സത്യ സായി ബാബ

ഒരു ഇന്ത്യൻ ആദ്ധ്യാത്മിക ഗുരുവും കാരുണ്യ പ്രവർത്തകനുമായിരുന്നു സത്യസായിബാബ (ജനനം സത്യനാരായണ രാജു നവംബർ 23, 1926: മരണം ഏപ്രിൽ 24, 2011)സായി ബാബയുടെ അത്ഭുത പ്രവർത്തികളായിരുന്ന വായുവിൽ നിന്ന് വിഭൂതി (വിശുദ്ധ ഭസ്മം), വാച്ച്, നെക്ക്ലെസ്, റിംങ്ങുകൾ തുടങ്ങിയവ എടുക്കുക തുടങ്ങി അസുഖം ഭേദമാക്കൽ , അതീന്ദ്രിയജ്ഞാനം, തുടങ്ങിയവ പലപ്പോഴും പ്രശസ്തിക്കും വിവാദത്തിനും വഴിവെച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഭക്തർ ഇത് ദൈവിക ലക്ഷണങ്ങളായി കണ്ടപ്പോൾ മറ്റുളളർ ഇത് കേവലം ആഭിചാരിക തന്ത്രങ്ങളായി കണ്ടു.ഇതിനു പുറമേ ഇദ്ദേഹത്തിനെതിരായി പല ലൈംഗിക അപവാദ ആരോപണവും. വഞ്ചന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലൊം തനിക്കെതിരെയുള്ള ദുഷ്പ്രചാരണമെന്ന് പറഞ്ഞാണ് ബാബ നേരിട്ടത്.

സത്യസായിബാബ
സത്യ സായി ബാബ
ജനനംസത്യനാരായണ രാജു
(1926-11-23)23 നവംബർ 1926
പുട്ടപർത്തി, മദ്രാസ്, ബ്രിട്ടീഷ് ഇന്ത്യ
മരണം24 ഏപ്രിൽ 2011(2011-04-24) (പ്രായം 84)
പുട്ടപർത്തി, ആന്ധ്രാപ്രദേശ്, ഇന്ത്യ
ദേശീയതഭാരതീയൻ
സ്ഥാപിച്ചത്സത്യസായി സംഘടന
ഗുരുഇല്ല (സ്വയം പ്രഖ്യാപിത അവതാരം)
തത്വസംഹിതഷിർദ്ദി സായി പ്രസ്ഥാനം
ഉദ്ധരണിഎല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക
എപ്പോഴും സഹായിക്കുക, ഒരിക്കലും വേദനിപ്പിക്കാതിരിക്കുക

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് 126 രാജ്യങ്ങളിലായി ഏതാണ്ട് 1200-ഓളം സായി സംഘടനകൾ ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബ താൻ ഷിർദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്നാണ് അവകാശപ്പെട്ടിരുന്നത്.

ജീവിത രേഖ

ആദ്യകാലം

1926 നവംബർ 23-ന് ഇന്നത്തെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ (അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന) അനന്തപൂർ ജില്ലയിലെ പുട്ടപർത്തി എന്ന ഗ്രാമത്തിൽ പെദ്ദവേങ്കമ്മ രാജുവിന്റെയും ഈശ്വരമ്മയുടെയും അഞ്ചുമക്കളിൽ നാലാമനായാണ് സത്യസായിബാബ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായ സത്യനാരായണരാജു ജനിച്ചത്. ശേഷം രാജു (1911-1984), വെങ്കമ്മ (1918-1993), പാർവ്വതിയമ്മ (1920-1998), ജാനകീരാമയ്യ (1931-2003) എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. സായിഭക്തർ അദ്ദേഹത്തിന്റെ ജനനത്തിന് ദിവ്യത്വം കല്പിച്ചുകൊടുക്കുന്നു.

പുട്ടപർത്തിക്കടുത്തുള്ള ബുക്കപട്ടണത്തെ ഗവ. ഹൈസ്കൂളിലാണ് സത്യൻ പഠിച്ചത്. ജ്യേഷ്ഠനായ ശേഷം രാജുവിനോടൊപ്പം കിലോമീറ്ററുകൾ നടന്നാണ് അദ്ദേഹം പോയിരുന്നത്. ദരിദ്രകുടുംബാംഗമായിരുന്ന സത്യന് വൻ അളവിൽ ഫീസടയ്ക്കേണ്ടിവന്നിരുന്നു. വിദ്യാഭ്യാസകാര്യങ്ങളിൽ ശ്രദ്ധ കുറവായിരുന്നെങ്കിലും അസാമാന്യ ബുദ്ധിശക്തിയുടെ ഉടമയായിരുന്നു സത്യനെന്ന് പറയപ്പെടുന്നു. സംഗീതം, നൃത്തം, നാടകം തുടങ്ങി നിരവധി കാര്യങ്ങളിൽ അപാരമായ പാണ്ഡിത്യം സത്യന്നുണ്ടായിരുന്നു. അക്കാലത്തുതന്നെ അദ്ദേഹം അന്തരീക്ഷത്തിൽ നിന്ന് ചില വസ്തുക്കൾ സൃഷ്ടിച്ച് സുഹൃത്തുക്കൾക്കും മറ്റും ദാനം ചെയ്യുമായിരുന്നു എന്ന് പറയപ്പെടുന്നു. സ്കൂൾ അധ്യാപകനായിരുന്ന ജ്യേഷ്ഠന് ഉരവക്കൊണ്ട എന്ന സ്ഥലത്തെ ഒരു സ്കൂളിലേയ്ക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ അദ്ദേഹം സത്യനെയും കൂടെക്കൂട്ടുകയും പ്രസ്തുത സ്കൂളിൽ ചേർക്കുകയും ചെയ്തു.

സത്യ സായി ബാബ 
പുട്ടപർത്തി

സത്യൻ ചെറുപ്പത്തിൽതന്നെ സസ്യാഹാരി ആയിരുന്നു. അശരണരോടും പാവപ്പെട്ടവരോടും സത്യന് എന്നും സഹതാപമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സത്യൻ സ്വന്തമായി ഭജന രചിച്ചു പാടിയിരുന്നു. 'മനസാ ഭജരേ ഗുരു ചരണം' എന്ന് തുടങ്ങുന്ന ഭജന ഗ്രാമീണരെ ആനന്ദിപ്പിച്ചു.

