധസംഭരണി - ദ്വീപിന്റെ മദ്ധ്യത്തിൽ തെക്കായുള്ള ഉയർന്ന പ്രദേശം.
  • നാവികസേനയുടെ കമ്പ്യൂട്ടറുകളും വാർത്താവിനിമയ ഉപാധികളും ഉപയോഗിക്കുന്ന ആസ്ഥാനം - ബാരിഗാഡ, ഫിനെഗയാൻ എന്നീ സ്ഥലങ്ങൾ
  • സംയുക്ത സേനാ ആസ്ഥാനം (നാഷണൽ ഗാർഡ്) – റേഡിയോ ബാരിഗാഡ, ഫോർട്ട് ജുവാൻ മുന എന്നീ സ്ഥലങ്ങൾ

ഗുവാമും മറ്റു മരിയാന ദ്വീപുകളും അമേരിക്കൻ ഐക്യനാടുകളുടെ സൈനികരെ പരിശീലിപ്പിക്കാനുള്ള കേന്ദ്രമാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തുറമുഖത്തിൽ വിമാനവാഹിനികളടുപ്പിക്കാൻ സാധിക്കുന്ന ഒരു പുതിയ ബർത്തും പുതുറ്റായി 8,600 മറീനുകൾക്കും 9,000 കുടുംബാംഗങ്ങൾക്കും താമസിക്കാനുള്ള സൗകര്യവും ഇവിടെ നിർമ്മിക്കാനുദ്ദേശിച്ചിരുന്നു. ജപ്പാനിലെ ഒക്കിനാവയിലുള്ള സൈനിക കേന്ദ്രം ഇങ്ങോട്ടേയ്ക്ക് മാറ്റുകയായിരുന്നു ഉദ്ദേശം. 2010 ഫെബ്രുവരിയിൽ അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി ഒരു കത്തിൽ ഈ നീക്കത്തെ നിശിതമായി വിമർശിച്ചിരുന്നു. ഇത് ജലദൗർലഭ്യത്തിനും മാലിന്യ സംസ്കരണത്തിനും മറ്റു പ്രശ്നങ്ങൾക്കും കാരണമാവുകയും പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് ഭീതി. 2012-ഓടെ ഈ പദ്ധതി പരിഷ്കരിച്ച് ഏറ്റവും കൂടിയത് 4,800 മറീനുകളെ ദ്വീപിലേയ്ക്ക് മാറ്റാവുന്ന തരത്തിലാക്കി. ഇതിൽ മൂന്നിൽ രണ്ടു പേരും കുടുംബാംഗങ്ങളില്ലാതെയാവും ഇവിടെ ‌തങ്ങുക.

പുതിയ പദ്ധതികൾ പൂർത്തിയാവുന്നതോടെ ഗുവാമിന്റെ 40% ഭൂമിയിലും അമേരിക്കൻ സൈനികകേന്ദ്രങ്ങളായിരിക്കും.

സാമ്പത്തിക രംഗം

ഗുവാം 
2009 ഗുവാം ക്വാർട്ടർ നാണയം

സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗങ്ങൾ വിനോദസഞ്ചാരവും, സൈനികത്താവളങ്ങളും, പ്രാദേശികവാസികളുടെ ബിസിനസുകളുമാണ്. ഗുവാമിലെ വരുമാനനികുതിയും എക്സൈസ് നികുതിയും അമേരിക്കയ്ക്ക് ലഭിക്കുന്നില്ലെങ്കിലും അമേരിക്കൻ ട്രഷറിയിൽ നിന്ന് വലിയ തോതിൽ സാമ്പത്തിക സഹായം ഇങ്ങോട്ടേയ്ക്ക് ലഭിക്കുന്നുണ്ട്.

ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരികൾ ധാരാളമായി ഗുവാം സന്ദർശിക്കാറുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ ടൂമോണിൽ 20 വലിയ ഹോട്ടലുകളുണ്ട്. ഏഴ് ഗോൾഫ് കോഴ്സുകളാണ് ഇവിടെയുള്ളത്. 75 ശതമാനം വിനോദസഞ്ചാരികളും ജപ്പാൻകാരാണെങ്കിലും ദക്ഷിണകൊറിയയിൽ നിന്നും അമേരിക്കയിൽ നിന്നും ഫിലിപ്പീൻസ്, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇവിടേയ്ക്ക് ടൂറിസ്റ്റുകൾ വരുന്നുണ്ട്.

