മെനൊരാ

യഹൂദജനതയുടെ ദൈവാരാധാവിധിയുമായി ബന്ധപ്പെട്ട, ഏഴു ശാഖകളുള്ള സ്വർണ്ണനിർമ്മിതമായ വിളക്കുതണ്ടാണ്‌ മെനൊരാ.

ഈജിപ്തിൽ നിന്ന് "വാഗ്ദത്ത"-ദേശത്തേയ്ക്കുള്ള പ്രയാണത്തിന്റെ വർഷങ്ങളിൽ മരുഭൂമിയിൽ യഹൂദജനതയുടെ ആരാധനയ്ക്കായി ജനനേതാവ് മോശ തായ്യാറാക്കിയ വഹനീയമായ ദൈവകൂടാരത്തിലും പിന്നീട് യെരുശലേമിലെ യഹൂദദേവാലയത്തിലും അത് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ശുദ്ധമായ പുത്തൻ ഒലിവെണ്ണ അതിലെ വിളക്കുകളിൽ എരിഞ്ഞിരുന്നു. പുരാതനകാലം മുതൽ യഹൂദമതത്തിന്റെ പ്രതീകമായിരുന്ന മെനൊരാ ആധുനിക ഇസ്രായേൽ രാജ്യത്തിന്റെ ദേശീയ ചിഹ്നം കൂടിയാണ്‌‌.

മെനൊരാ
യെരുശലേമിലെ യഹൂദദേവാലയത്തിലുണ്ടായിരുന്ന മെനൊരായുടെ ഒരു പുനർനിർമ്മിതി

നിർമ്മിതി

ഒരു അടിസ്ഥാനവും ഏഴു ശാഖകളുള്ള തണ്ടുമായി ശുദ്ധസ്വർണ്ണത്തിലായിരുന്നു മെനൊരാ നിർമ്മിച്ചിരുന്നത്. ഇടത്തും വലത്തുമുള്ള മുമ്മൂന്നു ശാഖകൾ വളഞ്ഞ് നടുവിലെ ശാഖയുടെ ഉയരത്തിനൊപ്പം എത്തിനിന്നിരുന്നു. മെനൊരായുടെ രൂപം ദൈവം മോശക്ക് വെളിപ്പെടുത്തിയതായി പറയുന്ന എബ്രായ ബൈബിൾ അതിന്റെ നിർമ്മാണരീതി ഇങ്ങനെ വിവരിക്കുന്നു

തങ്കം കൊണ്ട് ഒരു നിലവിളക്ക് നീ ഉണ്ടാക്കണം. അതിന്റെ ചുവടും തണ്ടും സ്വർണ്ണത്തകിട് അടിച്ചു പണിതതായിരിക്കണം. പുഷ്പപുടങ്ങളും മകുടങ്ങളും പൂക്കളും അതിനോടു ചേർന്ന് ഒന്നായിരിക്കണം. മൂന്നു ശാഖ വീതം രണ്ടു വശത്തേയ്ക്കുമായി വിളക്കുതണ്ടിന്‌ ആറു ശാഖ ഉണ്ടായിരിക്കണം. നിലവിളക്കിൻ തണ്ടിൽ നിന്നു പുറപ്പെടുന്ന ആറുശാഖ ഓരോന്നിലും ബദാം പൂവിന്റെ ആകൃതിയിൽ ഉള്ള മൂന്നു പുഷ്പപുടവും അതിൽ ഓരോന്നിലും പൂക്കളും മൊട്ടുകളും ഉണ്ടായിരിക്കണം. വിളക്കുതണ്ടിൽ തന്നെ മൊട്ടുകളും പൂക്കളും ഉള്ളതും ബദാം പൂപോലെ ഉള്ളതും ആയ നാലു പുഷ്പപുടം ഉണ്ടായിരിക്കണം. മൂന്നു ജോഡി ശാഖകളുടേയും ചുവട്ടിൽ ഓരോ പൂമൊട്ട് ഉണ്ടായിരിക്കണം. പൂമൊട്ടുകളും ശാഖകളും ചേർത്ത് ഒറ്റക്കഷണമായി തങ്കത്തിൽ അടിച്ചു പണിതിരിക്കണം. നീ ഏഴു ദീപം ഉണ്ടാക്കണം. മുൻഭാഗത്തു വെളിച്ചം കിട്ടത്തക്കവിധത്തിൽ വേണം ദീപങ്ങൾ പിടിപ്പിക്കാൻ. കരിനീക്കികളും അവയ്ക്കുള്ളിലെ പാത്രങ്ങളും തങ്കം കൊണ്ടുള്ളതായിരിക്കണം. ഒരു താലന്തു[ക] തങ്കം വേണം ഉപകരണങ്ങളടക്കം ഇവയെല്ലാം ഉണ്ടാക്കുവാൻ. പർ‌വതത്തിൽ വച്ചു ഞാൻ നിനക്കു കാണിച്ചു തന്ന മാതൃകയിൽ ഇവ ഉണ്ടാക്കാൻ ശ്രദ്ധിക്കുക.

