ലൈംഗിക വിദ്യാഭ്യാസം

വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി (Sexuality) ബന്ധപ്പെട്ട ഭാഗത്തെയാണ് ശാസ്ത്രീയ ലൈംഗികവും ആരോഗ്യപരവുമായ വിദ്യാഭ്യാസം (സെക്സ് ആൻഡ് ഹെൽത്ത്‌ എഡ്യൂക്കേഷൻ) അഥവാ ലൈംഗികാരോഗ്യ വിദ്യാഭ്യാസം (Sexual Health Education) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ചിലയിടങ്ങളിൽ ലൈംഗിക- ജീവിത നൈപുണീ വിദ്യാഭ്യാസം (Sexuality & Life Skill Education) അഥവാ ബന്ധങ്ങളും, ലൈംഗികവും, ആരോഗ്യപരവുമായ വിദ്യാഭ്യാസം (Relationships, Sex and Health Education) എന്നറിയപ്പെടുന്നു. ചുരുക്കത്തിൽ ലൈംഗിക വിദ്യാഭ്യാസം അഥവാ സെക്സ് എഡ്യൂക്കേഷൻ എന്ന് പറയുന്നു. പ്രായത്തിന് അനുസരിച്ചു കുട്ടികൾക്ക് നിർബന്ധമായും ഇത്തരം അറിവുകൾ ശാസ്ത്രീയമായി നൽകേണ്ടതുണ്ട് എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ലൈംഗികതയുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക, ധാരണപരമായ വശങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുവാൻ, പാഠ്യ പദ്ധതിയുടെ ഭാഗമായി നൽകുന്ന ഒരു പരിശീലന പ്രക്രിയയാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസം. സ്‌കൂളുകളിൽ പോകുവാൻ സാധിക്കാത്ത കുട്ടികളെ ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി ഉണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയായ യൂണിസഫ് (UNICEF), ലോകാരോഗ്യ സംഘടന (WHO) തുടങ്ങിയവ ഇതിന്റെ പ്രാധാന്യത്തെ പറ്റിയും, ഉൾക്കൊള്ളിക്കേണ്ട വിഷയങ്ങളെ പറ്റിയും സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.

ലക്ഷ്യം

ബന്ധങ്ങളും ലൈംഗിക ആരോഗ്യവുമായും ബന്ധപ്പെട്ട ശാസ്ത്രീയമായ അറിവ് നൽകുന്നത് വഴി ശരിയായ മനോഭാവം ഉണ്ടാവുകയും, കഴിവുകൾ വർധിപ്പിക്കുകയും, അവരെ ശാക്തീകരിക്കുകയും ചെയ്യുക.

പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ, വ്യക്തിഗത, സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനും, സുരക്ഷിതമായ ബന്ധങ്ങൾ തെരെഞ്ഞെടുക്കാനും, നല്ല കുടുംബം കെട്ടിപ്പെടുക്കാനും അവരെ സഹായിക്കുക.

തൻ്റേയും മറ്റുള്ളവരുടെയും അവകാശങ്ങൾ തിരിച്ചറിയാനും, അത് സംരക്ഷിക്കാനും അവരെ പ്രാപ്തരാക്കുക.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കാനും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി പകരുന്ന രോഗങ്ങൾ വരാതെ സൂക്ഷിക്കാനും, ആഗ്രഹിക്കാത്ത ഗർഭധാരണം ഉണ്ടാകാതിരിക്കുവാനും, ലൈംഗിക പീഡനങ്ങളെ ചെറുക്കുവാനും അവരെ കഴിവുള്ളവരാക്കുക.

ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നമ്മളെയും മറ്റുള്ളവരെയും എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാൻ സഹായിക്കുക.

അങ്ങനെ സന്തുഷ്ടമായ ഒരു വ്യക്തി ജീവിതവും സാമൂഹിക ബന്ധങ്ങളും സുരക്ഷിതവും സന്തോഷകരവുമായ ജീവിതവും ഉറപ്പാക്കുക.

