നികുതി

പൊതുആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, പൗരന്മാരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കുന്നതാണ് നികുതി.

നികുതി നിയമംമൂലം ചുമത്തപ്പെടുന്നതാണ്. നികുതി കൊടുക്കാത്തവരുടെമേൽ പിഴചുമത്താനും അവരെ തടവിലിടാനും വരെ നികുതി നിയമങ്ങളിൽ വ്യവസ്ഥയുണ്ട്. തത്തുല്യമായ ഏതെങ്കിലും പ്രതിഫലം നല്കിക്കൊള്ളാം എന്ന വ്യവസ്ഥയിലല്ല നികുതി ചുമത്തുന്നത്. അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിച്ചില്ല എന്നതിന്റെ പേരിൽ നികുതിയിൽനിന്നും ആർക്കും ഒഴിഞ്ഞുനില്ക്കാനാവില്ല. പക്ഷേ, നികുതി താങ്ങാനുള്ള പൗരജനങ്ങളുടെ ക്ഷമതകൂടി കണക്കിലെടുത്തേ നികുതി ചുമത്താനാവൂ. നികുതിക്ഷമതയ്ക്ക് കൃത്യമായ പരിധിയൊന്നും നിശ്ചയിക്കാനാവുകയില്ല. നികുതിയായി പിരിച്ചെടുക്കുന്ന തുക ശരിയായ വിധത്തിലാണ് സർക്കാർ വിനിയോഗിക്കുന്നതെന്ന് പൗരനു ബോധ്യപ്പെട്ടാൽ നികുതിയെക്കുറിച്ച് അവർ പരാതിപ്പെടാൻ ഇടയില്ല. നേരേമറിച്ച് പൗരജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടുന്നില്ലെങ്കിൽ ചെറിയ നികുതികൾപോലും എതിർക്കപ്പെട്ടേക്കാം.

ഇന്ത്യയിലെ ആദ്യത്തെ നികുതി അന്വേഷണകമ്മീഷന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.


നികുതിയുടെ സാമ്പത്തികശാസ്ത്ര തത്ത്വം

നികുതി ചുമത്തലിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത് ചില സാമ്പത്തികശാസ്ത്ര തത്ത്വങ്ങളാണ്. നികുതി ചുമത്തുമ്പോൾ സർക്കാരുകൾ ഈ തത്ത്വങ്ങൾ കണക്കിലെടുക്കുന്നത് നികുതി വ്യവസ്ഥ ലളിതമായിരിക്കാൻ സഹായിക്കും.

സ്മിത്തിന്റെ കാനോനുകൾ

സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ആഡം സ്മിത്താണ് ആദ്യമായി ഇത്തരമൊരു തത്ത്വസമുച്ചയം മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ തത്ത്വങ്ങൾ സ്മിത്തിന്റെ കാനോനുകൾ എന്ന് അറിയപ്പെടുന്നു. ആഡം സ്മിത്ത് വിഭാവന ചെയ്ത സമ്പദ്വ്യവസ്ഥ സ്വകാര്യമേഖലയ്ക്ക് പരമാവധി പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വളർച്ചയും പുനർവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാരിനെക്കാൾ കാര്യക്ഷമം സ്വകാര്യമേഖലയാണ്. സർക്കാരിന്റെ പങ്ക് ക്രമസമാധാനപാലനവും വൈദേശികാക്രമണങ്ങളിൽനിന്നുള്ള സംരക്ഷണവുമാണ് - അദ്ദേഹത്തിന്റെ കാനോനുകൾ സമ്പദ് വ്യവസ്ഥയോടുള്ള ഈ സമീപനം പ്രതിഫലിപ്പിക്കുന്നതാണ്.

താഴെപ്പറയുന്നവയാണ് സ്മിത്തിന്റെ കാനോനുകൾ.

