എ.ആർ. റഹ്‌മാൻ

ഒരു ഇന്ത്യൻ സംഗീതസംവിധായകനാണ് എ.ആർ.

റഹ്‌മാൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റഹ്‌മാൻ (വിവക്ഷകൾ) എന്ന താൾ കാണുക. റഹ്‌മാൻ (വിവക്ഷകൾ)

റഹ്‌മാൻ (തമിഴ്: ஏ.ஆர்.ரஹ்மான்). ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സിൽ സംഗീതസം‌വിധാനം നിർവഹിച്ചത്.. 1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ മണിരത്നത്തിന്റെ റോജാ(ചലച്ചിത്രം) എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്‌ സിനിമാ സംഗീതലോകത്ത്‌ ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.

എ.ആർ. റഹ്‌മാൻ
2007-ൽ എ.ആർ. റഹ്‌മാൻ
2007-ൽ എ.ആർ. റഹ്‌മാൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഎ.എസ്. ദിലീപ്‌ കുമാർ
പുറമേ അറിയപ്പെടുന്നഅല്ലാ രഖാ റഹ്‌മാൻ, എ. ആർ. ആർ , മൊസാർട്ട് ഓഫ് മദ്രാസ്‌
ഉത്ഭവംചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
വിഭാഗങ്ങൾFilm score
Soundtrack
Theatre
World Music
തൊഴിൽ(കൾ)സം‌ഗീതസം‌വിധായകൻ, ഗായകൻ, സംഗീത നിർമാതാവ്, ഉപകരണ സംഗീത വാദകൻ
ഉപകരണ(ങ്ങൾ)കീബോർഡ്,കോണ്ടിനം ഫിൻഗർ ബോർഡ്‌,ഗിറ്റാർ, പിയാനോ, ഹാർമോണിയം, പെർ‌ക്യൂഷൻ, തുടങ്ങിയവ
വർഷങ്ങളായി സജീവം1980 – മുതൽ
ലേബലുകൾകെ എം മ്യൂസിക്‌

സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസം‌വിധാനത്തിന്‌ 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ. റഹ്‌മാന്‌ നൽകപ്പെട്ടു ഈ ചിത്രത്തിന് തന്നെ 2009-ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു . ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു .

2010-ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സം‌ഗീത സം‌വിധാനം നിർവ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെ ജയ് ഹോ എന്ന ഗാനം നേടി. സം‌ഗീത രംഗത്തെ സം‌ഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന്‌ ഭാരത സർക്കാർ നൽകുകയുണ്ടായി.

ആദ്യകാല ജീവിതവും സ്വാധീനിച്ച ഘടകങ്ങളും

മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്ക് സംഗിതം നൽകിയിരുന്ന ആർ.കെ.ശേഖറിന്റെ മകനായി 1966 ജനുവരി 6 ന്‌ തമിഴ്‌നാട്ടിലെ മദ്രാസിൽ (ഇപ്പോഴത്തെ ചെന്നൈയിൽ) ജനിച്ചു. ബാല്യകാലത്തുതന്നെ കീബോർഡ് വായിച്ചുകൊണ്ട് റഹ്‌മാൻ തന്റെ അച്ഛനെ റെക്കോർഡിങ് സ്റ്റുഡിയോയിൽ സഹായിച്ചിരുന്നു.

അദ്ദേഹത്തിന്‌ ഒൻപത് വയസ്സുള്ളപ്പോൾ പിതാവ് മരിക്കുകയുണ്ടായി. പിന്നീട് നിത്യജീവിതത്തിലെ വരുമാനത്തിന്‌ വേണ്ടി പിതാവിന്റെ സംഗിതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ്‌ കുടുംബം കഴിഞ്ഞത്. തുടർന്ന് അമ്മയായ കരീമയുടെ മേൽനോട്ടത്തിൽ വളർന്ന റഹ്‌മാൻ, പത്മ ശേഷാദ്രി ബാല ഭവനിൽ പഠിക്കുന്ന സമയത്ത് വരുമാനത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വരികയും ഇതിന്റെ ഫലമായി ക്ലാസ്സുകൾ നഷ്ടപ്പെടുകയും പരീക്ഷകളിൽ പരാജയപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് സ്കൂളിലെ പ്രിൻസിപ്പാളായിരുന്ന രാജലക്ഷ്മി പാർത്ഥസാരഥി, റഹ്‌മാനെയും അമ്മയെയും ശകാരിക്കുകയും പഠനകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് പറയുകയും ചെയ്തു. എന്നാൽ അടുത്തവർഷം റഹ്‌മാൻ, എം.സി.എൻ എന്ന മറ്റൊരു സ്കൂളിൽ പഠനം തുടർന്നു. തുടർന്ന് സംഗീതത്തിലുള്ള അഭിരുചി കാരണം റഹ്‌മാന് മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ അഡ്‌മിഷൻ ലഭിച്ചു. ഈ സ്കൂളിൽ വച്ച് ജിം സത്യയെപ്പോലെയുള്ള സഹപാഠികളോടൊപ്പം ചേർന്ന് അവിടെയുള്ള സംഗീത ബാന്റിൽ ചേരുകയുണ്ടായി. എന്നാൽ പിന്നീട് സംഗീതമേഖലയിലെ പ്രവർത്തനങ്ങൾ വർധിച്ചപ്പോൾ പഠനവും സംഗീതവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വരികയും ഒടുവിൽ പഠനം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇക്കാലത്ത് ശിവമണി, ജോൺ അന്തോണി, രാജ തുടങ്ങിയ ബാല്യകാല സുഹൃത്തുക്കളോടൊപ്പം "റൂട്ട്സ്" പോലെയുള്ള സംഗീത ട്രൂപ്പുകളിൽ കീബോർഡ് വായനക്കാരനായും ബാൻഡുകൾ സജ്ജീകരിക്കുന്നതിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൂടാതെ ചെന്നൈ ആസ്ഥാനമായ "നെമിസിസ് അവെന്യു" എന്ന റോക്ക് ഗ്രൂപ്പും റഹ്‌മാൻ സ്ഥാപിച്ചിരുന്നു. കീബോർഡ്, പിയാനോ, സിന്തസൈസർ, ഹാർമോണിയം, ഗിറ്റാർ തുടങ്ങിയ ഉപകരണങ്ങളിൽ പ്രാവീണ്യമുണ്ടായിരുന്ന റഹ്‌മാൻ, കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് സിന്തസൈസറിനെയായിരുന്നു. ഇതിനെപറ്റി അദ്ദേഹം പറഞ്ഞത് "സംഗീതത്തിന്റേയും സാങ്കേതികതയുടേയും ഉത്തമ ഒത്തുചേരലാണിത്" എന്നായിരുന്നു.

മാസ്റ്റർ ധനരാജിന്റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം നടത്തിയിരുന്നത്. തന്റെ 11-ാം വയസ്സിൽ റഹ്‌മാൻ, മലയാള ചലച്ചിത്ര സംവിധായകനും ആർ.കെ. ശേഖറിന്റെ അടുത്ത സുഹൃത്തുമായ എം.കെ. അർജുനൻ മാസ്റ്ററിന്റെ ഓർക്കസ്ട്രയിൽ പ്രവർത്തിക്കുകയുണ്ടായി.

അക്കാലത്ത് ഇളയരാജയടക്കം നിരവധി സംഗീതഞ്ജർ റഹ്‌മാന്റെ കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്കെടുത്തിരുന്നു. പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ അംഗമായി. സാക്കിർ ഹുസൈൻ‌, കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജിൽ സ്കോളർഷിപ്പ് ലഭിക്കുകയും അവിടെ പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു.

മദ്രാസിൽ പഠിച്ചുകൊണ്ട്, ഈ സ്കൂളിൽ നിന്നും പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയുണ്ടായി. 1984 - ൽ സഹോദരി രോഗബാധിതയായ സമയത്താണ് ഖാദിരിയ്യ ത്വരീഖത്തിനെക്കുറിച്ച് റഹ്‌മാൻ അടുത്തറിയുന്നത്. 1989 - ൽ തന്റെ 23-ാമത്തെ വയസ്സിൽ റഹ്‌മാനും കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിക്കുകയും അല്ലാരഖാ റഹ്‌മാൻ എന്ന് പേര് മാറ്റുകയും ചെയ്തു.

