ക്രിസ്തുമതം കേരളത്തിൽ

കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ മതവിഭാഗം ക്രിസ്തുമതമാണ്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 18% ക്രൈസ്തവരാണ്. ക്രിസ്തുസന്ദേശം കേരളത്തിൽ ആദ്യമെത്തിച്ചത് യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹ ആണെന്നാണ് പാരമ്പര്യം. ക്രി. വ. 52ൽ കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ ഏഴ് പള്ളികൾ സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു. പേർഷ്യക്കാർ, യൂറോപ്യന്മാർ തുടങ്ങി നിരവധി ക്രിസ്തീയ വേദപ്രചാരകർ പിൽക്കാലത്ത് കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശത്തുനിന്ന് ക്രിസ്തുമതവിശ്വാസികൾ ഇവിടേയ്ക്ക് കുടിയേറിയതായും കരുതപ്പെടുന്നു. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികൾ 'നസ്രാണി മാപ്പിളമാർ' അഥവാ 'മാർത്തോമാ നസ്രാണികൾ' അഥവാ 'സുറിയാനി ക്രിസ്ത്യാനികൾ' എന്ന് അറിയപ്പെടുന്നു. പേർഷ്യൻ സഭയുമായി ബന്ധപ്പെട്ട് നിലകൊണ്ടിരുന്ന ഇവർ നിലവിൽ വിവിധ സഭാ സമൂഹങ്ങളുടെ ഭാഗമായി നിലകൊള്ളുന്നു. ഇവർക്ക് പുറമേ പോർച്ചുഗീസുകാരുടെ കാലത്ത് രൂപപ്പെട്ട ലത്തീൻ കത്തോലിക്കരും ഡച്ച്, ബ്രിട്ടീഷ് മിഷനറിമാരുടെ കാലത്ത് രൂപപ്പെട്ട പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും കേരളത്തിലുണ്ട്.

ക്രിസ്തുമതം കേരളത്തിൽ
പാഹ്ലവി ഭാഷ ആലേഖനം ചെയ്യപ്പെട്ട കോട്ടയം മാർത്തോമാ സ്ലീവാ, ഇന്ത്യയിലെ ക്രിസ്തുമത സാന്നിധ്യത്തിന്റെ ഏറ്റവും പുരാതനമായ പുരാവസ്തു തെളിവുകളിൽ ഒന്ന്

ചരിത്രം

പാരമ്പര്യം

അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുന്നതാണ് കേരളത്തിലെ ക്രിസ്തുമതം. യേശുക്രിസ്തുവിൻറെ 12 ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹാ ക്രി. വ. 52 ൽ മുസ്സിറിസ് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ തുറമുഖത്ത് കപ്പലിറങ്ങുകയും തുടർന്ന് മലബാറിൽ ഉടനീളം മതപ്രചരണം നടത്തുകയും ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു. മലബാർ തീരത്ത് വിവിധ സ്ഥലങ്ങളിലായി 7 അരപ്പള്ളികൾ അഥവാ ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിച്ച അദ്ദേഹം തുടർന്ന് ഇന്ത്യയുടെ തെക്ക് കിഴക്കൻ തീരത്തേക്ക് തന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും ക്രിസ്തുവർഷം 72ൽ മൈലാപ്പൂരിൽ വെച്ച് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു എന്നാണ് പാരമ്പര്യം. കേരളത്തിലെ പുരാതന ക്രൈസ്തവ വിഭാഗമായ മാർത്തോമാ നസ്രാണികൾ തോമാശ്ലീഹായുടെ പ്രവർത്തനഫലമായി രൂപപ്പെട്ട ക്രൈസ്തവ സമൂഹത്തിൻറെ തുടർച്ചയായാണ് തങ്ങളെത്തന്നെ വിലയിരുത്തുന്നത്.

ആദ്യകാല ചരിത്ര രേഖപ്പെടുത്തലുകൾ

ഇന്ത്യയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ, ക്രൈസ്തവ സമൂഹത്തെ പറ്റി പുരാതനമായ പല സാക്ഷ്യങ്ങളും നിലവിലുണ്ടെങ്കിലും അവയിൽ ഏറ്റവും ശ്രദ്ധേയം ആയിട്ടുള്ളത് 6ാം നൂറ്റാണ്ടിലെ കോസ്മാസ് ഇൻഡികോപ്ല്യൂസ്റ്റസ് എന്ന അലക്സാണ്ട്രിയൻ സഞ്ചാരിയുടെ വിവരണമാണ്. ശ്രീലങ്കയിലും കുരുമുളക് വിളയുന്ന മാലി അഥവാ മലബാറിലും കല്യാണ എന്ന സ്ഥലത്തും ഉള്ള ക്രൈസ്തവ സാന്നിധ്യം കോസ്മാസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇവർക്ക് പേർഷ്യയിലെ ക്രൈസ്തവ സമൂഹവുമായുള്ള ബന്ധവും അദ്ദേഹം രേഖപ്പെടുത്തി. ഇതിനുശേഷവും കേരളത്തിലെ ക്രൈസ്തവ സാന്നിധ്യം നിരവധിയാളുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ വിവിധ ഇടങ്ങളിൽ നിന്നും തമിഴ്നാട്ടിലും ഗോവയിലും അതുപോലെ ശ്രീലങ്കയിലും നിന്നും സവിശേഷമായ രീതിയിൽ കല്ലിൽ കൊത്തിയ കുരിശുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മാർത്തോമ സ്ലീവാകൾ എന്നറിയപ്പെടുന്ന ഇവ ദക്ഷിണേന്ത്യയിലെ ക്രൈസ്തവ സാന്നിധ്യത്തിന് ഏറ്റവും പൗരാണികമായ പുരാവസ്തു തെളിവുകളാണ്. കൊല്ലം തർസാപ്പള്ളി ശാസനം, ദക്ഷിണേന്ത്യ സന്ദർശിച്ച വിവിധ പേർഷ്യൻ, അറബി, യൂറോപ്യൻ സഞ്ചാരികൾ നൽകിയ സാക്ഷ്യങ്ങൾ എന്നിവയും കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കുറിച്ച് വിവരങ്ങൾ നൽകുന്നുണ്ട്.