  1. സമത്വത്തിന്റെ അഥവാ പ്രയോജനത്തിന്റെ കാനോൻ: ജനങ്ങളുടെ മേലുള്ള നികുതിഭാരം സർക്കാരിൽനിന്നും ലഭിക്കുന്ന പ്രയോജനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നാണ് ഈ കാനോൻ അനുശാസിക്കുന്നത്.
  2. ക്ലിപ്തതയുടെ കാനോൻ: നികുതി അടയ്ക്കേണ്ട സമയം, തുക, രീതി എന്നിവയെക്കുറിച്ച് നികുതിദായകന് യാതൊരു വിധത്തിലുള്ള സംശയവും ഉണ്ടാകാത്തവിധം വേണ്ട അറിവ് അവർക്കു നല്കിയിരിക്കണം എന്ന് ഈ കാനോൻ അനുശാസിക്കുന്നു.
  3. സൗകര്യത്തിന്റെ കാനോൻ: നികുതിദായകന് പരമാവധി സൗകര്യം ലഭിക്കത്തവിധമുള്ള രീതിയിലും സമയത്തും നികുതിചുമത്തണമെന്ന് ഇത് അനുശാസിക്കുന്നു.
  4. നികുതിപിരിവിന്റെ ചെലവിനെക്കുറിച്ചുള്ള കാനോൻ: പിരിക്കുന്ന നികുതി പരമാവധി സർക്കാർ ഖജനാവിൽ എത്തത്തക്കവിധം നികുതിപിരിവിന്റെ ചെലവ് ഏറ്റവും കുറവായിരിക്കണമെന്നാണ് ഈ കാനോന അനുശാസിക്കുന്നത്.

സ്മിത്തിനെത്തുടർന്ന് മറ്റു ധനശാസ്ത്രജ്ഞരും വിവിധ കാനോനുകൾ മുന്നോട്ടുവച്ചിട്ടുണ്ട്.

നികുതി ചുമത്തുന്നതിലെ വ്യത്യസ്ത അഭിപ്രായങ്ങൾ

നികുതി ചുമത്തുന്നതിന്റെ അടിസ്ഥാനം എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ ഇടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിന്ന് നികുതിദായകനു ലഭിക്കുന്ന പ്രയോജനമായിരിക്കണം നികുതിയുടെ അടിസ്ഥാനമെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുമ്പോൾ ആ സേവനങ്ങൾ നല്കാൻ സർക്കാരിനു വേണ്ടിവരുന്ന ചെലവുകളായിരിക്കണം അടിസ്ഥാനമെന്ന് മറ്റൊരുകൂട്ടർ വാദിക്കുന്നു. ഇവ രണ്ടുമല്ല, നികുതി കൊടുക്കാനുള്ള കഴിവായിരിക്കണം അടിസ്ഥാനമെന്ന് മൂന്നാമത് ഒരു കൂട്ടർ വാദിക്കുന്നു. വരുമാനം, സമ്പത്ത്, ഉപഭോഗം എന്നിവയെ നികുതികൊടുക്കാനുള്ള കഴിവായി എടുക്കാമെന്ന് ഇക്കൂട്ടർ വാദിക്കുന്നു.

നികുതിയുടെ അടിസ്ഥാനമായി ഏതുമാനദണ്ഡമെടുത്താലും അത് പൗരജനങ്ങളുടെ കൈയിൽനിന്നുംപണം സർക്കാരിലേക്കു കൈമാറ്റം ചെയ്യപ്പെടലാണ്. ഇതിന്റെ അളവിനെ സംബന്ധിച്ച് രണ്ടുതരം കാഴ്ചപ്പാടുകളുണ്ട്. വരുമാനം എന്തായിരുന്നാലും അതിന്റെ നിശ്ചിത ശതമാനം നികുതിയായി ചുമത്തുന്നതിനെയാണ് ആനുപാതിക നികുതിവ്യവസ്ഥ എന്നു പറയുന്നത്. ഉദാഹരണമായി പ്രതിവർഷം ഒരു ലക്ഷം രൂപ വരുമാനമുള്ള ഒരു പൗരനും പത്തുലക്ഷം രൂപ വരുമാനമുള്ള മറ്റൊരു പൗരനും 10 ശ.മാ. നികുതിയാണ് കൊടുക്കുന്നത് എന്നരിക്കട്ടെ. ആദ്യത്തെയാൾ 10,000 രൂ. കൊടുക്കുമ്പോൾ രണ്ടാമൻ 1,00,000 രൂ. കൊടുക്കുന്നു. നികുതിയായി നല്കുന്ന തുക വ്യത്യസ്തമാണെങ്കിലും നികുതി നിരക്ക് വരുമാനത്തിന് ആനുപാതികമാണ്. വരുമാനം വർധിക്കുന്നതോടൊപ്പം നികുതിനിരക്കും വർധിക്കുന്ന സമ്പ്രദായത്തെയാണ് അനുലോമ നികുതിവ്യവസ്ഥ എന്നു വിളിക്കുന്നത്. ഇത്തരം ഒരു നികുതി വ്യവസ്ഥയിൽ താഴ്ന്ന വരുമാനയുള്ളയാൾ 10 ശ.മാ. നിരക്കിൽ നികുതി നല്കേണ്ടിവരുമ്പോൾ ഉയർന്ന വരുമാനമുള്ളയാൾ 15-ഓ അല്ലെങ്കിൽ 20-ഓ ശ.മാ. നിരക്കിലാവും നികുതി നല്കേണ്ടിവരുന്നത്.