പ്രത്യേകതകൾ

ലൈംഗികതയെ സംബന്ധിച്ച് എന്തെങ്കിലുമൊക്കെ കുട്ടികൾക്ക് പറഞ്ഞു നൽകുന്നതല്ല സമഗ്ര ലൈംഗികത വിദ്യാഭ്യാസ പദ്ധതി.

ശാസ്ത്രീയമായിരിക്കണം: ശാസ്ത്രീയമായി കൃത്യമായ കാര്യങ്ങൾ വേണം പഠിപ്പിക്കുവാൻ.

സമഗ്രമായിരിക്കണം- കേവലം ലൈംഗിക അവയവങ്ങളെ കുറിച്ചും ലൈംഗിക പ്രക്രിയയെ കുറിച്ചും മാത്രം പഠിപ്പിച്ചാൽ പോരാ, മറിച്ചു ബന്ധങ്ങളെപ്പറ്റിയും ലൈംഗികതയുടെ എല്ലാ വശങ്ങളും, ലൈംഗികബന്ധത്തിനുള്ള സമ്മതം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകളും, പ്രതിരോധ രീതികളും, ഗർഭനിരോധന മാർഗങ്ങളും, ആർത്തവം, ആർത്തവവിരാമം തുടങ്ങിയവ അതിൽ ഉൾപ്പെടണം.

പ്രായത്തിനും ബൗദ്ധിക വളർച്ചക്കും അനുസരിച്ചാവണം- ഓരോ പ്രായത്തിലുള്ളവർക്കും മനസിലാക്കാൻ സാധിക്കുന്ന വിവരങ്ങൾ വേണം ഉൾപ്പെടുത്താൻ. ചെറുപ്രായത്തിൽ തുടങ്ങി വളർച്ചക്ക് അനുസരിച്ചു വർദ്ധനവ് വരുത്തണം.

പാഠ്യപദ്ധതിയുടെ ഭാഗമാവണം- വർഷം ഒന്നോ രണ്ടോ മണിക്കൂർ മാറ്റിവെച്ചാൽ പോരാ, പാഠ്യപദ്ധതിയുടെ ഭാഗമായി വേണം ഇത് നടപ്പിലാക്കാൻ .

മനുഷ്യ അവകാശങ്ങൾക്കു പ്രാധാന്യം നൽകുന്ന രീതിയിൽ ആവണം.

ലിംഗസമത്വം ഉറപ്പാക്കുന്നത് ആയിരിക്കണം. സ്ത്രീകളുടെയും ലിംഗലൈംഗിക ന്യൂനപക്ഷങ്ങളുടെയും തുല്യമായി ഉൾക്കൊള്ളുന്നതായിരിക്കണം.

സാമൂഹിക പ്രശ്നങ്ങളെ കണക്കിൽ എടുക്കണം

കുട്ടികളുടെ അറിവിലും കാഴ്ചപ്പാടിലും മാറ്റം വരുത്താൻ സാധിക്കുന്നതാവണം.

എപ്പോഴാണ് ആരംഭിക്കേണ്ടത്?

എത്ര നേരത്തേ തുടങ്ങാനാവുമോ അത്രയും നല്ലത്. ആധുനിക കാലത്ത് അറിവുകൾ ഒരാളിലേക്കെത്തുന്നത് ആർക്കും തടയാനാവില്ല. വിവരങ്ങളുടെ കുത്തൊഴുക്കിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാതെ പകച്ച് നിൽക്കുകയാണ് നമ്മളിന്ന്. ഇവിടെയാണ് തെറ്റായ വിവരങ്ങളെത്തുന്നതിലും മുൻപേ ശരിയായ വിവരങ്ങൾ - വിദഗ്ധരിൽ നിന്നും - ശരിയായ രീതിയിലെത്തിക്കേണ്ടത്. കുട്ടിക്കാലം മുതലേ അതത് പ്രായത്തിനനുസരിച്ചുള്ള ലൈംഗികതാ വിദ്യാഭ്യാസവും ആരംഭിക്കണം. അത് കൗമാരത്തിലും യൗവ്വനത്തിലും മാത്രമല്ല പിന്നീടങ്ങോട്ടും തുടരുകയും വേണം. കാരണം, മനുഷ്യൻ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ കാലഘട്ടത്തിലും മനുഷ്യനും മനുഷ്യബന്ധങ്ങളും നേരിടുന്ന പ്രശ്നങ്ങളനുസരിച്ച് ലൈംഗികതാ വിദ്യാഭ്യാസം സംവദിക്കുന്ന വിഷയങ്ങളും മാറേണ്ടത് അനിവാര്യമാണ്.