ചലച്ചിത്ര ജീവിതം

ശബ്ദട്രാക്കുകൾ

ഇന്ത്യയിലെ വിവിധ ടെലിവിഷൻ ചാനലുകൾക്കു വേണ്ടിയും പരസ്യങ്ങൾക്കുവേണ്ടിയും പശ്ചാത്തലസംഗീതസംവിധാനം നിർവഹിച്ചുകൊണ്ടാണ് എ.ആർ. റഹ്‌മാൻ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. 1987 - ൽ അന്നത്തെ പ്രശസ്തരായ വാച്ച് നിർമ്മാക്കളായിരുന്ന, ഹൈദരാബാദ് സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അൽവൈൻ കമ്പനിയുടെ വാച്ചുകളുടെ പരസ്യത്തിന് പശ്ചാത്തലസംഗീതം നിർവഹിച്ചു. കൂടാതെ വിഖ്യാത പാശ്ചാത്യ സംഗീതകാരനായിരുന്ന മൊസാർട്ടിന്റെ 25-ാം സിംഫണിയെ ആസ്പദമാക്കിക്കൊണ്ട് കമ്പോസ് ചെയ്ത ടൈറ്റൻ വാച്ചിന്റെ പരസ്യത്തിലെ പശ്ചാത്തലസംഗീതവും അതിവേഗത്തിൽ പ്രശസ്തമാവുകയുണ്ടായി.

എ.ആർ. റഹ്‌മാൻ 
Rahman (left) receiving a platinum award at the MagnaSound Awards; MagnaSound released his first film soundtrack, Roja, in 1992.

1992 - ൽ തന്റെ പുതിയ ചലച്ചിത്രമായ റോജയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിട്ടപ്പെടുത്തുന്നതിനായി തമിഴ് ചലച്ചിത്ര സംവിധായകൻ മണിരത്നം, എ.ആർ. റഹ്‌മാനെ സമീപിച്ചു.

തന്റെ വീട്ടിന്റെ ഒരു ഭാഗത്താണ് 1992 - ൽ റഹ്‌മാൻ സ്വന്തമായി പഞ്ചത്താൻ റെക്കോർഡ് ഇൻ എന്ന പേരിലുള്ള ഒരു റെക്കോർഡിങ് - മിക്സിങ്ങ് സ്റ്റുഡിയോ ആരംഭിക്കുന്നത്. പിന്നീട് ഈ സ്റ്റുഡിയോ, ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും ആധുനികവുമായ റെക്കോർഡിങ് സ്റ്റുഡിയോയായി മാറുകയുണ്ടായി. റോജയ്ക്കു ശേഷം ആ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന സന്തോഷ് ശിവൻ, തന്റെ സഹോദരനായ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ എന്ന മലയാള ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നതിനായി എ.ആർ. റഹ്‌മാനുമായി കരാറൊപ്പിട്ടു. 1992 സെപ്റ്റംബറിൽ റിലീസ് ചെയ്ത ഈ ചലച്ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

തൊട്ടടുത്ത വർഷം, റോജയിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം റഹ്‌മാന് ലഭിച്ചു. റോജയുടെ തമിഴ് പതിപ്പിന്റെയും ഹിന്ദിയിൽ ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയ പതിപ്പിന്റെയും സംഗീതം വളരെയധികം പ്രശസ്തമാവുകയുണ്ടായി. മിന്മിനി ആലപിച്ച, ഈ ചലച്ചിത്രത്തിലെ ചിന്ന ചിന്ന ആസൈ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ചലച്ചിത്രങ്ങളെല്ലാം നിരൂപകരുടെ പ്രശംസ നേടുകയും ചെയ്തു. മണിരത്നം സംവിധാനം ചെയ്ത രാഷ്ട്രീയ ചലച്ചിത്രമായ ബോംബെ, പ്രഭുദേവ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കാതലൻ, തിരുടാ തിരുടാ എന്നീ ചലച്ചിത്രങ്ങളുടെ സംഗീതവും പശ്ചാത്തലസംഗീതവും വളരെ വേഗത്തിൽ പ്രശസ്തമാവുകയുണ്ടായി. കൂടാതെ തമിഴ് ചലച്ചിത്ര സംവിധായകനായ എസ്. ഷങ്കർ ആദ്യമായി സംവിധാനം ചെയ്ത ജെന്റിൽമാൻ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഈ ചലച്ചിത്രത്തിലെ ചിക്ക് ബുക്ക് റെയിലേ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകനായ പി. ഭാരതിരാജയോടൊപ്പം കിഴക്കു ചീമയിലെ, കറുത്തമ്മ എന്നീ ചലച്ചിത്രങ്ങളിൽ റഹ്‌മാൻ പ്രവർത്തിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ നാടോടി സംഗീതത്തോട് സാമ്യമുള്ളവയായിരുന്നു ഈ ചലച്ചിത്രങ്ങൾക്കുവേണ്ടി റഹ്‌മാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ. കൂടാതെ ഇയക്കുണർ ശിഖരം എന്നറിയപ്പെട്ടിരുന്ന കെ. ബാലചന്ദർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഡ്യുയറ്റ് എന്ന ചലച്ചിത്രത്തിലും സംഗീതസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 1995 - ൽ പുറത്തിറങ്ങിയ ഇന്ദിര, മിസ്റ്റർ റോമിയോ, ലൗ ബേർഡ്സ് എന്നീ ചലച്ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുത്തു എന്ന ചലച്ചിത്രം ജപ്പാനിൽ വളരെ വലിയ പ്രദർശനവിജയം നേടിയതോടെ എ.ആർ. റഹ്‌മാന്റെ ഗാനങ്ങൾക്ക് ജപ്പാനിലും വലിയ ജനപ്രീതി ലഭിക്കുകയുണ്ടായി. പാശ്ചാത്യ സംഗീതവും, കർണ്ണാടക സംഗീതവും തമിഴ്‌നാട്ടിലെ നാടോടി സംഗീത പാരമ്പര്യവും, റോക്ക് സംഗീതവും ഒരേപോലെ പ്രയോഗിക്കാനുള്ള റഹ്‌മാന്റെ വൈദഗ്ദ്ധ്യം തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഗാനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായിത്തീർന്നു. 1995 - ൽ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോംബെ എന്ന ചലച്ചിത്രത്തിന്റെ ശബ്ദട്രാക്കിന്റെ 15 മില്യൺ കോപ്പികൾ ലോകവ്യാപകമായി വിറ്റഴിക്കപ്പെടുകയുണ്ടായി. കൂടാതെ ഈ ചലച്ചിത്രത്തിൽ ഉപയോഗിച്ച ബോംബെ തീം പിന്നീട് റഹ്‌മാൻ തന്നെ സംഗീതസംവിധാനം നിർവ്വഹിച്ച, ദീപ മേത്തയുടെ ഫയർ എന്ന ചലച്ചിത്രത്തിലും ഉപയോഗിക്കപ്പെട്ടു. 2002 - ലി‍ പുറത്തിറങ്ങിയ ഡിവൈൻ ഇന്റർവെൻഷൻ എന്ന പലസ്തീനിയൻ ചലച്ചിത്രത്തിലും 2005 - ൽ നിക്കോളാസ് കേജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ലോഡ് ഓഫ് വാർ എന്ന ചലച്ചിത്രത്തിലും ഈ തീം ഉപയോഗിച്ചിട്ടുണ്ട്. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത രംഗീല ആയിരുന്നു എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യത്തെ ബോളിവുഡ് ചലച്ചിത്രം. തുടർന്ന് പുറത്തിറങ്ങിയ ദിൽ സേ.., താൾ എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും ജനപ്രീതിയാർജിക്കുകയുണ്ടായി. ദിൽ സേയിലെ ഛയ്യ ഛയ്യാ എന്ന ഗാനവും നേതാജി സുഭാഷ് ചന്ദ്ര ബോസ്: ദ ഫൊർഗോട്ടൻ ഹീറോ എന്ന ചലച്ചിത്രത്തിലെ സിക്ര് എന്ന ഗാനവും (ഈ ഗാനത്തിന് വിപുലമായ ഓർക്കസ്ട്രയും കോറസ് സംഘവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്) സൂഫി സംഗീതത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