മെനൊരാ 
മദ്ധ്യയുഗങ്ങളിലെ യഹൂദചിന്തകൻ മൈമോനിഡിസ്(ക്രി.വ.1135-നും 1204) വരച്ച മെനൊരായുടെ രൂപം

മെനൊരായുടെ ശാഖകളെ അർദ്ധവൃത്തത്തിൽ ചിത്രീകരിക്കുക പതിവാണ്‌. എന്നാൽ മദ്ധ്യയുഗങ്ങളിലെ യഹൂദചിന്തകരായ രാശിയും മൈമോനിഡിസും, അവയെ നേർക്കുനേരുള്ളവയായി കണ്ടെന്ന് മൈമോനിഡിസിന്റെ പുത്രൻ അവ്രാഹം പറയുന്നു.മറ്റു യഹൂദചിന്തകന്മാരൊന്നും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

മെനോരാ നേരിൽ കണ്ടിട്ടുള്ള ചിത്രകാരന്മാരുൾപ്പെടെയുള്ളവർ അവശേഷിപ്പിച്ചിട്ടുള്ള പുരാവസ്തുസംബന്ധമായ തെളിവുകൾ പിന്തുടർന്നാൽ, അതിന്റെ ശാഖകൾ നേർക്കുള്ളവയോ അർദ്ധവൃത്തമോ ആയിരുന്നില്ലെന്നും വർത്തുളമായിരുന്നെന്നും(elliptical) അനുമാനിക്കേണ്ടി വരും. മെനൊരായുടെ ആകൃതി, പലസ്തീനയിൽ കാണാറുള്ള സാൽ‌വിയ പലസ്തീന എന്ന ചെടിയുടെ രൂപത്തെ അനുസ്മരിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.പുറപ്പാടിന്റെ പുസ്തകത്തിലെ മെനൊരാ വിവരണത്തിലെ സസ്യസംബന്ധിയായ ബിംബങ്ങൾ ഉല്പത്തി പുസ്തകത്തിലെ (botanical motifs) ജീവന്റെ വൃക്ഷത്തെ അനുസ്മരിപ്പിച്ചേക്കാമെന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹായി പറയുന്നു

ഉപയോഗം

മെനൊരായിലെ വിളക്കുകൾ ദിവസേന ശുദ്ധവും ആശീർ‌വദിക്കപ്പെട്ടതുമായ ഒലിവെണ്ണയിൽ കത്തിച്ചിരുന്നു. പുറപ്പാടിന്റെ പുസ്തകം അനുസരിച്ച് പ്രദോഷം മുതൽ പ്രഭാതം വരെയാണ്‌ അവ കത്തിക്കേണ്ടിയിരുന്നത്.

റോമൻ-യഹൂദചരിത്രകാരനായ ഫ്ലാവിയസ് ജോസഫിന്റെ സാക്ഷ്യം അനുസരിച്ച്, മെനൊരായിലെ ഏഴു വിളക്കുകളിൽ മൂന്നെണ്ണം പകലും കത്തിച്ചിരുന്നു; എന്നാൽ യഹൂദരുടെ താൽമുദിൽ പറയുന്നത് പടിഞ്ഞാറേ അറ്റത്ത്, ദേവാലയത്തിലെ അതിവിശുദ്ധസ്ഥലത്തിനോട്(Holy of Holies) ചേർന്നുവരുന്ന വിളക്കു മാത്രമേ പകൽ കത്തിച്ചിരുന്നുള്ളു എന്നാണ്‌. ആ വിളക്കിനെ, അതിന്റെ സ്ഥാനം കണക്കിലെടുത്ത് പശ്ചിമദീപം(നെർ ഹമാരവി - Western lamp) എന്നു വിളിച്ചിരുന്നു. എബ്രായ ബൈബിളിലെ ശമൂവേലിന്റെ ഒന്നാം പുസ്തകത്തിലെ ഒരു വാക്യം പിന്തുടർന്ന്, അതിനെ ദൈവദീപം(നെർ ഇലോഹിം - lamp of God) എന്നും വിളിച്ചിരുന്നു.