ഗുവാമിൽ ഏറ്റവുമധികം ആൾക്കാർക്ക് ജോലി നൽകുന്ന സ്വകാര്യമേഖലയിലെ കമ്പനി യുനൈറ്റഡ് എയർലൈൻസ് ആണ്. 1400 പേർക്ക് ഈ സ്ഥാപനം ജോലി നൽകുന്നുണ്ടത്രേ.

ഗതാഗതവും ആശയവിനിമയവും

ഗുവാം 
ഗുവാം ഹൈവേ - 8-ലെ ബോർഡ്.

ദ്വീപിന്റെ മിക്ക പ്രദേശങ്ങളിലും ആധുനിക മൊബൈൽ ഫോൺ നെറ്റ്‌വർക്കും അതിവേഗ ഇന്റർനെറ്റ് ബന്ധവും ലഭ്യമാണ്. വടക്കേ അമേരിക്കയിലെ ഫോൺ നമ്പർ കോഡുപ്രകാരമുള്ള നമ്പറായ 671 ആണ് ഗുവാമിന്റെ ടെലിഫോൺ കോഡ്. ഇതുകാരണം അമേരിക്കയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഗുവാമിലേയ്ക്ക് ഫോൺ ചെയ്യാൻ സാധിക്കും.

1899-ൽ നാട്ടിൽ നിലവിലുണ്ടായിരുന്ന പോസ്റ്റൽ സ്റ്റാമ്പുകൾക്കുമേൽ ഗുവാം എന്ന് അച്ചടിക്കാൻ തുടങ്ങി. പിന്നീട് സാധാരണ അമേരിക്കൻ പോസ്റ്റൽ സ്റ്റാമ്പുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇവിടെനിന്ന് അമേരിക്കയിലേയ്ക്കയക്കുന്ന തപാൽ സാധാരണഗതിയിൽ അമേരിക്കയിലെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കയക്കുന്ന നിരക്കിൽ തന്നെ അയയ്ക്കാൻ സാധിക്കും.

മിക്ക സാധന സാമഗ്രികളും തുറമുഖമാർഗ്ഗമാണ് ഗുവാമിലെത്തുന്നത്. മൈക്രോനേഷ്യയിലെ 500,000 ഉപഭോക്താക്കൾക്കുള്ള ചരക്കുകൾ ഒരു കപ്പലിൽ നിന്ന് മറ്റു കപ്പലുകളിലേയ്ക്ക് മാറ്റി അയയ്ക്കുന്നത് ഗുവാമിൽ നിന്നാണ്.

മിക്ക ഗുവാം വാസികളും സ്വന്തം വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്.

പരിസ്ഥിതിപ്രശ്നങ്ങൾ

മറ്റിടങ്ങളിൽ നിന്ന് ഇവിടെ എത്തിപ്പെട്ട ഇൻവേസീവ് സ്പീഷീസുകൾ ഗുവാമിൽ പാരിസ്ഥിതികപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

ബ്രൗൺ നിറമുള്ള മരപ്പാമ്പ്

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനസമയത്തുള്ള അമേരിക്കൻ സൈനികക്കപ്പലിൽ കയറിയാണ് ഈ പാമ്പ് (Boiga irregularis) ഗുവാമിലെത്തിയതെന്ന് കരുതപ്പെടുന്നു. ഇതിനു മുൻപ് ഇവിടെ പാമ്പുകൾ ഉണ്ടായിരുന്നില്ല. ഈ പാമ്പ് ദ്വീപിലെ പക്ഷികളെ ഏകദേശം മുഴുവനായി തുടച്ചുനീക്കി. ദ്വീപിൽ ഈ പാമ്പിന് സ്വാഭാവിക ശത്രുക്കളില്ല. ചെറിയ തോതിൽ വിഷമുണ്ടെങ്കിലും മനുഷ്യർക്ക് ഈ പാമ്പിന്റെ ദംശനം മാരകമല്ല. ഗുവാമിൽ ധാരാളം ബ്രൗൺ മരപ്പാമ്പുകളുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും നാട്ടുകാർ രാത്രിഞ്ചരന്മാരായ ഈ പാമ്പുകളെ അധികം കാണാറില്ല. പാമ്പുകളെ കണ്ടുപിടിക്കാൻ പരിശീലനം സിദ്ധിച്ച നായ്ക്കളെ ദ്വീപിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാമ്പുകൾ മറ്റ് ദ്വീപുകളിലേയ്ക്ക് പടരുന്നത് തടയുകയാണ് ലക്ഷ്യം.