പ്രായവും പരിശീലനവും

ഓരോ പ്രായത്തിനും ബൗദ്ധിക വളർച്ചക്കും അനുസരിച്ചു വേണ്ട അറിവുകളാണ് നൽകുക. ഇതിനായി കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാലായി തിരിച്ചിട്ടുണ്ട്. 5-8 വരെ, 9-12വരെ, 12-15 വരെ, 15-18 വരെ. 5 വയസിനു താഴെയുള്ള കുട്ടികൾക്കും അവർക്കു മനസിലാകുന്ന ഭാഷയിൽ പല കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ പറ്റും.

കൂട്ടുകാരിൽ നിന്നും കിട്ടുന്ന അറിവ് പോരേ?

മാതാപിതാക്കൾ, ബന്ധുക്കൾ, കൂട്ടുകാർ എന്നിവർ എല്ലാവരും ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രധാനഭാഗങ്ങൾ തന്നെയാണ്. പക്ഷേ, അതിവേഗം മാറുന്ന വിവര വിസ്ഫോടനത്തിന്റെ യുഗത്തിൽ ഇവർക്ക് മാത്രമായി എപ്പോഴും ശരിയായ അറിവ് ശരിയായ സമയത്ത് നൽകാനായെന്ന് വരില്ല. വ്യത്യസ്ത സംസ്ക്കാരങ്ങളുള്ള മനുഷ്യരോട് ഇടപെടേണ്ട സാഹചര്യങ്ങൾ, അതിവേഗ വിവരവിനിമയം, പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചിത്രങ്ങൾ, ലൈംഗിക രോഗങ്ങൾ, ഗർഭച്ഛിദ്രം, വന്ധ്യത, ഗർഭനിരോധനമാർഗങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ലൈംഗികതയോടുള്ള മാറുന്ന സമീപനം, മാറിവരുന്ന ലൈംഗിക സ്വഭാവങ്ങൾ ഇങ്ങനെയുള്ള ഒരുപാട് സങ്കീർണമായ കാര്യങ്ങൾ മൂലം ലൈംഗികതാ വിദ്യാഭ്യാസം ഒരു വിദഗ്ധന്റെ സഹായം ആവശ്യമുള്ള മേഖലയാണ്. പോരാത്തതിന് മാതാപിതാക്കൾ പലർക്കും ശാസ്ത്രീയമായ ലൈംഗികതാ വിദ്യാഭ്യാസം ലഭിച്ചിട്ടുമില്ല. അവർക്കറിയാവുന്ന വിവരങ്ങൾ മടികൂടാതെ കാര്യക്ഷമമായി കുട്ടികളുമായി പങ്കുവക്കാനും പലർക്കുമാവുന്നുമില്ല. അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, പ്രത്യേക പരിശീലനം സിദ്ധിച്ച വ്യക്തികൾ, സംഘടനകൾ, മനഃശാസ്ത്രജ്ഞർ തുടങ്ങിയവർക്ക് ഇത്തരം വിദ്യാഭ്യാസം നൽകുവാൻ സാധിക്കും.

വിമർശനങ്ങൾ

1. ലൈംഗികതാ വിദ്യാഭ്യാസം ലഭിച്ചാൽ കുട്ടികൾ നേരത്തേ ലൈംഗിക പ്രവർത്തനങ്ങളിലേർപ്പെടും.