നികുതിയുടെ സാമൂഹികലക്ഷ്യങ്ങൾ

നികുതികളുടെ പ്രാഥമികമായ ലക്ഷ്യം വിഭവസമാഹരണമാണെങ്കിലും മറ്റു സാമൂഹികലക്ഷ്യങ്ങൾ നേടാനായും സർക്കാരുകൾ നികുതികളെ ഉപയോഗിക്കുന്നുണ്ട്. പുനർവിതരണത്തിലൂടെ സമൂഹത്തിലെ അസമത്വം കുറയ്ക്കുക എന്നത് ഒരു പ്രധാന സാമൂഹികലക്ഷ്യമാണ്. ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും മേലുള്ള നികുതിഭാരം കുറഞ്ഞിരിക്കത്തക്കവിധം ആദായനികുതി നിരക്കുകൾ കുറച്ചുവയ്ക്കുന്നത് ഇതിന് ഒരു ഉദാഹരണമാണ്. അതുപോലെതന്നെ താഴ്ന്ന വരുമാനക്കാരുടെ മുഖ്യ ഉപഭോഗവസ്തുക്കളുടെ മേലുള്ള എക്സൈസ് തീരുവ, വില്പനനികുതി, മൂല്യവർധിത നികുതി തുടങ്ങിയവ കുറച്ചുവയ്ക്കാറുണ്ട്.

പൗരജനങ്ങളുടെ ക്ഷേമത്തിന് ദോഷകരമായ സാധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് മറ്റൊരു സാമൂഹിക ലക്ഷ്യം. മദ്യം, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഉയർന്ന എക്സൈസ് തീരുവ, വില്പന നികുതി എന്നിവ ചുമത്തുന്നതിന്റെ പിന്നിലുള്ള യുക്തി ഇതാണ്. ഉയർന്ന നികുതി ഇവയുടെ വില വളരെയധികം വർധിപ്പിക്കുകയും ഉപഭോഗം കുറയ്ക്കുകയും ചെയ്യും. നേരേമറിച്ച് ചില പ്രത്യേക സാധനങ്ങളുടെ ഉപഭോഗം സമൂഹത്തിന് പൊതുവേ ഗുണകരമാണെങ്കിൽ അവയുടെമേലുള്ള നികുതികൾ കുറച്ചുവച്ചോ നികുതിയിൽനിന്ന് ഒഴിവാക്കിയോ അവയുടെ ഉപഭോഗം വർധിപ്പിക്കാൻ കഴിയും. പരിസരദൂഷണം സമൂഹത്തെ പൊതുവേ ബാധിക്കുന്ന ഒരു പ്രശ്നമായതുമൂലം പരിസ്ഥിതി സൌഹൃദപരമായ ഉത്പന്നങ്ങളുടെ മേലുള്ള നികുതികൾ കുറച്ചുവയ്ക്കുകയോ തീർത്തും ഒഴിവാക്കുകയോ ചെയ്യുന്ന പതിവുണ്ട്. തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഈ വിധത്തിൽ നികുതിയെ ഉപയോഗപ്പെടുത്താറുണ്ട്. യന്ത്രങ്ങൾക്കുപകരം കൂടുതൽ മനുഷ്യശേഷി ഉപയോഗപ്പെടുത്തുന്ന വ്യവസായ ഉത്പന്നങ്ങളുടെമേൽ കുറഞ്ഞനികുതി ചുമത്തുകയോ നികുതിയിൽനിന്ന് ഒഴിവാക്കുകയോ ചെയ്യാറുണ്ട്. ആഗോളതാപനത്തിന് ഒരു പ്രധാന കാരണം കാർബൺഡയോക്സൈഡിന്റെ അമിതമായ പുറത്തുവിടലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതു കുറയ്ക്കുന്നതിന്റെ ഭാഗമായി കാർബൺ നികുതി എന്ന പുതിയ ഒരു ആഗോളനികുതി നിലവിൽ വന്നിട്ടുണ്ട്.