വൃദ്ധരായ ഗുവാം വാസികൾ ധാരാളം കൊക്കോ പക്ഷികൾ രണ്ടാം ലോകമഹായുദ്ധത്തിന് മുൻപേ ഗുവാമിലുണ്ടായിരുന്നതായി ഓർക്കുന്നുണ്ട്. ഇവയെ ഇപ്പോൾ കാണാറില്ലത്രേ.

പക്ഷികളുടെ എണ്ണം കുറവായതുകാരണം മറ്റു ദ്വീപുകളെ അപേക്ഷിച്ച് ഗുവാമിൽ 40 ഇരട്ടി ചിലന്തികളുണ്ട്.

കൊമ്പൻ ചെല്ലി

ഗുവാം 
കൊമ്പൻ ചെല്ലി

2007 സെപ്റ്റംബർ 12-ന് ഗുവാമിൽ കൊമ്പൻ ചെല്ലിയുടെ ആക്രമണം കണ്ടെത്തി. അമേരിക്ക സമോവ ഒഴികെയുള്ള മറ്റ് അമേരിക്കൻ അധിനിവേശപ്രദേശങ്ങളിലൊന്നും കൊമ്പൻ ചെല്ലി കാണപ്പെടുന്നില്ല. കൊമ്പൻ ചെല്ലി ബാധയുണ്ടായ പ്രദേശങ്ങൾ (ടുമോൻ ബേ, ഫൈഫായി ബീച്ച് എന്നീ പ്രദേശങ്ങൾ) കണ്ടെത്തി അവിടെനിന്ന് മറ്റിടങ്ങളിലേയ്ക്ക് പ്രാണി പടരാതിരിക്കാനുള്ള നീക്കങ്ങൾ നടത്തി. ഫിറമോണുകൾ ഉപയോഗിക്കുന്ന കെണികൾ ഉപയോഗിച്ച് ചെല്ലികളെ നിർമാർജ്ജനം ചെയ്യാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ചെല്ലി ബാധയുണ്ടായ വൃക്ഷങ്ങളെ നശിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്. 2010-ൽ ചെല്ലികളെ കൊല്ലാനായി ഒരു വൈറസിനെ ഉപയോഗിക്കാൻ തീരുമാനമെടുത്തു.

2010 ജൂണിൽ കൊമ്പൻ ചെല്ലികൾ അസാധാരണമായ സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നതായി കാണപ്പെട്ടു. നിലത്തു വീണുകിടക്കുന്ന അഴുകിയ മരത്തിൽ മുട്ടയിടുന്നതിനു പകരം തെങ്ങിൽ തങ്ങിയിരിക്കുന്ന വസ്തുക്കളിൽ മുട്ടയിടുന്നതായാണ് കാണപ്പെട്ടത്. തെങ്ങുകൾ വെട്ടി പരിശോധിച്ചപ്പോൾ മണ്ടയിൽ കൊമ്പൻ ചെല്ലിയുടെ ജീവിതചക്രത്തിൽ പെട്ട എല്ലാ തരങ്ങളും (മുട്ടകളും ലാർവകളും മറ്റും), ഞണ്ടുകളും, ബ്രൗൺ മരപ്പാമ്പുകളും ഉൾപ്പെട്ട ആവാസവ്യവസ്ഥ രൂപപ്പെട്ടതായി കാണാൻ സാധിച്ചു. ഈ സ്വഭാവം ഗുവാമിൽ മാത്രമേ കാണപ്പെടുന്നുള്ളൂവത്രേ. ബ്രൗൺ പാമ്പുകൾ ഗുവാമിലെ എലികളെ തുടച്ചുനീക്കിയതുകൊണ്ടാവണം ഇതെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. മറ്റിടങ്ങളിൽ എലികൾ തെങ്ങിന്റെ മണ്ടയിൽ നിന്ന് കൊമ്പൻ ചെല്ലിയുടെ ലാർവകളെ പിടിച്ചു തിന്നുക പതിവാണത്രേ.