1997 - ൽ രാജീവ് മേനോൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മിൻസാര കനവു് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് രണ്ടാമത്തെ തവണ മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മികച്ച തമിഴ് സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിക്കുകയുണ്ടായി. ആറ് പ്രാവശ്യം തുടർച്ചയായി എ.ആർ. റഹ്‌മാന് ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് പുറത്തിറങ്ങിയ സംഗമം, ഇരുവർ എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഈ ചലച്ചിത്രങ്ങളിൽ കർണ്ണാട സംഗീതവും, ഒപ്പം വീണയും റോക്ക് ഗിറ്റാറും ജാസുമായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. 2000 - ൽ രാജീവ് മേനോനിന്റെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, അലൈപായുതേ, അശുതോഷ് ഗോവാരിക്കറിന്റെ സ്വദേശ്, രംഗ് ദേ ബസന്തി എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്തി. ഇന്ത്യയിലെ പ്രശസ്തരായ കവികളായ ജാവേദ് അഖ്‌തർ, ഗുൽസാർ, വൈരമുത്തു, വാലി എന്നിവരോടൊപ്പം റഹ്‌മാൻ പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നം (റോജ, തിരുടാ തിരുടാ, ബോംബെ, ഇരുവർ, ദിൽ സേ.., അലൈപായുതേ, കണ്ണത്തിൽ മുത്തമിട്ടാൽ, ആയുത എഴുത്ത്, ഗുരു, രാവണൻ, കടൽ, ഓകെ കൺമണി, കാറ്റു വെളിയിടൈ, ചെക്ക ചിവന്ത വാനം), എസ്. ഷങ്കർ (ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ, ജീൻസ്, മുതൽവൻ, നായക്, ബോയ്സ്, ശിവാജി, എന്തിരൻ, , 2.0) എന്നിവരുടെ ചലച്ചിത്രങ്ങൾക്കുവേണ്ടി റഹ്‌മാൻ ചിട്ടപ്പെടുത്തിയ ശബ്ദട്രാക്കുകൾക്ക് വലിയ ജനപ്രീതി ലഭിച്ചു.

2005 - ൽ റഹ്‌മാൻ തന്റെ ഉടമസ്ഥതയിലുള്ള പഞ്ചത്താൻ റെക്കോർഡ് ഇൻ സ്റ്റുഡിയോ വിപുലീകരിച്ച് എ.എം. സ്റ്റുഡിയോസ് എന്ന പേരിൽ ചെന്നൈയിലെ കോടമ്പാക്കത്ത് പുതിയ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. ഏഷ്യയിലെ തന്നെ പ്രശസ്തമായ സ്റ്റുഡിയോകളിലൊന്നാണ് ഇത്. തൊട്ടടുത്ത വർഷം സ്വന്തം ഉടമസ്ഥതയിൽ കെഎം മ്യൂസിക് എന്ന പേരിലുള്ള മ്യൂസിക് ലേബലും റഹ്‌മാൻ സൃഷ്ടിക്കുകയുണ്ടായി. സില്ലുനു ഒരു കാതൽ എന്ന ചലച്ചിത്രമായിരുന്നു ഈ ലേബലിനു കീഴിൽ ആദ്യമായി പുറത്തിറങ്ങിയത്. 2003 - ൽ ജാപ്പനീസ്, ചൈനീസ് പ്രാദേശിക സംഗീതത്തെക്കുറിച്ച് പഠിച്ചതിനു ശേഷം വാറിയേഴ്സ് ഓഫ് ഹെവൻ ആന്റ് എർത്ത് എന്റ മാന്ററിൻ ഭാഷാ ചലച്ചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിർവ്വഹിക്കുകയുണ്ടായി. തുടർന്ന് 2006 - ൽ വരലാറ് എന്ന ചലച്ചിത്രത്തിന് മികച്ച സംഗീത ആൽബത്തിനുള്ള ജസ്റ്റ് പ്ലെയിൻ ഫോക്ക്സ് സംഗീത പുരസ്കാരവും ലഭിച്ചു. 2007 - ൽ എലിസബത്ത് ദ ഗോൾഡൻ എയ്ജ് എന്ന ശേഖർ കപൂറിന്റെ ചലച്ചിത്രത്തിലെ ഗാനങ്ങളും ചിട്ടപ്പെടുത്തി. 2008 - ൽ ജോധാ അക്ബർ എന്ന ചലച്ചിത്രത്തിന് ഹോങ് കോങ് ചലച്ചിത്രോത്സവത്തിൽ മികച്ച സംഗീതസംവിധായകനുള്ള നാമനിർദ്ദേശവും ലഭിച്ചിരുന്നു.

2009 - ൽ പുറത്തിറങ്ങിയ കപ്പിൾസ് റീട്രീറ്റ് ആയിരുന്നു റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യത്തെ ഹോളിവുഡ് ചലച്ചിത്രം. മികച്ച സംഗീതത്തിനുള്ള ബി.എം.ഐ ലണ്ടൻ പുരസ്കാരം ഈ ചലച്ചിത്രത്തിന് ലഭിച്ചു. 2008 - ൽ റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച സ്ലംഡോഗ് മില്യണയർ എന്ന ചലച്ചിത്രത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഈ ചലച്ചിത്രത്തിലെ ജയ് ഹോ, ഓ സായാ എന്നീ ഗാനങ്ങൾക്ക് രണ്ട് ഓസ്കാർ പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു. ഈ ശബ്ദട്രാക്ക് അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഇതേ വർഷം ജോധാ അക്ബറിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള ഐഫ ചലച്ചിത്ര പുരസ്കാരവും റഹ്‌മാന് ലഭിച്ചു.

2010 - ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത പ്രണയചലച്ചിത്രമായ വിണ്ണൈത്താണ്ടി വരുവായാ, എസ്. ഷങ്കർ സംവിധാനം ചെയ്ത ശാസ്ത്രകഥാ ചലച്ചിത്രമായ എന്തിരൻ, ഡാനി ബോയിൽ സംവിധാനം ചെയ്ത 127 അവേഴ്സ്, ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്ക്സ്റ്റാർ എന്നീ ചലച്ചിത്രങ്ങളുടെ സംഗീതസംവിധായകനായി റഹ്‌മാൻ പ്രവർത്തിക്കുകയുണ്ടായി. 2012 - ൽ ഏക് ദീവാനാ ഥാ, പീപ്പിൾ ലൈക്ക് അസ് എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്തി. കൂടാതെ യാഷ് ചോപ്രയോടൊപ്പം ചേർന്ന് ജബ് തക് ബേ ജാൻ എന്ന ചലച്ചിത്രങ്ങളിലും പ്രവർത്തിക്കുകയുണ്ടായി. ഈ ശബ്ദട്രാക്കുകൾക്കെല്ലാം അനുകൂലമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. 2012 - ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ മണിരത്നം ചലച്ചിത്രമായ കടൽ, നിരൂപക പ്രശംസ നേടുകയും ഐട്യൂൺസിന്റെ റാങ്കിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു. 2013 - ൽ മരിയാൻ, രാഞ്ജനാ എന്നീ ചലച്ചിത്രങ്ങളിലും റഹ്‌മാൻ പ്രവർത്തിക്കുകയുണ്ടായി. ഈ രണ്ട് ചലച്ചിത്രങ്ങളിലും ധനുഷ് ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2013 - ൽ ഐട്യൂൺസ് ഇന്ത്യയുടെ മികച്ച തമിഴ് ആൽബത്തിനുള്ള പുരസ്കാരം മരിയാന് ലഭിച്ചു.

2014 - ൽ വിവിധ ഭാഷകളിലായി ആകെ 12 ചലച്ചിത്രങ്ങൾക്ക് റഹ്‌മാൻ ചലച്ചിത്രസംവിധാനം നിർവ്വഹിച്ചു. ഇംതിയാസ് അലി സംവിധാനം ചെയ്ത ഹൈവേ എന്ന ചലച്ചിത്രമായിരുന്നു 2014 - ൽ ആദ്യം പുറത്തിറങ്ങിയത്. തുടർന്ന് സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത് രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കോച്ചഡൈയാൻ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തെ അക്കാദമി പുരസ്കാരത്തിനുള്ള ആദ്യ പട്ടികയിൽ ഈ ചലച്ചിത്രം ഇടംനേടിയിരുന്നു. തുടർന്ന് പുറത്തിറങ്ങിയ മില്യൺ ഡോളർ ആം, ദ ഹൺഡ്രഡ് ഫുട്ട് ജേണി എന്നീ ചലച്ചിത്രങ്ങളും ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

തുടർന്ന് വസന്തബാലൻ സംവിധാനം ചെയ്ത കാവ്യ തലൈവൻ എന്ന ചലച്ചിത്രവും വളരെ വലിയ ജനപ്രീതി ആർജിക്കുകയുണ്ടായി. ഇതിനു ശേഷം എസ്. ഷങ്കർ സംവിധാനം ചെയ്ത , കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ലിംഗാ എന്നീ ചലച്ചിത്രങ്ങളും റിലീസിനു മുൻപു തന്നെ ഗാനങ്ങളാൽ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രങ്ങളായിരുന്നു.