ചരിത്രം

മെനൊരാ 
റോമിൽ തീത്തൂസിന്റെ വിജയഘോഷയാത്രയിൽ പ്രദർശിക്കപ്പെടുന്ന മെനൊരാ - റോമിലെ തീത്തൂസിന്റെ കമാനത്തിലെ(arch of Titus) ചിത്രീകരണം

ആദ്യത്തെ മെനൊരാ മരുഭൂമിയിലെ വഹനീയമായ ദൈവകൂടാരത്തിനു വേണ്ടി നിർമ്മിക്കപ്പെട്ടതായിരുന്നു. വാഗ്ദത്തഭൂമിയിലേയ്ക്ക് പ്രവേശിക്കാൻ ഇസ്രായേൽക്കാർ യോർദ്ദാൻ നദി കടക്കുമ്പോൾ അത് അവർക്കൊപ്പം ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നു. ദൈവകൂടാരം ഇസ്രായേലിലെ ശിലോയിൽ സ്ഥാപിക്കുമ്പോഴും മെനോരാ അതിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. എന്നാൽ ഇസ്രായേൽക്കാരുടെ ഒടുവിലത്തെ ന്യായാധിപനായ ശമൂവേലിന്റെയും ആദ്യത്തെ രാജാവായ സാവൂളിന്റേയും കാലത്ത് സാക്ഷ്യപേടകം പലയിടങ്ങളിലും മാറ്റപ്പെട്ടിരുന്നതായി പറയുമ്പോൾ മെനൊരാ പരാമർശിക്കപ്പെടുന്നില്ല. സോളമന്റെ ദേവാലയത്തിന്റെ വിവരണത്തിലും, പുതിയതായി നിർമ്മിക്കുന്ന പത്തു വിളക്കുതണ്ടുകളെക്കുറിച്ചല്ലാതെ, മെനൊരായെക്കുറിച്ച് പരാമർശമില്ലപിന്നീട് ദേവാലയം നശിപ്പിച്ച ബാബിലോണിയൻ സൈന്യം ഈ പത്തു വിളക്കുതണ്ടുകളെ ബാബിലോണിലേയ്ക്കു കൊണ്ടുപോയതായി എബ്രായ ബൈബിളിലെ ജെറമിയായുടെ പുസ്തകത്തിൽ പറയുന്നു.


ബാബിലോണിലെ പ്രവാസത്തിനു ശേഷം ദേവാലയത്തിന്റെ പുനസ്ഥാപനാവസരത്തിലും ദേവാലയത്തിലെ പാത്രങ്ങളല്ലാതെ, മെനൊരായോ പത്തു വിളക്കുകാലുകളോ ബാബിലോണിൽ നിന്ന് തിരികെ കൊണ്ടുവന്നതായി പറയുന്നില്ല. എന്നാൽ ക്രി.മു. 169-ൽ ദേവാലയത്തിന്റെ പവിത്രതയെ ലംഘിച്ച യവനരാജാവ് അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ മെനൊരാ എടുത്തുകൊണ്ടുപോയതായി പഴയനിയമത്തിലെ അപ്പോക്രിഫൽ ഗ്രന്ഥമായ മക്കബായരുടെ ഒന്നാം പുസ്തകം പറയുന്നതിൽ നിന്ന് പുനർനിർമ്മിതമായ ദേവാലയത്തിൽ മെനൊരാ ഉണ്ടായിരുന്നെന്ന് കരുതാം. അന്തിയോക്കസിനെതെരായുള്ള യഹൂദരുടെ വിജയകരമായ ചെറുത്തു നില്പിനെ തുടർന്ന് നടന്ന ദേവാലയത്തിന്റെ പുനർപ്രതിഷ്ഠയുടെ അവസരത്തിൽ, മക്കബായ നേതാവായ യൂദാ ദേവാലയത്തിന്‌ പുതിയ മെനൊരാ നൽകി.