ഇത്തരം നടപടികൾ പലപ്പോഴും നികുതിവ്യവസ്ഥ സങ്കീർണമാകുന്നതിന് കാരണമാകും. വ്യത്യസ്ത ഉത്പന്നങ്ങൾക്ക് വ്യത്യസ്ത നികുതിനിരക്കുകളും നികുതി ഒഴിവുകളുംകൊണ്ട് സങ്കീർണമായ നികുതിവ്യവസ്ഥ, നികുതിയുടെ അടിസ്ഥാനലക്ഷ്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമാണ്. അത് നികുതി ഒടുക്കുന്നതിനുവേണ്ടിവരുന്ന ചെലവ് വർധിപ്പിക്കും. നികുതിവെട്ടിപ്പുകാർക്ക് ധാരാളം പഴുതുകൾ ഇത്തരം നികുതിവ്യവസ്ഥകൾ ഒരുക്കിക്കൊടുക്കും. സങ്കീർണമായ നികുതിവ്യവസ്ഥ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്ന പല കാര്യങ്ങളിൽ ഒന്നാണ്. വിദേശ നിക്ഷേപകർ പലപ്പോഴും സങ്കീർണമായ നികുതിവ്യവസ്ഥകളുള്ള രാജ്യങ്ങളെ മറികടന്ന് ലളിതമായ നികുതി വ്യവസ്ഥകളുള്ള രാജ്യങ്ങളിലേക്ക് പോകാൻ താത്പര്യം കാണിക്കും. അതുകൊണ്ട് മേല്പറഞ്ഞ ലക്ഷ്യങ്ങൾ നേടാൻ മറ്റുമാർഗങ്ങൾ അവലംബിക്കുക എന്നതാണ് ആധുനിക സമീപനം.

നികുതിവെട്ടിപ്പും നികുതിയിൽനിന്ന് ഒഴിവാകലും

നികുതി 
Egyptian peasants seized for non-payment of taxes. (Pyramid Age)

നികുതിയിൽ നിന്നും ഒഴിവാകാൻ വ്യക്തികൾ നടത്തുന്ന ശ്രമങ്ങൾക്ക് ചരിത്രത്തോളം പഴക്കമുണ്ട്. നിയമവിരുദ്ധമായി നികുതി നല്കാതിരിക്കുന്നതാണ് നികുതിവെട്ടിപ്പ്. നിയമത്തിൽത്തന്നെയുള്ള പഴുതുകൾ കണ്ടുപിടിച്ച് നികുതിയിൽനിന്നും നിയമവിധേമായിത്തന്നെ വിമുക്തമാകത്തക്കവിധം സ്വന്തം കാര്യങ്ങൾ ക്രമീകരിക്കുന്നതിനെയാണ് നികുതിയിൽ നിന്നും ഒഴിവാകൽ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പക്ഷേ രണ്ടുപ്രവൃത്തികളും സർക്കാരിനു ലഭിക്കേണ്ട നികുതിവരുമാനം കുറയ്ക്കും. ഇതുമൂലം നികുതി കൊടുക്കുന്നവരുടെമേലുള്ള നികുതിഭാരം കൂടാൻ ഇടയായേക്കാം. പലരും നികുതി വെട്ടിക്കുന്നു എന്ന അറിവ് സത്യസന്ധമായി നികുതി നല്കുന്നവരുടെ ആത്മവീര്യം കെടുത്തുകയും അവരെ നികുതി വെട്ടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

നികുതിവെട്ടിപ്പ് തടയുക എന്നത്, ആധുനിക സർക്കാരുകളുടെ ഒരു പ്രധാനലക്ഷ്യമാണ്. എന്തുകൊണ്ടാണ് നികുതിവെട്ടിപ്പ് ഉണ്ടാകുന്നത് എന്നതിനെ സംബന്ധിച്ച് ധാരാളം വിശദീകരണങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. പൗരന്മാർ നികുതി അടയ്ക്കുന്നത് പല കാരണങ്ങൾകൊണ്ടാകാം. അടയ്ക്കുന്ന നികുതിക്ക് ആനുപാതികമായി പൊതുസേവനങ്ങളുടെ പ്രയോജനം കിട്ടുന്നു എന്ന തോന്നൽ സന്നദ്ധരായി നികുതി നല്കാൻ പൗരന്മാരെ പ്രേരിപ്പിക്കുന്നു. നികുതി വെട്ടിക്കുന്നത് തെറ്റാണെന്ന തോന്നലും പിടിക്കപ്പെട്ടാലുണ്ടാകുന്ന ധനനഷ്ടവും മാനഹാനിയും നികുതി അടയ്ക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ്. നികുതിവെട്ടിപ്പ് എല്ലായ്പ്പോഴുമോ മനഃപൂർവമോ ആകണമെന്നില്ല. സങ്കീർണമായ നികുതിവ്യവസ്ഥ, ഉയർന്ന നികുതിനിരക്കുകൾ, നികുതിയെക്കുറിച്ചുള്ള അറിവില്ലായ്മ, നികുതി അടയ്ക്കുന്നതിനു വേണ്ടിവരുന്ന ചെലവ് എന്നു തുടങ്ങി ഒട്ടനവധി കാരണങ്ങൾ നികുതിവെട്ടിപ്പിനു പിന്നിലുണ്ട്. പിടിക്കപ്പെടാനുള്ള സംഭാവ്യതയും (probability) പിഴയുടെ നിരക്കുമാണ് നികുതിവെട്ടിപ്പിനെ സ്വാധീനിക്കുന്ന രണ്ടു പ്രധാനഘടകങ്ങൾ എന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന പിഴനിരക്കുകളും പിടിക്കപ്പെടാനുള്ള സംഭാവ്യതയുമുള്ള ഒരു നികുതിവ്യവസ്ഥയിൽ നികുതിവെട്ടിപ്പ് കുറയും എന്ന് ഗവേഷകർ വാദിക്കുന്നു.