ചെല്ലികളെ മണത്തുപിടിക്കാൻ പരിശീലനം ലഭിച്ച നായ്ക്കളെയും മറ്റുമുപയോഗിച്ച് ഇവയെ നിർമാർജ്ജനം ചെയ്യാൻ ഒരു പ്രത്യേക സംഘത്തെ ഇപ്പോൾ രൂപീകരിച്ചിട്ടുണ്ട്.

വരത്തന്മാരായ മറ്റിനം ജീവജാലങ്ങൾ

ഗുവാം 
കാറബാവോ എരുമയും കിടാവും

പതിനേഴാം നൂറ്റാണ്ടുമുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സ്പെയിൻകാർ പന്നികളെയും നായ്ക്കളെയും കോഴികളെയും ഫിലിപ്പീൻസിൽ കാണപ്പെടുന്ന മാനിനെയും ഒരുതരം എരുമയെയും കാട്ടുകോഴിയെയും മറ്റും ഇങ്ങോട്ട് കൊണ്ടുവന്നിരുന്നു. പോത്തിൻ കൂട്ടങ്ങൾ സൈനികത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും പരിസ്ഥിതി സന്തുലനത്തെ തകർക്കുകയും ചെയ്യുന്നുണ്ടത്രേ. അമേരിക്കൻ സൈന്യം 2002-ൽ ഇവയെ കൊല്ലാൻ തുടങ്ങിയപ്പോൾ വ്യാപകമായ പ്രതിഷേധമുണ്ടായി.

മുളമാക്രി (cane toad) 1937-ൽ ഇവിടെ എത്തിപ്പെട്ട ജീവിയാണ്. ആഫ്രിക്കൻ ഒച്ച് (giant African snail) രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാൻ സൈന്യത്തിനൊപ്പം ഇവിടെയെത്തിയതാണ്. അടുത്തകാലത്തായി കൂടുതൽ തവളവർഗ്ഗങ്ങൾ ഇവിടെയെത്തിയിട്ടുണ്ട്. ഇവ സസ്യങ്ങൾക്ക് ഭീഷണിയാണെന്ന് മാത്രമല്ല, ബ്രൗൺ മരപ്പാമ്പിന് കൂടുതൽ ഭക്ഷണമാവുകയും ചെയ്യും. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന പോർട്ടോ റിക്കോ നിവാസികളായ തവളകൾ ഇവിടെയെത്തിയത് ഹവായ് ദ്വീപിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ഇവയുടെ ശബ്ദം വിനോദസഞ്ചാരമേഖലയെ ബാധിക്കുമെന്ന് ഭയപ്പെടുന്നവരുണ്ട്.

വന്യമൃഗങ്ങളായി മാറിയ പന്നികളും മാനുകളും; അധികതോതിലുള്ള വേട്ട; മനുഷ്യവാസമേഖലകളുടെ വിസ്തീർണ്ണത്തിലുണ്ടായ വർദ്ധന എന്നിവയാണ് ഗുവാമിലെ സ്വദേശികളായ സസ്യങ്ങളുടെയും ജന്തുക്കളുടെയും നാശത്തിനു കാരണം.

നാട്ടു സസ്യങ്ങൾ നേരിടുന്ന ഭീഷണി

ഗുവാമിന്റെ സസ്യജനുസ്സുകൾക്ക് ഭീഷണിയായിരിക്കുന്നത് വരത്തന്മാരായ മൃഗങ്ങൾ മാത്രമല്ല. ടിനാൻഗജ എന്നയിനം വൈറസ് തെങ്ങുകളെ ബാധിക്കുന്നത് 1917-ലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആ സമയത്ത് കൊപ്ര ഉത്പാദനം ദ്വീപിന്റെ സാമ്പത്തിക മേഖലയിലെ ഒരു പ്രധാന ഭാഗമായിരുന്നു. ഇപ്പോൾ തെങ്ങ് കൃഷിചെയ്യുന്നില്ലെങ്കിലും രോഗബാധയുള്ള തെങ്ങുകളെ ഇപ്പോഴും ഇവിടത്തെ കാടുകളിൽ കാണാം.