മാർത്തോമാ നസ്രാണികൾ (സുറിയാനി ക്രിസ്ത്യാനികൾ)

തോമാശ്ലീഹായിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആളുകളുടെ പിന്തലമുറക്കാരായി കണക്കാക്കപ്പെടുന്ന ക്രൈസ്തവ വിഭാഗമാണ് മാർത്തോമാ നസ്രാണികൾ. കേരളത്തിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ സമൂഹം ആയ ഇവർ 'നസ്രാണി മാപ്പിളമാർ' എന്നും അറിയപ്പെട്ടിരുന്നു. മെസപ്പൊട്ടാമിയ ആസ്ഥാനമായ പേർഷ്യൻ സഭ എന്നും പൗരസ്ത്യ സുറിയാനി സഭ എന്നും അറിയപ്പെടുന്ന കിഴക്കിന്റെ സഭയുമായാണ് ഇവർ പതിനാറാം നൂറ്റാണ്ടുവരെ ബന്ധം നിലനിർത്തിയിരുന്നത്. പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്കോസിനെ തങ്ങളുടെ ആത്മീയ പരമാധ്യക്ഷനായി പരിഗണിച്ചിരുന്ന ഇവർക്ക് ഇന്ത്യയിലെ സഭാ തലവനായി ഒരു മെത്രാപ്പോലീത്തയും സമുദായത്തിന്റെ ഭരണമേൽനോട്ടത്തിന് ഒരു അർക്കദിയാക്കോനും ഉണ്ടായിരുന്നു. സവിശേഷമായ സ്വയംഭരണ അധികാര അവകാശങ്ങളോടുകൂടിയ മെത്രാസന പദവി കിഴക്കിന്റെ സഭയിൽ ഇവർക്ക് അനുവദിക്കപ്പെട്ടിരുന്നു.

വിവിധ കാലങ്ങളിൽ പേർഷ്യൻ മേഖലയിൽ നിന്ന് ക്രൈസ്തവരുടെ കുടിയേറ്റങ്ങളും മലബാറിലേക്ക് നടന്നിട്ടുണ്ട്. ക്രി. വ. 345ൽ ക്നായി തോമാ എന്ന വർത്തകപ്രമാണിയുടെ നേതൃത്വത്തിൽ നടന്നു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന കുടിയേറ്റത്തിൽ മലബാറിൽ എത്തിച്ചേർന്നവരാണ് തങ്ങൾ എന്ന് സുറിയാനി ക്രിസ്ത്യാനികളിലെ ക്നാനായക്കാർ എന്ന വംശീയവിഭാഗം വിശ്വസിച്ചുപോരുന്നു. ചരിത്രപരമായി തെക്കുംഭാഗക്കാർ എന്നറിയപ്പെട്ടിരുന്ന ഈ വിഭാഗം തങ്ങളുടെ സവിശേഷ പാരമ്പര്യങ്ങളും വ്യതിരിക്തതയും വംശീയവിവാഹനിഷ്ഠയും പാലിക്കുന്നവരാണ്.

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ മലബാറിൽ തങ്ങളുടെ പ്രവർത്തനം തുടങ്ങിയതോടുകൂടി സുറിയാനി ക്രിസ്ത്യാനികളെ റോമൻ കത്തോലിക്കാ സഭയിൽ ചേർക്കുന്നതിന് പരിശ്രമം ആരംഭിച്ചു. തുടക്കത്തിൽ രണ്ട് വിഭാഗവും തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമായിരുന്നെങ്കിലും പോർച്ചുഗീസുകാരുടെ മത, രാഷ്ടീയ അധിനിവേശ താൽപര്യങ്ങളും നെസ്തോറിയൻ പാഷണ്ഡത എന്ന് ആരോപിക്കപ്പെട്ട നസ്രാണികളുടെ കൽദായ സുറിയാനി ആചാരരീതികളും സഭാബന്ധവും കാരണം അധികം വൈകാതെ ഇത് സംഘർഷപൂർണ്ണമായി. 1552ൽ കിഴക്കിന്റെ സഭയിൽ ഉണ്ടായ പിളർപ്പും കൽദായ കത്തോലിക്കാസഭയുടെ രൂപീകരണവും കേരളത്തിലെ കൽദായ മെത്രാപ്പോലീത്തന്മാരുടെ പ്രവർത്തനവും നസ്രാണികളെ കത്തോലിക്കാ സഭയുടെ ഭാഗമാക്കി തീർത്തു. നസ്രാണികളെ തങ്ങളുടെ സഭാ സംവിധാനമായ പദ്രുവാദോയുടെ കീഴിൽ ആക്കാൻ പരിശ്രമിച്ചിരുന്ന പോർച്ചുഗീസ് മിഷനറിമാർ 1599ൽ ഉദയംപേരൂർ സൂനഹദോസ് വിളിച്ചു ചേർക്കുകയും നിർബന്ധപൂർവ്വം നസ്രാണികളെ തങ്ങളുടെ അധികാരത്തിന് കീഴിലേക്ക് കൊണ്ടുവരുകയും ചെയ്തു. ഇതിനെതിരായ നസ്രാണികളുടെ ചെറുത്തുനിൽപ്പ് ചെന്ന് അവസാനിച്ചത് 1653ലെ കൂനൻ കുരിശ് സത്യത്തിലാണ്.

കൂനൻ കുരിശ് സത്യത്തെ തുടർന്ന് വിഘടിച്ചുനിൽക്കുന്ന നസ്രാണികളെ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെടുത്താൻ മാർപാപ്പ നിഷ്പാദുക കർമ്മലിത്താ മിഷനറിമാരുടെ ഒരു സംഘത്തെ മലബാറിലേക്ക് അയച്ചു. ഈ നീക്കവുമായി ഒരു വിഭാഗം സഹകരിക്കുകയും മറുവിഭാഗം അതിനു തയ്യാറാകാതിരിക്കുകയും ചെയ്തത് മാർത്തോമാ നസ്രാണികളുടെ ഇടയിൽ സ്ഥിരമായ ഒരു പിളർപ്പിന് വഴിവെച്ചു. കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടവർ ലത്തീൻ വൽക്കരിക്കപ്പെട്ട കൽദായ സുറിയാനി ആരാധനാക്രമം തുടരുകയും പഴയകൂറ്റുകാർ എന്ന് അറിയപ്പെടുകയും ചെയ്തു. മറുവിഭാഗം പൗരോഹിത്യ അംഗീകാരത്തിന് അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുമായി (യാക്കോബായ സഭ) ബന്ധം സ്ഥാപിക്കുകയും അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമവും ദൈവശാസ്ത്രവും സ്വീകരിക്കുകയും ചെയ്തുകൊണ്ട് പുത്തങ്കൂറ്റുകാർ എന്ന് അറിയപ്പെടാൻ തുടങ്ങി.

സീറോ-മലബാർ കത്തോലിക്കാ സഭ, കൽദായ സുറിയാനി സഭ എന്നീ രണ്ട് സഭകളാണ് പഴയകൂറ്റുകാരുടെ ആധുനിക ശാഖകൾ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ, മലങ്കര മാർത്തോമാ സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയാണ് പുത്തങ്കൂർ വിഭാഗത്തിന്റെ ആധുനിക ശാഖകൾ.

