വാനുവാടു

ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് വാനുവാട്ടു (English: /ˌvɑːnuːˈɑːtuː/ ⓘ vah-noo-AH-too അല്ലെങ്കിൽ /vænˈwɑːtuː/ van-WAH-too; ബിസ്‌ലാമ IPA: ).

ഔദ്യോഗികമായി ദി റിപ്പബ്ലിക് ഓഫ് വാനുവാട്ടു (French: République de Vanuatu, ബിസ്‌ലാമ: റിപാബ്ലിക് ബ്ലോങ്ക് വാനുവാട്ടു) എന്നും ഈ രാജ്യം അറിയപ്പെടുന്നു. അഗ്നിപർവതപ്രവർത്തനത്താലുണ്ടായ ഒരു ദ്വീപസമൂഹമാണിത്. ഓസ്ട്രേലിയയിൽ നിന്ന് 1750 കിലോമീറ്റർ കിഴക്കും ഫിജിക്ക് പടിഞ്ഞാറും, സോളമൻ ദ്വീപുകൾക്ക് തെക്കുകിഴക്കും, ന്യൂഗിനിക്ക് തെക്കുകിഴക്കുമാണ് ഈ ദ്വീപുകളുടെ സ്ഥാനം.

റിപ്പബ്ലിക് ഓഫ് വാനുവാട്ടു

റിപാബ്ലിക് ബ്ലോങ്ക് വാനുവാട്ടു  (ബിസ്‌ലാമ)
റിപബ്ലിക്വ് ഡെ വാനുവാട്ടു  (in French)
Flag of വാനുവാട്ടു
Flag
ഔദ്യോഗിക മുദ്ര of വാനുവാട്ടു
ഔദ്യോഗിക മുദ്ര
ദേശീയ മുദ്രാവാക്യം: "ലോങ് ഗോഡ് യൂമി സ്റ്റനാപ്" (in Bislama)
"ദൈവത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു"
ദേശീയ ഗാനം: യുമി, യുമി, യുമി  (in Bislama)
നാം, നാം, നാം
Location of വാനുവാട്ടു
തലസ്ഥാനം
and largest city
പോർട്ട് വില
ഔദ്യോഗിക ഭാഷകൾബിസ്‌ലാമ
ഇംഗ്ലീഷ്
ഫ്രഞ്ച്
വംശീയ വിഭാഗങ്ങൾ
(1999)
98.5% നി-വാനുവാട്ടു
1.5% മറ്റുള്ളവർ
നിവാസികളുടെ പേര്നി‌വാനുവാട്ടു
വാനുവാട്ടുവൻ
ഭരണസമ്പ്രദായംയൂണിട്ടറി പാർലമെന്ററി റിപ്പബ്ലിക്
• പ്രസിഡന്റ്
ലോലു അബിൽ
• പ്രധാനമന്ത്രി
സാട്ടോ കിൽമാൻ
നിയമനിർമ്മാണസഭപാർലമെന്റ്
സ്വതന്ത്രരാജ്യം
1980 ജൂലൈ 30
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
12,190 km2 (4,710 sq mi) (161-ആം സ്ഥാനം)
ജനസംഖ്യ
• 2011 ജൂലൈ estimate
224,564
• 2009 census
243,304
•  ജനസാന്ദ്രത
19.7/km2 (51.0/sq mi) (188-ആമത്)
ജി.ഡി.പി. (PPP)2011 estimate
• ആകെ
120.4 കോടി ഡോളർ
• പ്രതിശീർഷം
4,916 ഡോളർ
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
74.3 കോടി ഡോളർ
• Per capita
3,036 ഡോളർ
എച്ച്.ഡി.ഐ. (2004)Increase 0.693
Error: Invalid HDI value · 126-ആമത്
നാണയവ്യവസ്ഥവാനുവാട്ടു വാറ്റു (VUV)
സമയമേഖലUTC+11 (VUT (വാനുവാട്ടു സമയമേഖല))
ഡ്രൈവിങ് രീതിവലതുവശം
കോളിംഗ് കോഡ്678
ഇൻ്റർനെറ്റ് ഡൊമൈൻ.vu

മെലനേഷ്യക്കാരാണ് വാനുവാട്ടുവിൽ ആദ്യം താമസമുറപ്പിച്ചത്. പെഡ്രോ ഫെർണാണ്ടസ് ഡി ക്വൈറോസ് എന്ന സ്പാനിഷ് നാവികനും സംഘവുമാണ് ഇവിടെയെത്തിയ ആദ്യ യൂറോപ്യന്മാർ. 1605-ൽ എസ്പിരിറ്റു സാന്റോ എന്ന ദ്വീപിലാണ് ഇവർ എത്തിപ്പെട്ടത്. ഈ ദ്വീപസമൂഹം സ്പെയിനിനവകാശപ്പെട്ടതാണെന്ന് ഇവർ പ്രഖ്യാപിച്ചു. 1880-കളിൽ ഫ്രാൻസും ബ്രിട്ടനും ഈ രാജ്യത്തിന്റെ ഭാഗങ്ങൾക്കുമേൽ അവകാശവാദമുന്നയിച്ചു. 1906-ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് സംയുക്തമായി ദ്വീപുഭരണം നടത്തുവാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു. 1970-കളിൽ സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭം തുടങ്ങി. സ്വതന്ത്ര വാനുവാട്ടു രാജ്യം 1980-ൽ സ്ഥാപിതമായി.


"ഭൂമി" അല്ലെങ്കിൽ "വീട്" എന്നർത്ഥം വരുന്ന വാനുവ എന്ന പദത്തിൽ നിന്നാണ് വാനുവാട്ടു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. പല ഓസ്ട്രണേഷ്യൻ ഭാഷകളിലും ഈ പദം നിലവിലുണ്ട്. ടു എന്ന വാക്കിന്റെ അർത്ഥം നിൽക്കുക എന്നാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനെയാണ് ഈ രണ്ടു പദങ്ങളും ഒരുമിച്ചുപയോഗിക്കുമ്പോൾ വിവക്ഷിക്കുന്നത്.

ചരിത്രം

ചരിത്രാതീതകാലത്തെപ്പറ്റിയുള്ള അറിവുകൾ ശുഷ്കമാണ്. 4000 വർഷങ്ങൾക്കുമുൻപാണ് ഇവിടെ ഓസ്ട്രണേഷ്യൻ ഭാഷ സംസാരിക്കുന്നവർ എത്തിപ്പെട്ടതെന്ന വാദത്തെ ആർക്കിയോളജിസ്റ്റുകളുടെ കണ്ടുപിടിത്തങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. ബി.സി. 1300നും 1100-നും ഇടയിലുള്ള കളിമൺ പാത്രാവശിഷ്ടങ്ങൾ ഇവിടെനിന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്.

സ്പെയിനിനു വേണ്ടി പര്യവേഷണം നടത്തുകയായിരുന്ന പോർച്ചുഗീസ് നാവികനായ പെഡ്രോ ഫെർനാൺഡസ് ഡെ ക്വൈറോസ് 1606-ൽ ദ്വീപ് സന്ദർശിച്ചപ്പോഴാണ് യൂറോപ്യന്മാർ ഈ ദ്വീപുകളെപ്പറ്റി ആദ്യം അറിയുന്നത്. ഓസ്ട്രേലിയയിലെത്തി എന്നാണ് അദ്ദേഹം കരുതിയത്. ഇതിനുശേഷം ഇവിടെ യൂറോപ്യന്മാരെത്തിയത് 1768-ലാണ്. ലൂയിസ് അന്റോണീൻ ഡെ ബോഗൈൻവില്ല ഈ ദ്വീപസമൂഹം വീണ്ടും "കണ്ടെത്തുകയായിരുന്നു". 1774-ൽ കാപ്റ്റൻ കുക്ക് ഈ ദ്വീപുകൾക്ക് ന്യൂ ഹെബ്രൈഡ്സ് എന്ന് പേരു നൽകി. സ്വാതന്ത്ര്യം വരെ ഈ പേര് ഉപയോഗത്തിലുണ്ടായിരുന്നു.