ബഹുഭൂരിപക്ഷം നികുതിദായകരും നികുതി അടയ്ക്കുന്ന ഒരു നികുതിവ്യവസ്ഥയിൽ നികുതി അടയ്ക്കാത്ത ഒരു ന്യൂനപക്ഷത്തെ ലക്ഷ്യമാക്കി സങ്കീർണമായ നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നത് ദോഷമേ ചെയ്യൂ എന്നാണ് ആധുനിക കാഴ്ചപ്പാട്. അതുകൊണ്ട് സ്വയം സന്നദ്ധമായ നികുതി ഒടുക്കൽ സംസ്കാരം പ്രോത്സാഹിപ്പിക്കാൻ നികുതി വകുപ്പുകൾ ഒട്ടേറെ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. നികുതിവ്യവസ്ഥ ലളിതമാക്കി നിലനിർത്തുകയും നികുതി ഒടുക്കാൻ ആഗ്രഹിക്കുന്ന നികുതിദായകർക്ക് നിരവധി സേവനങ്ങൾ നല്കുകയുമാണ് ഇവയിൽ പ്രധാനപ്പെട്ടത്. നികുതിയെക്കുറിച്ച് പൌരജനങ്ങളുടെ ഇടയിൽ അറിവു വർധിപ്പിക്കാനുദ്ദേശിച്ചുള്ള വിദ്യാഭ്യാസ പരിപാടികൾ, പ്രസിദ്ധീകരണങ്ങൾ, ഇന്റർനെറ്റുവഴിയായുള്ള സംശയനിവാരണം തുടങ്ങിയവ ഇത്തരം സേവനങ്ങളിൽ ചിലതാണ്. ഈവിധ പ്രവർത്തനങ്ങളിലൂടെ നികുതിവകുപ്പിനെക്കുറിച്ചുള്ള പരമ്പരാഗത പ്രതിച്ഛായ മാറ്റിയെടുക്കാൻ ആധുനികനികുതിവ്യവസ്ഥകൾ പ്രത്യേക ശ്രദ്ധചെലുത്തുന്നു. നികുതി വകുപ്പ് സഹാനുഭൂതിയും സന്മനോഭാവവും പ്രദർശിപ്പിക്കുന്നതാണ് എന്ന തോന്നൽ സന്നദ്ധമായി നികുതിനൽകുന്നതിന് നികുതിദായകരെ പ്രേരിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ പ്രയോഗം നികുതി ഭരണവും നികുതി അടയ്ക്കലും വളരെയധികം ലളിതമാക്കിയിട്ടുണ്ട്. ലോകമാസകലം ഇന്ന് ലളിതവും സുതാര്യവുമായ നികുതി വ്യവസ്ഥകളിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.

സന്നദ്ധമായ നികുതിനൽകൽ സമ്പ്രദായം എന്നതുകൊണ്ട് നികുതി അടയ്ക്കാനോ അടയ്ക്കാതിരിക്കാനോ ഉള്ള സ്വാതന്ത്യ്രം എന്നല്ല ഉദ്ദേശിക്കുന്നത്. സന്നദ്ധമായി നികുതി നല്കുക, അല്ലെങ്കിൽ പിഴയോടുകൂടി നികുതി നല്കാൻ നിർബന്ധിക്കപ്പെടും എന്ന സന്ദേശമാണ് സമൂഹത്തിന് നല്കപ്പെടുന്നത്. തന്റെ എല്ലാവിധ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും നികുതിവകുപ്പിന് അറിവുണ്ട് എന്ന തോന്നൽ, സന്നദ്ധമായി നികുതിനല്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നു. ശക്തമായ ഒരു വിവരശേഖരണ-വിനിമയ സംവിധാനമുള്ള നികുതി വകുപ്പുകൾക്കേ സന്നദ്ധമായ നികുതി നല്കൽ സമ്പ്രദായവുമായി മുന്നോട്ടുപോകാനാവൂ.