1940 മാർച്ച് എട്ടിന്, സത്യന് 14 വയസ്സുള്ളപ്പോഴായിരുന്നു കരിന്തേൾ ദംശനം. കരിന്തേളിന്റെ കടിയേറ്റ് മണിക്കൂറുകളോളം അബോധാവസ്ഥയിലേയ്ക്ക് പോയ സത്യൻ പിന്നെ വളരെ അസ്വാഭാവികമായിട്ടാണ് വീട്ടുകാരോട് പ്രതികരിച്ചത്. ഭ്രാന്താണെന്ന് സംശയിച്ച് പല രീതിയിലുള്ള ചികിത്സകളും സത്യന്റെ മാതാപിതാക്കൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, 1940 ഒക്ടോബർ 20-ന് താൻ ഷിർദ്ദി സായിബാബയുടെ പുനർജന്മമാണെന്ന് സത്യൻ പ്രഖ്യാപിച്ചു. തുടർന്നാണ് അദ്ദേഹം 'സത്യസായിബാബ' എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്. 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവുമായി ഇന്നത്തെ മഹാരാഷ്ട്രയിലെ അഹമദ്നഗർ ജില്ലയിലെ ഷിർദ്ദിയിൽ ജീവിച്ചിരുന്ന ഷിർദ്ദി സായിബാബ സമാധിയായി എട്ടുവർഷം കഴിഞ്ഞായിരുന്നു സത്യസായിബാബയുടെ ജനനം.

ആദ്യക്ഷേത്രവും, പുട്ടപർത്തിയുടെ വികസനവും

ഷിർദ്ദി സായിബാബയുടെ പുനർജന്മമായി സ്വയം പ്രഖ്യാപിച്ച സത്യസായിബാബയെ കാണാൻ തുടർന്ന് ഭക്തജനങ്ങളുടെ ഒരു പ്രവാഹമായി. അവർക്കായി 1944-ൽ അദ്ദേഹം ഒരു ക്ഷേത്രം പണിതുകൊടുത്തു. ഇന്നിത്, 'പഴയ ക്ഷേത്രം' എന്നറിയപ്പെടുന്നു. 1948-ലാണ് അദ്ദേഹത്തിന്റെ പ്രധാന ആശ്രമമായ 'പ്രശാന്തി നിലയ'ത്തിന്റെ പണി തുടങ്ങിയത്. തന്റെ 25-ആം ജന്മദിനമായിരുന്ന 1950 നവംബർ 23-ന് അദ്ദേഹം ഇത് ഭക്തർക്കായി തുറന്നുകൊടുത്തു. 1954-ൽ പുട്ടപർത്തിയിൽ ദരിദ്രർക്കായി ഒരു സൗജന്യ ജനറൽ ആശുപത്രി അദ്ദേഹം നിർമ്മിച്ചു. അത്ഭുതരോഗശാന്തിയിലൂടെയും മറ്റും അദ്ദേഹം പെട്ടെന്നുതന്നെ ലോകപ്രസിദ്ധനായി. 1957-ൽ ഉത്തരേന്ത്യൻ സന്ദർശനം നടത്തിയ ബാബ ഉത്തരേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തി.

മസ്തിഷ്കാഘാതവും അത്ഭുതരോഗശാന്തിയും

1963 ജൂൺ 29-ന് സായിബാബയ്ക്ക് ഒരു മസ്തിഷ്കാഘാതം സംഭവിച്ചതായി വാർത്തകൾ പരന്നു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇടതുവശം തളർന്നുപോകുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. നാല് ഹൃദയാഘാതങ്ങളും അദ്ദേഹത്തിനുണ്ടായതായി പറയപ്പെടുന്നു. ഒരാഴ്ചയോളം ബുദ്ധിമുട്ടനുഭവിച്ച ബാബ ഗുരു പൂർണ്ണിമ ദിവസമായിരുന്ന ജൂലൈ 6-ന് രോഗവിമുക്തനായി. ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാനായി സഹായിയോട് വലതുകൈ കൊണ്ട് ആംഗ്യം കാണിച്ച ബാബ തുടർന്ന് വലതുകൈ കൊണ്ട് വെള്ളമെടുത്ത് ഇടതുകയ്യിൽ തളിച്ചപ്പോൾ ഇടതുകയ്യിന്റെ പ്രവർത്തനശേഷി തിരിച്ചുകിട്ടി. തുടർന്ന് ഇരുകൈകൾ കൊണ്ടും ഇടതുകാലിൽ തളിച്ചു. അപ്പോൾ ഇടതുകാലിനും പ്രവർത്തനശേഷി തിരിച്ചുകിട്ടി. ഒപ്പം, സംസാരശേഷിയും തിരിച്ചുവന്നു. തുടർന്ന്, താൻ ശിവ-ശക്തി അവതാരമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 96 വയസ്സുവരെ താൻ ജീവിച്ചിരിയ്ക്കുമെന്നും, അതുവരെയും താൻ പൂർണ്ണ ആരോഗ്യവാനായിരിയ്ക്കുമെന്നും മരണശേഷം അയൽ സംസ്ഥാനമായ കർണാടകയിലെ മണ്ഡ്യ ജില്ലയിൽ പ്രേമ സായി ബാബ എന്ന പേരിൽ പുനരവതിരിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1968 ജൂൺ 29-ന് ബാബ തന്റെ ഏക വിദേശയാത്ര നടത്തി. കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലേയ്ക്കായിരുന്നു ആ യാത്ര. ഏകദേശം രണ്ടാഴ്ച നീണ്ടുനിന്ന ഈ യാത്രയ്ക്കിടയിൽ അദ്ദേഹം ഉഗാണ്ടൻ ഏകാധിപതിയായിരുന്ന ഇദി അമീനുമായി വേദി പങ്കിടുകയുണ്ടായി. പിന്നീട് പലതവണ പലരും അദ്ദേഹത്തെ വിദേശയാത്രയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ഒരിയ്ക്കലും അദ്ദേഹം പിന്നീട് വിദേശയാത്ര നടത്തിയില്ല.

വിമർശനങ്ങൾ

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോൾ തന്നെ നിറയെ വിമർശനങ്ങളും ബാബ നേരിട്ടിട്ടുണ്ട്. ഇവയിൽ മിക്കതും അദ്ദേഹത്തിന്റെ പഴയ സഹപ്രവർത്തകരിൽ നിന്നും യുക്തിവാദ ചിന്തകരിൽ നിന്നുമാണ്. പ്രധാനമായും അദ്ദേഹത്തിന്റെ 'അത്ഭുത'ങ്ങളെക്കുറിച്ചാണ് വിമർശനങ്ങളുണ്ടായിട്ടുള്ളതെങ്കിലും പീഡനം, ബലാത്സംഗം, പണം തട്ടിയെടുക്കൽ, കൊലപാതകം തുടങ്ങിയവയും അദ്ദേഹത്തിന്റെ പേരിൽ ആരോപിയ്ക്കപ്പെട്ടിട്ടുണ്ട്.