ശാസ്ത്രീയ ലൈംഗികതാ വിദ്യാഭ്യാസം ലഭിക്കുന്നത് വഴി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കുറഞ്ഞപ്രായം ദേശീയ ശരാശരിയേക്കാൾ മാറുന്നില്ലെന്നാണ് ഫിൻലൻഡിലേയും എസ്റ്റോണിയയിലേയും മറ്റ് ലോക രാജ്യങ്ങളിലേയും പഠനങ്ങൾ പറയുന്നത്. മാത്രവുമല്ല കൂടുതൽ ഉത്തരവാദിത്വമുള്ള ലൈംഗിക ബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

2. കുട്ടികളുടെ 'നിഷ്കളങ്കത്വം' ഇല്ലാതാവുന്നു.

ശരിയായ അറിവ് ഒരു കുട്ടിയുടേയും 'നിഷ്കളങ്കത്വം' ഇല്ലാതാക്കില്ല. എന്ന് മാത്രവുമല്ല, മനുഷ്യ ബന്ധങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്ന ഒരു കുഞ്ഞിന് അവരോട് ശരിയല്ലാത്ത രീതിയിൽ പെരുമാറുന്നവരെ മനസ്സിലാക്കാനാവും. അപകടകരമായ സാഹചര്യങ്ങളും തിരിച്ചറിയാനാകും. അത്തരം സാഹചര്യങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും അവർ പഠിച്ചിട്ടുണ്ടാകും.

3. ലൈംഗികതാ വിദ്യഭ്യാസം ഞങ്ങളുടെ സംസ്ക്കാരത്തിനും മതത്തിനും ചേരാത്തതാണ്.

ലൈംഗികതാ വിദ്യാഭ്യാസം ഓരോ രാജ്യത്തേയും മത-സാംസ്ക്കാരിക യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് ശാസ്ത്ര തത്വങ്ങൾ വളച്ചൊടിക്കാതെ അവതരണത്തിൽ മാറ്റങ്ങളുണ്ടാക്കി നടപ്പിലാക്കാവുന്നതാണ്.

4. ലൈംഗികതാ വിദ്യഭ്യാസത്തിന് മറ്റ് വിഷയങ്ങളേക്കാൾ കുറവ് പ്രാധാന്യം കൊടുത്താൽ മതി.

മറ്റു വിഷയങ്ങളുടെ അത്ര തന്നെയോ അതിലും കൂടുതലോ പ്രാധാന്യം ലൈംഗികതാ വിദ്യാഭ്യാസത്തിനുണ്ട്. മറ്റ് വിഷയങ്ങൾ അറിവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ വിഷയം നിങ്ങളുടെ ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്. തന്നെതന്നെയും മറ്റുള്ളവരെയും ബഹുമാനത്തോടെ കാണുന്നതും എല്ലാ അർത്ഥത്തിലും ആരോഗ്യകരമായ മനുഷ്യബന്ധങ്ങൾ ഉണ്ടായിവരുന്നതും ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് എത്ര അനിവാര്യമാണെന്നത് നമുക്ക് ചിന്തിക്കാവുന്നതല്ലേയുള്ളൂ.

5. കുട്ടികൾ ലൈംഗികതയെപ്പറ്റി സംസാരിക്കും. അത്തരം മാധ്യമങ്ങളിലേക്ക് ആകർഷിക്കപ്പെടും.

ആര് പറഞ്ഞ് കൊടുത്താലും ഇല്ലെങ്കിലും കുട്ടികൾ ഇതേപ്പറ്റി സംസാരിക്കുകയും തെറ്റായ ധാരാളം അറിവുകൾ സുഹൃത്ത് വലയത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അവർക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ശരിയായ അറിവുകൾ ഇത്രത്തോളം അനിവാര്യമാവുന്നത്. പ്രായത്തിനനുസരിച്ചാണ് ഈ അറിവുകൾ പങ്കുവക്കുക. ഉദ്ദാഹരണത്തിന് 4 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളോട് സൗഹൃദം, മനുഷ്യവികാരങ്ങൾ, ശരീരഭാഗങ്ങൾ, മനുഷ്യബന്ധങ്ങൾ ഇങ്ങനെ പറഞ്ഞ് തുടങ്ങി ഈ അടിത്തറക്ക് മുകളിലാണ് പ്രായമാകുന്നതിനനുസരിച്ച് ശരീരത്തിലെ മാറ്റങ്ങളെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും പറഞ്ഞുകൊടുക്കുന്നത്. മാറ്റങ്ങൾ ഒറ്റയടിക്ക് സംഭവിക്കുകയല്ല ഒരുപാട് വർഷങ്ങളെടുത്ത് പതിയെയുണ്ടാവുന്നതാണ്.