കിഴക്കിന്റെ സഭയുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നു

കിഴക്കിന്റെ സഭയുമായി പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന സഭാപരമായ ബന്ധം ഇന്ന് നിലനിർത്തുന്നത് കൽദായ സുറിയാനി സഭ മാത്രമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ പഴയകൂറ്റുകാരുടെ ഇടയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് രൂപപ്പെട്ടതാണ് ഈ സഭ. 1599ലെ ഉദയംപേരൂർ സൂനഹദോസിനു ശേഷം റോമൻ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ എത്തിയ സുറിയാനി ക്രിസ്ത്യാനികളിലെ പഴയകൂർ വിഭാഗം പത്തൊമ്പതാം നൂറ്റാണ്ടിൽ കൽദായ കത്തോലിക്കാ സഭയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും അങ്ങനെ ലത്തീൻ ഭരണത്തിൽ നിന്ന് സഭപരമായ സ്വാതന്ത്ര്യം നേടാനും ശ്രമിച്ചു. പഴയകൂറ്റുകാരുടെ ശ്രമങ്ങളെ അതിരൂക്ഷമായി എതിർത്ത റോമിലെ കത്തോലിക്കാ സഭാ നേതൃത്വവും പ്രാദേശിക റോമൻ കത്തോലിക്ക നേതൃത്വവും കൽദായ കത്തോലിക്കാ സഭയെ നിർബന്ധപൂർവ്വം ഈ ബന്ധത്തിൽ നിന്ന് പിൻവലിപ്പിച്ചു. എന്നാൽ ഇതിനോടകം പ്രാദേശിക റോമൻ കത്തോലിക്കാ നേതൃത്വത്തിൽ നിന്ന് വളരെ അകന്നിരുന്ന ഒരു വിഭാഗം പഴയകൂറ്റുകാർ തങ്ങളുടെ നിലനിൽപ്പിന് കിഴക്കിന്റെ സഭയിലെ സ്വതന്ത്ര വിഭാഗത്തിന്റെ കാതോലിക്കോസുമായി ബന്ധം സ്ഥാപിച്ചു. കൽദായ സുറിയാനി എന്നാണ് ഇവർ അറിയപ്പെടുന്നത്. കിഴക്കിന്റെ അസ്സീറിയൻ സഭയുടെ ഒരു പ്രാദേശിക അതിരൂപതയായാണ് ഇവർ ഇന്ന് നിലകൊള്ളുന്നു. കൽദായ സുറിയാനി സഭ എന്ന പേര് തന്നെയാണ് ഇവർ ഔദ്യോഗികമായി ഉപയോഗിക്കുന്നതെങ്കിലും അസ്സീറിയൻ സഭയുടെ ഭാഗമായതിനാൽ പ്രാദേശികമായി സൂറായികൾ എന്നും ഇവർ അറിയപ്പെടുന്നു.

കത്തോലിക്കാസഭ കേരളത്തിൽ

പതിനാറാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസ് മിഷനറിമാർ ഉൾപ്പെടുന്ന യൂറോപ്യൻ കത്തോലിക്കാ മിഷനറിമാരും 1552നുശേഷം കൽദായ കത്തോലിക്കാ സഭയിൽ നിന്നുള്ള മെത്രാന്മാരും മലബാറിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് കേരളത്തിലെ കത്തോലിക്കാ സഭയിലെ ലത്തീൻ, സുറിയാനി വിഭാഗങ്ങൾ രൂപപ്പെട്ടത്. 1653ൽ സുറിയാനി ക്രിസ്ത്യാനികൾ നടത്തിയ കൂനൻ കുരിശ് സത്യം വരെ മലബാറിലെ കത്തോലിക്കാ സഭയുടെ ഭരണം പോർച്ചുഗീസ് പദ്രുവാദോ ആണ് കൈവശം വച്ചിരുന്നത്. ഇതിനുശേഷം മാർപാപ്പയുടെ നേരിട്ടുള്ള ഭരണത്തിന് കീഴിൽ ഉള്ള വികാരിയാത്ത് സഭാസംവിധാനങ്ങളും നിലവിൽ വന്നു.

ലത്തീൻ ക്രിസ്ത്യാനികൾ

റോമൻ കത്തോലിക്കാ സഭ അഥവാ ലത്തീൻ സഭയുടെ മിഷനറിമാരുടെ മലബാറിലെ പ്രവർത്തനത്തിന്റെയും മതപ്രചരണത്തിന്റെയും ഫലമായി രൂപപ്പെട്ട ക്രൈസ്തവ സമൂഹമാണ് ലത്തീൻ കത്തോലിക്കർ അഥവാ ലത്തീൻ ക്രിസ്ത്യാനികൾ. പതിനാലാം നൂറ്റാണ്ടിൽ കൊല്ലം മേഖലയിൽ ജോർദാനൂസ് കാത്തലാനി മുതലായ ലത്തീൻ മിഷനറിമാർ പ്രവർത്തനം ആരംഭിച്ചിരുന്നു എങ്കിലും നിലനിൽക്കുന്ന ഒരു ക്രൈസ്തവ വിഭാഗത്തിന് തുടക്കമിടാൻ അവർക്ക് സാധിച്ചില്ല. പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് മിഷനറിമാരുടെ വരവോടെയാണ് ഈ ക്രൈസ്തവ വിഭാഗം വ്യവസ്ഥാപിതമായി രൂപപ്പെടാൻ തുടങ്ങിയത്. ഫ്രാൻസിസ് സേവ്യർ അക്കാലത്തെ ലത്തീൻ സഭയുടെ പ്രമുഖ മിഷനറി നേതാവായിരുന്നു. പല സ്ഥലങ്ങളിലും മാർത്തോമാ നസ്രാണികളിൽ (സുറിയാനി ക്രിസ്ത്യാനികൾ) പെട്ട ഒരുവിഭാഗം ആളുകളും ലത്തീൻ സഭയിൽ ചേർന്നിരുന്നു. കൂനൻ കുരിശു സത്യത്തിന്റെ കാലത്തും ലത്തീൻ സഭയുമായും പോർച്ചുഗീസ് മിഷനറിമാരുമായും ചേർന്ന് നിന്നു. ഇതിനുശേഷം കേരളത്തിൽ എത്തിച്ചേർന്ന കർമ്മലീത്താ മിഷനറിമാരും സ്വന്തം നിലയിൽ ലത്തീൻ സഭയിലേക്ക് ആളുകളെ മതപരിവർത്തനത്തിലൂടെ ചേർത്തു കൊണ്ടിരുന്നു. മലബാറിലെ ലത്തീൻ കത്തോലിക്കർ ഒരു പ്രത്യേക മത വംശീയ വിഭാഗം അല്ല മറിച്ച് നിരവധി വംശീയ വിഭാഗങ്ങൾ അതിൻറെ ഭാഗമായി ഉണ്ട്. സവിശേഷമായ സംസ്കാരം പിന്തുടരുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും.