അത്ഭുതങ്ങൾക്കെതിരെ

1972-ൽ കേരളത്തിലെ പ്രമുഖ യുക്തിവാദ ചിന്തകനായിരുന്ന എ.ടി. കോവൂരാണ് ആദ്യമായി ബാബയ്ക്കെതിരെ ഒരു ആരോപണം ഉന്നയിച്ചത്. ആയിടെയായി ഒരു സായിഭക്തൻ സീക്കോ കമ്പനിയുടെ ഒരു വാച്ച് ബാബ അത്ഭുതത്തിലൂടെ സൃഷ്ടിച്ചെടുത്തു എന്ന് പറയുകയും, അത് വ്യാജമാണെന്ന് തെളിയുകയും ചെയ്ത സാഹചര്യത്തിൽ നിന്നാണ് കോവൂർ ഈ ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു:

1976 ഏപ്രിലിൽ ബെംഗളൂരു സർവ്വകലാശാലയുടെ അന്നത്തെ വൈസ് ചാൻസലറും പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും യുക്തിവാദചിന്തകനുമായിരുന്ന ഹൊസൂർ നരസിംഹയ്യ, ബാബയടക്കമുള്ള അത്ഭുതപ്രവർത്തകരുടെ അത്ഭുതങ്ങളെക്കുറിച്ചും മറ്റ് അന്ധവിശ്വാസങ്ങളെക്കുറിച്ചും അന്വേഷിയ്ക്കുന്നതിനായി ഒരു കമ്മിറ്റി രൂപവത്കരിയ്ക്കുകയും അതിന്റെ അധ്യക്ഷത വഹിയ്ക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി അദ്ദേഹം ബാബയോട് നിയന്ത്രിതമായ അവസ്ഥയിൽ തന്റെ അത്ഭുതങ്ങൾ കാണിയ്ക്കാൻ മൂന്ന് കത്തുകളിലൂടെ ആവശ്യപ്പെട്ടെങ്കിലും ബാബ ആ ആവശ്യം നിരസിച്ചു. 'മനുഷ്യയുക്തിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളെ ഭൗതികശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ കാണുന്നത് ശരിയല്ല' എന്നായിരുന്നു ഈ വിഷയത്തോടുള്ള ബാബയുടെ പ്രതികരണം. ബാബ തന്റെ ആവശ്യം നിരസിച്ചത് അദ്ദേഹത്തിന്റെ അത്ഭുതങ്ങൾ വ്യാജമാണെന്നതിന്റെ തെളിവാണെന്ന് നരസിംഹയ്യ പിന്നീട് പറയുകയുണ്ടായി. ഇത് മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് വഴിവച്ചു.

ബാബയുടെ ഏറ്റവും വലിയ വിമർശകരിലൊരാളായിരുന്നു മലയാളിയായ ബസവ പ്രേമാനന്ദ്. ഇന്ത്യൻ യുക്തിവാദിസംഘത്തിന്റെ സ്ഥാപകനേതാവായിരുന്ന പ്രേമാനന്ദ്, അന്ധവിശ്വാസങ്ങൾക്കെതിരെയും ശാസ്ത്രബോധത്തിനുവേണ്ടിയും ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്. 1976-ലാണ് അദ്ദേഹം ബാബയ്ക്കെതിരെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. 1986-ൽ സ്വർണ്ണ നിയന്ത്രണ നിയമം അനുസരിച്ച് അദ്ദേഹം ബാബയ്ക്കെതിരെ കേസ് കൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.തുടർന്ന് പുട്ടപർത്തിയിലേയ്ക്ക് യുക്തിവാദികളുടെ മാർച്ച് നടത്തിയ പ്രേമാനന്ദിന് ഗുരുതരമായ മർദ്ദനമേൽക്കുകയുണ്ടായി. അതിഭൗതികശക്തികൾ നിയമത്തിന് വിലക്കല്ലെന്നാണ് പ്രേമാനന്ദ് പിന്നീട് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. അർബുദബാധയെത്തുടർന്ന് 2009 ഒക്ടോബർ നാലിന് 79-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

1995-ൽ പ്രശസ്ത ബ്രിട്ടീഷ് സംവിധായകനായിരുന്ന റോബർട്ട് ഈഗിൾ ചാനൽ 4 എന്ന ബ്രിട്ടീഷ് ചാനലിനുവേണ്ടി സംവിധാനം ചെയ്ത ഗുരു ബസ്റ്റേർസ് എന്ന ഡോക്യുമെന്ററിയിൽ ബാബയുടെ 'അത്ഭുത'ങ്ങൾ വ്യാജമാണെന്ന് സമർത്ഥിയ്ക്കുകയുണ്ടായി. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ബാബയുടെ ജന്മദിനത്തിലെ ഒരു രംഗം ഉദാഹരണമാക്കിയാണ് അവർ ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രസ്തുത രംഗം, 1992 നവംബർ 23-ന് പ്രശസ്ത ഇംഗ്ലീഷ് പത്രമായ ഡെക്കാൻ ക്രോണിക്കിളിൽ ബാബയുടെ 'അത്ഭുതം' പൊളിച്ചടുക്കപ്പെടുന്നു എന്ന തലക്കെട്ടോടെ മുൻ പേജിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.

1998-ൽ പ്രശസ്ത ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ മിക് ബ്രൗൺ തന്റെ സ്പിരിച്യൽ ടൂറിസ്റ്റ് എന്ന പുസ്തകത്തിൽ, അമേരിക്കക്കാരനായിരുന്ന വാൾട്ടർ കോവൻ എന്ന ഭക്തനെ 1971-ൽ ബാബ ഉയിർത്തെഴുന്നേൽപ്പിച്ചതായി പ്രചരിച്ചുവന്നിരുന്ന കഥ വ്യാജമാണെന്ന് അഭിപ്രായപ്പെട്ടു. ബസവ പ്രേമാനന്ദ് നടത്തിയിരുന്ന ഇന്ത്യൻ സ്കെപ്റ്റിക് എന്ന മാസികയിൽ, കോവനെ ചികിത്സിച്ചിരുന്ന ഡോക്ടർമാരുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേ സമയം, ലണ്ടനിലെ വീടുകളിൽ ബാബയുടെ ചിത്രങ്ങളിൽ നിന്ന് ഭസ്മം വരുന്ന രീതിയിൽ കണ്ടത് വ്യാജമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാബയുടെ സർവ്വവ്യാപിത്വത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'യുക്തിവാദികൾ ചരിത്രത്തിലും ബൈബിൾ പ്രവചനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലും എഴുതപ്പെട്ട രേഖകളിലും കണ്ട വൈരുധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിയ്ക്കുന്നത്' എന്നും ബ്രൗൺ പറയുകയുണ്ടായി."