കപട സാദാചാരബോധവും, മതങ്ങളുടെയും സാമൂഹിക വ്യവസ്ഥതയുടെയും സ്വാധീനവും മൂലം ഇന്നും പല രാജ്യങ്ങളിലും കുട്ടികൾക്ക് ശാസ്ത്രീയമായ ലൈംഗികത വിദ്യാഭ്യാസം ലഭിക്കുന്നില്ല. പക്ഷേ എല്ലാവരും‌ മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. നമ്മുടെ അധികാരികളുടെയും സമൂഹത്തെയും നമ്മൾ ബോധവൽക്കരിക്കേണ്ടതുണ്ട്.

എന്തൊക്കെ ഉൾപ്പെടുന്നു

8 ആശയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക

മാനുഷിക ബന്ധങ്ങൾ.

ലൈംഗികത- മൂല്യങ്ങൾ, അവകാശങ്ങൾ, ആരോഗ്യം.

ജൻഡർ എന്താണെന്ന് മനസിലാക്കുക.

ലൈംഗിക അതിക്രമങ്ങൾ, ചൂഷണം, സുരക്ഷ, നിയമ ബോധവൽക്കരണം.

ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ട നൈപുണ്യങ്ങൾ

മനുഷ്യ ശരീരവും അതിൻ്റെ വളർച്ചയും പരിണാമവും

ലൈംഗികത, ലൈംഗികപരമായ പെരുമാറ്റങ്ങൾ

ലൈംഗിക- പ്രത്യുല്പാദന ആരോഗ്യം, ഗർഭ നിരോധന മാർഗങ്ങൾ.

ഈ ഓരോ വിഷയത്തിലുമുള്ള പരിശീനലനം വഴിയായി കുട്ടികളുടെ അറിവ് വർധിപ്പിക്കുക, അതുവഴി അവരുടെ അവബോധത്തിലും അതുപോലെ കഴിവുകളിലും അങ്ങനെ അവരുടെ പെരുമാറ്റത്തിലും മാറ്റം കൊണ്ടുവരിക. ഇതാണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പദ്ധതിവഴി ലക്ഷ്യമിടുന്നത്.

മറ്റൊരു തരത്തിൽ ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും (Sexual and Reproductive Health & Rights ), ലൈംഗിക ചായ്‌വ് (Sexual Orientation), ലൈംഗിക രോഗങ്ങളും (STDs) പ്രധിരോധ മാർഗങ്ങളും, പ്രണയം, സ്ത്രീകളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രത്യേകതകളും അവകാശങ്ങളും (LGBTIA Rights), സുരക്ഷിത ലൈംഗികബന്ധം (Safe Sex), ഗർഭനിരോധന മാർഗങ്ങൾ, ലൈംഗിക സംയമനം, ബന്ധങ്ങൾ, ഉഭയസമ്മതം (Consent), ലൈംഗിക-മാനസിക പ്രശ്നങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങളും അവയെ ചെറുക്കാനുള്ള മാർഗങ്ങളും നിയമവും, ലിംഗനീതി, അലൈംഗികത (Asexuality), ബന്ധങ്ങൾ തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം

അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ തിരഞ്ഞെടുക്കാനും ലൈംഗികാരോഗ്യ വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. പ്രായത്തിന് യോജിച്ച രീതിയിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് വഴി കുട്ടികൾക്ക് ലൈംഗിക ചൂഷണങ്ങളെ ചെറുക്കുവാനും, കൗമാരക്കാരിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ മനസ്സിലാക്കുവാനും സഹായകരമാണ് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ലിംഗസമത്വത്തിൽ ഊന്നിയ ശാസ്ത്രീയ ബോധവൽക്കരണത്താൽ ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങളും, ദാമ്പത്യകലഹങ്ങളും, ബാലപീഡനങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു.

