അവിഞ്ഞോണിലെ പാപ്പാവാഴ്ച

പതിനാലാം നൂറ്റാണ്ടിൽ 67 വർഷക്കാലം ഇറ്റലിയിലെ റോമിനു പകരം ഫ്രാൻസിലെ അവിഞ്ഞോൺ ആസ്ഥാനമാക്കി അധികാരത്തിലിരുന്ന മാർപ്പാപ്പാമാരുടെ ഭരണമാണ് അവിഞ്ഞോണിലെ പാപ്പാവാഴ്ച (Avignon Papacy) എന്നറിയപ്പെടുന്നത്.

1309 മുതൽ 1376 വരെയുള്ള കാലത്തെ 7 മാർപ്പാപ്പാമാരുടെ ഭരണകാലമാണിത്. റോം കേന്ദ്രമാക്കി ഭരിച്ചിരുന്ന മാർപ്പാപ്പാമാരും ഫ്രാൻസിലെ രാജാധികാരവും തമ്മിലുണ്ടായ താത്പര്യസംഘർഷമാണ് മാർപ്പാപ്പാമാരുടെ ആസ്ഥാനം ഈവിധം താൽക്കാലികമായെങ്കിലും ഫ്രാൻസിലേക്കു മാറാൻ അവസരമൊരുക്കിയത്. റോമിലെ ജനങ്ങൾ മാർപ്പാപ്പാമാരോട് സ്വീകരിച്ച പരുക്കൻ സമീപനവും അവിടത്തെ കാലാവസ്ഥയുടെ പരുഷതയും ഈ മാറ്റത്തിന്റെ മറ്റു കാരണങ്ങളായി പറയപ്പെടുന്നു.

അവിഞ്ഞോണിലെ പാപ്പാവാഴ്ച
ഫ്രാൻസിൽ അവിഞ്ഞോണിൽ, 'പ്രവാസ'കാലത്തെ മാർപ്പാപ്പാമാരുടെ ആസ്ഥാനം

തുടക്കം

1294 മുതൽ 1303 വരെ മാർപ്പാപ്പയായിരുന്ന ബോണിഫസ് എട്ടാമനും ഫ്രാൻസിലെ രാജാവ് ഫിലിപ്പ് നാലാമനും തമ്മിലുണ്ടായ സംഘർഷമാണ് ഈ മാറ്റത്തിലേക്കു നയിച്ചത്. ബോണിഫസിന്റെ പിൻഗാമി ബെനഡിക്ട് പതിനൊന്നാമൻ മാർപ്പാപ്പ, എട്ടു മാസത്തെ ഹ്രസ്വവാഴ്ചക്കു ശേഷം അന്തരിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ഏറെ അനിശ്ചിതാവസ്ഥക്കു ശേഷം ഫ്രെഞ്ചുകാരനായ ക്ലെമന്റ് അഞ്ചാമൻ 1305-ൽ മാർപ്പാപ്പയായി. തെരഞ്ഞെടുപ്പിനു ശേഷം റോമിലേക്കു വരാൻ ക്ലെമന്റ് വിസമ്മതിച്ചു. 1309-ൽ അദ്ദേഹം ഫ്രാൻസിലെ അവിഞ്ഞോണിൽ തന്റെ ആസ്ഥാനം ഉറപ്പിച്ചു. അടുത്ത 67 വർഷക്കാലം അവിടം മാർപ്പാപ്പാമാരുടെ വാഴ്ചാസ്ഥാനമായി. ബിസി ആറാം നൂറ്റാണ്ടിൽ ഇസ്രായേൽ ജനതക്കു തരണം ചെയ്യേണ്ടി വന്ന ബാബിലോണിലെ പ്രവാസാനുഭവത്തോടു താരതമ്യപ്പെടുത്തി, ഈ കാലഘട്ടത്തെ "മാർപ്പാപ്പാമാരുടെ ബാബിലോൺ പ്രവാസം" എന്നു വിളിക്കാറുണ്ട്.