ലൈംഗികാരോപണങ്ങൾ

2002 ജനുവരിയിൽ ഡെന്മാർക്ക് ടി.വി. 'സെഡ്യൂസ്ഡ് ബൈ സായിബാബ' എന്ന പേരിൽ നിർമ്മിച്ച ഡോക്യുമെന്ററി, ബാബയ്ക്കെതിരെയുള്ള വിദേശത്തെ ഏറ്റവും ശ്രദ്ധേയമായ നിർമ്മിതികളിലൊന്നായിരുന്നു. ഈ വീഡിയോയിൽ ബാബ നടത്തിയ 'അത്ഭുത'പ്രവർത്തികൾ വ്യാജമാണെന്നും അവ കൈമിടുക്ക് കൊണ്ടുള്ള ക്രിയകൾ മാത്രമാണെന്നും തെളിവുസഹിതം വിശദീകരിയ്ക്കുകയുണ്ടായി. ഇതേ ഡോക്യുമെന്ററിയിലാണ് ബാബയുടെ മുൻ ഭക്തനായ ആലയ റാം എന്ന അമേരിക്കക്കാരനുമായുള്ള അഭിമുഖങ്ങളും കാണിയ്ക്കപ്പെട്ടത്. ഒരിയ്ക്കൽ പുട്ടപർത്തിയിലെ ബാബയുടെ ആശ്രമം സന്ദർശിച്ച തന്നെ അഭിമുഖത്തിനായി വിളിച്ചപ്പോൾ ബാബ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആലയ റാമിന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ചാവിഷമാകുകയും തുടർന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ഇതിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു.

2004-ൽ ബി.ബി.സി. 'ദി സീക്രട്ട് സ്വാമി' എന്ന പേരിൽ ഒരു ഡോക്യുമെന്ററി നിർമ്മിയ്ക്കുകയുണ്ടായി. 'ലോകം വെളിപ്പെടുന്നു' എന്ന പേരിൽ ആയിടെ ബി.ബി.സി. തുടങ്ങിയ ഡോക്യുമെന്ററികളുടെ ഒരു പരമ്പരയായാണ് ഇത് നിർമ്മിയ്ക്കപ്പെട്ടത്. ആലയ റാമിന്റെ വെളിപ്പെടുത്തലുകളായിരുന്നു ഈ ഡോക്യുമെന്ററിയുടെ പ്രധാന വിഷയം. ബാബയുടെ മറ്റൊരു മുൻ ഭക്തനായ മാർക്ക് റോച്ചേയ്ക്കൊപ്പമാണ് ആലയ റാം ഈ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെട്ടത്. ആലയ റാമിന്റെ ആരോപണങ്ങൾ ശരിയാണെന്ന് റോച്ചേയും അഭിപ്രായപ്പെട്ടു. ബസവ പ്രേമാനന്ദ് ബാബയ്ക്കെതിരെ നടത്തിയ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ബാബയുടെ 'അത്ഭുത'ങ്ങൾ വ്യാജമാണെന്ന് പ്രേമാനന്ദ് ഇവിടെയും അഭിപ്രായപ്പെട്ടു.

ബാബയുടെ ആശ്രമത്തിൽ നടന്ന കൂട്ടക്കൊല

1993 ജൂൺ ആറിന് ആയുധധാരികളായ നാലുപേർ ബാബയുടെ പ്രധാന ആശ്രമമായ പ്രശാന്തി നിലയത്തിലെ അദ്ദേഹത്തിന്റെ കിടപ്പുമുറിയിലേയ്ക്ക് അതിക്രമിച്ചുകയറുകയും തുടർന്നുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു. വധശ്രമത്തിൽ നിന്ന് ബാബ രക്ഷപ്പെട്ടു. അംഗങ്ങൾക്കിടയിൽ തന്നെയുണ്ടായ അധികാരത്തർക്കമോ വധശ്രമമോ ആയിരുന്നു അതിക്രമിച്ചുകയറിയവരുടെ ലക്ഷ്യം എന്ന് പറയപ്പെടുന്നു. ബാബയുടെ രണ്ട് സഹായികളും വെടിവെപ്പിൽ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ അന്വേഷണത്തോട് സഹകരിയ്ക്കാൻ ബാബയോ മറ്റ് സഹപ്രവർത്തകരോ തയ്യാറായില്ല. അതിനാൽ, ഇപ്പോഴും ഈ സംഭവത്തിൽ വ്യക്തത വന്നിട്ടില്ല.

ബാബയുടെയും ഭക്തരുടെയും പ്രതികരണങ്ങൾ

തന്നോടും തന്റെ ഭക്തരോടും വിരോധമുള്ള ചിലർ തനിയ്ക്കെതിരെ നടത്തുന്ന ദുഷ്പ്രചരണത്തിന്റെ ഭാഗം മാത്രമാണ് മേൽപ്പറഞ്ഞ ആരോപണങ്ങൾ എന്നുപറഞ്ഞാണ് ബാബ മേൽപ്പറഞ്ഞ ആരോപണങ്ങളെ നേരിട്ടത്. അദ്ദേഹത്തിന്റെ ഭക്തരും ഇതേ വാദം ഉന്നയിച്ചുവരുന്നു. ബാബയുടെ ഭക്തനും പ്രശസ്ത എഴുത്തുകാരനും യാത്രികനുമായ ബിൽ ഐറ്റ്കെൻ, 2005 നവംബർ മാസത്തിൽ ദി വീക്ക് എന്ന ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബാബയുടെ പ്രശസ്തി അദ്ദേഹത്തിനെതിരായി ഉയർത്തപ്പെട്ട ആരോപണങ്ങൾ കൊണ്ട് നഷ്ടപ്പെട്ടിട്ടില്ലെന്നും, വാസ്തവത്തിൽ കൂടുതൽ ഭക്തരെ സൃഷ്ടിയ്ക്കുകയാണുണ്ടായതെന്നും അഭിപ്രായപ്പെടുകയുണ്ടായി. സത്യസായി എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ പ്രിൻസിപ്പാളും ബാബയുടെ സന്തതസഹചാരിയും പരിഭാഷകനുമായിരുന്ന അനിൽകുമാർ 2000 ഒക്ടോബറിൽ 'ഡെയ്ലി ടെലഗ്രാഫ്' എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ച 'ഡിവൈൻ ഡൗൺഫാൾ' (ദൈവീകമായ പതനം) എന്ന ലേഖനത്തിൽ, ബാബയ്ക്കെതിരായ ആരോപണങ്ങൾ അദ്ദേഹത്തിന്റെ ദൈവികമായ തീരുമാനങ്ങളാണെന്നും, കുട്ടിക്കാലം മുതലേ ബാബ അത്തരത്തിൽ പല ആരോപണങ്ങളും നേരിട്ടിട്ടുണ്ടെന്നും, എന്നാൽ അവയെയെല്ലാം അദ്ദേഹം അതിജീവിച്ചിട്ടുണ്ടെന്നും അതിനാൽ ഇത്തരം ആരോപണങ്ങളെയും അതിജീവിയ്ക്കുമെന്നും താൻ വിശ്വസിയ്ക്കുന്നതായി പറയുകയുണ്ടായി. 'റിഡെംപ്റ്റീവ് എൻകൗണ്ടേഴ്സ്:ത്രീ മോഡേൺ സ്റ്റൈൽസ് ഇൻ ദി ഹിന്ദു ട്രഡീഷൻ' എന്ന പുസ്തകം രചിച്ച ലോറൻസ് എ. ബാബ്, ബാബ ഒരു സാധാരണ തെരുവുമാന്ത്രികനെക്കാളും എന്തുകൊണ്ടും വലിയ ആളാണെന്ന് പ്രസ്തുത പുസ്തകത്തിൽ അഭിപ്രായപ്പെട്ടു.