1825-ൽ പീറ്റർ ഡില്ലൺ എന്ന കച്ചവടക്കാരൻ എറോമാങ്കോ എന്ന ദ്വീപിൽ ചന്ദനം കണ്ടെത്തി. ഇത് ധാരാളം കുടിയേറ്റക്കാരെ ഈ ദ്വീപിലേക്കാകർഷിച്ചു. പോളിനേഷ്യൻ ജോലിക്കാരും കുടിയേറ്റക്കാരും തമ്മിൽ 1830-ൽ ഒരു സംഘടനമുണ്ടായശേഷമാണ് ഈ കടന്നുകയറ്റം അവസാനിച്ചത്. 1860കളിൽ ഓസ്ട്രേലിയ, ഫിജി, ന്യൂ സ്പെയിൻ, സമോവ ദ്വീപുകൾ എന്നിവിടങ്ങളിലെ കർഷകർ ദ്വീപുവാസികളുമായി ദീർഘകാല തൊഴിൽ കരാറുകളിൽ ഏർപ്പെടാൻ തുടങ്ങി. ബ്ലാക്ക്ബേഡിംഗ് എന്ന് വിളിക്കപ്പെട്ട ഒരുതരം അടിമപ്പണിയിലേയ്ക്കാണ് ഇത് വഴി തെളിച്ചത്. ഈ സംവിധാനത്തിന്റെ മൂർദ്ധന്യത്തിൽ പല ദ്വീപുകളിലെയും പുരുഷന്മാരിൽ പകുതിയിലേറെപ്പേരും ഇപ്രകാരം ദൂരപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരായിരുന്നു. യൂറോപ്യന്മാരുമായി ബന്ധമുണ്ടാകുന്നതിനു മുൻപുള്ളതിനേക്കാൾ ഇപ്പോൾ ഈ ദ്വീപുകളിലെ ജനസംഖ്യ വളരെക്കുറവാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

19-ആം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നുമുള്ള കത്തോലിക്, പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പെടുന്ന മിഷനറിമാർ ഈ ദ്വീപുകളിൽ പ്രവർത്തനമാരംഭിച്ചു. ജോൺ ഗെഡ്ഡി (1815–1872), ഒരു സ്കോട്ട്സ്-കനേഡിയൻ പ്രെസ്ബൈറ്റേറിയൻ മിഷനറിയായിരുന്നു. അനൈറ്റ്‌യും എന്ന ദ്വീപിൽ 1848-ലാണ് ഇദ്ദേഹം എത്തിപ്പെട്ടത്. തന്റെ ജീവിതത്തിന്റെ ബാക്കി സമയം ഇദ്ദേഹം ഇവിടെയാണ് ചിലവഴിച്ചത്. നാട്ടുകാരെ ക്രിസ്തുമതത്തിലേയ്ക്കും പാശ്ചാത്യ ജീവിതശൈലിയിലേയ്ക്കും മാറ്റിയെടുക്കാനാണ് ഇദ്ദേഹം ശ്രമിച്ചിരുന്നത്. ജോൺ ഗിബ്സൺ പേറ്റൺ എന്നയാൾ ഒരു സ്കോട്ടിഷ് മിഷനറിയായിരുന്നു. ഇദ്ദേഹം ഈ പ്രദേശത്തിന്റെ വികസനത്തിനായി ധാരാളം പരിശ്രമിച്ചിരുന്നു. പരുത്തികൃഷി നടത്താൻ സ്ഥലമന്വോഷിച്ച് ധാരാളം ആൾക്കാർ ഈ ദ്വീപുകളിൽ എത്തിപ്പെട്ടിരുന്നു. അന്താരാഷ്ട്രവിപണിയിൽ പരുത്തിവില ഇടിഞ്ഞപ്പോൾ കൃഷി കാപ്പി, കൊക്കോ, വാഴ, തേങ്ങ എന്നിവയ്ക്ക് വഴിമാറി. ആദ്യകാലത്ത് ഓസ്ട്രേലിയയിൽ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാരായിരുന്നു കുടിയേറ്റക്കാരിൽ കൂടുതൽ. 1882-ൽ കാലഡോണിയൻ കമ്പനി ഓഫ് ന്യൂ ഹെബ്രൈഡ്സ് സ്ഥാപിതമായപ്പോൾ ഫ്രഞ്ചുകാരും കുടിയേറാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രഞ്ചുകാർ ബ്രിട്ടീഷുകാരേക്കാൾ ഇരട്ടിയോ‌ളമുണ്ടായിരുന്നുവത്രേ.

ഫ്രഞ്ചുകാർക്കും ബ്രിട്ടീഷുകാർക്കും ഈ ദ്വീപുകളിൽ താല്പര്യമുണ്ടായിരുന്നതിനാൽ ഇവ പിടിച്ചടക്കാൻ രണ്ടു രാജ്യങ്ങളുടെ ഭരണകൂടങ്ങൾക്കുമേലും സമ്മർദ്ദമുണ്ടായിരുന്നു. 1906-ൽ ഫ്രാൻസും ബ്രിട്ടനും ഒത്തുചേർന്ന് ദ്വീപുഭരണം നടത്താനുള്ള ഉടമ്പടി ഉണ്ടാക്കപ്പെട്ടു. സമാനതകളില്ലാത്ത ഒരു ഭരണസംവിധാനമായിരുന്നു ഇത്. രണ്ടു സർക്കാരിനും പ്രത്യേക ഭരണസംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. കോടതി സംവിധാനം മാത്രമായിരുന്നു രണ്ടുരാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായുണ്ടായിരുന്നത്. രണ്ട് രാജ്യങ്ങളിലെയും പൗരത്വം മെലനേഷ്യന്മാർക്ക് നിഷേധിക്കപ്പെട്ടിരുന്നു.

1940-കളുടെ ആദ്യസമയത്ത് ഈ ഭരണസംവിധാനത്തിനോടുള്ള എതിർപ്പുകൾ പ്രകടമായിത്തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തോടെ അമേരിക്കക്കാരുടെ വരവ് രാജ്യത്ത് സ്വാതന്ത്ര്യദാഹത്തിന് കാരണമായി. ജോൺ ഫ്രം എന്ന ഒരു മിശിഹാ സങ്കൽപ്പവും ഈ വിശ്വാസത്തിൽ നിന്നുടലെടുത്ത കാർഗോ കൾട്ട് എന്ന മതവിശ്വാസവും മെലനേഷ്യക്കാർക്ക് രക്ഷ ലഭിക്കുമെന്ന വിശ്വാസം നൽകി. മന്ത്രവിദ്യയിലൂടെയും ചടങ്ങുകളിലൂടെയും വ്യവസായികോത്പന്നങ്ങൾ ലഭിക്കുമെന്ന വിശ്വാസം ഈ മതത്തിന്റെ ഭാഗമായിരുന്നു. ഇന്ന് ജോൺ ഫ്രം ഒരു മതവും രാഷ്ട്രീയപ്പാർട്ടിയുമാണ്. ഇവർക്ക് പാർലമെന്റിൽ ഒരംഗവുമുണ്ട്.

1970-കളുടെ ആദ്യമാണ് രാജ്യത്തെ ആദ്യ രാഷ്ട്രീയപ്പാർട്ടി സ്ഥാപിക്കപ്പെട്ടത്. ന്യൂ ഹെബ്രൈഡ്സ് നാഷണൽ പാർട്ടി എന്നായിരുന്നു ഇതിന്റെ ആദ്യ പേര്. സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു വാൾട്ടർ ലിനി. ഇദ്ദേഹം പിന്നീട് രാജ്യത്തെ പ്രധാനമന്ത്രിയായി. 1974-ൽ പാർട്ടിയുടെ പേര് വാനുആകു പാറ്റി എന്നാക്കി മാറ്റപ്പെട്ടു. 1980-ൽ ഹ്രസ്വമായ നാളികേരയുദ്ധത്തെ തുടർന്ന്, വാനുവാട്ടു എന്ന റിപ്പബ്ലിക് രൂപപ്പെട്ടു.

1990-കളിൽ വാനുവാട്ടുവിൽ രാഷ്ട്രീയ അസ്ഥിരാവസ്ഥ രൂപപ്പെട്ടു. ഇത് വികേന്ദ്രീകൃതമായ ഭരണകൂടത്തിന്റെ രൂപീകരണത്തിലാണ് അവസാനിച്ചത്. കൂലി സംബന്ധിച്ച തർക്കത്തെ തുടർന്ന് വാനുവാട്ടു മൊബൈൽ ഫോഴ്സ് എന്ന അർദ്ധസൈന്യവിഭാഗം 1996-ൽ അട്ടിമറിക്ക് ശ്രമം നടത്തി.

ഭൂമിശാസ്ത്രം

വാനുവാടു 
ടാന്ന ദ്വീപിലെ യസൂർ മലയിലെ സിഡാർ സമതലം.