വിദേശ രാജ്യങ്ങളിൽ

പല വികസിത രാജ്യങ്ങളിൽ നേരിട്ടും ഓൺലൈൻ വഴിയും മികച്ച രീതിയിൽ ബന്ധങ്ങളെയും ലൈംഗികാരോഗ്യത്തെയും പറ്റി വിദ്യാഭ്യാസവും ബോധവൽക്കരണവും നടപ്പാക്കിയിട്ടുണ്ട്. പ്രായത്തിന് യോജിച്ച രീതിയിൽ ഘട്ടഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. അധ്യാപകരെ കൂടാതെ സ്കൂൾ ഹെൽത്ത്‌ നഴ്‌സ്‌, സ്കൂൾ കൗൺസിലർ, ചിലപ്പോൾ ഡോക്ടർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരും ഇതിൽ പങ്കാളികളാകുന്നു. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യലൈംഗിക വിദ്യാഭ്യാസവും ബന്ധങ്ങളും എന്ന വിദ്യാഭ്യാസ പദ്ധതി നിലവിലുണ്ട്. ഇത് അവിടങ്ങളിൽ കൗമാര ഗർഭധാരണം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ലൈംഗിക അതിക്രമങ്ങൾ, പീഡനങ്ങൾ എന്നിവയുടെ തോത് കുറയാൻ ഇടയാക്കിയിട്ടുണ്ട്; മാത്രമല്ല ലൈംഗിക അതിക്രമങ്ങളോ മറ്റോ ഉണ്ടായാൽ ഇവ ചെറുക്കുവാനും അധികൃതരെ അറിയിക്കാനും ഇതവരെ പ്രാപ്തരാക്കുന്നു. യൂഎസ്എ, കാനഡ, യുകെ, സ്കാൻഡിനവിയൻ രാജ്യങ്ങൾ തുടങ്ങിയ ചില മുൻനിര രാജ്യങ്ങളിൽ ഇത് പഠിക്കണോ വേണ്ടയോ എന്ന് കുട്ടിക്കോ രക്ഷിതാവിനോ തീരുമാനിക്കാം. ഇതിൽ പങ്കെടുക്കാൻ എല്ലാവരെയും അവർ നിർബന്ധിക്കുന്നില്ല. അതിനാൽ ഇത്തരം വിദ്യാഭ്യാസത്തിനു അവിടെ എതിർപ്പും കുറവാണ് അല്ലെങ്കിൽ എതിർപ്പിനെ മറികടക്കാൻ സാധിച്ചു എന്ന് പറയാം. നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ പഠനങ്ങൾ തെളിയിക്കുന്നത് രാജ്യവ്യാപകമായി ലൈംഗികതാ വിദ്യാഭ്യാസം നടപ്പിലാക്കുന്നത് വഴി കൗമാര ഗർഭധാരണനിരക്കും, ഗർഭച്ഛിദ്രനിരക്കും, ലൈംഗിക രോഗനിരക്കും, എയ്ഡ്സ് അണുബാധയും 15-24 വയസ്സിനുള്ളിലുള്ളവരിൽ കുറക്കാനാകുന്നുവെന്നാണ്. ജീവിതത്തിലെയും ബന്ധങ്ങളിലെയും പ്രശ്നങ്ങൾ നേരിടാനുള്ള കഴിവും ആത്മവിശ്വാസവും കൂടുകയും ചെയ്യുന്നു. അങ്ങിനെ കൂടുതൽ അർത്ഥവത്തായ മനുഷ്യബന്ധങ്ങളുണ്ടാകുന്നു. ലിംഗസമത്വം വഴി കഷ്ടപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളേയും സ്ത്രീകളേയും കൂടുതൽ ശക്തിപ്പെടുത്താനും സമൂഹം തയ്യാറാക്കി വച്ചിരിക്കുന്ന ആൺബോധങ്ങൾ തൃപ്തിപ്പെടുത്തലല്ല ജീവിതമെന്ന് ആൺകുട്ടികളെ പഠിപ്പിക്കാനും ലൈംഗിക വിദ്യാഭ്യാസം വഴി സാധിക്കും. പരസ്പരം സ്നേഹിക്കുന്നതിനുപുറമേ പരസ്പര ബഹുമാനമുള്ള (Consensual) മനുഷ്യ ബന്ധങ്ങളുണ്ടായിവരും .