2000 ഡിസംബർ 25-ന് പ്രശാന്തി നിലയത്തിലെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ തനിയ്ക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ബാബ ഇപ്രകാരം പറഞ്ഞു:

ചിലർ, തങ്ങളുടെ ദുഷ്ടബുദ്ധി കാരണം സായിബാബയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഞാൻ പേരിനും പദവിയ്ക്കും പിന്നാലെ പോകുന്നവനല്ല. അതിനാൽ, അത്തരം ആരോപണങ്ങൾ കൊണ്ട് എനിയ്ക്ക് യാതൊരു നഷ്ടവുമുണ്ടാകാൻ പോകുന്നില്ല. എന്റെ പ്രശസ്തി ദിവസം ചെല്ലുംതോറും കൂടിക്കൂടിവരും. ലോകം മുഴുവൻ അവ വലിയ അക്ഷരത്തിൽ കൊടുത്താലും എന്നെ അതൊന്നും ബാധിയ്ക്കാൻ പോകുന്നില്ല. ചില ഭക്തർ ഇത്തരം കെണിയിൽ വന്നുവീഴുന്നുണ്ട്. പക്ഷേ, അവർ എന്റെ യഥാർത്ഥ ഭക്തരല്ല. സായിയുടെ ശക്തിയറിഞ്ഞ അവർ എന്തിന് വെറും കാക്കകളുടെ വാക്കുകൾ കേൾക്കണം? 'ഇത്തരം തട്ടിപ്പുകളിൽ ഒരിയ്ക്കലും ചെന്നുവീഴരുത്' എന്നും പറഞ്ഞ് മാധ്യമങ്ങൾ നടക്കും. അവരുടെ കെണിയിൽ വീഴാതെ നോക്കുക.

പിറ്റേദിവസം പുറത്തിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ, ബാബയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ കൂട്ടിച്ചേർക്കുകയുണ്ടായി. അവ ഇങ്ങനെയായിരുന്നു:

യേശുക്രിസ്തു ഒരുപാട് ദുരനുഭവങ്ങളിലൂടെ കടന്നുപോകുകയുണ്ടായി. അസൂയ മൂലം ശത്രുക്കൾ അദ്ദേഹത്തെ കുരിശിൽ തറച്ചു. ശത്രുക്കൾക്ക് അദ്ദേഹം നടത്തിയ സദ്പ്രവർത്തികളോ അദ്ദേഹത്തിന്റെ ആരാധകരെയോ കാണാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ സ്വന്തം ശിഷ്യനായ യൂദാസ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. അന്ന് ഒരു യൂദാസായിരുന്നെങ്കിൽ ഇന്ന് ഒരുപാട് യൂദാസുമാരുണ്ട്. അന്നത്തെ യൂദാസ് യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തതുപോലെ ഇന്നത്തെ യൂദാസുമാരും അത്തരം പ്രസ്താവനകൾ ഇറക്കിക്കൊണ്ടേയിരിയ്ക്കുന്നു. അസൂയയായിരുന്നു അവരുടെയെല്ലാം പ്രസ്താവനകൾക്കു പിന്നിലെ പ്രേരകശക്തി.

2001 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഒരു ഔദ്യോഗികക്കത്തിൽ, ബാബയുടെ പ്രമുഖ ഭക്തരായ അടൽ ബിഹാരി വാജ്പേയി (അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി), ജസ്റ്റിസ് പി.എൻ. ഭഗവതി (ഇന്ത്യൻ സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് രംഗനാഥ് മിശ്ര (ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷനും ഇന്ത്യൻ സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും), നജ്മ ഹെപ്ത്തുള്ള (ഇന്റർ പാർലമെന്ററി യൂണിയന്റെ അന്നത്തെ അദ്ധ്യക്ഷയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ശ്രദ്ധേയ അംബാസഡറും), ശിവരാജ് പാട്ടീൽ (മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയും) എന്നിവർ ബാബയ്ക്കെതിരെ ഉന്നയിയ്ക്കപ്പെട്ട ആരോപണങ്ങൾക്കെതിരെ ഒരു പ്രമേയം ഐകകണ്ഠേന പാസാക്കുകയുണ്ടായി. അത് ഇങ്ങനെയായിരുന്നു:

ചില തത്പരകക്ഷികൾ ഭഗവാൻ ശ്രീ സത്യസായിബാബയ്ക്കെതിരെ ഉന്നയിയ്ക്കുന്ന നീചവും നിന്ദ്യവും ക്രൂരവുമായ ആരോപണങ്ങളിൽ ഞങ്ങൾ അത്യധികം ദുഃഖം രേഖപ്പെടുത്തുന്നു. ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ ഇത്തരം ആരോപണങ്ങൾ പ്രസിദ്ധീകരിയ്ക്കും മുമ്പ് ബന്ധപ്പെട്ട ആരെയെങ്കിലും വച്ച് അവയുടെ സത്യാവസ്ഥ പരിശോധിയ്ക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം; വിശേഷിച്ചും ബാബയെപ്പോലെ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിവരുന്ന ഒരു വ്യക്തിയ്ക്കെതിരെയാകുമ്പോൾ.