കഴിഞ്ഞ നൂറ്റാണ്ടിൽ വടക്കൻ ഗുവാമിലെ ഇടതൂർന്ന കാടുകളുണ്ടായിരുന്നയിടം മിക്കതും ഇപ്പോൾ ടാങ്കൻ ടാങ്കൻ (Leucaena) എന്നയിനം കുറ്റിച്ചെടിയാണ് വളരുന്നത്. അമേരിക്കയിൽ നിന്ന് വന്ന സസ്യമാണിത്. ഗുവാമിലെ സസ്യജാലങ്ങളിൽ നല്ലൊരുപങ്കും രണ്ടാം ലോകമഹായുദ്ധസമയത്ത് നശിച്ചുപോയിരുന്നു. 1947-ൽ അമേരിക്കൻ സൈന്യം ഈ കുറ്റിച്ചെടിയുടെ വിത്തുകൾ മണ്ണൊലിപ്പു തടയാൻ ആകാശത്തുനിന്ന് വിതറിയെന്നാണ് സംശയിക്കുന്നത്. 1905-ന് മുൻപേ ഇവിടെ ടാങ്കൻ ടാങ്കൻ എന്ന സസ്യമുണ്ടായിരുന്നു. (സ്റ്റോൺ, യൂസ്‌ഫുൾ പ്ലാന്റ്സ് ഓഫ് ഗുവാം, 1905).

ദക്ഷിണ ഗുവാമിൽ വിദേശ പുല്ലുവർഗ്ഗങ്ങളെ ധാരാളമായി കാണാം.

ഫ്ലെയിം മരം മരിയാന ദ്വീപുകളിൽ വ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും ഗുവാമിൽ ഇവ ഏകദേശം പൂർണ്ണമായി ഇല്ലാതായിട്ടുണ്ട്.

കാട്ടുതീ

ഗുവാം 
ഗുവാമിലെ പുൽമേട്

ജലാംശം കൂടിയ അന്തരീക്ഷമാണെങ്കിലും എല്ലാ വരൾച്ചയിലും ഗുവാമിൽ കാട്ടുതീ ഉണ്ടാകാറുണ്ട്. മിക്ക സംഭവങ്ങളും മനുഷ്യർ കാരണമുണ്ടാകുന്നതാണ്. 80% കേസുകളും മനഃപൂർവമുള്ള തീവയ്പ്പുകളാണത്രേ. തീവച്ചുകഴിഞ്ഞാൽ കിളിച്ചുവരുന്ന പുല്ലിലേയ്ക്ക് മാനുകൾ ആകർഷിക്കപ്പെടുന്നതുകൊണ്ട് വേട്ടക്കാർ മനഃപൂർവം പുൽമേടുകളിൽ തീവയ്ക്കാറുണ്ട്. വിദേശികളായ പലയിനം പുല്ലുകളും തീപ്പിടുത്തത്തിനെ ആശ്രയിച്ച് വളരുന്നതായതുകൊണ്ട് ഈ തീവയ്പ്പുകൾ അവയെ സഹായിക്കുന്നുണ്ട്. മുൻകാലങ്ങളിൽ കാടുകളുണ്ടായിരുന്ന പ്രദേശങ്ങളിൽ പുൽമേടുകളും സസ്യങ്ങളില്ലാത്ത പ്രദേശങ്ങളും വന്നതിനാൽ ഇപ്പോൾ മണ്ണൊലിപ്പ് കൂടിയിട്ടുണ്ട്. മഴക്കാലത്ത് ഫെന ജലാശയത്തിലേയ്ക്കും ഉഗും നദിയിലേയ്ക്കും മണ്ണൊലിക്കാറുണ്ട്. മണ്ണൊലിപ്പ് ദ്വീപിനു ചുറ്റുമുള്ള പവിഴപ്പുറ്റുകളെയും ബാധിക്കുന്നുണ്ട്. വനവൽക്കരണത്തിന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്വാഭാവിക പ്രകൃതി നിലനിർത്തുക പ്രായേണ അസാദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്.

സമുദ്രത്തിലെ സംരക്ഷിതമേഖലകൾ

ഗുവാം 
ട്യൂമൊൺ ബേ. ഇപ്പോൾ ഇവിടം ഒരു സംരക്ഷിത സമുദ്രമേഖലയാണ്.