ലത്തീൻ കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ ആദ്യത്തെ രൂപത പതിനാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ കൊല്ലം രൂപതയാണ്. എന്നാൽ ഈ രൂപത അധികം കാലം നിലനിന്നില്ല. പോർച്ചുഗീസുകാരുടെ കീഴിൽ ഗോവയിൽ അതിരൂപതയും കൊച്ചി, മൈലാപ്പൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രങ്ങളായി രൂപതകളും സ്ഥാപിതമായതോടെയാണ് ഇന്ത്യയിലെ ലത്തീൻ സഭ സുസംഘടിതമായി സ്ഥാപിതമാകുന്നത്. 1599ലെ ഉദയംപേരൂർ സൂനഹദോസോടെ കൽദായ സുറിയാനി ക്രിസ്ത്യാനികളുടെ അങ്കമാലി അതിരൂപത നിർത്തലാക്കപ്പെടുകയും അതിനുപകരം സ്ഥാപിതമായ അങ്കമാലി രൂപത തുടർന്ന് കൊടുങ്ങല്ലൂർ ആസ്ഥാനമായി ഗോവ പ്രാഥമിക അതിരൂപതയുടെ കീഴിലുള്ള റോമൻ കത്തോലിക്ക അതിരൂപതയായി മാറുകയും ചെയ്തതോടെ കേരളത്തിലെ കുറെ ലത്തീൻ കത്തോലിക്കർ കൊച്ചി രൂപതയിൽ നിന്ന് മാറി ഈ രൂപതയുടെ ഭാഗമായി. കൂനൻ കുരിശു സത്യത്തിനു ശേഷം സുറിയാനി ക്രിസ്ത്യാനികൾക്കായി സ്ഥാപിതമായ മലബാർ അപ്പസ്തോലിക് വികാരിയത്ത് അധികം വൈകാതെ വരാപ്പുഴ കേന്ദ്രമായി ലത്തീൻ കത്തോലിക്കരുടെ അപ്പസ്തോലിക്ക് വികാരിയത്തും പിന്നീട് അതിരൂപതയും ആയി മാറി.

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ സഭാ സംവിധാനത്തെ പുനഃസംഘടിപ്പിക്കാനുള്ള കാര്യപരിപാടികളിലേക്ക് റോമിലെ കത്തോലിക്കാ സഭാ നേതൃത്വം കടന്നു. ഇതിന്റെ ഭാഗമായി പദ്രുവാദോ സംവിധാനം അന്ന് പോർച്ചുഗീസ് ഭരണത്തിലുണ്ടായിരുന്ന ഗോവ, ദാമൻ, ദിയു മുതലായ പ്രദേശങ്ങളിലേക്ക് പരിമിതപ്പെടുത്തി. ഇതോടെ കൊടുങ്ങല്ലൂർ അതിരൂപത നിർത്തലാക്കപ്പെടുകയും അതിനുപകരം വരാപ്പുഴ വികാരിയത്ത് അതിരൂപതയാക്കുകയും ചെയ്തു. ഇതിനെതിരേ കൊടുങ്ങല്ലൂർ അതിരൂപതയിലുണ്ടായ പ്രതിഷേധം ഇന്ത്യയിലെ പ്രൊപ്പഗാൻദാ-പദ്രുവദോ ശീശ്മയുടെ ഭാഗമായി ഏതാനം വർഷങ്ങൾ തുടർന്നുപോയി. ഇതോടൊപ്പം മാർപ്പാപ്പ സുറിയാനി കത്തോലിക്കരെ വരാപ്പുഴ അതിരൂപതയുടെ പരിധിയിൽ നിന്ന് വേർപെടുത്തുകയും അവർക്കായി പുതിയ വികാരിയത്തുകൾ സ്ഥാപിക്കുകയും ചെയ്തു.

സുറിയാനി കത്തോലിക്കർ

1552നുശേഷം കിഴക്കിന്റെ സഭയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് രൂപപ്പെട്ട കൽദായ കത്തോലിക്കാ സഭയുടെ മെത്രാപ്പോലീത്തമാരായ യൗസേപ്പ് സുലാഖ, അബ്രാഹം എന്നിവർ മലബാറിൽ എത്തി സുറിയാനി ക്രിസ്ത്യാനികളുടെ സഭാഭരണം ഏറ്റെടുത്തതോടെ അവർ മാർപ്പാപ്പയുടെ ആത്മീയ നേതൃത്വത്തിന് കീഴിലായി. ഇവർക്കായി അങ്കമാലി അതിരൂപതയും സ്ഥാപിതമായി. പോർച്ചുഗീസ് മിഷനറിമാരുടെ പ്രവർത്തനങ്ങൾ നസ്രാണികളുടെ കത്തോലിക്കാസഭയിലേക്കുള്ള സമ്പൂർണ്ണ ലയനത്തിന് വലിയ തോതിൽ ആക്കം കൂട്ടിക്കൊണ്ടിരുന്നു. ഗോവാ ആർച്ച്ബിഷപ്പ് അലക്സിസ് മെനസിസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദയംപേരൂർ സൂനഹദോസ് അങ്കമാലി അതിരൂപത നിർത്തലാക്കിക്കൊണ്ട് കൽദായ കത്തോലിക്കാ സഭയുമായുള്ള നസ്രാണികളുടെ ബന്ധം അവസാനിപ്പിക്കുകയും അവരെ റോമൻ കത്തോലിക്കാ സഭയുടെ പദ്രുവാദോ ഭരണത്തിന് കീഴിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആദ്യം അങ്കമാലിയും പിന്നീട് കൊടുങ്ങല്ലൂരും ആസ്ഥാനമായി സുറിയാനി കത്തോലിക്കർക്കായി ഒരു പദ്രുവാദോ അതിരൂപതയും നിലവിൽ വന്നു. ഈ അതിരൂപത ഭരിച്ച പോർച്ചുഗീസ് മെത്രാന്മാരും തദ്ദേശ സുറിയാനി ക്രിസ്ത്യാനി നേതാക്കളും തമ്മിലുള്ള തർക്കങ്ങൾ നാൾക്കുനാൾ വർധിച്ചു വരികയും 1653ൽ കൂനൻ കുരിശ് സത്യത്തിൽ ചെന്ന് കലാശിക്കുകയും ചെയ്തു. നസ്രാണികളുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ജ്യൂസെപ്പെ സെബസ്ത്യാനിയുടെ നേതൃത്വത്തിലുള്ള ഒരു കർമ്മലീത്താ നിഷ്പാദുക മിഷനറി സംഘത്തെ മാർപാപ്പ മലബാറിലേക്ക് അയച്ചു. ഇവരുടെ ശ്രമഫലമായി ഒരു വിഭാഗം നസ്രാണികൾ കത്തോലിക്കാസഭയിലേക്ക് പുനരൈക്യപ്പെട്ടു. ഇവർ പഴയകൂറ്റുകാർ എന്നാണ് അറിയപ്പെട്ടത്. ഇതിനെത്തുടർന്ന് മാർപ്പാപ്പ ഇവർക്കായി മലബാറിന്റെ അപ്പസ്തോലിക് വികാരിയത്ത് എന്ന സംവിധാനം സ്ഥാപിക്കുകയും സെബസ്ത്യാനിയെ അതിന്റെ തലവനാക്കുകയും ചെയ്തു. 1663ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി പ്രദേശത്ത് അധികാരം പിടിക്കുകയും മറ്റ് വിദേശ മിഷണറിമാരോട് മടങ്ങി പോകാൻ നിർദ്ദേശിക്കുകയും മലബാറിൽ നിന്ന് നാടുകടത്തുകയും ചെയ്തതോടെ തദ്ദേശീയനായ ഒരാളെ മെത്രാനാക്കാൻ സെബസ്ത്യാനിയും സംഘവും നിർബന്ധിതരായി. തുടർന്ന് പറമ്പിൽ ചാണ്ടി എന്ന വൈദികൻ സുറിയാനി കത്തോലിക്കരുടെ മെത്രാനായി അവരോധിക്കപ്പെട്ടു. എന്നാൽ ചാണ്ടിയുടെ മരണശേഷം പഴയകൂറ്റുകാർ ദീർഘകാലം ലത്തീൻ മെത്രാന്മാരുടെ തന്നെ ഭരണത്തിന് കീഴിലായി. ഇതിനെതിരായ പ്രതിഷേധങ്ങൾ ഇവരുടെ ഇടയിൽ രൂക്ഷമായിരുന്നു. പലപ്പോഴും പുത്തങ്കൂറ്റുകാരുമായും മെസപ്പൊട്ടാമിയയിലെ കൽദായ കത്തോലിക്കാ സഭയുമായും പുനരൈക്യപ്പെട്ടുകൊണ്ട് ലത്തീൻ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഇവർ പരിശ്രമിച്ചുകൊണ്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സുറിയാനി കത്തോലിക്കർക്ക് സ്വതന്ത്രമായ സഭാ സംവിധാനം നൽകാൻ അവസാനം മാർപാപ്പ തീരുമാനിച്ചു. ഇപ്രകാരം സ്വാതന്ത്രം സിദ്ധിച്ച പൗരസ്ത്യ കത്തോലിക്കാസഭയാണ് സീറോ-മലബാർ സഭ.

ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ കേരളത്തിൽ

കൂനൻ കുരിശു സത്യത്തിന് ശേഷം റോമൻ കത്തോലിക്കാ സഭയുടെ പദ്രുവാദോ ഭരണത്തിൽ നിന്ന് സ്വതന്ത്രരായ സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ നേതാവായ പറമ്പിൽ തോമാ അർക്കദിയാക്കോന്റെ നേതൃത്വത്തിൽ നിലകൊണ്ടു. തോമാ അർക്കദിയാക്കോനെ അവർ തങ്ങളുടെ മെത്രാപ്പോലീത്തയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റൊരു മെത്രാനിൽ നിന്ന് കൈവയ്പ്പ് പറമ്പിൽ തോമായ്ക്ക് ലഭിച്ചിട്ടില്ല അദ്ദേഹത്തിൻറെ മെത്രാൻ സ്ഥാനം സംശയത്തിന്റെ നിഴലായി. 1663ഓടെ ഇവരിൽ വലിയൊരു വിഭാഗം റോമൻ കത്തോലിക്കാ സഭ അനുവദിച്ചു കൊടുത്ത പുതിയ സംവിധാനത്തിന് കീഴിലേക്ക് ചേക്കേറി. പറമ്പിൽ ചാണ്ടി എന്ന വൈദികൻ ആയിരുന്നു ഇവരുടെ പ്രധാന നേതാവ്. തുടർന്ന് പറമ്പിൽ ചാണ്ടിയെ റോമൻ കത്തോലിക്കാ സഭ മെത്രാനായി അഭിഷേകം ചെയ്തു. ഇതോടെ പറമ്പിൽ തോമാ പദവി സാധുവായി അംഗീകരിച്ചു കിട്ടുന്നതിന് വിവിധ സഭാ നേതൃത്വങ്ങളെ സമീപിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് 1665ൽ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് ഗ്രിഗോറിയോസ് അബ്ദൽ ജലീൽ എന്ന മെത്രാപ്പോലീത്ത മലബാറിൽ എത്തിച്ചേർന്നു. ഇതിനുശേഷം പറമ്പിൽ തോമായും അദ്ദേഹത്തിന്റെ വിഭാഗവും സുറിയാനി ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തിലേക്ക് കടന്നു. ഇവർ പുത്തങ്കൂറ്റുകാർ എന്നറിയപ്പെട്ടു. കാലക്രമേണ ഇവർ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആത്മീയ നേതൃത്വവും സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവശാസ്ത്ര കാഴ്ചപ്പാടുകളും അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമവും സ്വീകരിക്കുകയും ചെയ്തു. കാലാകാലങ്ങളിൽ ഇവരുടെ ഇടയിൽ ഉണ്ടായ അധികാര തർക്കങ്ങളും വഴക്കുകളും നിരവധി പിളർപ്പുകൾക്ക് കാരണമാവുകയും മലബാർ സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂർ / അഞ്ഞൂർ സഭ), മാർത്തോമാ സുറിയാനി സഭ, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (യാക്കോബായ സഭ), മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ (ഇന്ത്യൻ ഓർത്തഡോക്സ്), മലങ്കര സുറിയാനി കത്തോലിക്കാ സഭ, സെന്റ് തോമസ് ഇവാഞ്ജെലിക്കൽ സഭ തുടങ്ങിയ സഭകൾ രൂപപ്പെടുകയും ചെയ്തു.

നിലവിൽ ഇവരിൽ സുറിയാനി ഓർത്തഡോക്സ് സഭയുമായി ഭരണപരമായ ബന്ധം പുലർത്തുന്ന ഏക സഭ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മാത്രമാണ്.

പ്രൊട്ടസ്റ്റന്റ് സഭകൾ കേരളത്തിൽ

പ്രധാനമായും ബ്രിട്ടീഷ് മിഷനറിമാരുടെ പ്രവർത്തനഫലമായാണ് പ്രോട്ടസ്റ്റന്റ് സഭകൾ കേരളത്തിൽ പ്രചാരം നേടുന്നത്. ഇതിനുമുമ്പ് ഡച്ചുകാരുടെ കാലത്തുതന്നെ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ ദക്ഷിണേന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ വ്യവസ്ഥാപിതമായ പ്രോട്ടസ്റ്റന്റ് സഭകൾ കേരളത്തിൽ സ്ഥാപിതമാകാൻ തുടങ്ങുന്നത് ബ്രിട്ടീഷ് കാലഘട്ടം മുതലാണ്.

ആംഗ്ലിക്കൻ സഭ കേരളത്തിൽ

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്താണ് ആംഗ്ലിക്കൻ സഭ ഇന്ത്യയിൽ രൂപപ്പെടുന്നത്. കൽക്കട്ട മഹായിടവകയാണ് സഭയുടെ ഇന്ത്യയിലെ ആദ്യത്തെ രൂപത.