2016 - ൽ സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 24 എന്ന ശാസ്ത്രകഥാ ചലച്ചിത്രത്തിന്റെ ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്തിയിരുന്നു. 2017 - ൽ തമിഴ് ചലച്ചിത്രനടനായ വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മെർസൽ എന്ന ചലച്ചിത്രത്തിലും റഹ്‌മാൻ സംഗീതസംവിധായകനായി പ്രവർത്തിക്കുകയുണ്ടായി. ഈ ചലച്ചിത്രത്തിലെ ആളപ്പോരാൻ തമിഴൻ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 2017 - ൽ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കാറ്റു വെളിയി‍ടൈ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.

2018 - ൽ പുറത്തിറങ്ങിയ ചെക്ക ചിവന്ത വാനം, ബിയോണ്ട് ദി ക്ലൗഡ്സ്, സർക്കാർ എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. എസ്. ഷങ്കർ സംവിധാനം ചെയ്ത് രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന, 2010 - ൽ പുറത്തിറങ്ങിയ എന്തിരൻ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2.0 എന്ന ചലച്ചിത്രമാണ് എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച അവസാനം പുറത്തിറങ്ങിയ ചലച്ചിത്രം.

പശ്ചാത്തല സംഗീതം

ജനപ്രീതിയാർജിച്ച ശബ്ദട്രാക്കുകളോടൊപ്പം തന്നെ എ.ആർ. റഹ്‌മാൻ ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പല ചലച്ചിത്ര നിരൂപകരും റഹ്‌മാന്റെ പശ്ചാത്തല സംഗീതത്തിൽ ഉപയോഗിക്കാറുള്ള വിപുലമായ ഓർക്കസ്ട്രേഷനെ പ്രശംസിച്ചിട്ടുണ്ട്. ഗിറ്റാർ, സെല്ലോ, ഓടക്കുഴൽ, സ്ട്രിങ്സ്, കീബോർഡ്, ഫിംഗർ ബോർഡ്, ഹാർപ്പെജി, സന്തൂർ, ഷഹനായി, സിത്താർ, മൃദംഗം, വീണ, തബല തുടങ്ങിയ സംഗീത ഉപകരണങ്ങൾ എ.ആർ. റഹ്‌മാൻ പശ്ചാത്തലസംഗീതത്തിനായി ഉപയോഗിക്കാറുണ്ട്.

പശ്ചാത്തലസംഗീതത്തിനായി അക്കാദമി പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ റഹ്‌മാന് ലഭിച്ചിട്ടുണ്ട്. റോജ, ബോംബെ, ഇരുവർ, മിൻസാര കനവ്, ദിൽ സേ.., താൾ, ലഗാൻ, ദ ലെജെന്റ് ഓഫ് ഭഗത് സിങ്, സ്വദേശ്, രംഗ് ദേ ബസന്തി, നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ ഫൊർഗോട്ടൻ ഹീറോ, ഗുരു, ജോധാ അക്ബർ, രാവണൻ, വിണ്ണൈത്താണ്ടി വരുവായാ, റോക്ക്സ്റ്റാർ, എന്തിരൻ, കടൽ, കോച്ചഡൈയാൻ, എന്നീ ചലച്ചിത്രങ്ങൾക്കുവേണ്ടി റഹ്‌മാൻ തയ്യാറാക്കിയ പശ്ചാത്തല സംഗീതങ്ങൾ വളരെ വലിയ പ്രശസ്തിയും ജനപ്രീതിയും നേടിയവയായിരുന്നു. കൂടാതെ വാറിയേഴ്സ് ഓഫ് ഹെവൻ ആന്റ് എർത്ത്, സ്ലംഡോഗ് മില്യണയർ, 127 അവേഴ്സ്, മില്യൺ ഡോളർ ആം, ഹൻഡ്രഡ് ഫുട്ട് ജേണി എന്നീ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ പശ്ചാത്തലസംഗീതവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ലംഡോഗ് മില്യണയർ എന്ന ചലച്ചിത്രത്തിന് രണ്ട് അക്കാദമി പുരസ്കാരങ്ങളും 127 അവേഴ്സ് എന്ന ചലച്ചിത്രത്തിന് രണ്ട് അക്കാദമി പുരസ്കാരങ്ങൾക്കായുള്ള നാമനിർദ്ദേശവും ലഭിച്ചിരുന്നു. 2014 - ൽ കോച്ചഡൈയാൻ, മില്യൺ ഡോളർ ആം, ഹൺഡ്രഡ് ഫുട്ട് ജേണി എന്നീ ചലച്ചിത്രങ്ങളും ഓസ്കാർ പുരസ്കാരത്തിനായുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടം നേടിയിരുന്നു. 2017 - ൽ പുറത്തിറങ്ങിയ മെർസൽ എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും വളരെ വേഗത്തിൽ തന്നെ ശ്രദ്ധേയമാവുകയുണ്ടായി.

അവതരണങ്ങളും മറ്റ് പ്രവർത്തനങ്ങളും

എ.ആർ. റഹ്‌മാൻ 
Rahman at the 2010 Nobel Peace Prize Concert

ചലച്ചിത്രങ്ങൾ കൂടാതെയുള്ള ആൽബങ്ങളിലും മറ്റ് പദ്ധതികളിലും എ.ആർ. റഹ്‌മാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അൻപതാമത് വാർഷികത്തോടനുബന്ധിച്ച് 1997 - ൽ പുറത്തിറക്കിയ വന്ദേ മാതരം എന്ന ആൽബം, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്. ഇതിനെത്തുടർന്ന് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ പ്രഗല്ഭരായ സംഗീതജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് ഭരത് ബാല സംവിധാനം ചെയ്ത ജന ഗണ മന എന്ന വീഡിയോ ആൽബം കൂടി റഹ്‌മാൻ പുറത്തിറക്കുകയുണ്ടായി. പ്രധാനപ്പെട്ട അത്‌ലറ്റിക് പരിപാടികൾക്കുവേണ്ടിയും, ടെലിവിഷൻ പരിപാടികൾക്കു വേണ്ടിയും, ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾ‍ക്കുവേണ്ടിയും റഹ്‌മാൻ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഡച്ച് ഫിലിം ഓർക്കസ്ട്ര, ചെന്നൈ സ്ട്രിങ്ങ്സ് ഓർക്കസ്ട്ര എന്നീ സംഘങ്ങളെയാണ് ഇത്തരം ചിട്ടപ്പെടുത്തലുകൾക്കു വേണ്ടി റഹ്‌മാൻ കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്.

1999 - ൽ പ്രശസ്ത നൃത്തസംവിധായകരായ ശോഭന, പ്രഭുദേവ എന്നിവരോടൊപ്പവും ഒരു തമിഴ് നൃത്തസംഘത്തോടൊപ്പവും ചേർന്ന് ജർമ്മനിയിലെ മ്യൂണിച്ചിൽ വച്ചു നടന്ന മൈക്കൽ ജാക്സൺ ആന്റ് ഫ്രണ്ട്സ് എന്ന പേരിലുള്ള സംഗീത പരിപാടിയിൽ റഹ്‌മാൻ പങ്കെടുക്കുകയുണ്ടായി. 2002 - ൽ തന്റെ ആദ്യത്തെ സ്റ്റേജ് പ്രൊഡക്ഷനായിരുന്ന ബോംബെ ഡ്രീംസിനു വേണ്ടി റഹ്‌മാൻ ഗാനങ്ങൾ ചിട്ടപ്പെടുത്തുകയുണ്ടായി. ആൻഡ്രൂ ലോയ്ഡ് വെബ്ബറിന്റെ നേതൃത്വത്തിലായിരുന്നു ഇത് തയ്യാറാക്കപ്പെട്ടത്. ഫിന്നിഷ് നാടോടി സംഗീത ബാന്റായ "Värttinä" യോടൊപ്പം ദ ലോർഡ് ഓഫ് ദ റിങ്സ് എന്ന ടോറന്റോ പ്രൊഡക്ഷനുവേണ്ടി പ്രവർത്തിക്കുകയുണ്ടായി. തുടർന്ന് 2004 - ൽ വനേസാ മേയുടെ കോറിയോഗ്രാഫി എന്ന പേരിലുള്ള നൃത്ത ആൽബത്തിനുവേണ്ടി "രാഗാസ് ഡാൻസ്" എന്ന ഗാനം ചിട്ടപ്പെടുത്തുകയുണ്ടായി. വനേസാ മേയും റോയൽ ഫിൽഹാർമണിക് ഓർക്കസ്ട്രയും ചേർന്നാണ് ആൽബത്തിൽ ഈ ഗാനം അവതരിപ്പിച്ചിട്ടുള്ളത്.