ജലമലിനീകരണത്തിൽ നിന്നും മണ്ണൊലിപ്പിൽ നിന്നും അമിതമായ മീൻപിടിത്തത്തിൽ നിന്നും പവിഴപ്പുറ്റുകളെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ കാരണം സമുദ്രത്തിലെ മത്സ്യസമ്പത്ത് കുറഞ്ഞിട്ടുണ്ട്. സ്കൂബയുപയോഗിച്ച് ഡൈവ് ചെയ്യുന്നവർ ഗുവാമിൽ വിനോദസഞ്ചാരത്തിനായി വരാറുണ്ടെന്നതിനാൽ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിന് സാമ്പത്തികപ്രാധാന്യവുമുണ്ട്. അടുത്തകാലത്തായി ധാരാളം പുതിയ മേഖലകൾ സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് ഹോട്ടൽ മുതലാളിമാർ ട്യൂമോൺ ബേയിലെ മണ്ണുമാന്തി ആഴം കൂട്ടിയിരുന്നു. ഇവിടം ഇപ്പോൾ ഒരു സംരക്ഷിത സമുദ്ര മേഖലയാണ്. വടക്കൻ ഗുവാമിലെ ഒരു സംരക്ഷിത മേഖലയിൽ കടലാമകളെ സംരക്ഷിക്കുന്നുണ്ട്. ഇവിടെ പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളെയും സംരക്ഷിക്കുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് ഗുവാമിൽ കടലാമകളുടെ മുട്ട എടുക്കുന്നത് വ്യാപകമായിരുന്നു. 1978-ന് മുൻപ് ഗുവാമിലെ കടലാമകളെ (Chelonia mydas) നിയമവിധേയമായി പിടികൂടുമായിരുന്നുവത്രേ. പിന്നീട്ീീ ജീവിയെ വംശനാശഭീഷണി നേരിടുന്ന ഇനമായി പ്രഖ്യാപിച്ചു. മറ്റൊരിനം കടലാമ (Eretmochelys imbricata) 1970 മുതൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുണ്ട്.

ഗുവാമിലെ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്ന മത്സ്യങ്ങൾ

വിദ്യാഭ്യാസം

കോളേജുകളും സർവ്വകലാശാലകളും

ഗുവാം 
ഗുവാം സർവ്വകലാശാലയുടെ പ്രധാന കാമ്പസ്

ഗുവാം സർവ്വകലാശാലയിൽ ഉന്നതവിദ്യാഭ്യാസസൗകര്യമുണ്ട്. പസഫിക് ഐലാന്റ്സ് യൂണിവേഴ്സിറ്റി എന്ന ഒരു ചെറിയ ക്രിസ്ത്യൻ വിദ്യാഭ്യാസ സർവ്വകലാശാലയും ഗ്രാജുവേറ്റ് തലം വരെയുള്ള കോഴ്സുകൾ നടത്തുന്നുണ്ട്.

പ്രൈമറി സെക്കന്ററി സ്കൂളുകൾ

ഗുവാം പബ്ലിക്ക് സ്കൂൾ സംവിധാനം ഗുവാം ദ്വീപിൽ മുഴുവൻ ലഭ്യമാണ്. 2000-ൽ 32,000 വിദ്യാർത്ഥികൾ ഗുവാമിലെ പബ്ലിക്ക് സ്കൂളുകളിൽ പഠിക്കുന്നുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കും പരീക്ഷകളിൽ പാസാവാതിരിക്കലും ഇവിടുത്തെ പ്രധാന പ്രശ്നങ്ങളാണ്. അമേരിക്കയിൽ നിന്ന് 9,700 കിലോമീറ്റർ ദൂരെയുള്ള ഒരു ചെറിയ സമൂഹമായതിന്റെ പ്രശ്നങ്ങൾ ഗുവാമിന്റെ വിദ്യാഭ്യാസ സംവിധാനത്തിൽ പൊതുവായുണ്ട്. മിക്ക വിദ്യാർത്ഥികൾക്കും അമേരിക്കൻ വിദ്യാഭ്യാസ സമ്പ്രദായം പരിചിതമല്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 1990-കളുടെ മദ്ധ്യം മുതലുണ്ടായ സാമ്പത്തിക മാന്ദ്യം വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

1997-ന് മുൻപ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഗുവാമിലെ വിദ്യാഭ്യാസവകുപ്പുമായി സംയോജിച്ച് പ്രവർത്തിച്ചിരുന്നു. പ്രതിരോധവകുപ്പ് 1997-ൽ സൈനികരുടെ കുട്ടികൾക്കായി സ്വന്തം സ്കൂളുകൾ ആരംഭിച്ചു. ഇത്തരം സ്കൂളുകളിൽ 2000-ൽ 2,500 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.