അപചയം

അവിഞ്ഞോൺ യുഗത്തിലെ മാർപ്പാപ്പാമാരിൽ ചിലരുടേയും അവരുടെ പരിജനങ്ങളുടേയും ലോകവ്യഗ്രതയും അഴിമതിയും അസാന്മാർഗ്ഗികതയും, സമകാലീനനിരീക്ഷകരുടെ നിശിതവിമർശനത്തിനു വിഷയമായി. ഇറ്റാലിയൻ കവി പെട്രാർക്ക് സഭാഭരണകേന്ദ്രത്തെ "അവിശ്വസ്തയായ ബാബിലോൺ, ഭൂമിയിലെ നരകം, തിന്മയുടെ കോളാമ്പി, ലോകത്തിന്റെ അഴുക്കുചാൽ" എന്നൊക്കെ വിശേഷിപ്പിച്ചു. അവിഞ്ഞോണിലെ ചെറുതും വലുതുമായ കൊട്ടാരങ്ങളിൽ, പരിഷ്കാരമുള്ള കൊട്ടാരദാസിമാർ മുതൽ മദ്യശാലകളിലെ 'കാന്താരിമാർ' (Tavern Tarts) വരെ, എല്ലായിനം വേശ്യകളും കയറി നിരങ്ങി. അവിടത്തെ അങ്കണങ്ങളിൽ തനിക്കു നരകഗന്ധം അനുഭവപ്പെടുന്നെന്ന് സിയെനായിലെ വിശുദ്ധ കത്രീന ഗ്രിഗോരിയോസ് പതിനൊന്നാമൻ മാർപ്പാപ്പയോടു പറഞ്ഞു.

അവിഞ്ഞോണിൽ വാണ മാർപ്പാപ്പാമാർ ഇവരാണ്:-

  • ക്ലെമന്റ് അഞ്ചാമൻ  : 1305–1314
  • ജോൺ ഇരുപത്തിരണ്ടാമൻ : 1316–1334
  • ബെനഡിക്ട് പന്ത്രണ്ടാമൻ : 1334–1342
  • ക്ലെമന്റ് ആറാമൻ : 1342–1352
  • ഇന്നസന്റ് ആറാമൻ : 1352–1362
  • അർബൻ അഞ്ചാമൻ: 1362–1370
  • ഗ്രിഗോരിയോൻ പതിനൊന്നാമൻ : 1370–1378

ഇവർ ഏഴു പേരും ഫ്രെഞ്ചുകാരായിരുന്നു. ഇവരിൽ ബെനഡിക്ട് പന്ത്രണ്ടാമൻ, ഇന്നസന്റ് ആറാമൻ, അർബൻ അഞ്ചാമൻ എന്നിവർ തികഞ്ഞ ജീവിതവിശുദ്ധി പാലിച്ചവരായിരുന്നു. തീർത്തും സദാചാരവിരുദ്ധമായി ജീവിച്ചത് ക്ലെമന്റ് ആറാമൻ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് അവിഞ്ഞോൺ യൂറോപ്പിലെ ധാർമ്മികതയുടെ കേന്ദ്രമെന്ന പോലെ അഴിമതിയുടെ തലസ്ഥാനവുമായി. സാർവർത്രികസഭയുടെ തലവനെന്ന നിലയിൽ അദ്ദേഹം പിന്തുടർന്ന നയത്തിന്റെ നിർണ്ണായകഘടകങ്ങളിലൊന്ന് ഫ്രാൻസിന്റേയും സ്വന്തം ബന്ധുജനങ്ങളുടേയും താത്പര്യങ്ങളുടെ പരിഗണന ആയിരുന്നെന്ന് കത്തോലിക്കാ വിജ്ഞാനകോശം പറയുന്നു. എങ്കിലും അദ്ദേഹത്തെ മാറ്റിനിർത്തിയാൽ, ധനമോഹവും ദുരയും കാർക്കശ്യവും കൊണ്ട് തീർത്തും ലൗകികനായിരുന്ന ജോൺ ഇരുപത്തിരണ്ടാമൻ പോലും മറ്റുവിധത്തിൽ അസാന്മാർഗി അല്ലായിരുന്നു.