നികുതിവ്യവസ്ഥ

ഉത്പാദനം, ഉപഭോഗം, കൈമാറ്റം, ഇറക്കുമതി, കയറ്റുമതി തുടങ്ങി സമ്പദ്ഘടനയിലെ വിവിധ തലങ്ങളിൽ ചുമത്തപ്പെടുത്തുന്ന നികുതികൾ ഉൾപ്പെടുന്നതാണ് ഒരു നികുതിവ്യവസ്ഥ.

നികുതികളെ പൊതുവേ പ്രത്യക്ഷ നികുതിയെന്നും പരോക്ഷ നികുതിയെന്നും രണ്ടായി തരംതിരിക്കാറുണ്ട്. പ്രത്യക്ഷനികുതിയിൽ നികുതി കൊടുക്കുന്ന ആളും അതിന്റെ ആത്യന്തികഭാരം വഹിക്കുന്ന ആളും ഒന്നായിരിക്കും. നേരെമറിച്ച് പരോക്ഷനികുതിയിൽ ഇതുരണ്ടും വ്യത്യസ്ത ആളുകളാണ്. ഉദാഹരണമായി ആദായനികുതി കൊടുക്കുന്ന വ്യക്തിതന്നെയാണ് അതിന്റെ ഭാരം വഹിക്കുന്നത്. നേരേമറിച്ച് ഒരു ഉല്പന്നത്തിന്റെ വില്പന നികുതിയുടെ കാര്യത്തിൽ നികുതിയുടെ ഭാരം ആദ്യം വരുന്നത് വ്യാപാരിയുടെ മേൽ ആണ്. പക്ഷേ, അയാൾ ആ ഉത്പന്നം വാങ്ങുന്ന ഉപഭോക്താവിലേക്ക് വിലയോടൊപ്പം അതുകൈമാറുന്നു. വില്പനനികുതി അന്തിമ ഉപഭോക്തൃവിലയുടെ ഭാഗമായി മാറുന്നു.

പ്രധാനപ്പെട്ട പ്രത്യക്ഷനികുതികൾ ആദായനികുതി, സ്വത്ത് നികുതി എന്നിവയാണ്. എക്സൈസ് ഡ്യൂട്ടി, വില്പനനികുതി, മൂല്യവർധിതനികുതി എന്നിവയാണ് പ്രധാനപ്പെട്ട പരോക്ഷനികുതികൾ. വികസിത രാജ്യങ്ങളിലെ നികുതിവ്യവസ്ഥയിൽ പ്രത്യക്ഷ നികുതികൾക്ക് പ്രാമുഖ്യമുള്ളപ്പോൾ, വികസ്വര രാജ്യങ്ങളിലെ നികുതിവ്യവസ്ഥയിൽ പരോക്ഷനികുതികളാണ് നികുതിവരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത്.

ഇന്ത്യയിലെ നികുതിവ്യവസ്ഥ

ഒരു ഫെഡറൽ രാജ്യമെന്ന നിലയിൽ ഇന്ത്യയിലെ നികുതിവ്യവസ്ഥ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും നികുതിവ്യവസ്ഥകൾ ഉൾപ്പെടുന്നതാണ്. കഴിഞ്ഞ 10-15 വർഷംകൊണ്ട് ഇന്ത്യയിലെ നികുതിവ്യവസ്ഥയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

കേന്ദ്രസർക്കാർ നികുതികൾ

കേന്ദ്രസർക്കാർ പിരിച്ചെടുക്കുന്ന പ്രധാനപ്പെട്ട നികുതികൾ താഴെപ്പറയുന്നവയാണ്.

ആദായ നികുതി

വ്യക്തികളുടെ വാർഷിക ആദായത്തിന്മേൽ ചുമത്തുന്ന ഈ നികുതിയുടെ നിരക്ക് വരുമാനത്തിന് അനുസരിച്ച് വർധിക്കും. പരമാവധി നിരക്ക് 30 ശ.മാ. ആണ്.