ഭൂമിശാസ്ത്രമായി താരതമ്യേന പുതിയതായ 82 അഗ്നിപർവ്വതദ്വീപുകൾ ചേർന്ന ഒരു ദ്വീപസമൂഹമാണ് വാനുവാടു. ഇതിൽ 65 ദ്വീപുകളിൽ ജനവാസമുണ്ട്. തെക്കുവടക്കായി അളന്നാൽ ഏറ്റവും വിദൂര ദ്വീപുകൾ തമ്മിൽ 1300 കിലോമീറ്റർ ദൂരമുണ്ട്. മാത്യൂ ദ്വീപ്, ഹണ്ടർ ദ്വീപ് എന്നിവ ഫ്രാൻസ് തങ്ങളുടെ അധീനതയിലുള്ള ന്യൂ കാലഡോണിയ കളക്റ്റിവിറ്റിയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നുണ്ട്. ദ്വീപസമൂഹത്തിലെ പതിനാല് ദ്വീപുകൾക്ക് 100 ചതുരശ്രകിലോമീറ്ററിനുമേൽ വിസ്തീർണ്ണമുണ്ട്.

തലസ്ഥാനമായ പോർട്ട് വിലയും (എഫേറ്റ് ദ്വീപിലാണിത്) എസ്പിരിറ്റു സാന്റോ ദ്വീപിലെ ലുഗാന്വില്ലെയുമാണ് രാജ്യത്തെ ഏറ്റവും വലിയ പട്ടണങ്ങൾ. 1879 മീറ്റർ ഉയരമുള്ള ടാബ്വെമാസനയാണ് ഏറ്റവും ഉയരമുള്ള പർവ്വതം.

12274 ചതുരശ്ര കിലോമീറ്ററാണ് വാനുവാടുവിന്റെ ആകെ വിസ്തീർണ്ണം. സമതലഭൂമി 4700 ചതുരശ്രകിലോമീറ്ററേ വരൂ. മിക്ക ദ്വീപുകളും കുത്തനെയുള്ള ചരിവുകളുള്ളതും ശുദ്ധജല സ്രോതസ്സുകൾ ഇല്ലാത്തവയുമാണ്. 2005-ലെ കണക്കനുസരിച്ച് 9% ഭൂമി മാത്രമേ കൃഷിക്കുപയോഗിക്കുന്നുള്ളൂ. . കടൽത്തീരം പാറ നിറഞ്ഞതായാണ് സാധാരണ കാണപ്പെടുന്നത്. കോണ്ടിനന്റൽ ഷെൽഫുകൾ കാണപ്പെടുന്നില്ല. തീരത്തുനിന്നും കര കുത്തനെ കടലിന്റെ അഗാധതകളിലേയ്ക്ക് താണുപോകുന്ന തരത്തിലാണ് സ്ഥിതി.

പ്രവർത്തനനിരതമായ പല അഗ്നിപർവ്വതങ്ങളും ഇവിടെയുണ്ട്. ലോപെവി ഇതിലൊന്നാണ്. കടലിനടിയിലുള്ള പല അഗ്നിപർവ്വതങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു. ഏതുസമയവും അഗ്നിപർവ്വതസ്ഫോടനമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. 2008 നവംബറിൽ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഒരു സ്ഫോടനമുണ്ടായി. ഇതിൽ ആർക്കും ജീവനാശമുണ്ടായില്ല. 1945-ലും ഒരഗ്നിപർവ്വത സ്ഫോടനമുണ്ടായിരുന്നു . ഓസ്ട്രലേഷ്യ ഇക്കോസോണിൽ പെട്ട പ്രത്യേക ജൈവപ്രദേശം (terrestrial ecoregion) ആയാണ് വാനുവാടുവിനെ കണക്കാക്കുന്നത്.

വാനുവാടു 
എഫേറ്റ് ദ്വീപിലെ ഒരരുവി.

വർഷം 2.4 ശതമാനം വച്ച് ഇവിടുത്തെ ജനസംഖ്യ വളരുന്നുണ്ട്. ഇത് കൃഷി, വളർത്തുമൃഗങ്ങളുടെ മേയൽ, വേട്ടയാടൽ, മീൻ പിടുത്തം എന്നീ മേഖലകളിലെല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 90 ശതമാനത്തോളം നി-വാനുവാടു കുടുംബങ്ങളും മീൻ പിടിക്കുകയോ മീൻ ഭക്ഷിക്കുകയോ ചെയ്യുന്നുണ്ട്. ഇത് മത്സ്യസമ്പത്ത് കുറയാൻ കാരണമാവുകയും തീരത്തോടടുത്ത മത്സ്യങ്ങളുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. മിക്ക ദ്വീപുകളിലെയും വനങ്ങളും ഭാഗികമായെങ്കിലും നശീകരിക്കപ്പെടുന്നുണ്ട്. വനം വെട്ടി തീവച്ച് കൃഷിക്കൊരുക്കുകയും കന്നുകാലികളെ വളർത്താനുപയോഗിക്കുകയും മുന്തിയയിനം തടി വനത്തിൽ നിന്ന് ശേഖരിക്കുകയും മറ്റും ചെയ്യുന്നതിനാലാണ് ഈ വനനശീകരണമുണ്ടാകുന്നത്. ഇത് മണ്ണൊലിപ്പിന് കാരണമാകുന്നുണ്ട്.


ശുദ്ധജലത്തിന്റെ ലഭ്യത ദ്വീപിൽ കുറഞ്ഞുവരുകയാണ്. ഉയർന്ന സ്ഥലങ്ങളിലെ വൃഷ്ടിപ്രദേശങ്ങളിലെ വനപ്രദേശങ്ങൾ നശിക്കുന്നതാണ് ഇതിനുകാരണം. ചപ്പുചവറുകളുടെ സംസ്കരണവും ജലമലിനീകരണവും വായൂമലിനീകരണവും മറ്റും നഗരപ്രദേശങ്ങളിലെയും വലിയ ഗ്രാമങ്ങളിലെയും പ്രധാന പ്രശ്നങ്ങ‌ളായി മാറിക്കൊണ്ടിരിക്കുന്നു. തൊഴിലവസരങ്ങളില്ലാതിരിക്കുന്നതും ആവാസവ്യവസ്ഥയെ തകർക്കുന്ന തരത്തിൽ ജീവിതമാർഗ്ഗം കണ്ടെത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.

സസ്യജന്തുജാലം

ഭൂമദ്ധ്യരേഖാപ്രദേശത്തേതുപോലുള്ള വനങ്ങളുണ്ടെങ്കിലും വാനുവാട്ടുവിലെ മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഇനങ്ങൾ പരിമിതമാണ്. സ്വദേശികളായ വലിയ സസ്തനികളൊന്നും തന്നെ ഇവിടെയില്ല. 19 തരം ഉരഗങ്ങൾ ഇവിടെയുണ്ട്. എഫേറ്റ് ദ്വീപിൽ മാത്രം കാണപ്പെടുന്ന ഫ്ലവർ പോട്ട് പാമ്പ് ഇതി‌ൽ പെടുന്നു. ഫിജി ബ്രാൻഡഡ് ഇഗ്വാന (ബ്രാക്കിലോഫസ് ഫഷ്യേറ്റസ്) 1960 കളിൽ ഇവിടെ എത്തിപ്പെട്ട ജീവിയാണ്. 11 ഇനം വവ്വാലുകൾ ഇവിടെയുണ്ട് (3 ഇനം വാനുവാടുവിൽ മാത്രം കാണപ്പെടുന്നവയാണ്) 61 ഇനം പക്ഷികളാണ് ദ്വീപസമൂഹത്തിൽ കാണപ്പെടുന്നത്. ചെറിയ പോളിനേഷ്യൻ എലി സ്വദേശിയാണെന്നാണ് കരുതപ്പെടുന്നതെങ്കിലും വലിയ ഇനം എലികൾ യൂറോപ്യന്മാർക്കൊപ്പം വന്നതാണ്. പന്നികൾ, നായ്ക്കൾ, കന്നുകാലികൾ എന്നിവയും യൂറോപ്യന്മാരാണ് കൊണ്ടുവന്നത്. ഇ. ഒ. വിൽസൺ എന്നയാൾ ചില ദ്വീപുകളിലെ ഉറുമ്പുകളെ തിരിച്ചറിഞ്ഞ് ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്.