സാമൂഹിക പ്രവർത്തനങ്ങൾ

1954-ൽ ദരിദ്രർക്കായി ആദ്യ ജനറൽ ആശുപത്രി പണിതുകൊണ്ട് സാമൂഹിക പ്രവർത്തനരംഗത്ത് തുടക്കമിട്ട ബാബ, തുടർന്ന് നിരവധി പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ നടത്തിയത്. ജന്മനാടായ പുട്ടപർത്തിയിൽ ദരിദ്രകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി അദ്ദേഹം സൗജന്യ സ്കൂൾ തുറന്നുകൊടുത്തു. പിന്നീട് വിവിധ സ്ഥലങ്ങളിലായി നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. കർണാടകയിലെ മുദ്ദെനഹള്ളി എന്ന സ്ഥലത്ത് തുടങ്ങിയ സത്യസായി ലോകസേവാ സ്കൂൾ, പുട്ടപർത്തിയിൽ തന്നെയുള്ള സത്യസായി സർവ്വകലാശാല, സംഗീതകോളേജ്, മെഡിക്കൽ കോളേജ് തുടങ്ങിയവ അവയിൽ പ്രധാനമാണ്. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് ആത്മീയവഴിയിലേയ്ക്ക് തിരിഞ്ഞ ബാബ തന്നെയായിരുന്നു തന്റെ പേരിലുള്ള സർവ്വകലാശാലയുടെ ആജീവനാന്ത വൈസ് ചാൻസലർ. പുട്ടപർത്തിയെക്കൂടാതെ ബെംഗളൂരൂ, അനന്തപൂർ എന്നീ സ്ഥലങ്ങളിലും അദ്ദേഹം സർവ്വകലാശാലയ്ക്ക് ശാഖകൾ തുറന്നു. കേന്ദ്ര സർക്കാരിന്റെ സർവ്വകലാശാലാ കമ്മീഷൻ ഏറ്റവും ഉയർന്ന എ++ കാറ്റഗറിയിൽ പെടുത്തിയ ഏക സർവ്വകലാശാല സത്യസായി സർവ്വകലാശാലയാണ്. നിലവിൽ ഏതാണ്ട് രണ്ടുലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ സ്ഥാപനങ്ങളിൽ പഠിച്ചുവരുന്നു. സൗജന്യ വിദ്യാഭ്യാസത്തിനൊപ്പം മറ്റുള്ള കാര്യങ്ങളിലുള്ള പരിശീലനവും ഇവിടങ്ങളിൽ നൽകുന്നുണ്ട്. ഓരോ വിദ്യാർത്ഥിയെയും ഉത്തമപൗരനാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നു.

പുട്ടപർത്തിയുടെ പ്രാന്തപ്രദേശമായ പ്രശാന്തിഗ്രാമത്തിൽ അഞ്ചരയേക്കർ സ്ഥലത്ത് പണികഴിപ്പിച്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് ബാബുടെ ആരോഗ്യമേഖലയിലുള്ള ഏറ്റവും വലിയ പ്രവർത്തനം. തന്റെ 65-ആം ജന്മദിനമായിരുന്ന 1990 നവംബർ 23-ന് ബാബ തന്നെ തറക്കല്ലിട്ടുകൊണ്ട് ആരംഭിച്ച ഇതിന്റെ ഉദ്ഘാടനം, 1991 നവംബർ 23-ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവു നിർവ്വഹിച്ചു. നിലവിൽ ലോകത്ത് ലഭ്യമായ എല്ലാത്തരം ചികിത്സകളും ഇവിടെ ലഭ്യമാണ്. ഏകദേശം മുന്നൂറ് കിടക്കകൾ ലഭ്യമായ ഇവിടെ 14 ഓപ്പറേഷൻ തീയേറ്ററുകളും അഞ്ച് ഐ.സി.യു.കളും നിരവധി വാർഡുകളും പ്രവർത്തിച്ചുവരുന്നു. ഇതിനോടകം നാലുലക്ഷം ശസ്ത്രക്രിയകൾ ഇവിടെ നടന്നിട്ടുണ്ട്. 1999 മാർച്ചിൽ ബെംഗളൂരുവിൽ മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയ്ക്കുകൂടി ബാബ തറക്കല്ലിട്ടു. 2001 ജനുവരി 19-ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് അത് ഉദ്ഘാടനം ചെയ്തത്. ഇവിടെയും എല്ലാവിധ ചികിത്സാസൗകര്യങ്ങളും ലഭ്യമാണ്. ഏറ്റവും മികച്ച ചികിത്സ സൗജന്യമായി നൽകുന്നു എന്നതാണ് ഈ ആശുപത്രികളുടെ പ്രത്യേകത. ഒരിയ്ക്കൽ ഈ ആശുപത്രികൾ കാണാനിടയായ ഡോ. മൈക്കൾ നൊബേൽ (ആൽഫ്രഡ് നൊബേലിന്റെ സഹോദരപൗത്രൻ) അവയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു:

ലോകത്ത് മികച്ച സൗകര്യങ്ങളോടുകൂടിയ ഒരുപാട് ആശുപത്രികൾ ഞാൻ കണ്ടിട്ടുണ്ട്. സൗജന്യ ആശുപത്രികളും കുറവല്ല. എന്നാൽ രണ്ടും കൂടി ഒരു കുടക്കീഴിൽ പ്രവർത്തിയ്ക്കുന്ന മറ്റൊരു ആശുപത്രി ഞാൻ കണ്ടിട്ടില്ല. സത്യസായിബാബയുടെ സാന്നിദ്ധ്യം കൂടിയാകുമ്പോൾ ഇതിന് ആത്മീയമായ ഒരു ഉണർവും കൂടിയുണ്ടാകുന്നു. ഇങ്ങനെയൊരു ആശുപത്രി ലോകത്ത് ഇതുമാത്രം.

ഭാരതത്തിലെ ഏറ്റവുമധികം ജലക്ഷാമം അനുഭവിയ്ക്കുന്ന മേഖലകളിലൊന്നും തന്റെ ജന്മദേശമായ പുട്ടപർത്തി ഉൾപ്പെടുന്നതുമായ രായലസീമ മേഖലയിൽ ബാബ ഏതാനും ജലസേചനപദ്ധതികൾ തുടങ്ങിവയ്ക്കുകയുണ്ടായി. 1995 നവംബറിൽ തന്റെ 70-ആം ജന്മദിനം പ്രമാണിച്ചാണ് അദ്ദേഹം ഇതിന്റെ പ്രവർത്തനം ആരംഭിയ്ക്കുന്നത്. ഇതനുസരിച്ച് പലയിടത്തായി കിടക്കുന്ന ഡാമുകളിൽ നിന്ന് നേരിട്ട് പമ്പ് ചെയ്തും ഭൂഗർഭജലമുപയോഗിച്ചുമൊക്കെ നിരവധി പദ്ധതികൾ നടപ്പിലാക്കപ്പെടുകയുണ്ടായി. 1999 നവംബർ 23-ന് ഇതിനെ അനുസ്മരിച്ചുകൊണ്ട് ഒരു സ്റ്റാമ്പും പുറത്തിറക്കിയിരുന്നു. 2005 നവംബറിൽ, കൃഷ്ണാ നദിയിലെ ജലം ചെന്നൈയിൽ എത്തിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബാബ തുടങ്ങിവച്ച സത്യസായി ഗംഗ എന്ന പദ്ധതി, 2007 ജനുവരിയിൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി ഉദ്ഘാടനം ചെയ്തു. സ്വയം പ്രഖ്യാപിത നിരീശ്വരവാദിയും സന്ന്യാസിമാരുടെ ഏറ്റവും വലിയ വിമർശകനുമായിരുന്ന കരുണാനിധി, ഈ ചടങ്ങിൽ വച്ച് ബാബയെ ആദരിച്ചത് വളരെയധികം ശ്രദ്ധേയമായി.