കേരളത്തിലെ ബ്രിട്ടീഷ് മിഷനറി പ്രവർത്തനം ശക്തമാകുന്നത് കുളച്ചൽ യുദ്ധത്തിനും ഡച്ചുകാരുടെ പടിയിറക്കത്തിനും ശേഷമാണ്. വിവിധ അക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളിലേക്ക് മതപ്രചരണം നടത്തുന്നതിനോടൊപ്പം സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലും സഭയുടെ സ്വാധീനം വളർത്താൻ അവർ പരിശ്രമിച്ചിരുന്നു. പുത്തങ്കൂർ വിഭാഗത്തെ ആംഗ്ലിക്കൻ സഭയുമായി അടുപ്പിക്കാൻ ഏറ്റവും വലിയ സംഭാവനകൾ ചെയ്തത് ബ്രിട്ടീഷുകാരുടെ ചർച്ച് മിഷണറി സൊസൈറ്റി ആണ്. കോട്ടയം പഴയ സെമിനാരിയും സഭയുടെ ആധുനിക സഭാ സംവിധാനങ്ങളും ഇക്കാലത്താണ് രൂപപ്പെട്ടത്. പുത്തങ്കൂറ്റുകാരുടെ സഭാ നേതൃത്വം പകലോമറ്റം മെത്രാന്മാരിൽ നിന്ന് സഭാപ്രതിനിധിയോഗം തിരഞ്ഞെടുക്കുന്ന മെത്രാന്മാരിലേക്ക് വഴിമാറിയതും ഇക്കാലത്താണ്. എന്നാൽ 1836ലെ മാവേലിക്കര സുന്നഹദോസിന് ശേഷം പുത്തങ്കൂർ മലങ്കര സുറിയാനി സഭയും മിഷനറിമാരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കപ്പെട്ടു. ഇതോടെ മിഷനറിമാരെ പിന്തുണച്ചിരുന്നവർ ആംഗ്ലിക്കൻ സഭയിലേക്ക് ചേക്കേറി. 'ആംഗ്ലിക്കൻ സുറിയാനിക്കാർ' എന്ന സവിശേഷ സാമുദായികവിഭാഗം രൂപമെടുക്കുന്നതിന് ഇത് കാരണമായി. ഇതിനുപുറമേ വിവിധ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവർത്തന ഫലമായി ക്രിസ്തുമതം സ്വീകരിച്ച ആളുകളും ആംഗ്ലിക്കൻ സഭയിൽ ഉണ്ടായിരുന്നു. 1879ൽ ആംഗ്ലിക്കൻ സഭയുടെ തിരുവിതാംകൂർ-കൊച്ചി മഹായിടവക ഇവർക്കെല്ലാമായി സ്ഥാപിതമായി.

മാർത്തോമാ സഭ

ആംഗ്ലിക്കൻ സഭയുടെ ചർച്ച് മിഷണറി സൊസൈറ്റിയുടെ പ്രവർത്തനഫലമായി പത്തൊമ്പതാം നൂറ്റാണ്ടിലെ പുത്തങ്കൂർ മലങ്കര സുറിയാനി സഭയിൽ പ്രൊട്ടസ്റ്റൻറ് ശൈലിയിലുള്ള സഭാനവീകരണം ആഗ്രഹിക്കുന്ന ഒരു വിഭാഗം രൂപപ്പെട്ടു. മാവേലിക്കര സുന്നഹദോസോടെ ആംഗ്ലിക്കൻ സഭയുമായുള്ള മലങ്കര സഭയുടെ ബന്ധം അവസാനിച്ചെങ്കിലും ഈ വിഭാഗത്തിൽപ്പെട്ട പലരും സഭയിൽ തുടർന്നിരുന്നു. മുതിർന്ന വൈദികനും സഭയിലെ പ്രമുഖ പണ്ഡിതനുമായിരുന്ന പാലക്കുന്നത്ത് അബ്രാഹം മല്പാൻ ആയിരുന്നു ഇവരുടെ നേതാവ്. സഭയുടെ സ്വാതന്ത്ര്യം, നവീകരണം, അന്ത്യോഖ്യൻ സുറിയാനി പൈതൃകത്തിന്റെ സംരക്ഷണം എന്നിവയൊക്കെ ഇവരുടെ പ്രധാന ലക്ഷ്യങ്ങളായിരുന്നു. 1852ൽ പാലക്കുന്നത്ത് മാത്യൂസ് അത്താനാസിയോസ് മലങ്കര മെത്രാനായി അംഗീകരിക്കപ്പെട്ടതോടെ ഇവർ സഭയുടെ ഔദ്യോഗിക നേതൃത്വത്തിലെത്തി. എന്നാൽ ഇതിനേത്തുടർന്ന് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ നടത്തിയ സഭാ സന്ദർശനവും മുളന്തുരുത്തി സുന്നഹദോസും യാക്കോബായ വിഭാഗത്തിന്റെ ശക്തിപ്പെടലിലേക്ക് നയിച്ചു. തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങളിൽ മാത്യൂസ് അത്താനാസിയോസിന്റെ പിൻഗാമിയായ തോമസ് അത്താനാസിയോസ് പരാജയപ്പെട്ടു. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഉണ്ടായിരുന്നവർ മലങ്കര മാർത്തോമാ സുറിയാനി സഭ എന്ന പേരിൽ സ്വതന്ത്ര പൗരസ്ത്യ നവീകൃത സഭയായി മാറി.

സി. എസ്. ഐ. സഭ

ഇന്ത്യയിലെ ബ്രിട്ടിഷ് മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപപ്പെട്ട ഇന്ത്യയിലെ ആംഗ്ലിക്കൻ സഭയിൽ നിന്ന് ഉൽഭവിച്ച സഭകളിൽ ഒന്നാണ് സി. എസ്. ഐ. സഭ.

1947 ന് ശേഷം ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് പിന്മാറിയതിന് ഒപ്പം ഇന്ത്യയിലെ ആംഗ്ലിക്കൻ സഭയുടെ പ്രവർത്തനവും അവസാനിച്ചു. ഇതോടെ തെക്കേ ഇന്ത്യയിലെ പഴയ ആംഗ്ലിക്കൻ സഭാ സംവിധാനം 'ചർച്ച് ഓഫ് സൗത്ത് ഇന്ത്യ' (സി. എസ്. ഐ) എന്ന പേരിൽ സ്വതന്ത്ര സഭയായി രൂപപ്പെടുകയും ആംഗ്ലിക്കൻ കൂട്ടായ്മയുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ആംഗ്ലിക്കൻ സഭാ പ്രവിശ്യയായിരുന്ന ഇന്ത്യ, ബർമ്മ, സീലോൺ സഭയുടെ തെക്കൻ രൂപതകളും തെക്കേ ഇന്ത്യയിലെ മെത്തഡിസ്റ്റ് സഭയും വിവിധ പ്രസ്ബിറ്റേറിയൻ, നവീകരണവാദി, കൂട്ടായ്മവാദി വിഭാഗങ്ങളുടെ ലയനത്തിലൂടെ രൂപപ്പെട്ട ദക്ഷിണ ഇന്ത്യൻ ഏകീകൃതസഭയും ലയിച്ചാണ് 1947ൽ സി. എസ്. ഐ. സഭയ്ക്ക് രൂപം കൊടുത്തത്.