കടലിലെ സസ്യജന്തുജാലങ്ങളുടെ കാര്യത്തിൽ ഈ പ്രദേശം സമ്പന്നമാണ്. 4,000-ൽ കൂടുതൽ ഇനം കക്കകൾ ഇവിടെ കാണപ്പെടുന്നുണ്ട്. മാരകമായ വിഷമുള്ള കോൺഷെൽ, സ്റ്റോൺ ഫിഷ് എന്നിവ ഇവിടെ കാണപ്പെടുന്നു. ആഫ്രിക്കൻ ഒച്ച് 1970-കളിലാണ് ഇവിടെ എത്തിയതെങ്കിലും വ്യാപകമായിട്ടുണ്ട്.

മൂന്നോ നാലോ പ്രായപൂർത്തിയായ ഉപ്പുവെള്ളത്തിലെ മുതലകൾ വാനുവാട്ടുവിലെ കണ്ടൽ കാടുകളിലുണ്ടത്രേ. പ്രജനനം നടത്തുന്നതിനാവശ്യമായ എണ്ണം ഇപ്പോഴില്ല. ചുഴലിക്കൊടുങ്കാറ്റുകളിലും മറ്റുമാണ് മുതലകൾ ദ്വീപസമൂഹത്തിൽ എത്തിപ്പെടുന്നത്. സോളമൻ ദ്വീപുകളിൽ നിന്നും ന്യൂ ഗിനിയയിൽ നിന്നും ഇവ എത്തിപ്പെടാൻ സാദ്ധ്യതയുണ്ട്.

കാലാവസ്ഥ

വാനുവാടു 
വാനുവാട്ടുവിലെ എറാടാപ് ബീച്ച്

ഭൂമദ്ധ്യരേഖയ്ക്കടുത്ത പ്രദേശങ്ങളിൽ കാണുന്ന തരം കാലാവസ്ഥയാണിവിടെ അനുഭവപ്പെടുന്നത്. ഒൻപതുമാസത്തോളം മഴയും മൂന്നു മാസത്തോളം തണുത്തതും വരണ്ടതുമായ കാലാവസ്ഥയുമാണ് ഉണ്ടാവുക. ഈ സമയത്ത് തെക്കുകിഴക്കുനിന്നും കാറ്റുവീശാറുണ്ട് വെള്ളത്തിന്റെ താപനില 22°C മുതൽ 28°C വരെയാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ തണുത്ത കാലാവസ്ഥയാണെങ്കിലും ഒക്ടോബർ തുടങ്ങി ദിവസങ്ങൾ കൂടുതൽ ചൂടുള്ളതായിത്തുടങ്ങും. 20°C മുതൽ 32°C വരെയാണ് ദിവസതാപനില. മേയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ വടക്കുകിഴക്കൻ വാണിജ്യവാതങ്ങൾ വീശാറുണ്ട്.

വാനുവാട്ടുവിൽ നീണ്ട മഴക്കാലമാണുള്ളത്. ഏകദേശം എല്ലാ മാസത്തിലും നല്ല മഴയുണ്ടാകാറുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ചുഴലിക്കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതും ഈ സമയത്തുതന്നെ. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഏറ്റവും വരണ്ട മാസങ്ങൾ. സാധാരണയായി മഴ 2360 മില്ലീമീറ്ററാണെങ്കിലും വടക്കൻ ദ്വീപുകളിൽ ഇത് 4000 വരെയാകാറുണ്ട്.

ഭൂചലനങ്ങൾ

2009 ഒക്ടോബർ 7-നും 8-നുമിടയ്ക്ക് ഇടത്തരം മുതൽ വലിയതുവരെയായ പല ഭൂചലനങ്ങളും ഇവിടെയുണ്ടായി. സുനാമി ഭീതിയുണ്ടാവുകയും ഭീമൻ തിരമാലകളുണ്ടാവാൻ സാദ്ധ്യതയുണ്ട് എന്ന താക്കീത് 11 രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകുകയുമുണ്ടായി. വലിയ സുനാമികൾ രൂപപ്പെടാത്തതിനാൽ പിന്നീട് ഇത് പിൻവലിച്ചു.

ഈ ഭൂചലനങ്ങളുണ്ടായത് ഓസ്ട്രേലിയ പ്ലേറ്റ്, പസഫിക് പ്ലേറ്റ് എന്നിവ തമ്മിലുള്ള അതിർത്തിയിലാണ്. 35 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പസഫിക് റിംഗ് ഓഫ് ഫയർ എന്നുവിളിക്കുന്ന പ്രദേശത്തിലാണ് വാനുവാടുവിന്റെ സ്ഥാനം.

ജനങ്ങൾ

വാനുവാടു 
വാനുവാടുവിലെ ജനങ്ങൾ. 2005-ലെ കണക്ക്. ജനസംഖ്യ ആയിരങ്ങളിൽ.

221,506 ആണ് വാനുവാടുവിലെ ജനസംഖ്യ. സ്ത്രീകളേക്കാൾ പുരുഷന്മാരാണ് കൂടുതൽ. 1999-ൽ വാനുവാടുവിൽ 95,682 പുരുഷന്മാരും 90,996 സ്ത്രീകളുമുണ്ടായിരുന്നുവത്രേ. ശിശുമരണനിരക്ക് ഔദ്യോഗിക കണക്കുകൾ പ്രകാരം 1967-ൽ 1000 ജനങ്ങൾക്ക് 123 ആയിരുന്നത് 1999-ൽ 25 എന്ന നിലയിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. മറ്റു കണക്കുകൾ പ്രകാരം 2011-ൽ ഇത് 46.85 എന്ന നിലയിലാണ്. പോർട്ട് വിലയിലും ലൂഗാൻവില്ലയിലും പതിനായിരങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ജനസംഖ്യയിൽ അധികവും ഗ്രാമവാസികളാണ്.

വാനുവാട്ടുവിലെ സ്വദേശികളായ നി-വാനുവാടു വിഭാഗത്തിൽ പെട്ടവരാണ് ഭൂരിപക്ഷം (98.5%). മെലനേഷ്യൻ വംശജരാണിവർ. യൂറോപ്യന്മാർ, ഏഷ്യക്കാർ, പസഫിക്കിലെ മറ്റു ദ്വീപുവാസികൾ എന്നീ വിഭാഗക്കാരാണ് ബാക്കിയുള്ളവർ. പോളിനേഷ്യക്കാർ മൂന്നു ദ്വീപുകളിൽ കോളനികൾ സ്ഥാപിച്ചിരുന്നു. ഉദ്ദേശം 2,000 നി-വാനുവാടു വിഭാഗക്കാർ ന്യൂ കാലഡോണിയയിൽ ജോലിചെയ്യുന്നുണ്ട്. 2006-ൽ വാനുവാട്ടുവാണ് ലോകത്തിൽ ഏറ്റവും പാരിസ്ഥിതികമായ പ്രവർത്തനക്ഷമതയുള്ള (ecologically efficient) രാജ്യമെന്ന് കണക്കാക്കപ്പെട്ടിരുന്നു.


ദേശീയഭാഷ ബിസ്‌ലാമ ആണ്. ഔദ്യോഗിക ഭാഷകൾ ബിസ്‌ലാമ, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയാണ്. പഠനത്തിനുപയോഗിക്കുന്ന പ്രധാന ഭാഷകൾ ഇംഗ്ലീഷും ഫ്രഞ്ചുമാണ്.


ബിസ്‌ലാമ ലഘൂകരിക്കപ്പെട്ട ഒരു സങ്കരഭാഷയാണ്. പട്ടണപ്രദേശങ്ങളിൽ ഈ ഭാഷ മെലനേഷ്യൻ വ്യാകരണവും പ്രധാനമായും ഇംഗ്ലീഷ് വാക്കുകളുമുപയോഗിക്കുന്ന രീതിയിലേയ്ക്ക് മാറിയിട്ടുണ്ട്. വാനുവാട്ടുവിലെ ഭൂരിപക്ഷം ആളുകൾക്കും മനസ്സിലാവുകയും പരസ്പരം സംസാരിക്കാനുപയോഗിക്കുകയും ചെയ്യുന്ന ഭാഷയാണിത്. ഇത് കൂടാതെ 113 പ്രാദേശികഭാഷകൾ വാനുവാടുവിൽ ഇപ്പോഴും സംസാരിക്കപ്പെടുന്നുണ്ട്. ജനസംഖ്യ വച്ചു നോക്കിയാൽ പ്രതിശീർഷക്കണക്കിൽ ഏറ്റവും കൂടുതൽ ഭാഷകളുള്ള രാജ്യമാണിത് [അവലംബം ആവശ്യമാണ്] ഒരു ഭാഷ സംസാരിക്കുന്നത് ശരാശരി 2,000 ആൾക്കാരാണ്. ഓസ്ട്രണേഷ്യൻ ഭാഷാകുടുംബത്തിലെ ഓഷ്യാനിക് ശാഖയിലാണ് ഈ ഭാഷകളെല്ലാം പെടുന്നത്.