പൊതു ഗ്രന്ഥശാലകൾ

നിയേവസ് എം. ഫ്ലോറൻസ് മെമോറിയൽ ലൈബ്രറിയും (ഹഗാത്ന) ഇതിന്റെ അഞ്ച് ശാഖകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ആരോഗ്യരംഗം

ദ്വീപിലെ പ്രധാന ആശുപത്രിയായ ഗുവാം മെമോറിയൽ ഹോസ്പിറ്റൽ (ടാമൂനിംഗ്) സർക്കാരിന്റെ കീഴിലാണ്. അമേരിക്കയിലെ ബോർഡിന്റെ സർട്ടിഫിക്കേറ്റുള്ള ഡോക്ടർമാരും ഡെന്റിസ്റ്റുകളുമാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. അമേരിക്കൻ നാവികസേനയുടെ ആശുപത്രിയും ഇവിടെ (അഗാന ഹൈറ്റ്സ്) പ്രവർത്തിക്കുന്നുണ്ട്. സൈനികർക്കും സൈനികരുടെ ആശ്രിതർക്കുമാണ് ഇവിടെ സേവനം ലഭിക്കുന്നത്. ഒരു എയർ ആംബുലൻസ് ദ്വീപിൽ പ്രവർത്തിക്കുന്നുണ്ട്. ഗുവാമിലെയും സമീപദ്വീപുകളിലെയും ജനങ്ങൾക്ക് ഇതിന്റെ സേവനം ലഭ്യമാണ്.

ചലച്ചിത്രങ്ങൾ

ഷിരോസ് ഹെഡ് (Shiro's Head), മാക്സ് ഹാവോക്: കഴ്സ് ഓഫ് ദി ഡ്രാഗൺ (Max Havoc: Curse of the Dragon) എന്നീ ചിത്രങ്ങൾ ഗുവാമിൽ ചിത്രീകരിച്ചതാണ്. ഗുവാമിലാണ് കഥ നടക്കുന്നതെങ്കിലും നോ മാൻ ഈസ് ആൻ ഐലന്റ് (No Man Is an Island) (1962) എന്ന ചലച്ചിത്രം ചിത്രീകരിച്ചത് ഫിലിപ്പീൻസിലാണ്.

കായികരംഗം

പെസഫിക് ഗെയിംസ്

പെസഫിക് ഗെയിംസ് ഗുവാമിൽ രണ്ടുതവണ നടന്നിട്ടുണ്ട്. 1975-ലും 1999-ലും 2007-ലെ മത്സരത്തിൽ ഗുവാം 22 രാജ്യങ്ങൾ പങ്കെടുത്തതിൽ 7-ആമതായിരുന്നു. 2011-ലും പെസഫിക് ഗെയിമുകൾ നടന്നിരുന്നു. ഇതിൽ ഗുവാം പതിനാലാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു

ഫുട്ബോൾ

ഗുവാമിലെ ഫുട്ബോൾ ടീമിന് ആരംഭമായത് 1975-ലായിരുന്നു. 1996-ൽ ഗുവാം ഫിഫയിൽ അംഗമായി. ആദ്യ വിജയം ലഭിച്ചത് മംഗോളിയയ്ക്കെതിരെ 2009-ലാണ്. ഗുവാം നാഷണൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ 1000 ആൾക്കാർക്കിരിക്കാനുള്ള സൗകര്യമുണ്ട്.

റഗ്ബി യൂണിയൻ

ഗുവാമിൽ ഒരു ദേശീയ റഗ്ബി യൂണിയനുണ്ട്. ഈ ടീം ഒരിക്കലും റഗ്ബി ലോകകപ്പി‌ൽ ഇടം പിടിച്ചിട്ടില്ല. 2005-ലായിരുന്നു ഗുവാം ആദ്യ റഗ്ബി മത്സരം കളിച്ചത്. ഇന്ത്യൻ ടീമുമായി നടന്ന ഈ മത്സരം 8–8-ന് സമനിലയിലാണ് അവസാനിച്ചത്. ബ്രൂണൈയിലെ ടീമിനെ 74–0-ന് തോൽപ്പിച്ചതാണ് ഇവരുടെ ഏറ്റവും വലിയ വിജയം.