പേപ്പൽ അധികാരകേന്ദ്രത്തിനു ചുറ്റുമുള്ളവരുടെ ആഡംബരജീവിതത്തിനും ഫ്രെഞ്ചുരാജാക്കന്മാരുടെ യുദ്ധങ്ങളുടെ നടത്തിപ്പിനുമായി അവിഞ്ഞോണിലെ 'തിരുസിംഹാസനം' ക്രൈസ്തവലോകത്തെമ്പാടും നിന്നു നടത്തിയ നികുതിപിരിവിന്റെ കാര്യക്ഷമത, യൂറോപ്പിലെ സിവിൽ ഭരണകൂടങ്ങളെ അസൂയപ്പെടുത്തുകയും അരിശം കൊള്ളിക്കുകയും ചെയ്തു. സഭാനികുതിയുടെ ഭാരം താങ്ങാൻ കഴിയാതിരുന്ന ഗ്രാമപ്പാതിരിമാർ, ഇടവകപ്പള്ളികൾ ഉപേക്ഷിച്ചു പോകുന്ന നിലയെത്തി.

മടക്കം

അവിഞ്ഞോണിലെ പാപ്പാവാഴ്ച 
അവിഞ്ഞോണിൽ നിന്നു റോമിലേക്കു മടങ്ങുന്ന ഗ്രിഗോരിയോസ് പതിനൊന്നാമൻ മാർപ്പാപ്പ; ഗിയോർഗിയോ വസാരിയുടെ ഈ ചിത്രത്തിൽ സിയെനായിലെ കത്രീനയേയും കാണാം

അവിഞ്ഞോണിലെ മാർപ്പാപ്പാമാർ നിയമിച്ച 134 കർദ്ദിനാളന്മാരിൽ 113 പേരും ഫ്രെഞ്ചുകാരായിരുന്നു. ഈ കാലഘട്ടത്തിൽ മാർപ്പാപ്പാമാർ ഒന്നിനൊന്ന് ഫ്രെഞ്ചു രാജാധികാരത്തിന്റെ ചൊൽപ്പടിയിലായതോടെ ഇതരനാടുകളിൽ അവരുടെ സ്വാധീനം ക്ഷയിക്കാൻ തുടങ്ങി. സിയെനായിലെ കത്രീന സ്വീഡനിലെ ബ്രിജീത്താ മുതലായ വിശുദ്ധാത്മാക്കളും മറ്റും റോം കേന്ദ്രമാക്കിയുള്ള പപ്പാവാഴ്ചയുടെ പുനഃസ്ഥാപനത്തിനു ശ്രമിച്ചു. 1376-ൽ ഗ്രിഗോരിയോസ് പതിനൊന്നാമൻ മാർപ്പാപ്പാ അവിഞ്ഞോൺ വിട്ട് റോമിലെത്തിയതോടെ 'പ്രവാസം' അവസാനിച്ചു.

'പ്രവാസ'ത്തിന്റെ ഔപചാരികസമാപ്തിക്കു ശേഷവും പ്രശ്നങ്ങൾ അവസാനിച്ചില്ല. ഗ്രിഗോരിയോസിന്റെ പിൻഗാമി അർബൻ ആറാമനെ അംഗീകരിക്കാൻ ഒരു വിഭാഗം കർദ്ദിനാളന്മാർ വിസമ്മതിച്ചു. 1378-ൽ അവർ ഒരു എതിർമാർപ്പാപ്പയെ തെരഞ്ഞെടുത്ത് അവിഞ്ഞോണിൽ വാഴിച്ചതോടെ പ്രസിദ്ധമായ 'പാശ്ചാത്യശീശ്മ' (Western Schism) ആരംഭിച്ചു. ഭിന്നിപ്പുകാലത്തെ അവിഞ്ഞോൺ മാർപ്പാപ്പാമാരുടെ രണ്ടാം പരമ്പരയെ കത്തോലിക്കാ സഭ അവിഹിതവാഴ്ചയായി കണക്കാക്കുന്നു. 1417-ൽ കോൺസ്റ്റൻസിലെ സൂനഹദോസാണ് ഭിന്നിപ്പിന് അറുതിവരുത്തിയത്.