മതം

വാനുവാടുവിലെ പ്രധാന മതം ക്രൈസ്തവവിശ്വാസമാണ്. പല സഭകൾ ഇവിടെ നിലവിലുണ്ട്. പ്രെസ്ബൈറ്റേറിയൻ സഭയിലാണ് ജനസംഖ്യയുടെ മൂന്നിലൊന്നും വിശ്വസിക്കുന്നത്. റോമൻ കത്തോലിക്കാസഭയും ആംഗ്ലിക്കൻ സഭയും മറ്റുപ്രധാന വിഭാഗങ്ങളാണ്. ഈ സഭകളിൽ വിശ്വസിക്കുന്നവർ 15% വീതം വരും. സെവൻ‌ത് ഡേ അഡ്വന്റിസ്റ്റ് സഭ, ചർച്ച് ഓഫ് ക്രൈസ്റ്റ്, നീൽ തോമസ് മിനിസ്ട്രീസ് തുടങ്ങി മറ്റു പല വിഭാഗങ്ങളുമുണ്ട്.


രണ്ടാം ലോകമഹായുദ്ധസമയത്ത് ഇവിടെയുണ്ടായിരുന്ന സൈനികർ കൊണ്ടുവന്ന ആധുനിക ഉപകരണങ്ങളും മറ്റും പല ദ്വീപുകളിലും കാർഗോ കൾട്ടുകൾ എന്ന മതവിഭാഗങ്ങൾ രൂപപ്പെടാൻ കാരണമായി. ഇതിൽ പല വിഭാഗങ്ങളും നശിച്ചുപോയെങ്കിലും ടാന്ന ദ്വീപിലെ ജോൺ ഫ്രം കൾട്ട് എന്ന മതവിഭാഗം ഇപ്പോഴും നിലനി‌ൽക്കുന്നുണ്ട്. ഈ മതത്തിൽ വിശ്വസിക്കുന്നവർ ജനപ്രതിനിധി സഭയിലും അംഗങ്ങളാണ്. ടാന്ന ദ്വീപിൽ പ്രിൻസ് ഫിലിപ്പ് മൂവ്‌മെന്റ് എന്ന മതവുമുണ്ട്. ഇവർ ബ്രിട്ടനിലെ രാജമുമാരനായ ഫിലിപ്പിനെ ആരാധിക്കുന്നവരാണ്. യാഓഹ്നാനെൻ ഗോത്രത്തിൽ പെട്ട ഗ്രാമീണർക്ക് വെള്ളത്തൊലിയുള്ള ഒരു പർവ്വതാത്മാവ് കടൽ കടന്ന് ശക്തയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാനായി യാത്രചെയ്യുമെന്ന പുരാതന പ്രവചനത്തിൽ വിശ്വാസമുള്ളവരായിരുന്നു. ഫിലിപ്പ് രാജകുമാരൻ തന്റെ പത്നി എലിസബത്ത് രാജ്ഞിയുമായി ദ്വീപ് സന്ദർശിച്ചപ്പോൾ ദ്വീപുവാസികൾക്ക് പ്രവചനം ഫലിച്ചതായി വിശ്വാസമായി. ടാന്ന ദ്വീപിനടുത്തുള്ളവർ ഇദ്ദേഹത്തെ ദൈവമായി ആരാധിക്കുന്നുണ്ട്.

ഭരണകൂടം

ഭരണപരമായ വിഭജനം

വാനുവാടു 
വാനുവാടുവിലെ പ്രവിശ്യകൾ

1994 മുതൽ ആറു പ്രവിശ്യകളായി വാനുവാടുവിനെ ഭരണസൗകര്യം കണക്കിലെടുത്ത് വിഭജിച്ചിട്ടുണ്ട്: ദ്വീപുകളുടെ ഇംഗ്ലീഷ് പേരുകളുടെ ആദ്യ അക്ഷരങ്ങൾ ഉപയോഗിച്ചാണ് പ്രവിശ്യകളുടെ പേരുകൾ നിശ്ചയിച്ചിരിക്കുന്നത്.

  • മലാം‌പ (മലാകുല, ആംബ്രിം, പാമ)
  • പെനാമ (പെന്റെകോസ്റ്റ്, ആംബേ, മേവോ)
  • സാന്മ (സാന്റോ, മാലോ)
  • ഷെഫ
  • ടേഫ (ടന്ന, ആനിവ, ഫ്യൂട്യൂണ, എറോമാൻഗോ, അനൈറ്റിയും
  • ടോർബ (ടോറെസ്, ബാങ്ക്സ്).

പ്രവിശ്യകൾക്ക് സ്വയംഭരണാധികാരമുണ്ട്. പ്രൊവിൻഷ്യൽ കൗൺസിലുകൾ എന്നറിയപ്പെടുന്ന തിരഞ്ഞെടുത്ത ഭരണകൂടങ്ങ‌ളാണ് ഭരണം നടത്തുന്നത്. പ്രധാനമന്ത്രി നിയമിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥനാണ് എക്സിക്യൂട്ടീവ് വിഭാഗമേധാവി. പ്രവിശ്യകളെ മുനിസിപ്പാലിറ്റികളായി തിരിച്ചിട്ടുണ്ട്.

രാഷ്ട്രീയം

വാനുവാടു 
വാനുവാടു പാർലമെന്റ്
വാനുവാടു 
വാനുവാടുവിന്റെ ഭൂപടം

എഴുതപ്പെട്ട ഭരണഘടനയുള്ള പാർലമെന്ററി ജനാധിപത്യസംവിധാനമാണ് ഇവിടുത്തേത്. "രാജ്യത്തലവൻ രാഷ്ട്രപതി എന്നായിരിക്കും അറിയപ്പെടുക, ഇദ്ദേഹം രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായിരിക്കും" എന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. അഞ്ചു വർഷ കാലാവധിയിലേയ്ക്ക് ഇലക്ടറൽ കോളേജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ആലങ്കാരികപദവിയാണ് ഇദ്ദേഹത്തിന്റേത്. പാർലമെന്റെംഗങ്ങളും പ്രാദേശിക കൗൺസിലുകളുടെ പ്രസിഡന്റുകളും ചേർന്നാണ് ഇലക്ടറൽ കോളേജ് രൂപീകരിക്കുന്നത്. കഴിവില്ലായ്മയോ സ്വഭാവദൂഷ്യമോ കാരണം പ്രസിഡന്റിനെ നീക്കം ചെയ്യാനും ഇലക്ടറൽ കോളേജിന് സാധിക്കും.

പ്രധാനമന്ത്രിയാണ് ഭരണത്തലവൻ. പാർലമെന്റിലെ നാലിൽ മൂന്ന് അംഗങ്ങളെങ്കിലും ഉൾപ്പെട്ട കോറം കൂടിച്ചേർന്ന് വോട്ടെടുപ്പുനടത്തിയാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി മന്ത്രിസഭയെ നിയമിക്കും. മന്ത്രിസഭാംഗങ്ങളുടെ എണ്ണം പാർലമെന്റംഗങ്ങളുടെ എണ്ണത്തിന്റെ ഇരുപത്തഞ്ച് ശതമാനത്തിൽ കൂടാൻ പാടില്ല എന്ന് വ്യവസ്ഥയുണ്ട്. പ്രധാനമന്ത്രിയും മന്ത്രിസഭയുമാണ് എക്സിക്യൂട്ടീവ് ഭരണസംവിധാനത്തിന്റെ ഭാഗങ്ങൾ.