മെനൊരാ 
യെരുശലേമിൽ ഇസ്രായേലിന്റെ പാർലമെന്റായ കെന്നെസെറ്റിനു മുൻപിലുള്ള മെനൊരാ മാതൃക

ക്രി.വ. 70-ൽ യഹൂദരുടെ ദേവാലയം നശിപ്പിച്ച റോമൻ സൈന്യാധിപൻ തീത്തൂസിന്റെ സൈന്യം മെനൊരാ എടുത്തുകൊണ്ടുപോയെന്നും റോമിലെ തീത്തൂസിന്റെ വിജയഘോഷയാത്രയിൽ അത് പ്രദർശിപ്പിച്ചെന്നും ഒന്നാം നൂറ്റാണ്ടിലെ റോമൻ-യഹൂദചരിത്രകാരൻ ജോസെഫസ് പറയുന്നു. തുടർന്ന് റോമിൽ സൂക്ഷിച്ചിരുന്ന മെനൊരാ ക്രി.വ. 455-ൽ റോം കൊള്ളയടിച്ച വാൻഡൽ സൈന്യം പിടിച്ചെടുത്ത് അവരുടെ തലസ്ഥാനമായിരുന്ന കാർത്തേജിലേയ്ക്ക് കൊണ്ടുപോയിരിക്കാമെന്നും അനുമാനമുണ്ട്. മെനൊരയുടെ ഇന്നു ലഭ്യമായ ചിത്രീകരണങ്ങളിൽ ഏറ്റവും പുരാതനമായത്, ക്രിസ്തുവർഷം 70-ലെ യഹൂദകലാപത്തിനെതിരെ സേനാധിപനായ തീത്തൂസിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം നേടിയ വിജയത്തിന്റേയും ദേവാലയം നശിപ്പിച്ചതിന്റേയും സ്മരണയ്ക്കായി റോമിൽ സ്ഥാപിച്ചിരിക്കുന്ന തീത്തൂസിന്റെ കമാനം(Arch of Titus) എന്ന സ്മാരകത്തിലുള്ളതാണ്‌‌. എന്നാൽ റോമൻ സൈന്യം മെനൊരാ എടുത്തുകൊണ്ടുപോയെന്ന കഥ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. തീത്തൂസിന്റെ കമാനത്തിൽ മെനോരയുടേതായി കൊടുത്തിട്ടുള്ള ചിത്രത്തിൽ ആ വിളക്കിന്‌ അഷ്ടകോണാകൃതിയുള്ള ഇരട്ട അടിസ്ഥാനമാണുള്ളതെന്നും എല്ലാ യഹൂദസ്രോതസ്സുകളിലും പുരാവസ്തുസൂചനകളിലുമുള്ള മെനോരാ മൂന്നു കാലുകളിൽ ഉറപ്പിച്ചിട്ടുള്ളതായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ഒന്നാം നൂറ്റാണ്ടു മുതലുള്ള ശവകൂടീരങ്ങളിലും സ്മാരകങ്ങളിലും, യഹൂദമതത്തിന്റെ പ്രതീകമായി ഏഴു ശാഖകളുള്ള മെനോരയുടെ ചിത്രം കാണാം. ആധുനിക ഇസ്രായേൽ രാഷ്ട്രത്തിന്റെ ദേശീയചിഹ്നങ്ങളിൽ ഒന്നാണ്‌ മെനൊരാ.