എക്സൈസ് തീരുവ

ഉത്പാദനത്തിനുമേലുള്ള നികുതിയാണിത്. വ്യത്യസ്ത നിരക്കുകളിലാണ് ഉത്പന്നങ്ങൾക്ക് എക്സൈസ് തീരുവ ചുമത്തുന്നത്.

ഇറക്കുമതി തീരുവ

മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുപ്പെടുന്ന ഉത്പന്നങ്ങളുടെ മേൽ ചുമത്തുന്ന നികുതിയാണിത്.

കോർപ്പറേഷൻ ലാഭ നികുതി

കമ്പനികളുടെ ലാഭത്തിന്മേലുള്ള നികുതിയാണിത്.

സേവന നികുതി

സേവനനികുതിയുടെ പട്ടികയിൽ ഉൾപ്പെടുന്ന സേവനങ്ങൾ നല്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അവരുടെ വിറ്റുവരവിന്മേൽ അടയ്ക്കേണ്ട നികുതിയാണിത്. നിലവിൽ 12 ശ.മാ. ആണ് സേവനനികുതി നിരക്ക്.

കേന്ദ്രത്തിന്റെ എക്സൈസ് തീരുവയും ആദായനികുതിയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടവയാണ്. ഭരണഘടനാപരമായി നിയമിക്കപ്പെടുന്ന ധനകാര്യകമ്മീഷൻ ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഇവയുടെ എത്രശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന് ശുപാർശചെയ്യും. ഏറ്റവും അവസാനം ശുപാർശ സമർപ്പിച്ചത് 13-ാം ധനകാര്യകമ്മീഷനാണ്.

സംസ്ഥാനസർക്കാർ നികുതികൾ

താഴെപ്പറയുന്നവയാണ് സംസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട നികുതി സ്രോതസ്സുകൾ.

മൂല്യവർധിത നികുതിയും വില്പന നികുതിയും

സംസ്ഥാനങ്ങളുടെ തനതു നികുതി വരുമാനത്തിൽ 65-70 ശ.മാ. വരെ സംഭാവന ചെയ്യുന്നത് ഈ രണ്ടുനികുതികളുമാണ്. പെട്രോൾ, പെട്രോളിയം ഉത്പന്നങ്ങൾ, മദ്യം എന്നിവയിന്മേൽ വില്പന നികുതി ചുമത്തപ്പെടുമ്പോൾ ചുരുക്കം ചില സാധനങ്ങൾ ഒഴിച്ച് ബാക്കിയുള്ളവയുടെ മേൽ എല്ലാം മൂല്യവർധിത നികുതി ചുമത്തപ്പെടുന്നു. ഒരു ഉത്പന്നത്തിന്റെ ഉത്പാദനം മുതൽ അത് അന്തിമ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ഉത്പന്നത്തിന്റെ മൂല്യത്തിൽ ഉണ്ടാകുന്ന വർധനവിന്മേൽ ചുമത്തുന്നതാണ് മൂല്യവർധിത നികുതി. ഇത് ഉത്പന്നങ്ങളുടെ സ്വഭാവം അനുസരിച്ച് 1 ശ.മാ., 4 ശ.മാ., 12.5 ശ.മാ. എന്നിങ്ങനെ മൂന്നു നിരക്കുകളിലാണ് നിലവിൽ ചുമത്തപ്പെടുന്നത്.

കാർഷികാദായ നികുതി

കർഷകരുടെ വരുമാനത്തിന്മേലുള്ള നികുതിയാണിത്. കൃഷിച്ചെലവു കഴിച്ചുള്ള ആദായമാണ് ഇപ്രകാരം കാർഷികാദായ നികുതിക്ക് പരിഗണിക്കുന്നത്.

ഭൂനികുതി

വിസ്തീർണം അടിസ്ഥാനമാക്കിയാണ് ഭൂനികുതി ചുമത്തപ്പെടുന്നത്. 

സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും.

ഭൂമിയുടെയോ അതിൽ ഉൾപ്പെട്ട കെട്ടിടങ്ങളുടെയോ കൈമാറ്റത്തിന്മേലുള്ള നികുതിയാണിത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വ്യത്യസ്തനിരക്കിലാണ് ഇത് ചുമത്തപ്പെടുന്നത്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള നികുതികൾ

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന പ്രധാനപ്പെട്ട നികുതികൾ കെട്ടിടനികുതിയും തൊഴിൽ നികുതിയുമാണ്.