പാർലമെന്റിന് ഒരുസഭയേ ഉള്ളൂ. 54 അംഗങ്ങളാണ് പാർലമെന്റിലുള്ളത്. എല്ലാ നാലുവർഷവും തിരഞ്ഞെടുപ്പിലൂടെയാണ് പാർലമെന്റംഗങ്ങളെ തീരുമാനിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രസിഡന്റിന് പാർലമെന്റ് പിരിച്ചുവിടാൻ അധികാരമുണ്ട്. നാലിൽ മൂന്നംഗങ്ങളൂള്ള കോറത്തിന് ഭൂരിപക്ഷാഭിപ്രായമനുസരിച്ചും പാർലമെന്റ് പിരിച്ചുവിടാം. മാ‌ൽവാടു മൗറി എന്ന ഒരു ഗോത്രത്തലവന്മാരുടെ ദേശീയകൗൺസിൽ വാനുവാടുവിൽ നിലവിലുണ്ട്. ഗോത്രത്തലവന്മാരുടെ ജില്ലാ കൗൺസിലാണ് ദേശീയ കൗൺസിലിനെ തിരഞ്ഞെടുക്കുന്നത്. വാനുവാടുവിലെ സംസ്കാരവും ഭാഷയും സംബന്ധിച്ചുള്ള കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്നത് ഈ കൗൺസിലാണ്.

ദേശീയ ഭരണകൂടത്തിന്റെ തലവന്മാരെക്കൂടാതെ വാനുവാടുവിൽ ഗ്രാമതലത്തിൽ അധികാരികളുണ്ട്. ഗ്രാമത്തലവന്മാരാണ് ഇപ്പോഴും ഗ്രാമതലത്തിൽ നേതൃസ്ഥാനത്തുള്ളവർ. രാഷ്ട്രീയക്കാർക്ക് ഗ്രാമത്തലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടിവരാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ധാരാളം സദ്യകൾ നടത്തിയാണ് ഒരാൾ ഗ്രാമത്തലവനാകാനുള്ള യോഗ്യത നേടുന്നത്. പോളിനേഷ്യൻ സ്വാധീനമുള്ള ഗ്രാമങ്ങളിൽ പരമ്പരാഗതമായും ഗ്രാമത്തലവന്മാരുടെ സ്ഥാനം ലഭിക്കാറുണ്ട്. വടക്കൻ വാനുവാടുവിൽ സദ്യകളുടെ നിലവാരമളക്കാൻ നിമാൻഗി എന്ന ഒരു സംവിധാനം നിലവിലുണ്ട്.

ഇംഗ്ലീഷ് സംസാരിക്കുന്നവരും ഫ്രഞ്ച് സംസാരിക്കുന്നവരുമായി ഭരണകൂടവും സമൂഹവും വിഭജിക്കപ്പെട്ട നിലയിലാണ്. കൂട്ടുകക്ഷി ഭരണകൂടങ്ങൾ സ്ഥാപിക്കുന്നതിൽ ഈ വ്യത്യാസം തടസ്സമാകാറുണ്ട്.

സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിനെ കൂടാതെ മറ്റു മൂന്ന് ന്യായാധിപന്മാർ വരെ ഉണ്ടാവാം. ഈ കോടതിയിലെ രണ്ടോ അതിലധികമോ അംഗങ്ങൾ ചേർന്ന് അപ്പീൽ കോടതി രൂപീകരിക്കും. മജിസ്ട്രേറ്റ് കോടതികളാണ് മിക്ക നിയമകാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ബ്രിട്ടനിലെ കോമൺ നിയമം, ഫ്രാൻസിലെ സിവിൽ നിയമം എന്നിവയെ ആധാരമാക്കിയുള്ള നിയമസംവിധാനമാണ് നിലവിലുള്ളത്. ഗ്രാമ കൗൺസിലുകളും ദ്വീപ് കൗൺസിലുകളും രൂപീകരിക്കാനും ഗ്രാമത്തലവന്മാർക്ക് ഇവിടെ വിധി പറയാനുമുള്ള അധികാരം ഭരണ ഘടന നൽകുന്നുണ്ട്. പരമ്പരാഗത നിയമങ്ങൾ സംബന്ധിച്ച കാര്യങ്ങളിലെ വിധികളാണ് ഈ കോടതികൾ പറയുന്നത്.

പ്രതിരോധവും വിദേശകാര്യവും

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, ഏജൻസ് ഡെ കോഓപറേഷൻ കൾചറെൽ എറ്റ് ടെക്‌നിക്വ, ല ഫ്രാങ്കോഫോണി കോമൺവെൽത്ത് ഓഫ് നേഷൻസ് എന്നിവയിൽ വാനുവാടു അംഗമാണ്.

1980 മുതൽ ഓസ്ട്രേലിയ, ബ്രിട്ടൻ, ഫ്രാൻസ്, ന്യൂസിലാന്റ് എന്നിവ വാനുവാടുവിന്റെ വികസനത്തിനായി ധനസഹായം നൽകുന്നുണ്ട്. 2005 മുതൽ ബ്രിട്ടൻ വാനുവാടുവിന് നൽകിവന്നിരുന്ന ധനസഹായം നിർത്തലാക്കപ്പെട്ടു. പസഫിക് മേഖലയിൽ ഇനിമേൽ ശ്രദ്ധ ചെലുത്തേണ്ടതില്ല എന്ന ബ്രിട്ടന്റെ തീരുമാനത്തെത്തുടർന്നാണ് ഇത്. ചൈന ഇപ്പോൾ വാനുവാടുവിന് നൽകുന്ന ധനസഹായം വർദ്ധിപ്പിച്ചിട്ടുണ്ട്. 2005-ൽ മില്ലനിയം ചലഞ്ച് ഫണ്ട് എന്ന സ്രോതസ്സിൽ നിന്ന് സഹായം കിട്ടുന്ന ആദ്യ 15 രാജ്യങ്ങളിലൊന്നായി വാനുവാടു മാറി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 6.5 കോടി രൂപയുടെ സഹായം വാനുവാടുവിന് ലഭിക്കുകയുണ്ടായി.

ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ന്യൂസിലാന്റ് എന്നിവയുമായി വാനുവാടുവിന് ശക്തമായ സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളുണ്ട്. പോലീസ് സംവിധാനമു‌ൾപ്പെടെയുള്ള സഹായങ്ങൾ ന‌ൽകുന്നത് ഓസ്ട്രേലിയയാണ്. പോലീസിന് ഒരു അർദ്ധസൈനിക വിഭാഗവുമുണ്ട്.

പോലീസിന് രണ്ടു വിഭാഗങ്ങളാണുള്ളത്: നിയമപാലനം നടത്തുന്ന വിഭാഗവും അർദ്ധസൈനികവിഭാഗവും (ഇതാണ് വാനുവാടുവിലെ സൈന്യം). പോർട്ട് വിലയിലും ലുഗാൻ വില്ലയിലുമായി രണ്ട് കമാന്റുകൾക്ക് കീഴിൽ മൊത്തം 547 പോലീസുദ്യോഗസ്ഥരാണ് ഇവിടെ ആകെയുള്ളത്. നിയന്ത്രണസംവിധാനമുള്ള (കമാന്റ്) രണ്ട് സ്റ്റേഷനുകൾ കൂടാതെ നാൽ ദ്വിതീയ പോലീസ് സ്റ്റേഷനുകളും എട്ടു പോലീസ് പോസ്റ്റുകളും ദ്വീപസമൂഹത്തിൽ നിലവിലുണ്ട്. പല ദ്വീപുകളിലും പോലീസ് സംവിധാനം നിലവിലില്ല. ചില ദ്വീപുകളിൽ നിന്ന് പോലീസിനെ ഒരു കാര്യം അറിയിക്കാൻ തന്നെ ദിവസങ്ങളെടുക്കും. വാനുവാടുവിലെ മൊത്തം സൈനികച്ചെലവുകൾ സംബന്ധിച്ച കണക്കുകൾ ലഭ്യമല്ല.

വാനുവാടുവിന് ബ്രിട്ടനിൽ ഹൈക്കമീഷൻ നിലവിലില്ല. ബ്രിട്ടീഷ് ഫ്രണ്ട്സ് ഓഫ് വാനുവാടു എന്ന സംഘടനയാണ് വാനുവാടുവിൽ നിന്ന് ഇവിടെയെത്തുന്ന സന്ദർശകരെ സഹായിക്കുന്നത്.

സാമ്പത്തികരംഗം

വാനുവാടു 
പോർട്ട് വിലയിലെ ഒരു ചന്ത
വാനുവാടു 
വാനുവാടുവിൽ നിന്നുള്ള കയറ്റുമതിച്ചരക്കുകളുടെ ചിത്രീകരണം.