എ.ആർ. റഹ്‌മാൻ 
A. R. Rahman at Sufi Concert in Dubai

2004 വരെ സിംഗപ്പൂർ, ഓസ്ട്രേലിയ, മലേഷ്യ, ദുബായ്, യുണൈറ്റഡ് കിങ്ഡം, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വിവിധ പ്രദേശങ്ങളിൽ റഹ്‌മാൻ ധാരാളം സംഗീത പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. കൂടാതെ കാരേൻ ഡേവിഡിനോടൊപ്പം അവരുടെ പുതിയ സ്റ്റുഡിയോ ആൽബത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 2006 മേയ് മാസത്തിൽ എ.ആർ. റഹ്‌മാന്റെ 25 തമിഴ് ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള "ഇൻട്രൊഡ്യൂസിങ് എ.ആർ. റഹ്‌മാൻ എന്ന പേരിൽ രണ്ട് ഭാഗങ്ങളുള്ള ആൽബവും പ്രകാശനം ചെയ്യപ്പെട്ടു. തുടർന്ന് 2008 ഡിസംബർ 12 - ന് കണക്ഷൻസ് എന്ന പേരിലുള്ള മറ്റൊരു സിനിമേതര ആൽബവും പുറത്തിറക്കുകയുണ്ടായി. 2009 നവംബർ 24 - ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ഒരുക്കിയ വൈറ്റ് ഹൗസ് സ്റ്റേറ്റ് അത്താഴവിരുന്നിലും റഹ്‌മാൻ പരിപാടി അവതരിപ്പിക്കുകയുണ്ടായി.

2010 - ലെ ഹെയ്തി ഭൂചലനത്തിന്റെ ദുരിത്വാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി നടത്തിയ "വീ ആർ ദ വേൾഡ് 25 ഫോർ ഹെയ്തി" എന്ന സംഗീത പരിപാടിയിൽ പങ്കെടുത്ത 70 കലാകാരന്മാരിൽ ഒരാളായിരുന്നു റഹ്‌മാൻ. 2010 - ൽ ഗുജറാത്ത് സംസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിനുവേണ്ടി ജയ് ജയ് ഗർവി ഗുജറാത്ത് എന്ന ഗാനം എ.ആർ. റഹ്‌മാൻ ചിട്ടപ്പെടുത്തിയതാണ്. 2010 - ൽ തന്നെ ലോക തമിഴ് കോൺഫറൻസിന്റെ ഭാഗമായി "സെമ്മൊഴിയാന തമിഴ് മൊഴിയാം" എന്ന ഗാനവും റഹ്‌മാൻ ചിട്ടപ്പെടുത്തുകയുണ്ടായി. തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയായിരുന്നു ഈ ഗാനത്തിന്റെ വരികൾ രചിച്ചത്. കൂടാതെ 2010 - ലെ കോമൺവെൽത്ത് ഗെയിംസിന്റെ തീം സോങ്ങ് ആയിരുന്ന ജിയോ ഉതോ ബഡോ ജീതോ എന്ന ഗാനവും റഹ്‌മാൻ ചിട്ടപ്പെടുത്തി. 2010 ജൂൺ 11 -ന് ന്യൂയോർക്കിലെ നസാവു കൊളീസിയത്തിൽ വച്ച് റഹ്‌മാൻ തന്റെ ആദ്യത്തെ ലോക പര്യടനം ആരംഭിക്കുകയുണ്ടായി. ലോകത്താകെ 16 നഗരങ്ങളിലാണ് ഈ പര്യടനത്തിന്റെ ഭാഗമായി റഹ്‌മാൻ സംഗീത പരിപാടികൾ അവതരിപ്പിച്ചത്.

2010 ഏപ്രിലിൽ റഹ്‌മാന്റെ പ്രശസ്തമായ സംഗീതരചനകൾ സണ്ടൻ ഫിൽഹാർമണിക് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. 2011 ഫെബ്രുവരിയിൽ ജെംസ് - ദ ഡ്യുയറ്റ് കളക്ഷൻസ് എന്ന പേരിലുള്ള മൈക്കൽ ബോൾട്ടന്റെ ആൽബത്തിൽ ബോൽട്ടനോടൊപ്പം റഹ്‌മാൻ പങ്കാളിയാവുകയും ചെയ്തിരുന്നു. കപ്പിൾസ് റിട്രീറ്റ് എന്ന ആൽബത്തിനുവേണ്ടി റഹ്‌മാൻ ചിട്ടപ്പെടുത്തിയ സജ്നാ എന്ന ഗാനം ഈ ആൽബത്തിൽ ഉപയോഗിക്കപ്പെട്ടു.

2011 മേയ് 20 - ന് മിക്ക് ജാഗ്ഗർ, ഡേവ് സ്റ്റ്യുവർട്ട്, ജോസ് സ്റ്റോൺ, ഡാമിയൻ മാർലി, റഹ്‌മാൻ എന്നിവരോടൊപ്പം സൂപ്പർ ഹെവി എന്ന പേരിലുള്ള സൂപ്പർഗ്രൂപ്പ് പ്രഖ്യാപിക്കുകയുണ്ടായി. സൂപ്പർഹെവി എന്ന പേരിൽത്തന്നെയുള്ള ഈ സംഘത്തിന്റെ ആദ്യത്തെ ആൽബം 2011 സെപ്റ്റംബറിൽ പുറത്തിറക്കി. ഈ ആൽബത്തിൽ റഹ്‌മാൻ ചിട്ടപ്പെടുത്തിയ സത്യമേവ ജയതേ എന്ന ഗാനം മൈക്ക് ജാഗ്ഗർ ആലപിച്ചിട്ടുണ്ട്.

2012 ജനുവരിയിൽ ജർമ്മൻ ഫിലിം ഓർക്കസ്ട്ര ബാബേൽസ്ബർഗ് (Deutsches Filmorchester Babelsberg) എന്ന 100 പേരടങ്ങുന്ന സംഘം ഇന്ത്യയിലെ അഞ്ച് പ്രധാന നഗരങ്ങളിൽ റഹ്‌മാന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീത പരിപാടികൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജർമ്മനിയിലും ഇവർ ഇതേ പരിപാടി അവതരിപ്പിച്ചിരുന്നു.

2012 - ൽ നടന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി റഹ്‌മാൻ ഒരു പഞ്ചാബി ഗാനം ചിട്ടപ്പെടുത്തിയിരുന്നു. ഡാനി ബോയിൽ ആയിരുന്നു ഈ ഗാനത്തിന്റെ ദൃശ്യങ്ങളുടെ സംവിധാനം നിർവ്വഹിച്ചത്. ബ്രിട്ടനിലെ ഇന്ത്യൻ സ്വാധീനത്തെക്കുറിച്ചുള്ള മെഡ്‌ലെയുടെ ഭാഗമായായിരുന്നു ഈ ഗാനം പ്രദർശിപ്പിച്ചത്. മറ്റൊരു തമിഴ് ചലച്ചിത്ര സംവിധായകനായ ഇളയരാജയുടെ 1981 - ൽ പുറത്തിറങ്ങിയ രാം ലക്ഷ്മൺ എന്ന ചലച്ചിത്രത്തിലെ ഒരു ഗാനവും ഈ മെഡ്‌ലെയിൽ ഉൾപ്പെടുത്തിയിരുന്നു.