ഇവയും കാണുക

അവലംബം

13°30′N 144°48′E / 13.500°N 144.800°E / 13.500; 144.800

Tags:

ഗുവാം ചരിത്രംഗുവാം ഭൂമിശാസ്ത്രംഗുവാം കാലാവസ്ഥഗുവാം ജനസംഖ്യാക്കണക്കുകൾഗുവാം സംസ്കാരംഗുവാം ഭരണകൂടവും രാഷ്ട്രീയവുംഗുവാം ഗ്രാമങ്ങളും സൈനികത്താവളങ്ങളുംഗുവാം സാമ്പത്തിക രംഗംഗുവാം ഗതാഗതവും ആശയവിനിമയവുംഗുവാം പരിസ്ഥിതിപ്രശ്നങ്ങൾഗുവാം വിദ്യാഭ്യാസംഗുവാം ആരോഗ്യരംഗംഗുവാം ചലച്ചിത്രങ്ങൾഗുവാം കായികരംഗംഗുവാം ഇവയും കാണുകഗുവാം അവലംബംഗുവാം പുറത്തേയ്ക്കുള്ള കണ്ണികൾഗുവാം

🔥 Trending searches on Wiki മലയാളം:

മലയാളചലച്ചിത്രംസന്ധി (വ്യാകരണം)ചട്ടമ്പിസ്വാമികൾപഴഞ്ചൊല്ല്സന്ധിവാതംഉള്ളൂർ എസ്. പരമേശ്വരയ്യർനസ്രിയ നസീംലിംഫോസൈറ്റ്കെ.കെ. ശൈലജദുൽഖർ സൽമാൻവയലാർ രാമവർമ്മചണ്ഡാലഭിക്ഷുകിവൃത്തം (ഛന്ദഃശാസ്ത്രം)രാഷ്ട്രീയ സ്വയംസേവക സംഘംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഏർവാടിഅമോക്സിലിൻമകം (നക്ഷത്രം)അതിസാരംകാലാവസ്ഥപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഐക്യരാഷ്ട്രസഭമനോജ് കെ. ജയൻമദർ തെരേസപൊറാട്ടുനാടകംപി. ജയരാജൻസദ്ദാം ഹുസൈൻആടലോടകംവേലുത്തമ്പി ദളവശിവം (ചലച്ചിത്രം)രാഹുൽ മാങ്കൂട്ടത്തിൽകാസർഗോഡ് ജില്ലവൈരുദ്ധ്യാത്മക ഭൗതികവാദംഹിന്ദുമതംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ജിമെയിൽകോട്ടയം ജില്ലലിംഗംതൃശ്ശൂർ നിയമസഭാമണ്ഡലംഡൊമിനിക് സാവിയോസുരേഷ് ഗോപിമാവ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംചങ്ങലംപരണ്ടകടുവ (ചലച്ചിത്രം)ഉദയംപേരൂർ സൂനഹദോസ്അരിമ്പാറരബീന്ദ്രനാഥ് ടാഗോർമുള്ളൻ പന്നിയോഗി ആദിത്യനാഥ്പ്ലീഹചാന്നാർ ലഹളഅയ്യങ്കാളിബിഗ് ബോസ് മലയാളംഉടുമ്പ്വാഗ്‌ഭടാനന്ദൻഋതുഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംമഞ്ഞപ്പിത്തംഅപർണ ദാസ്പാലക്കാട് ജില്ലകാന്തല്ലൂർസമസ്ത കേരള ജംഇയ്യത്തുൽ ഉലമസേവനാവകാശ നിയമംദശാവതാരംഹണി റോസ്സമാസംഹെൻറിയേറ്റാ ലാക്സ്പനിക്കൂർക്കഉലുവഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾകമ്യൂണിസംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)പ്രേമം (ചലച്ചിത്രം)വൈക്കം സത്യാഗ്രഹംസ്ത്രീകുഞ്ചൻ നമ്പ്യാർ🡆 More