കൃഷി, വിനോദസഞ്ചാരം, സാമ്പത്തിക ഇടപാടുകൾ, കന്നുകാലി വളർത്തൽ എന്നിവയാണ് പ്രധാന സാമ്പത്തിക മേഖലകൾ. മീൻ പിടുത്തം നടക്കുന്നുണ്ടെങ്കിലും ഇത് വിദേശനാണ്യം ലഭിക്കുന്ന മാർഗ്ഗമല്ല. കൊപ്ര, കാവ, കന്നുകാലി ഇറച്ചി, കൊക്കോ, തടി എന്നിവയാണ് പ്രധാന കയറ്റുമതി ഇനങ്ങൾ. യന്ത്രസാമഗ്രികൾ, ഭക്ഷണസാധനങ്ങൾ, ഇന്ധനം എന്നിവയാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഘനനം ചെറിയ തോതിൽ മാത്രമേ നടക്കുന്നുള്ളൂ. 1978-ൽ മാംഗനീസ് ഘനനം നിർത്തലാക്കപ്പെട്ടു. 2006-ൽ ഘനനം ചെയ്തശേഷം കയറ്റി അയയ്ക്കാതെ ബാക്കിവന്ന മാംഗനീസ് കയറ്റുമതി ചെയ്യാൻ തീരുമാനമെടുക്കപ്പെട്ടു. രാജ്യത്ത് അറിയപ്പെടുന്ന പെട്രോളിയം നിക്ഷേപമൊന്നുമില്ല. നികുതിവരുമാനം ഇറക്കുമതി തീരുവയിൽ നിന്നും 12.5% വാറ്റിൽ നിന്നുമാണ് ലഭിക്കുന്നത്.

കൃഷിചെയ്തുകിട്ടുന്ന വിളവ് ഉപയോഗിക്കുന്നതു കൂടാതെ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. 65% ജനങ്ങളുടെയും ഉപജീവനമാർഗ്ഗം കൃഷിയാണ്. മിക്ക കൃഷിക്കാരും ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യുന്നതിനു പകരം വാണിജ്യവിളകൾ (ഉദാഹരണം കാവ) കൃഷി ചെയ്ത് അതിൽ നിന്ന് കിട്ടുന്ന വരുമാനമുപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന രീതിയിലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. കാവ ഗോത്രങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ചടങ്ങുകളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. കൊക്കോയും ഇപ്രകാരം കൃഷി ചെയ്യപ്പെടുന്ന ഇനമാണ്. 2007-ൽ 15,758 കുടുംബങ്ങൾ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നു (99%). ആഴ്ച്ചയിൽ ശരാശരി 3 തവണ ആൾക്കാർ മീൻ പിടിക്കാൻ പോകുമത്രേ. കാലാവസ്ഥ ധാരാളം ഇനം പഴവർഗ്ഗങ്ങളും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും കൃഷിചെയ്യാൻ അനുയോജ്യമായതാണ്.

വിനോദസഞ്ചാരം ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. സ്കൂബ ഡൈവിംഗാണ് ഇവിടുത്തെ ഒരു പ്രധാന ആകർഷണം. വിനോദസഞ്ചാരമേഖല നന്നായി വികസിക്കുന്നുണ്ട്.

സാമ്പത്തിക സേവന മേഖല വിപുലമാണ്. 2008 വരെ മറ്റു രാജ്യങ്ങൾക്കോ കുറ്റാന്യോഷണവിഭാഗങ്ങൾക്കോ വാനുവാടുവിൽ നിന്ന് വിവരങ്ങൾ നൽകിയിരുന്നില്ല. അന്താരാഷ്ട്രസമ്മർദ്ദങ്ങളെത്തുടർന്ന് വാനുവാടു സുതാര്യത വർദ്ധിപ്പിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. വാനുവാടുവിൽ വരുമാനനികുതിയോ, വിത്‌ഹോൾഡിംഗ് നികുതിയോ, കാപിറ്റൽ ഗെയിൻസ് നികുതിയോ, അനന്തരാവകാശികൾ നൽകേണ്ട നികുതിയോ, നാണയ വിനിമയ നിയന്ത്രണമോ ഇല്ല. പല അന്താരാഷ്ട്ര കപ്പൽ കമ്പനികളും വാനുവാടുവിൽ രജിസ്റ്റർ ചെയ്യുന്നുണ്ട് "ഫ്ലാഗ് ഓഫ് കൺവീനിയൻസ്" എന്നാണ് ഈ ഇടപാടിനെ വിളിക്കുന്നത്.

വാനുവാടു 
വാണിജ്യ വിള, വടക്കൻ എഫേറ്റ് ദ്വീപ്

കന്നുകാലിവളർത്തലും ഇറച്ചി കയറ്റുമതിയും നടക്കുന്നുണ്ട്. ശരാശരി ഒരു കുടുംബത്തിൽ 5 പന്നികളും 16 കോഴികളുമുണ്ടാവും. വാണിജ്യപരമായി മൃഗങ്ങളെ വളർത്തുന്ന 30 ഫാമുകൾ ഇവിടെയുണ്ട്.

കയറ്റുമതിയുടെ 73% കാർഷികവിളകളാണ്. 80% ജനങ്ങളും താമസിക്കുന്നത് ഗ്രാമങ്ങളിലുമാണ്.

2000-ങ്ങളുടെ ആദ്യസമയത്ത് 6% സാമ്പത്തികവളർച്ച ഉണ്ടായിരുന്നു. 1990-കളിൽ വളർച്ചാനിരക്ക് ശരാശരി 3% മാത്രമായിരുന്നു.

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് സാമ്പത്തികനില വളർന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. വൈദ്യുതി ഉത്പാദനം നടത്തുന്നത് സ്വകാര്യമേഖലയിലായതിനാൽ പസഫിക് പ്രദേശത്തെ ഏറ്റവു കൂടുതൽ വൈദ്യുതി നിരക്കുകൾ ഇവിടെയാണത്രേ. ദുർബലമായ ഭരണസംവിധാനവും അധികമായ ഇടപെടലുകളും ഉത്പാദനക്ഷമത കുറയ്ക്കുന്നുണ്ടത്രേ.

നിക്ഷേപം നടത്താനുള്ള സുരക്ഷ നോക്കിയാൽ വാനുവാടുവിന്റെ സ്ഥാനം 173-ആമതാണ്.

വാർത്താവിനിമയം

ദ്വീപിൽ മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്നത് ടി.വി.എൽ., ഡിജിസെൽ എന്നീ കമ്പനികളാണ്. സർക്കാറാപ്പീസുകളിൽ ഇ മെയിൽ, ടെലിഫോൺ, ഇന്റർനെറ്റ്, വീഡിയോ കോൺഫറൻസിംഗ് എന്നീ സൗകര്യങ്ങൾ സജ്ജമാക്കാനായി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഇപ്പോൾ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സംസ്കാരം

വാനുവാടു 
മരം കൊണ്ടുണ്ടാക്കിയ സ്ലിറ്റ് ഡ്രമുകൾ.

വിദേശസ്വാധീനവും പ്രാദേശിക വ്യത്യാസങ്ങളും കാരണം വാനുവാടുവിലെ സംസ്കാരം വൈവിദ്ധ്യം നിറഞ്ഞതാണ്. പ്രധാനമായും മൂന്ന് സാംസ്കാരികമേഖലകളായി വാനുവാടുവിനെ വിഭജിക്കാം. വടക്കൻ പ്രദേശത്ത് ധനികനാരെന്ന തീരുമാനിക്കപ്പെടുന്നത് സ്വത്ത് വ്യയം ചെയ്യാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ്. വളഞ്ഞ തേറ്റകളുള്ള പന്നികൾ സ്വത്തിന്റെ പ്രതീകമായാണ് വാനുവാടുവിലാകെ കണക്കാക്കപ്പെടുന്നത്. ദ്വീപസമൂഹത്തിന്റെ മദ്ധ്യഭാഗത്ത് കൂടുതൽ പാരമ്പര്യവാദികളായ മെലനേഷ്യൻ വിഭാഗത്തിന്റെ സംസ്കാരമാണ് എടുത്തുനിൽക്കുന്നത്. തെക്കുഭാഗത്ത് അധികാരങ്ങൾ സ്ഥാനപ്പേരിലൂടെ ലഭ്യമാകുന്ന രീതി നിലവിൽ വന്നിട്ടുണ്ട്.