അവലംബം

Tags:

അവിഞ്ഞോണിലെ പാപ്പാവാഴ്ച തുടക്കംഅവിഞ്ഞോണിലെ പാപ്പാവാഴ്ച അപചയംഅവിഞ്ഞോണിലെ പാപ്പാവാഴ്ച മടക്കംഅവിഞ്ഞോണിലെ പാപ്പാവാഴ്ച അവലംബംഅവിഞ്ഞോണിലെ പാപ്പാവാഴ്ചഇറ്റലിഫ്രാൻസ്മാർപ്പാപ്പറോം

🔥 Trending searches on Wiki മലയാളം:

ഓട്ടിസം സ്പെൿട്രംഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ഒരു സങ്കീർത്തനം പോലെസയ്യിദ നഫീസകലാമണ്ഡലം സത്യഭാമബദർ ദിനംസുകുമാരിദേശീയപാത 66 (ഇന്ത്യ)ഇല്യൂമിനേറ്റിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻനാഴികഗ്ലോക്കോമയൂദാസ് സ്കറിയോത്തസമസ്ത കേരള ജംഇയ്യത്തുൽ ഉലമപണംതിരുവത്താഴംഏഷ്യാനെറ്റ് ന്യൂസ്‌രണ്ടാം ലോകമഹായുദ്ധംവിവരാവകാശനിയമം 2005രോഹിത് ശർമഅന്വേഷിപ്പിൻ കണ്ടെത്തുംമലയാളലിപിസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകേരളത്തിലെ പാമ്പുകൾലൈലയും മജ്നുവുംചാത്തൻസുരേഷ് ഗോപിശ്രീനിവാസൻമലയാളം വിക്കിപീഡിയസ്നേഹംപ്രകാശസംശ്ലേഷണംബിരിയാണി (ചലച്ചിത്രം)കമ്പ്യൂട്ടർകറുത്ത കുർബ്ബാനചന്ദ്രഗ്രഹണംതണ്ണീർത്തടംചെറുകഥകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഭൂഖണ്ഡംമക്ക വിജയംവി.ഡി. സാവർക്കർവയലാർ പുരസ്കാരംവിവേകാനന്ദൻമദ്യംനോവൽമാലികിബ്നു അനസ്കലാഭവൻ മണികാളിദാസൻഹലോതിരുവോണം (നക്ഷത്രം)ഒ.എൻ.വി. കുറുപ്പ്ആലപ്പുഴഅന്തർമുഖതഅമോക്സിലിൻവ്യാഴംമലബന്ധംആമിന ബിൻത് വഹബ്ഫത്ഹുൽ മുഈൻധനകാര്യ കമ്മീഷൻ (ഇന്ത്യ)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകൊല്ലൂർ മൂകാംബികാക്ഷേത്രംപൾമോണോളജികേരള സാഹിത്യ അക്കാദമി പുരസ്കാരംപൂച്ചമന്ത്രാജ്യസഭഇൻസ്റ്റാഗ്രാംവൈക്കം വിശ്വൻഇന്ത്യൻ ചേരഅണലിനവരത്നങ്ങൾബറാഅത്ത് രാവ്പുകവലിപാത്തുമ്മായുടെ ആട്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികറഷ്യൻ വിപ്ലവംഇന്ത്യയുടെ ദേശീയപതാക🡆 More