ഓൺലൈൻ ലൈംഗികാരോഗ്യ വിദ്യാഭ്യാസം

ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബന്ധങ്ങളെയും, ലൈംഗികതയെ പറ്റിയും, ആരോഗ്യത്തെ പറ്റിയും സമഗ്രമായ ബോധവൽക്കരണം നടത്തുന്നതിനെയാണ് 'ഓൺലൈൻ ലൈംഗികവും ആരോഗ്യപരമായ വിദ്യാഭ്യാസം അഥവാ ഓൺലൈൻ സെക്സ് ആൻഡ് ഹെൽത്ത്‌ എഡ്യൂക്കേഷൻ' എന്നറിയപ്പെടുന്നത്. വിദൂരത്തിൽ ഇരുന്നുകൊണ്ട് ധാരാളം ആളുകൾക്ക് എളുപ്പത്തിൽ ബോധവൽക്കരണം നടത്തുവാൻ ഓൺലൈൻ മാർഗം വഴി സാധിക്കും എന്നത് ഈ സംവിധാനത്തിന്റെ ഗുണമേന്മയാണ്. ഇത് താരതമ്യേനെ ചിലവ് കുറഞ്ഞതും, സമയലാഭം ഉള്ളതും, സുതാര്യവും ആണ് എന്നതാണ് പ്രത്യേകത. ഭാവിയിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി കൂടുതലായി ഉടലെടുക്കുവാൻ സാധ്യതയുണ്ട്. കുട്ടികൾക്കും, കൗമാരക്കാർക്കും, ചിലപ്പോൾ മുതിർന്നവർക്കും വേണ്ടി വളരെ വേഗത്തിൽ ലൈംഗിക വിദ്യാഭ്യാസം നൽകുവാൻ സാധിക്കും. പല വിദേശ രാജ്യങ്ങളിലും ഈ രീതി കാണാകുന്നതാണ്. ഇന്ന്‌ പല സർക്കാരുകളും, വിദഗ്ദരും, ഡോക്ടർമാരും, മനഃശാസ്ത്രജ്ഞരും, ആരോഗ്യ പ്രവർത്തകരും, ആശുപത്രികളും, സംഘടനകളും, സ്കൂളുകളും, കോളേജുകളും, സ്ഥാപനങ്ങളും മറ്റും ഇത്തരത്തിൽ വിദ്യാഭ്യാസവും കോഴ്സുകളും മറ്റും നൽകി വരുന്നുണ്ട്. ശാസ്ത്രീയമായ വിവരം നൽകുന്ന പല അപ്പുകളും, വെബ്സൈറ്റുകളും ഇത്തരം സേവനം നൽകി വരുന്നുണ്ട്. സോഷ്യൽ മീഡിയ വഴിയും ഇത്തരം ബോധവൽക്കരണം നടക്കാറുണ്ട്. പല രാജ്യങ്ങളിലും സർക്കാർ സംവിധാനങ്ങളുടെ ഭാഗമായ ആരോഗ്യവകുപ്പ്, വനിതാ വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, കുട്ടികളുടെ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് പോലെയുള്ള സേവന ദാതാക്കൾ ഓൺലൈൻ ആയി അവരുടെ വെബ്സൈറ്റുകൾ വഴിയും അല്ലാതെയും ലൈംഗികതയും ബന്ധങ്ങളുമായും ബന്ധപ്പെട്ട് ശാസ്ത്രീയമായ ബോധവൽക്കരണം നടത്തി വരുന്നുണ്ട്.