2012 ഡിസംബറിൽ റഹ്‌മാനും ശേഖർ കപൂറും ചേർന്ന് കഥാകൃത്തുക്കൾക്ക് തങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കുന്നതിനായി ക്യുകി എന്ന പേരിലുള്ള നെറ്റവർക്കിങ് വെബ്‌സൈറ്റ് ആരംഭിക്കുകയുണ്ടായി. സാങ്കേതിക വിദ്യാസ്ഥാപനമായ സിസ്കോ ഈ വെബ്‌സൈറ്റിൽ 270 മില്യൺ നിക്ഷേപിക്കുകയും 17% ഓഹരികൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. സിസ്കോയുടെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ആയിരുന്നു ക്യുകി ഉപയോഗപ്പെടുത്തിയിരുന്നത്. അതേ വർഷം ഡിസംബർ 20 - ന് റഹ്‌മാൻ, "ഇൻഫിനിറ്റ് ലൗ" എന്ന പേരിൽ ഇംഗ്ലീഷിലും ഹിന്ദിയിലും സിംഗിളുകൾ പുറത്തിറക്കി. മായൻ കലണ്ടറിന്റെ അവസാനത്തെ ദിവസത്തിന്റെ ആചരണത്തിന്റെ ഭാഗമായാണ് ഈ ഗാനം പുറത്തിറക്കിയത്. 2013 ജൂലൈ 29 - ന് റഹ്‌മാനിഷ്ഖ് എന്ന പേരിലുള്ള മറ്റൊരു പര്യടനവും റഹ്‌മാൻ പ്രഖ്യാപിച്ചു. അതേ വർഷം ആഗസ്റ്റ് 24 - ന് ഓസ്ട്രേലിയയിലെ സിഡ്നിയിൽ വച്ച് ഈ പര്യടനം ആരംഭിച്ചു. ഇന്ത്യയിലെ ഏതാനും നഗരങ്ങളിലും റഹ്‌മാനിഷ്ഖിന്റെ ഭാഗമായി റഹ്‌മാൻ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.

2016 ജനുവരിയിൽ ഏതാനും വർഷങ്ങൾക്കു ശേഷം എ.ആർ. റഹ്‌മാൻ ചെന്നൈയിൽ തത്സമയ പരിപാടി അവതരിപ്പിക്കുകയുണ്ടായി. കൂടാതെ ഇതോടൊപ്പം കോയമ്പത്തൂരിലും മധുരൈയിലും ആദ്യമായി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പൂർണമായും തമിഴ് ചലച്ചിത്ര ഗാനങ്ങൾ മാത്രമാണ് ഈ പരിപാടികളിൽ അവതരിപ്പിച്ചിരുന്നത്. "നെഞ്ചേ എഴ്" എന്നായിരുന്നു ഈ സംഗീത പരിപാടികൾക്ക് നൽകിയിരുന്ന പേര്, തമിഴ്നാട്ടിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കാൻസർ ബോധവൽക്കരണത്തിനും വേണ്ടിയാണ് ഈ പരിപാടിയിൽ നിന്നും ലഭിച്ച വരുമാനം പ്രധാനമായും ഉപയോഗിക്കപ്പെട്ടത്.

2017 സെപ്റ്റംബർ 9 - ന് റിപ്പബ്ലിക് ടി.വിയിൽ എ.ആർ. റഹ്‌മാനുമായി അർണബ് ഗോസ്വാമി നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു.

2018 ഓഗസ്റ്റ് 15 - ന് ആമസോൺ പ്രൈം വീഡിയോയിൽ ആരംഭിച്ച 5 എപ്പിസോഡുകളുള്ള ഹാർമണി എന്ന പരമ്പരയിലും റഹ്‌മാൻ പ്രത്യക്ഷപ്പെട്ടിരുന്നു.

സംഗീത ശൈലി

കർണ്ണാടക സംഗീതം, പാശ്ചാത്യ സംഗീതം, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, നസ്രത് ഫതേ അലി ഖാന്റെ ശൈലിയായ ഖവാലി എന്നിവയിൽ പ്രാവീണ്യം നേടിയ എ.ആർ. റഹ്‌മാൻ, ഈ സംഗീത ശാഖകളെല്ലാം ഉപയോഗപ്പെടുത്തി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതശാഖകളെ പുതിയ രീതിയിൽ അവതരിപ്പിച്ചുകൊണ്ടുള്ള ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്താറുണ്ട്. 1980 - കളിൽ പ്രശസ്ത സംഗീതജ്ഞരായിരുന്ന കെ.വി. മഹാദേവൻ, എം.എസ്. വിശ്വനാഥൻ, രാമമൂർത്തി എന്നിവരോടൊപ്പം മോണോറൽ സംഗീതങ്ങൾ റഹ്‌മാൻ റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ പാരമ്പര്യമായതും പ്രാദേശികമായതുമായ സംഗീത ഉപകരണങ്ങളെയും ഇലക്ട്രോണിക് ശബ്ദങ്ങളെയും സാങ്കേതികവിദ്യയെയും ഫ്യൂഷൻ രീതിയിൽ സംയോജിപ്പിച്ച് ഗാനങ്ങൾ ചിട്ടപ്പെടുത്താൻ ആരംഭിക്കുകയുണ്ടായി.

വിവിധ തരത്തിലുള്ള സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ വ്യത്യസ്തമായ പരീക്ഷണങ്ങൾ എ.ആർ. റഹ്‌മാൻ പലസമയങ്ങളിലും നടത്തിയിട്ടുണ്ട്. ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്ന് റഹ്‌മാൻ പിന്നീട് പറയുകയുണ്ടായി. റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ സംസ്കാരവുമായി ചേർന്നുനിൽക്കുന്നവയായിരുന്നു.

റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യത്തെ ശബ്ദട്രാക്കായ റോജാ, 2005 - ൽ ടൈം മാസികയുടെ എല്ലാ കാലത്തെയും 10 മികച്ച ശബ്ദട്രാക്കുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ചലച്ചിത്ര നിരൂപകനായ റിച്ചാർഡ് കോർലിസ്, "astonishing debut work parades Rahman's gift for alchemizing outside influences until they are totally Tamil, totally Rahman" എന്ന് ഈ ഗാനങ്ങളെക്കുറിച്ച് പിന്നീട് അഭിപ്രായപ്പെട്ടു. റോജയിലെ ഗാനങ്ങൾ പിന്നീട് പല ദക്ഷിണേഷ്യൻ ഭാഷകളിലും സംഗീതസംവിധായകനാകാൻ റഹ്‌മാൻ ക്ഷണിക്കപ്പെടുന്നതിന് കാരണമായിത്തീർന്നെന്നും കോർലിസ് പറയുകയുണ്ടായി. "ഏത് മേഖലയിലുമുള്ള, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്ഭരായ സംഗീതജ്ഞരിൽ ഒരാളാ"യി സംഗീത നിർമ്മാതാവായ റോൺ ഫെയർ കണക്കാക്കുകയുണ്ടായി.

സംവിധായകനായ ബസ് ലർമാൻ ഇങ്ങനെ അഭിപ്രായപ്പെട്ടു:

I had come to the music of A. R. Rahman through the emotional and haunting score of Bombay and the wit and celebration of Lagaan. But the more of AR's music I encountered the more I was to be amazed at the sheer diversity of styles: from swinging brass bands to triumphant anthems; from joyous pop to West-End musicals. Whatever the style, A. R. Rahman's music always possesses a profound sense of humanity and spirit, qualities that inspire me the most.

ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ ആദ്യമായി 7.1 സറൗണ്ട് സൗണ്ട് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനാണ്.

2014 മേയ് 21 - ന് വിൽ.ഐ.ആമുമായി ചേർന്ന് തന്റെ പ്രശസ്തമായ ഗാനമായ ഉർവശി ഉർവശി എന്ന ഗാനം പുനർസൃഷ്ടിക്കാൻ തീരുമാനിച്ചുവെന്ന് റഹ്‌മാൻ അറിയിച്ചിരുന്നു. "ബെർത്ത്ഡേ" എന്നായിരുന്നു ഈ ട്രാക്കിന് നൽകിയിരുന്ന പേര്.

വ്യക്തി ജീവിതം

എ.ആർ. റഹ്‌മാൻ 
Rahman and his wife, Saira Banu, at the 2010 soundtrack release of Enthiran in Kuala Lumpur

1995 - ൽ എ.ആർ. റഹ്‌മാൻ സൈറ ബാനുവിനെ വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് മക്കളുണ്ട്: ഖദീജ റഹ്‌മാൻ, റഹിമ റഹ്‌മാൻ, അമീൻ എന്നിവർ. കപ്പിൾസ് റിട്രീറ്റ് എന്ന ശബ്ദട്രാക്കിലെ നാനാ എന്ന ഗാനവും 2.0 എന്ന ചലച്ചിത്രത്തിലെ പുല്ലിനങ്കാൽ എന്ന ഗാനവും അമീൻ ആലപിച്ചതാണ്. കൂടാതെ എന്തിരൻ എന്ന ചലച്ചിത്രത്തിലെ പുതിയ മനിതാ എന്ന ഗാനത്തിൽ ഖദീജയും പാടിയിട്ടുണ്ട്. തമിഴ് ചലച്ചിത്രനടനും സംഗീതസംവിധായകനുമായ ജി.വി. പ്രകാശ് കുമാറിന്റെ അമ്മാവനാണ് എ.ആർ. റഹ്‌മാൻ. റഹ്‌മാന്റെ സഹോദരി എ.ആർ. റെയ്‌ഹാനയുടെ മകനാണ് പ്രകാശ് കുമാർ. റഹ്‌മാന്റെ മറ്റൊരു സഹോദരിയായ ഫാത്തിമ, ചെന്നൈയിൽ ഒരു സംഗീതവിദ്യാലയം നടത്തുന്നുണ്ട്. ഏറ്റവും ഇളയ സഹോദരിയായ ഇഷ്രത് ഒരു സംഗീത സ്റ്റുഡിയോയുടെ ഉടമയാണ്.