സഭാ വിഭാഗങ്ങൾ

അംഗസംഖ്യ

കേരളത്തിലെ ക്രിസ്തീയ വിഭാഗങ്ങൾ (അവലംബം: Zachariah 2016)

  സിറോ-മലബാർ (38.2%)
  റോമൻ (ലത്തീൻ) കത്തോലിക്കാ (15.2%)
  ഓർത്തഡോക്സ്‌ (8.0%)
  യാക്കോബായ (7.9%)
  മലങ്കര കത്തോലിക്കാ (7.6%)
  മാർത്തോമാ (6.6%)
  സി. എസ്. ഐ (4.5%)
  പെന്തകോസ്ത് (5.3%)
  ദളിത് ക്രൈസ്തവർ (2.6%)
  മറ്റുള്ളവർ (5.9%)
ക്രിസ്തുമതം കേരളത്തിൽ 
മാരാമൺ കൺവെൻഷൻ

കേരളത്തിലെ മുഖ്യധാരക്രൈസ്തവ സഭകൾ പ്രധാനമായും അഞ്ച് വിഭാഗങ്ങളിൽ പെടുന്നു.

  1. കത്തോലിക്കാ സഭ
  2. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ‍
  3. ഇതര സുറിയാനി സഭകൾ (അസ്സീറിയൻ, പൗരസ്ത്യ പ്രൊട്ടസ്റ്റന്റ് മുതലായവ)
  4. പ്രൊട്ടസ്റ്റന്റ് സഭകൾ (സുറിയാനി ഇതര വിഭാഗങ്ങൾ)
  5. മറ്റ് ക്രിസ്തീയ വിഭാഗങ്ങൾ

കത്തോലിക്കാ സഭ

റോമിലെ മാർപ്പാപ്പയെ പരമാധ്യക്ഷനായി അംഗീകരിക്കുന്ന സഭകൾ കത്തോലിക്കാ സഭയുടെ ഭാഗമാണ്. കത്തോലിക്കാ സഭയുടെ മൂന്ന് വ്യക്തിസഭകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. സീറോ-മലബാർ സഭ, മലങ്കര സുറിയാനി (സീറോ-മലങ്കര) കത്തോലിക്കാ സഭ, ലത്തീൻ (റോമൻ) കത്തോലിക്കാ സഭ എന്നിവയാണ് അവ. ഇവയ്ക്ക് പുറമേ ക്നാനായ കത്തോലിക്കാ സമുദായവും കേരളത്തിലെ കത്തോലിക്കാ സഭയിലുണ്ട്. സീറോ-മലബാർ സഭയുടെ കോട്ടയം അതിരൂപതയുടെ ഭാഗമാണ് ഇവർ. കേരളത്തിലെ ക്രൈസ്തവ ജനസംഖ്യയിൽ 61 ശതമാനത്തിൽ അധികം ആളുകളും കത്തോലിക്കാസഭയിലെ അംഗങ്ങളാണ്.

സീറോ-മലബാർ കത്തോലിക്കാ സഭ

കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയാണ് സീറോ-മലബാർ സഭ. കൊച്ചിയിലെ കാക്കനാട്ട് സ്ഥിതിചെയ്യുന്ന മൗണ്ട് സെന്റ് തോമസ് ആണ് സഭയുടെ ആഗോള ആസ്ഥാനം. കത്തോലിക്കാ സഭയിലെ 23 പൗരസ്ത്യ കത്തോലിക്കാ സഭകളിൽ രണ്ടാമത്തെ ഏറ്റവും വലുതാണ് ഇത്. സഭയുടെ തലവൻ എറണാകുളം-അങ്കമാലി മേജർ ആർച്ച്ബിഷപ്പ് എന്ന് അറിയപ്പെടുന്നു. മേജർ ആർച്ച്ബിഷപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സഭാ എപ്പിസ്കോപ്പൽ സിനഡ് ആണ് സഭയുടെ അധികാരം കൈയ്യാളുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലും ഇന്ത്യ ഉടനീളവും സഭയ്ക്ക് രൂപതകൾ ഉണ്ട്.

1599ലെ ഉദയംപേരൂർ സൂനഹദോസ് മുതൽ ലത്തീൻ ഭരണത്തിന് കീഴിൽ ആയിത്തീർന്ന ഈ സഭ 1896ലാണ് സ്വതന്ത്ര സഭാ സംവിധാനം നേടിയെടുത്തത്. കൽദായ സുറിയാനി ആരാധനാക്രമം ഉപയോഗിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭയാണ് ഇത്. ഉദയംപേരൂർ സൂനഹദോസ് മുതലുള്ള ലത്തീൻ ഭരണകാലത്ത് ലത്തീൻ വൽക്കരിക്കപ്പെട്ട ആരാധനാക്രമം പുനരുദ്ധരിക്കുന്നതും പരിഷ്കരിക്കുന്നതും ആയി ബന്ധപ്പെട്ട തർക്കങ്ങൾ ഈ സഭയിൽ രൂക്ഷമായ വിഭാഗീയതയ്ക്ക് കാരണമാണ്.

കേരളത്തിൽ സീറോ-മലബാർ സഭയ്ക്ക് ആകെ 13 രൂപതകളാണ് ഉള്ളത്. ഇതിൽ അഞ്ചെണ്ണം അതിരൂപതകളാണ്. അവയിൽ ഒന്നായ കോട്ടയം അതിരൂപത ക്നാനായ കത്തോലിക്കർക്കായി പ്രവർത്തിക്കുന്നു. ഈ രൂപതകളിൽ എല്ലാമായി 2,346,000ൽ അധികം അംഗങ്ങൾ ഈ സഭയിലുണ്ട്.

  1. എറണാകുളം-അങ്കമാലി മേജർ അതിരൂപത
  2. ചങ്ങനാശ്ശേരി അതിരൂപത
  3. തൃശ്ശൂർ അതിരൂപത
  4. തലശ്ശേരി അതിരൂപത
  5. കോട്ടയം അതിരൂപത
  6. പാലാ രൂപത
  7. കോതമംഗലം രൂപത
  8. കാഞ്ഞിരപ്പള്ളി രൂപത
  9. മാനന്തവാടി രൂപത
  10. ഇരിഞ്ഞാലക്കുട രൂപത
  11. ഇടുക്കി രൂപത
  12. താമരശ്ശേരി രൂപത
  13. പാലക്കാട് രൂപത

ലത്തീൻ കത്തോലിക്കാ സഭ

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സഭാവിഭാഗമാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭ അഥവാ റോമൻ കത്തോലിക്കാസഭ. സംസ്ഥാനത്ത് ആകെ 933,000ൽ അധികം ലത്തീൻ കത്തോലിക്കർ ഉണ്ട്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഈ സഭയുടെ ആസ്ഥാനം വത്തിക്കാൻ തന്നെയാണ്.