കെട്ടിടങ്ങളുടെ വിസ്തീർണം, അതുപണിയാൻ ഉപയോഗിച്ചിരിക്കുന്ന നിർമ്മാണസാമഗ്രികൾ എന്നിവ കണക്കിലെടുത്താണ് കെട്ടിടനികുതി ചുമത്തുന്നത്.

ഓരോ ശമ്പളവിഭാഗക്കാർക്കും വ്യത്യസ്ത നികുതിനിരക്കുകളിലാണ് തൊഴിൽനികുതി ചുമത്തപ്പെടുന്നത്.

അവലംബം

കുറിപ്പുകൾ

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണം എന്ന ബൈബിൾ വചനം നികുതികൊടുക്കാനുള്ള മനുഷ്യന്റെ ബാദ്ധ്യതയെ സൂചിപ്പിക്കുന്നതാണ്.

നികുതി കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നികുതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

നികുതി യുടെ സാമ്പത്തികശാസ്ത്ര തത്ത്വംനികുതി ചുമത്തുന്നതിലെ വ്യത്യസ്ത അഭിപ്രായങ്ങൾനികുതി യുടെ സാമൂഹികലക്ഷ്യങ്ങൾനികുതി വെട്ടിപ്പും യിൽനിന്ന് ഒഴിവാകലുംനികുതി വ്യവസ്ഥനികുതി ഇന്ത്യയിലെ വ്യവസ്ഥനികുതി അവലംബംനികുതി കുറിപ്പുകൾനികുതിസർക്കാർ

🔥 Trending searches on Wiki മലയാളം:

ശങ്കരാചാര്യർകാസർഗോഡ്കൊച്ചിപാമ്പാടി രാജൻഅമേരിക്കൻ ഐക്യനാടുകൾശിവലിംഗംഇന്ത്യയുടെ രാഷ്‌ട്രപതിഗുജറാത്ത് കലാപം (2002)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യആത്മഹത്യമഹാത്മാഗാന്ധിയുടെ കൊലപാതകംചെമ്പോത്ത്പോത്ത്ശുഭാനന്ദ ഗുരുഫുട്ബോൾ ലോകകപ്പ് 1930സജിൻ ഗോപുകുര്യാക്കോസ് ഏലിയാസ് ചാവറദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഗായത്രീമന്ത്രംഇന്ത്യയുടെ ദേശീയപ്രതിജ്ഞമാവോയിസംഉങ്ങ്തിരുവിതാംകൂർ ഭരണാധികാരികൾപശ്ചിമഘട്ടംവൈലോപ്പിള്ളി ശ്രീധരമേനോൻകേരളത്തിലെ തനതു കലകൾഗൗതമബുദ്ധൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികസദ്ദാം ഹുസൈൻകണ്ടല ലഹളബെന്നി ബെഹനാൻവെള്ളാപ്പള്ളി നടേശൻഹർഷദ് മേത്തമെറീ അന്റോനെറ്റ്ഷാഫി പറമ്പിൽനെൽവയൽ-നീർത്തട സംരക്ഷണ നിയമംഒന്നാം ലോകമഹായുദ്ധംചില്ലക്ഷരംനി‍ർമ്മിത ബുദ്ധികല്യാണി പ്രിയദർശൻഅമ്മരക്തസമ്മർദ്ദംഎം.വി. ഗോവിന്ദൻസൗരയൂഥംമമ്മൂട്ടിട്വന്റി20 (ചലച്ചിത്രം)മലയാളം അക്ഷരമാലനാടകംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഒളിമ്പിക്സ്ഇന്ത്യാചരിത്രംഇന്ത്യയുടെ ദേശീയപതാകആഴ്സണൽ എഫ്.സി.തകഴി സാഹിത്യ പുരസ്കാരംചണ്ഡാലഭിക്ഷുകികുരുക്ഷേത്രയുദ്ധംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംചട്ടമ്പിസ്വാമികൾ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ബിഗ് ബോസ് (മലയാളം സീസൺ 4)മുണ്ടിനീര്ഉദയംപേരൂർ സൂനഹദോസ്ഋഗ്വേദംചെ ഗെവാറടി.എം. തോമസ് ഐസക്ക്ചേലാകർമ്മംടി.എൻ. ശേഷൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻചതയം (നക്ഷത്രം)മന്ത്കേരളംസന്ധി (വ്യാകരണം)കൗമാരംപ്ലീഹപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമൗലികാവകാശങ്ങൾതാജ് മഹൽദേവസഹായം പിള്ളഉഭയവർഗപ്രണയി🡆 More