ഹിന്ദുമത വിശ്വാസിയായിരുന്ന റഹ്‌മാൻ, 23 - വയസ്സുള്ള സമയത്ത് ഇസ്ലാം മതം സ്വീകരിച്ചു. പിതാവായ ആർ.കെ. ശേഖറിന്റെ മരണത്തിനുശേഷം റഹ്‌മാനും കുടുംബവും ധാരാളം ബുദ്ധിമുട്ടിയിരുന്നു. ഈ സമയത്ത് തന്നെയും അമ്മയെയും പിന്നീട് കുടുംബത്തെയും ഒരുപാട് സ്വാധീനിക്കുകയുണ്ടായെന്ന് റഹ്‌മാൻ പിന്നീട് അഭിപ്രായപ്പെട്ടിട്ടുണ്ട്. 81-ാം അക്കാദമി പുരസ്കാരദാന ചടങ്ങിൽ റഹ്‌മാൻ തന്റെ അമ്മയെ കുറിച്ചു പറയുകയുണ്ടായി. തന്റെ പ്രസംഗങ്ങളുടെ ആരംഭത്തിൽ "എല്ലാ പുഗഴും ഇരൈവനുക്കേ" എന്ന് റഹ്‌മാൻ പറയാറുണ്ട്. "എല്ലാ വാഴ്ത്തലുകളും ദൈവത്തിന്" എന്നാണ് ഈ വാക്യത്തിന് തമിഴിലുള്ള അർത്ഥം. ഖുർആനിൽ നിന്നു് തർജ്ജമ ചെയ്യപ്പെട്ടതാണ് ഈ വാക്യം.

മറ്റ് പ്രവർത്തനങ്ങൾ

പലതരം ചാരിറ്റബിൾ പ്രവർത്തനങ്ങളിലും റഹ്‌മാൻ ഏർപ്പെട്ടിട്ടുണ്ട്. 2004 - ൽ ലോകാരോഗ്യസംഘടനയുടെ പദ്ധതിയായിരുന്ന സ്റ്റോപ്പ് ടി.ബി പാർട്ണർഷിപ്പ് എന്ന പദ്ധതിയുടെ ആഗോള അംബാസിഡറായി നിയമിക്കപ്പെടുകയുണ്ടായി. സേവ് ദ ചിൽഡ്രൻ‍ ഇന്ത്യ എന്ന പദ്ധതിയുമായി റഹ്‌മാൻ സഹകരിക്കുകയും യൂസഫ് ഇസ്ലാമിനോടൊപ്പം ചേർന്ന് കീബോർഡ് വാദകനായ മാഗ്നെ ഫറുഹോൾമെൻ, ട്രാവിസ് ഡ്രമ്മർ നീൽ പ്രിംറോസ് എന്നിവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ഓഷ്യൻ എന്ന പേരിൽ ഒരു ഗാനം പുറത്തിറക്കുകയുണ്ടായി. ഈ ഗാനത്തിൽ നിന്നും ലഭിച്ച വരുമാനം മുഴുവനും 2004 - ൽ ഇന്ത്യയിലുണ്ടായ സുനാമിയിൽ ബാധിക്കപ്പെട്ട് അനാഥരായവർക്ക് ലഭിച്ചു. ഡോൺ ഏഷ്യൻ, മുഖ്തർ സഹോട്ട എന്നിവർ ചേർന്ന് ആലപിച്ച "വീ കാൻ മേക്ക് ഇറ്റ് ബെറ്റർ" എന്ന സിംഗിളിന്റെ നിർമ്മാതാവും റഹ്‌മാനായിരുന്നു. 2008 - ൽ ഗാനാലാപനം, ഉപകരണസംഗീതം, സംഗീതവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ എന്നിവയിൽ യുവാക്കളായ സംഗീതജ്ഞർക്ക് പരിശീലനം നൽകുന്നതിനായി കെ.എം. മ്യൂസിക് കൺസർവേറ്ററി എന്ന പേരിലുള്ള സംവിധാനത്തിന് റഹ്‌മാൻ തുടക്കം കുറിച്ചു. ജീവനക്കാരായി സംഗീതജ്ഞരും ഒപ്പം ഒരു സിംഫണി ഓർക്കസ്ട്രയും പ്രവർത്തിക്കുന്ന ഈ കൺസർവേറ്ററി നിലവിൽ ചെന്നൈയിലെ കോടമ്പാക്കത്താണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കെ.എം.മ്യൂസിക് കൺസർവേറ്ററിയുടെ ഉപദേശകസമിതിയിൽ പ്രമുഖ വയലിനിസ്റ്റായ എൽ. സുബ്രഹ്മണ്യവും അംഗമാണ്. റഹ്‌മാന്റെ പല ശിഷ്യന്മാരും സ്റ്റുഡിയോയിൽ റഹ്‌മാന്റെ സഹായികളായി പ്രവർത്തിച്ചിരുന്നവരും പിൽക്കാലത്ത് ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിക്കുകയുണ്ടായി. സ്ത്രീകളെ സഹായിക്കുന്നതിനുവേണ്ടി 2006 - ൽ നിർമ്മിച്ച ദ ബാനിയൻ എന്ന ഹ്രസ്വചിത്രത്തിന്റെ തീം മ്യൂസിക്കിന്റെ സംഗീതസംവിധാനവും റഹ്‌മാൻ നിർവ്വഹിച്ചിട്ടുണ്ട്.

2008 - ൽ റഹ്‌മാനും പ്രമുഖ ഉപകരണസംഗീതജ്ഞനുമായ ശിവമണിയും ചേർന്ന് ഫ്രീ ഹഗ്സ് ക്യാംപെയിനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് "ജിയാ സേ ജിയാ" എന്ന പേരിലുള്ള ഗാനം ചിട്ടപ്പെടുത്തുകയുണ്ടായി. ഈ ഗാനത്തിന്റെ വീഡിയോ രംഗങ്ങൾ ഇന്ത്യയിലെ ഏതാനും നഗരങ്ങളെക്കുറിച്ചുള്ള ദൃശ്യങ്ങളായിരുന്നു.

ചലച്ചിത്രങ്ങൾ

പുരസ്കാരങ്ങൾ

സംഗീതസംവിധാനത്തിനും പശ്ചാത്തലസംഗീതത്തിനുമായി ആറ് പ്രാവശ്യം ദേശീയ ചലച്ചിത്ര പുരസ്കാരവും ആറ് പ്രാവശ്യം തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും റഹ്‌മാന് ലഭിച്ചിട്ടുണ്ട്. കൂടാതെ 15 ഫിലിംഫെയർ പുരസ്കാരങ്ങളും 16 ഫിലിംഫെയർ സൗത്ത് പുരസ്കാരങ്ങളും ലഭിച്ചു. സംഗീതരംഗത്തെ പ്രവർത്തനത്തിനായി തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും ഉത്തർ പ്രദേശ്, മധ്യപ്രദേശ് സർക്കാരുകളുടെ പുരസ്കാരങ്ങളും ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരവും ലഭിക്കുകയുണ്ടായി.

2006 - ൽ ആഗോള തലത്തിൽ സംഗീതത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് സ്റ്റാൻഫോർഡ് സർവകലാശാല പുരസ്കാരം നൽകി റഹ്‌മാനെ ആദരിക്കുകയുണ്ടായി. "സംഗീതത്തിനു നൽ‍കിയ സംഭാവനകൾ പരിഗണിച്ചുകൊണ്ടുള്ള ഇന്ത്യൻ ഓഫ് ദി ഇയർ" എന്ന പേരിൽ അതേ വർഷം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. 2008 - ൽ റോട്ടറി ക്ലബ്ബ് ഓഫ് മദ്രാസിൽ നിന്നും ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം എ.ആർ. റഹ്‌മാൻ സ്വീകരിച്ചു. 2009 - ൽ സ്ലംഡോഗ് മില്യണയർ എന്ന ചലച്ചിത്രത്തിലെ സംഗീത സംവിധാനത്തിന് റഹ്‌മാന്, ബ്രോഡകാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം, ഒറിജിനൽ സ്കോറിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം, മികച്ച ചലച്ചിത്ര സംഗീതത്തിനുള്ള ബാഫ്റ്റ പുരസ്കാരം, 81-ാമത് അക്കാദമി പുരസ്കാരങ്ങളിൽ രണ്ട് അക്കാദമി പുരസ്കാരങ്ങൾ (മികച്ച ഒറിജിനൽ സ്കോറിനും മികച്ച ഒറിജിനൽ സ്കോറിനും (ഗുൽസാറിനൊപ്പം)) എന്നിവ ലഭിക്കുകയുണ്ടായി.