പ്രതീകാത്മകത

മെനൊരായെ സാർ‌വലൗകികമായ ജ്ഞാനോദയത്തിന്റെ ചിഹ്നമായും കണക്കാക്കാറുണ്ട്. മദ്ധ്യശാഖയോട് ചാഞ്ഞുനിൽക്കുന്ന അതിന്റെ ആറുശാഖകൾ, ദൈവവെളിച്ചത്തെ ആശ്രയിച്ചുനിൽക്കുന്ന മനുഷ്യജ്ഞാനത്തിന്റെ ശാഖകളെ പ്രതിനിധീകരിക്കുന്നതായി കരുതപ്പെടുന്നു. ആറു ശാഖകൾ ലോകസൃഷ്ടിയുടെ ആറുദിവസങ്ങളേയും, മദ്ധ്യശാഖ വിശ്രമത്തിന്റെ വിശുദ്ധദിനമായ സാബത്തിനേയും പ്രതിനിധീകരിക്കുന്നതായി മറ്റൊരു വ്യാഖ്യാനവുമുണ്ട്. വിശുദ്ധമലയായ ഹോരേബിൽ ലഭിച്ച ദൈവദർശനത്തിൽ മോശ കണ്ട ജ്വലിക്കുന്ന മുൾച്ചെടിയുടെ പ്രതീകമായും മെനൊര കണക്കാക്കപ്പെടാറുണ്ട്.

കുറിപ്പുകൾ

ക. ^ ഒരു താലന്ത് 44 കിലോഗ്രാമിനു തുല്യമാണ്‌

അവലംബം

Tags:

മെനൊരാ നിർമ്മിതിമെനൊരാ ഉപയോഗംമെനൊരാ ചരിത്രംമെനൊരാ പ്രതീകാത്മകതമെനൊരാ കുറിപ്പുകൾമെനൊരാ അവലംബംമെനൊരാഇസ്രായേൽഈജിപ്ത്മരുഭൂമിമോശയെരുശലേം

🔥 Trending searches on Wiki മലയാളം:

നരേന്ദ്ര മോദിമോഹിനിയാട്ടംകാന്തല്ലൂർകൊച്ചിപാരിപ്പള്ളിതിരുവമ്പാടി (കോഴിക്കോട്)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംശബരിമലഖുർആൻഎഴുത്തച്ഛൻ പുരസ്കാരംഇന്ത്യൻ ശിക്ഷാനിയമം (1860)വൈത്തിരിആറളം ഗ്രാമപഞ്ചായത്ത്തേവലക്കര ഗ്രാമപഞ്ചായത്ത്പുതുനഗരം ഗ്രാമപഞ്ചായത്ത്ചാന്നാർ ലഹളമാവേലിക്കരപെരുന്തച്ചൻമഹാഭാരതംബാല്യകാലസഖിഓണംമുളങ്കുന്നത്തുകാവ്ചണ്ഡാലഭിക്ഷുകികളമശ്ശേരിപറങ്കിപ്പുണ്ണ്വണ്ടൂർഅഞ്ചൽകറ്റാനംമേയ്‌ ദിനംഅട്ടപ്പാടിപുല്ലുവഴിജ്ഞാനപീഠ പുരസ്കാരംവരന്തരപ്പിള്ളിപനമരംകൊല്ലൂർ മൂകാംബികാക്ഷേത്രംപരപ്പനങ്ങാടി നഗരസഭകോവളംചേർപ്പ്ജവഹർലാൽ നെഹ്രുറമദാൻആഗ്നേയഗ്രന്ഥിയുടെ വീക്കംകേരള നവോത്ഥാന പ്രസ്ഥാനംകോടനാട്ദേവസഹായം പിള്ളസ്ഖലനംഇന്ത്യയുടെ ഭരണഘടനതിരുനാവായമുരുകൻ കാട്ടാക്കടഇലുമ്പികൂറ്റനാട്ഇലഞ്ഞിത്തറമേളംമതേതരത്വംവിഴിഞ്ഞംഷൊർണൂർചോഴസാമ്രാജ്യംകുട്ടിക്കാനംകഞ്ചാവ്ആലപ്പുഴ ജില്ലഗോതുരുത്ത്ഉടുമ്പന്നൂർഭഗവദ്ഗീതകറുകച്ചാൽചെറുകഥമലമുഴക്കി വേഴാമ്പൽഅസ്സലാമു അലൈക്കുംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകോട്ടയംസന്ധി (വ്യാകരണം)തീക്കടൽ കടഞ്ഞ് തിരുമധുരംമഞ്ചേരിമലയാളം വിക്കിപീഡിയനോഹകുഞ്ചൻ നമ്പ്യാർകൊല്ലംകുഴിയാനഇരുളംലിംഗംപാളയംവണ്ണപ്പുറം🡆 More