സത്യസായി സംഘടന

1960-ൽ ബാബ തുടങ്ങിയ ഒരു പ്രസ്ഥാനമാണ് സത്യസായി സംഘടന. ആദ്യകാലത്ത് ശ്രീ സത്യസായി സേവാസമിതി എന്നറിയപ്പെട്ടിരുന്ന ഈ പ്രസ്ഥാനത്തിന്, ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് 114 രാജ്യങ്ങളിലായി 1200 കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. എന്നാൽ, സ്ഥിരം ഭക്തരുടെ എണ്ണം 60 ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയിൽ മാത്രമേയുള്ളൂ എന്നാണ് കണക്ക്. ഇവരിൽ നല്ലൊരു ഭാഗവും സമൂഹത്തിന്റെ ഉന്നത-മദ്ധ്യവർഗ്ഗത്തിൽ നിന്നാണ്. തന്റെ ഭക്തരെ സാമൂഹ്യപ്രവർത്തനങ്ങളിലൂടെ ആത്മസാക്ഷാത്കാരത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ഒരു പദ്ധതി എന്നായിരുന്നു ബാബ തന്നെ ഇതിന് നൽകിയ വിശദീകരണം. പുട്ടപർത്തി കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന ഈ സംഘടനയുടെ പ്രാദേശിക കേന്ദ്രങ്ങൾ, നിരവധി സ്ഥലങ്ങളിൽ സൗജന്യ മെഡിക്കൽ കാമ്പുകൾ, ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള കിടപ്പുരോഗികൾക്കും വൃക്ക, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ തകരാറുകൾ അനുഭവിയ്ക്കുന്നവർക്കുമുള്ള ചികിത്സാസഹായം, പ്രകൃതിദുരന്തങ്ങളിലും വാഹനാപകടങ്ങളിലും പെടുന്നവർക്കുള്ള രക്ഷാപ്രവർത്തനം തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്.

സ്കൂളുകളും കോളേജുകളുമടക്കം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ബാബ തുടങ്ങിവച്ചിട്ടുണ്ട്. കൂടാതെ നിരവധി ആശുപത്രികളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലുള്ളതാണ്. 2011-ൽ ബാബയുടെ മരണസമയത്ത് ഈ സംഘടനയ്ക്ക് ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 40000 കോടി രൂപയുടെ ആസ്തി ഇന്ത്യയിലും വിദേശത്തുമായി ഉണ്ടായിരുന്നു. എന്നാൽ, ചില കേന്ദ്രങ്ങൾ ഇതിന് 140000 കോടി രൂപയുടെ ആസ്തിയുണ്ടെന്നുവരെ പറയുകയുണ്ടായി. ബാബയുടെ മരണശേഷം, ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉയർന്നുവരികയും, സ്വർണ്ണവും പണവും ഉൾപ്പെടുന്ന പെട്ടികൾ അദ്ദേഹത്തിന്റെ മുറിയിൽ നീക്കം ചെയ്തതായി വാർത്തകൾ ഉണ്ടാകുകയും ചെയ്തു.

2011 ജൂൺ 17-ന് സത്യസായി ട്രസ്റ്റ് പ്രവർത്തകർ സർക്കാർ, ബാങ്ക്, നികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാബയുടെ വസതി തുറക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മരണശേഷം സീൽ ചെയ്തിരുന്ന വസതിയിൽ നിന്ന് വൻ തോതിൽ സ്വർണ്ണവും വെള്ളിയും പണവും കണ്ടെത്തുകയുണ്ടായി. മൊത്തം 21 കോടി രൂപ വിലയും 98 കിലോ തൂക്കവും വരുന്ന സ്വർണ്ണാഭരണങ്ങൾ, മൊത്തം ഒന്നരക്കോടി രൂപ വിലയും 307 കിലോ തൂക്കവും വരുന്ന വെള്ളിയാഭരണങ്ങൾ, മൊത്തം പതിനൊന്നരക്കോടി രൂപ വില വരുന്ന ധനശേഖരം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മുറിയിൽ നിന്നു ലഭിച്ച പ്രധാന സ്വത്തുവിവരങ്ങൾ. ഈ സ്വത്തുവകകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുട്ടപർത്തി ബ്രാഞ്ചിൽ നിക്ഷേപിച്ചിരുന്നു. 1967-ൽ ബാബ എഴുതിയ വിൽപത്രമനുസരിച്ച് പ്രവർത്തനമാരംഭിച്ച ട്രസ്റ്റിന്റെ പേരിലാണ് സ്വത്തുവകകൾ ബാങ്കിൽ നിക്ഷേപിച്ചത്. ഇതനുസരിച്ച് അവ അളന്നു തിട്ടപ്പെടുത്തിയശേഷം സുരക്ഷിതമായ ഒരു സ്ഥലത്തേയ്ക്ക് മാറ്റുകയുണ്ടായി. ജൂലൈ മാസത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർ, മറ്റുള്ള നാല് മുറികളിൽ നിന്ന് 77 ലക്ഷം രൂപ കൂടി പിടിച്ചെടുക്കുകയുണ്ടായി. ഇവ കൂടാതെ, ആയിരക്കണക്കിന് പട്ടുസാരികൾ, മുണ്ടുകൾ, ഷർട്ടുകൾ, 500 ജോടിയോളം വരുന്ന പാദരക്ഷകൾ, പെർഫ്യൂമും ഹെയർസ്പ്രേയും അടങ്ങുന്ന ആയിരക്കണക്കിന് കുപ്പികൾ, വാച്ചുകൾ, വിലപിടിപ്പുള്ള സ്വർണ്ണം-വെള്ളി ആഭരണങ്ങൾ, വജ്രം അടക്കമുള്ള വിലപിടിപ്പുള്ള രത്നങ്ങൾ തുടങ്ങിയവയും അന്ന് പിടിച്ചെടുക്കപ്പെടുകയുണ്ടായി. അതേ സമയത്തുതന്നെ, ഏകദേശം 68 കിലോ തൂക്കം വരുന്ന സ്വർണ്ണനാണയങ്ങളും ആഭരണങ്ങളും, 245 കിലോ തൂക്കം വരുന്ന വെള്ളിയാഭരണങ്ങൾ, എട്ടുലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ തുടങ്ങിയ സ്വത്തുവകകൾ, ബാബയുടെ ബെംഗളൂരുവിലുള്ള ആശ്രമത്തിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. ഇവയെല്ലാം അദ്ദേഹത്തിന് ഭക്തർ വിവിധ കാലയളവുകളിലായി ദാനം ചെയ്തതാണെന്ന് പറയപ്പെടുന്നു.