യുവാക്കളുടെ പൗരുഷം തെളിയിക്കുന്നതിനായി പലതരം ചടങ്ങുകളുണ്ട്. ചേലാകർമം സാധാരണഗതിയിൽ ഇതിന്റെ ഭാഗമാണ്.

മിക്ക ഗ്രാമങ്ങളിലും നാകമാൽ എന്ന സമ്മേളനസ്ഥലമുണ്ടാവും. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള സ്ഥലങ്ങൾ വേർതിരിച്ചിട്ടുണ്ടാവും. ആർത്തവസമയത്ത് സ്ത്രീകൾക്ക് പ്രത്യേകസ്ഥലം നൽകപ്പെടും.

പരമ്പരാഗത സംഗീതം ഇപ്പോഴും ഗ്രാമീണമേഘകളിൽ പ്രചാരത്തിലുണ്ട്. പുതിയ സംഗീതരീതികളും പ്രചാരം നേടുന്നുണ്ട്.

വാനുവാടുക്കാരായ വളരെച്ചുരുക്കം ആൾക്കാരേ പുസ്തകരചനാമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളൂ. ഗ്രേസ് മേര മൊളിസ (2002-ൽ മരണം) കവയിത്രി എന്ന നിലയിൽ പ്രശസ്തി നേടിയിട്ടുണ്ട്.

വാനുവാടുവിലെ പാചകം പ്രധാനമായും മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്. മിക്ക കുടുംബങ്ങളും ഭക്ഷണത്തിനുള്ള വക സ്വന്തമായി കൃഷി ചെയ്യുന്നവരാണ് ഭക്ഷ്യക്ഷാമം ഇവിടെ ഒരു പ്രശ്നമല്ല.

ആരോഗ്യവും വിദ്യാഭ്യാസവും

ഭൂമദ്ധ്യരേഖാപ്രദേശത്തെ കാലാവസ്ഥയാണിവിടെ. 80%-ൽ കൂടുതൽ ആൾക്കാരും ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ട സമൂഹങ്ങളിലാണ് താമസിക്കുന്നത്. ഇവർക്ക് തോട്ടങ്ങളും മറ്റുമുള്ളതിനാൽ ഭക്ഷണകാര്യത്തിൽ മിക്ക ഗ്രാമങ്ങളും സ്വയം പര്യാപ്തമാണ്. എങ്കിലും പ്രാധമികാരോഗ്യസേവനങ്ങളും വിദ്യാഭ്യാസവും മിക്ക പ്രദേശങ്ങളിലും ലഭ്യമല്ല. പള്ളികളും സർക്കാരിതര സ്ഥാപനങ്ങളും ചുരുക്കം സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. സർക്കാർ ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥിതിയിലാണ്. പോർട്ട് വിലയിലും ലൂഗൻവില്ലയിലും ആരോഗ്യസേവനങ്ങൾ ലഭ്യമാണ്.

വിദ്യാഭ്യാസം നിർബന്ധിതമല്ല. സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം പസഫിക് മേഖലയിൽ ഏറ്റവും കുറവ് ഇവിടെയാണ്. 1999-ലെ കണക്കനുസരിച്ച് 15–24 വയസു പ്രായമുള്ളവരുടെ സാക്ഷരതാനിരക്ക് 87% ആയിരുന്നു. 2006-ലെ കണക്കനുസരിച്ച് മുതിർന്നവരുടെ സാക്ഷരതാനിരക്ക് 78% ആയിരുന്നു. ശരിക്കുള്ള നിരക്കുകൾ ഇതിലും വളരെക്കുറവായിരിക്കാനാണ് സാദ്ധ്യത. പ്രൈമറി സ്കൂളിൽ വിദ്യാർത്ഥികളെ ചേർക്കുന്ന നിരക്ക് 74.5% (1989) ആയിരുന്നത് 78.2% (1999) ആയും 93.0% (2004) ആയും വർദ്ധിച്ചിരുന്നുവെങ്കിലും പിന്നീട് 85.4% (2007) ആയി കുറഞ്ഞു. പ്രാധമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ എണ്ണം 90% (1991) എന്ന നിരക്കിൽ നിന്ന് 72% (2004) ആയി കുറഞ്ഞിട്ടുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് പസഫിക് സർവ്വകലാശാലയുടെ കീഴിലുള്ള സ്ഥാപനങ്ങൾ പോർട്ട് വിലയിലും മറ്റ് മൂന്ന് കേന്ദ്രങ്ങളിലുമുണ്ട്. പന്ത്രണ്ട് പസഫി രാജ്യങ്ങൾ കൂടിച്ചേർന്നാണ് ഇത് തുടങ്ങിയിരിക്കുന്നത്. പോർട്ട് വിലയിലെ കാമ്പസിലാണ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നിയമപഠനകേന്ദ്രം.

കായികരംഗം

ഫുട്ബോളാണ് ഏറ്റവും ജനപ്രീതിയുള്ള കായിക ഇനം. വാനുവാടുവിലെ ഫുട്ബോൾ ടീം ഒരിക്കലും ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.

കോമൺവെൽത്ത് ഗെയിംസിലും ഒളിംപിക്സിലും വാനുവാടു പങ്കെടുക്കാറുണ്ട്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ


Tags:

വാനുവാടു ചരിത്രംവാനുവാടു ഭൂമിശാസ്ത്രംവാനുവാടു ജനങ്ങൾവാനുവാടു ഭരണകൂടംവാനുവാടു സാമ്പത്തികരംഗംവാനുവാടു സംസ്കാരംവാനുവാടു ആരോഗ്യവും വിദ്യാഭ്യാസവുംവാനുവാടു കായികരംഗംവാനുവാടു അവലംബംവാനുവാടു കൂടുതൽ വായനയ്ക്ക്വാനുവാടു പുറത്തേയ്ക്കുള്ള കണ്ണികൾവാനുവാടുFijiFrench languageNew GuineaSolomon Islandsഓസ്ട്രേലിയപസഫിക് മഹാസമുദ്രംപ്രമാണം:En-us-Vanuatu.ogg

🔥 Trending searches on Wiki മലയാളം:

കെ. അയ്യപ്പപ്പണിക്കർമോണ്ടിസോറി രീതിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾകോണ്ടംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമാവോയിസംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകോട്ടയംസുൽത്താൻ ബത്തേരിപശ്ചിമഘട്ടംസോളമൻവേലുത്തമ്പി ദളവകേരള സാഹിത്യ അക്കാദമിഭരതനാട്യംഅതിരാത്രംഅടിയന്തിരാവസ്ഥഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻശുഭാനന്ദ ഗുരുആന്റോ ആന്റണികോവിഡ്-19സ്‌മൃതി പരുത്തിക്കാട്മകം (നക്ഷത്രം)ശിവൻസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർദുബായ്കമ്യൂണിസംപ്രോക്സി വോട്ട്നസ്രിയ നസീംഇന്ത്യൻ പ്രീമിയർ ലീഗ്ആധുനിക കവിത്രയംതണ്ണിമത്തൻകന്നി (നക്ഷത്രരാശി)എ.കെ. ആന്റണിഹോം (ചലച്ചിത്രം)തകഴി സാഹിത്യ പുരസ്കാരംരതിസലിലംഅഞ്ചാംപനിഗുദഭോഗംഓടക്കുഴൽ പുരസ്കാരംഇൻഡോർവൈലോപ്പിള്ളി ശ്രീധരമേനോൻബാബസാഹിബ് അംബേദ്കർആശാൻ സ്മാരക കവിത പുരസ്കാരംജോൺസൺമമത ബാനർജിഇന്ത്യഗുജറാത്ത് കലാപം (2002)ഔഷധസസ്യങ്ങളുടെ പട്ടികആർത്തവംചതയം (നക്ഷത്രം)തെയ്യംപഴഞ്ചൊല്ല്ഇടുക്കി അണക്കെട്ട്യോഗക്ഷേമ സഭആൽബർട്ട് ഐൻസ്റ്റൈൻകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംസ്നേഹംചിത്രശലഭംതുഞ്ചത്തെഴുത്തച്ഛൻഉണ്ണി ബാലകൃഷ്ണൻആണിരോഗംഹണി റോസ്കെ. സുധാകരൻമഹിമ നമ്പ്യാർബാഹ്യകേളികേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഗ്ലോക്കോമമെറ്റാ പ്ലാറ്റ്ഫോമുകൾആൻ‌ജിയോപ്ലാസ്റ്റിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകരുണ (കൃതി)സുഷിൻ ശ്യാംപഴുതാര🡆 More