അവലംബം

Tags:

ലൈംഗിക വിദ്യാഭ്യാസം ലക്ഷ്യംലൈംഗിക വിദ്യാഭ്യാസം പ്രത്യേകതകൾലൈംഗിക വിദ്യാഭ്യാസം എപ്പോഴാണ് ആരംഭിക്കേണ്ടത്?ലൈംഗിക വിദ്യാഭ്യാസം പ്രായവും പരിശീലനവുംലൈംഗിക വിദ്യാഭ്യാസം കൂട്ടുകാരിൽ നിന്നും കിട്ടുന്ന അറിവ് പോരേ?ലൈംഗിക വിദ്യാഭ്യാസം വിമർശനങ്ങൾലൈംഗിക വിദ്യാഭ്യാസം എന്തൊക്കെ ഉൾപ്പെടുന്നുലൈംഗിക വിദ്യാഭ്യാസം ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യംലൈംഗിക വിദ്യാഭ്യാസം വിദേശ രാജ്യങ്ങളിൽലൈംഗിക വിദ്യാഭ്യാസം ഓൺലൈൻ ലൈംഗികാരോഗ്യ വിദ്യാഭ്യാസംലൈംഗിക വിദ്യാഭ്യാസം അവലംബംലൈംഗിക വിദ്യാഭ്യാസം

🔥 Trending searches on Wiki മലയാളം:

യോഗർട്ട്ദാനനികുതിപ്രധാന താൾമൻമോഹൻ സിങ്വിനീത് ശ്രീനിവാസൻകുമാരനാശാൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികെ. സുധാകരൻചണ്ഡാലഭിക്ഷുകികരുനാഗപ്പള്ളിശ്വസനേന്ദ്രിയവ്യൂഹംലൈംഗികബന്ധംആദ്യമവർ.......തേടിവന്നു...ഇന്ത്യൻ പ്രധാനമന്ത്രിതൃശ്ശൂർ ജില്ലമതേതരത്വംചട്ടമ്പിസ്വാമികൾചതിക്കാത്ത ചന്തുഇടവം (നക്ഷത്രരാശി)ഗുൽ‌മോഹർമിന്നൽഐക്യ ജനാധിപത്യ മുന്നണിഅടൂർ പ്രകാശ്പി. വത്സലകുഞ്ചൻ നമ്പ്യാർതത്ത്വമസിപ്രോക്സി വോട്ട്ആരോഗ്യംദ്രൗപദി മുർമുഎ. വിജയരാഘവൻതത്തആയില്യം (നക്ഷത്രം)പിറന്നാൾഈഴവർമലബാർ കലാപംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംരാമായണംമംഗളാദേവി ക്ഷേത്രംകമ്യൂണിസംപി. ഭാസ്കരൻനിർമ്മല സീതാരാമൻമാധ്യമം ദിനപ്പത്രംവെള്ളെരിക്ക്എലിപ്പനിവാസ്കോ ഡ ഗാമസമത്വത്തിനുള്ള അവകാശംഏപ്രിൽ 25എ.കെ. ആന്റണിപൾമോണോളജിധ്രുവ് റാഠിഓട്ടൻ തുള്ളൽഇടതുപക്ഷംവൈക്കം സത്യാഗ്രഹംഅപസ്മാരംകേരള പോലീസ്ഗർഭഛിദ്രംമഹാത്മാ ഗാന്ധിയുടെ കുടുംബംമേയ്‌ ദിനംഗുരുവായൂർകൊച്ചി മെട്രോ റെയിൽവേഎം.ടി. വാസുദേവൻ നായർപ്ലീഹടിപ്പു സുൽത്താൻഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംമെറ്റാ പ്ലാറ്റ്ഫോമുകൾതീയർഓന്ത്ഇൻഡോർ ജില്ലനിവിൻ പോളിറിയൽ മാഡ്രിഡ് സി.എഫ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഝാൻസി റാണിവള്ളത്തോൾ പുരസ്കാരം‌എ.കെ. ഗോപാലൻഅറുപത്തിയൊമ്പത് (69)കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ🡆 More