പ്രശസ്തരായ ഭക്തർ

മരണം

ജീവിതത്തിന്റെ അവസാനകാലത്ത് വാർദ്ധക്യസഹജമായ നിരവധി രോഗങ്ങൾ ബാബയെ അലട്ടി. വിവിധ കാരണങ്ങൾ കൊണ്ട് പലതവണ അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെടുകയുണ്ടായി. പ്രമേഹവും രക്താതിമർദ്ദവും ഹൃദ്രോഗവും പലതരത്തിലുള്ള വീഴ്ചകളും അവയിൽ പ്രധാനമാണ്. 2003 ജൂൺ മാസത്തിൽ, ഒരു ഇരുമ്പ് സ്റ്റൂൾ വീണതിനെത്തുടർന്ന് ഇടുപ്പെല്ല് പൊട്ടിയ ബാബ, തുടർന്നുള്ള കാലം മുഴുവൻ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് ഭക്തർക്ക് ദർശനം നൽകിയിരുന്നത്. 2007 ജനുവരിയിൽ നടന്ന സത്യസായിഗംഗ പദ്ധതിയുടെ ഉദ്ഘാടനം അടക്കമുള്ള ഏതാനും ചടങ്ങുകൾ ഒഴിച്ചുനിർത്തിയാൽ പുട്ടപർത്തിയിൽ തന്നെയാണ് അദ്ദേഹം താമസിച്ചുവന്നിരുന്നത്.

2011 മാർച്ച് 28-ന് ന്യുമോണിയാബാധയെത്തുടർന്ന് ബാബയെ താൻ നിർമ്മിച്ചതും തന്റെ പേരിലുള്ളതുമായ പുട്ടപ്പർത്തി സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുതന്നെ, അദ്ദേഹത്തിന്റെ ഹൃദയത്തിൽ പേസ്‌മേക്കർ ഘടിപ്പിയ്ക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ തോതിൽ പുരോഗതിയുണ്ടായെങ്കിലും പിന്നീട് രോഗം വീണ്ടും വഷളായി. തുടർന്ന് വൃക്കകളുടെ പ്രവർത്തനത്തെയും അസുഖം ബാധിച്ചു. വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ബാബയ്ക്ക് ഡയാലിസിസും നടത്തിയിരുന്നു. 1963-ൽ താൻ 96 വയസ്സുവരെ ജീവിച്ചിരിക്കുമെന്ന് അവകാശപ്പെട്ട ബാബയുടെ സ്ഥിതി അതീവഗുരുതരമായതോടെ ലോകമെമ്പാടും പ്രാർത്ഥനകൾ തുടങ്ങി. എന്നാൽ, ഒന്നും ഫലിച്ചില്ല. ഏപ്രിൽ 24 ഞായറാഴ്ച രാവിലെ 7.30-ന് 85-ആം വയസ്സിൽ അദ്ദേഹം സമാധിയായി. രാവിലെ 10.30-നാണ് ആശുപത്രി അധികൃതർ മരണസ്ഥിരീകരണം പുറത്തറിയിച്ചത്. ബാബയുടെ ഭൗതികശരീരം അദ്ദേഹം ഭക്തർക്ക് ദർശനം നൽകിയിരുന്ന പ്രശാന്തിനിലയത്തിലെ സായ് കുൽവന്ത് ഹാളിൽ മൂന്നുദിവസം പൊതുദർശനത്തിന് വച്ചശേഷം ഏപ്രിൽ 27-ന് ഹാളിന്റെ ഒരു വശത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സമാധിയിരുത്തി. ഭക്തരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികരംഗങ്ങളിലെ പ്രമുഖരും അദ്ദേഹത്തിന് അന്ത്യാഞ്ജലികളർപ്പിച്ചു. സമാധിയിരുത്തൽ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കാൻ എല്ലാ മതങ്ങളിൽ നിന്നും പുരോഹിതന്മാരുണ്ടായിരുന്നു.

മരണത്തോടുള്ള പ്രതികരണങ്ങൾ

ബാഹ്യകണ്ണികൾ

സത്യ സായി ബാബ 
വിക്കിചൊല്ലുകളിലെ സത്യ സായി ബാബ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം



Tags:

സത്യ സായി ബാബ ജീവിത രേഖസത്യ സായി ബാബ ബാഹ്യകണ്ണികൾസത്യ സായി ബാബ അവലംബംസത്യ സായി ബാബഏപ്രിൽ 24നവംബർ 23

🔥 Trending searches on Wiki മലയാളം:

തിരുവനന്തപുരം ലോക്സഭാമണ്ഡലംചാറ്റ്ജിപിറ്റിആർത്തവംഗർഭഛിദ്രംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾസച്ചിദാനന്ദൻവട്ടവടസോളമൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർജിമെയിൽചെ ഗെവാറകോടിയേരി ബാലകൃഷ്ണൻപ്രധാന താൾവിഷുകൂട്ടക്ഷരംഇന്ത്യൻ ചേരപ്ലീഹഇന്ത്യയുടെ ദേശീയപതാകചെസ്സ്ശശി തരൂർരതിസലിലംചെമ്പരത്തിപത്ത് കൽപ്പനകൾശിവം (ചലച്ചിത്രം)കടുവ (ചലച്ചിത്രം)അക്കരെഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യആദ്യമവർ.......തേടിവന്നു...ഓവേറിയൻ സിസ്റ്റ്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്അണലിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംദീപക് പറമ്പോൽഅവിട്ടം (നക്ഷത്രം)ലക്ഷദ്വീപ്ഇന്ത്യയിലെ ഹരിതവിപ്ലവംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംട്രാഫിക് നിയമങ്ങൾകാലൻകോഴിഎം.വി. ഗോവിന്ദൻസി. രവീന്ദ്രനാഥ്ഇറാൻരാമായണംജി. ശങ്കരക്കുറുപ്പ്മുരുകൻ കാട്ടാക്കടകേരള നവോത്ഥാനംകേരള പബ്ലിക് സർവീസ് കമ്മീഷൻപറയിപെറ്റ പന്തിരുകുലംമേയ്‌ ദിനംകൊഞ്ച്ലോക മലേറിയ ദിനംകൃസരിഅഞ്ചാംപനിബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർസ്‌മൃതി പരുത്തിക്കാട്മൻമോഹൻ സിങ്യോഗർട്ട്ഇ.എം.എസ്. നമ്പൂതിരിപ്പാട്നായർകൃഷ്ണൻരമ്യ ഹരിദാസ്പഴഞ്ചൊല്ല്സേവനാവകാശ നിയമംഈഴവമെമ്മോറിയൽ ഹർജിഅന്തർമുഖതപാണ്ഡവർപ്രിയങ്കാ ഗാന്ധിഎറണാകുളം ജില്ലകേരള സാഹിത്യ അക്കാദമിആർത്തവചക്രവും സുരക്ഷിതകാലവുംഒന്നാം ലോകമഹായുദ്ധംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻഉഭയവർഗപ്രണയിസമസ്ത കേരള ജംഇയ്യത്തുൽ ഉലമ🡆 More