അലിഗഢ് മുസ്ലിം സർവകലാശാല, മിഡിൽസെക്സ് സർവകലാശാല, ചെന്നൈയിലെ അണ്ണാ സർവകലാശാല, ഒഹിയോയിലെ മിയാമി സർകലാശാല എന്നിവിടങ്ങളിൽനിന്നും ഓണററി ഡോക്ടറേറ്റുകൾ നൽകി റഹ‌്‌മാനെ ആദരിച്ചിട്ടുണ്ട്. റഹ്‌മാന് രണ്ട് ഗ്രാമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് : മികച്ച ശബ്ദട്രാക്കിനുള്ള പുരസ്കാരവും ചലച്ചിത്രത്തിനായുള്ള മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരവും. 2010 - ൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരം റഹ്‌മാന് ലഭിക്കുകയുണ്ടായി.

2011 - ൽ പുറത്തിറങ്ങിയ 127 അവേഴ്സ് എന്ന ചലച്ചിത്രത്തിലെ പ്രവർത്തനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും, ബാഫ്റ്റ പുരസ്കാരവും, രണ്ട് അക്കാദമി പുരസ്കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങളും (മികച്ച ഒറിജിനൽ സ്കോറിനും മികച്ച ഒറിജിനൽ ഗാനത്തിനും) ലഭിക്കുകയുണ്ടായി. ട്രിനിറ്റി സംഗീത കോളേജിലെ ഓണററി ഫെല്ലോയാണ് നിലവിൽ റഹ്‌മാൻ.

2014 ഒക്ടോബർ 24 - ന് ബെർക്ക്ലീ സംഗീത കോളേജ് ഓണററി ഡോക്ടറേറ്റ് നൽകി റഹ്‌മാനെ ആദരിക്കുകയുണ്ടായി. ഈ പരിപാടിയിൽ വച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർത്ഥികൾ റഹ്‌മാന് ആദരവർപ്പിച്ചുകൊണ്ട് സംഗീതപരിപാടിയും സംഘടിപ്പിച്ചിരുന്നു. ഈ പുരസ്കാരം സ്വീകരിച്ചതിനുശേഷം, റോജയുടെ സംഗീതസംവിധാനം നിർവ്വഹിക്കാനുള്ള അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ ബെർക്ക്‌ലീ കോളേജിൽ പഠിക്കാൻ പോകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് റഹ്‌മാൻ പറയുകയുണ്ടായി. 2012 മേയ് 7 - ന് ഒഹിയോയിലെ മിയാമി സർകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റ് സ്വീകരിച്ചതിനുശേഷം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റിന്റെ കുടുംബത്തിൽനിന്നുള്ള ക്രിസ്തുമസ് കാർഡും ഒപ്പം വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനായുള്ള ക്ഷണവും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് റഹ്‌മാൻ അറിയിക്കുകയുണ്ടായി. 2013 നവംബറിൽ കാനഡയിലെ ഒന്റാറിയോയിലുള്ള മർഖാമിലെ ഒരു തെരുവ്, റഹ്‌മാന് ആദരസൂചകമായി നാമകരണം ചെയ്യുകയുണ്ടായി.

2015 ഒക്ടോബർ 4 - ന് സെയ്ഷെൽസ് സർക്കാർ, അവരുടെ കലാ-സാംസ്കാരിക മേഖലയ്ക്ക് റഹ്‌മാൻ നൽകിയ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് സെയ്ഷെൽസിന്റെ സാംസ്കാരിക അംബാസിഡറായി റഹ്‌മാനെ നിയമിക്കുകയുണ്ടായി.

ഇതും കാണുക

അവലംബം

കുറിപ്പുകൾ

ബാഹ്യകണ്ണികൾ

Tags:

എ.ആർ. റഹ്‌മാൻ ആദ്യകാല ജീവിതവും സ്വാധീനിച്ച ഘടകങ്ങളുംഎ.ആർ. റഹ്‌മാൻ ചലച്ചിത്ര ജീവിതംഎ.ആർ. റഹ്‌മാൻ സംഗീത ശൈലിഎ.ആർ. റഹ്‌മാൻ വ്യക്തി ജീവിതംഎ.ആർ. റഹ്‌മാൻ മറ്റ് പ്രവർത്തനങ്ങൾഎ.ആർ. റഹ്‌മാൻ ചലച്ചിത്രങ്ങൾഎ.ആർ. റഹ്‌മാൻ പുരസ്കാരങ്ങൾഎ.ആർ. റഹ്‌മാൻ ഇതും കാണുകഎ.ആർ. റഹ്‌മാൻ അവലംബംഎ.ആർ. റഹ്‌മാൻ കുറിപ്പുകൾഎ.ആർ. റഹ്‌മാൻ ബാഹ്യകണ്ണികൾഎ.ആർ. റഹ്‌മാൻഇന്ത്യതമിഴ്മണിരത്നംയോദ്ധാറോജാ(ചലച്ചിത്രം)സംഗീത് ശിവൻ

🔥 Trending searches on Wiki മലയാളം:

തിരുവിതാംകൂർരക്തസമ്മർദ്ദംലോക മലേറിയ ദിനംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)രോമാഞ്ചംസ്വപ്ന സ്ഖലനംഹോം (ചലച്ചിത്രം)മിഥുനം (നക്ഷത്രരാശി)വി.പി. സിങ്കൂവളംതൃശ്ശൂർ ജില്ലപ്രകാശ് രാജ്ജന്മഭൂമി ദിനപ്പത്രംചതയം (നക്ഷത്രം)ബാബസാഹിബ് അംബേദ്കർസൂര്യഗ്രഹണംചെന്നൈ സൂപ്പർ കിങ്ങ്‌സ്ഓണംവദനസുരതംറിയൽ മാഡ്രിഡ് സി.എഫ്നിർമ്മല സീതാരാമൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഹൃദയം (ചലച്ചിത്രം)സ്വാതി പുരസ്കാരംമലയാളം മിഷൻആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംശ്വസനേന്ദ്രിയവ്യൂഹംപത്തനംതിട്ട ജില്ലരാഷ്ട്രീയ സ്വയംസേവക സംഘംവാതരോഗംചേനത്തണ്ടൻകേരളാ ഭൂപരിഷ്കരണ നിയമംദേശാഭിമാനി ദിനപ്പത്രംമഞ്ഞുമ്മൽ ബോയ്സ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവീണ പൂവ്കമ്യൂണിസംകൂട്ടക്ഷരംഇന്ത്യയുടെ സ്വാതന്ത്ര്യസമരംവെയിൽ തിന്നുന്ന പക്ഷിവിശുദ്ധ ഗീവർഗീസ്ലൈലയും മജ്നുവുംആയ് രാജവംശംവോട്ടവകാശംലൈംഗികന്യൂനപക്ഷംരാഷ്ട്രീയംബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഓടക്കുഴൽ പുരസ്കാരംകമൽ ഹാസൻകറുകപനിക്കൂർക്കതാജ് മഹൽചിയ വിത്ത്സ്വാതിതിരുനാൾ രാമവർമ്മവിവാഹംവജൈനൽ ഡിസ്ചാർജ്പ്രധാന ദിനങ്ങൾസ്വപ്നംതൃക്കടവൂർ ശിവരാജുമലപ്പുറംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)നി‍ർമ്മിത ബുദ്ധിരണ്ടാം ലോകമഹായുദ്ധംകേരള നിയമസഭയാസീൻവിദ്യാഭ്യാസംരബീന്ദ്രനാഥ് ടാഗോർഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഗണപതികുര്യാക്കോസ് ഏലിയാസ് ചാവറബ്രഹ്മാനന്ദ ശിവയോഗിവാട്സ്ആപ്പ്ദുബായ്നവരത്നങ്ങൾ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വി.ടി. ഭട്ടതിരിപ്പാട്🡆 More