കേരളത്തിലെ ലത്തീൻ സഭയ്ക്ക് പൊതുവായ സഭാ സംവിധാനം ഇല്ല. പകരം പ്രധാനമായും വരാപ്പുഴ, തിരുവനന്തപുരം എന്നീ രണ്ട് മെത്രാപ്പോലീത്തൻ പ്രവിശ്യകൾക്ക് കീഴിൽ ആകെ 12 രൂപതകൾ സഭയ്ക്ക് കേരളത്തിലുണ്ട്. ഇവയ്ക്ക് പുറമേ കാസർഗോഡ് ജില്ലയുടെ വടക്കൻ മേഖലകൾ മംഗലാപുരം രൂപതയുടെ ഭാഗമാണ്. സഭയുടെ പൊതുവായ നിയന്ത്രണത്തിന് കേരളത്തിലെ എല്ലാ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരും അംഗങ്ങളായ കെ. ആർ. എൽ. സി. ബി. സി. എന്ന സംഘടനയും നിലവിലുണ്ട്. ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ സി. സി. ബി. ഐ.യുടെ പ്രാദേശിക ഘടകമാണിത്. കേരളത്തിലെ റോമൻ കത്തോലിക്കാ രൂപതകൾ ഇവയാണ്:

  1. തിരുവനന്തപുരം അതിരൂപത
  2. വരാപ്പുഴ അതിരൂപത
  3. കൊല്ലം രൂപത
  4. നെയ്യാറ്റിൻകര രൂപത
  5. പുനലൂർ രൂപത
  6. ആലപ്പുഴ രൂപത
  7. വിജയപുരം രൂപത
  8. കോട്ടപ്പുറം രൂപത
  9. സുൽത്താൻപേട്ട് രൂപത
  10. കൊച്ചി രൂപത
  11. കോഴിക്കോട് രൂപത
  12. കണ്ണൂർ രൂപത

മലങ്കര സുറിയാനി കത്തോലിക്കാ സഭ

കേരളം ആസ്ഥാനമായ അന്ത്യോഖ്യൻ സുറിയാനി കത്തോലിക്കാ സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ അഥവാ സിറോ-മലങ്കര സഭ. തിരുവന്തപുരം പട്ടത്ത് സ്ഥിതിചെയ്യുന്ന കാതോലിക്കേറ്റ് സെന്റർ ആണ് സഭയുടെ ആഗോള ആസ്ഥാനം. കത്തോലിക്കാ സഭയിലെ 23 പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ഒന്നാണ് ഇത്. സഭയുടെ തലവൻ തിരുവന്തപുരം മേജർ ആർച്ച്ബിഷപ്പ് എന്ന് അറിയപ്പെടുന്നു. മേജർ ആർച്ച്ബിഷപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സഭാ എപ്പിസ്കോപ്പൽ സിനഡ് ആണ് സഭയുടെ അധികാരം കൈയ്യാളുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലും ഇന്ത്യ ഉടനീളവും സഭയ്ക്ക് രൂപതകൾ ഉണ്ട്.

കേരളത്തിൽ സീറോ-മലങ്കര സഭയ്ക്ക് ആകെ 7 രൂപതകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം അതിരൂപതകളാണ്. കേരളത്തിൽ 4,65,000ലധികം വിശ്വാസികൾ ഈ സഭയിൽ ഉണ്ട്.

  1. തിരുവനന്തപുരം മേജർ അതിഭദ്രാസനം
  2. തിരുവല്ല അതിഭദ്രാസനം
  3. മാവേലിക്കര ഭദ്രാസനം
  4. മൂവാറ്റുപുഴ ഭദ്രാസനം
  5. പാറശ്ശാല ഭദ്രാസനം
  6. പത്തനംതിട്ട ഭദ്രാസനം
  7. ബത്തേരി ഭദ്രാസനം

ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയാണ് കേരളത്തിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. ഇവയിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭാകൂട്ടായ്മയുടെ സ്ഥിരം സമിതിയിൽ അംഗമായിട്ടുള്ളത് മലങ്കര യാക്കോബായ സുറിയാനി സഭ മാത്രമാണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വിവിധ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുമായി സഭാകൂട്ടായ്മ നിലനിർത്തുന്നതും അന്തർദേശീയ സഭാസമ്മേളനങ്ങളിൽ സജീവ പങ്കാളിയുമാണ്. അതേസമയം മലബാർ സ്വതന്ത്ര സുറിയാനി സഭ മറ്റ് ഓറിയന്റൽ ഓർത്തഡോക്സ് സഭകളുമായി സഭാകൂട്ടായ്മ സ്ഥാപിച്ചിച്ചിട്ടില്ലാത്ത സ്വതന്ത്ര ഓറിയന്റൽ ഓർത്തഡോക്സ് സഭയാണ്. കേരളത്തിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാവിഭാഗത്തിലെ ആകെ വിശ്വാസികളുടെ എണ്ണം 977,000ൽ അധികമുണ്ട്.

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ സാധാരണഗതിയിൽ യാക്കോബായ സഭ എന്നും അറിയപ്പെടുന്നു. സുറിയാനി ഓർത്തഡോക്സ് സഭയുമായി ഭരണപരമായ ബന്ധം പുലർത്തുന്ന ഏക സഭ മലങ്കര യാക്കോബായ സുറിയാനി സഭ മാത്രമാണ്. ഓറിയന്റൽ ഓർത്തഡോക്സ് സഭാ കൂട്ടായ്മയുടെ ആദ്യകാല സഭകളിൽ ഒന്നാണ് സുറിയാനി ഓർത്തഡോക്സ് സഭ. ഇതിന്റെ അദ്ധ്യക്ഷൻ ഇന്ത്യയുടെ കാതോലിക്കോസ് എന്നാണ് അറിയപ്പെടുന്നത്. ആഗോളതലത്തിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ ഈ സഭ അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിനെ ആത്മീയ പരമാധ്യക്ഷനായി അംഗീകരിക്കുന്നു.

കാതോലിക്കോസിന്റെ അധികാരത്തിന് കീഴിലുള്ള ഏക സഭാഘടകം യാക്കോബായ സുറിയാനി സഭ എന്ന് അറിയപ്പെടുന്നു. ഇന്ത്യയിൽ മാത്രമാണ് ഇതിന് അധികാരപരിധിയുള്ളത്. സഭയുടെ ഭരണനിർവഹണത്തിന് മെത്രാപ്പോലീത്തൻ ട്രസ്റ്റി എന്ന പദവിയും നിലവിലുണ്ട്. എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽ സ്ഥിതി ചെയ്യുന്ന ഇഗ്നാത്തിയോസ് സഖാ ഇവാസ് പാത്രിയാർക്കൽ സെന്റർ ആണ് സഭയുടെ ആസ്ഥാനസിരാകേന്ദ്രം.

ഇതിനുപറമേ കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന മലങ്കര യാക്കോബായ ക്നാനായ അതിഭദ്രാസനം, പൗരസ്ത്യ സുവിശേഷ സമാജം, സിംഹാനപ്പള്ളികൾ മുതലായവയും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമാണ്. ഇന്ത്യക്ക് പുറത്തും സഭക്ക് ഭദ്രാസനങ്ങളുണ്ട്. പാത്രിയാർക്കീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിന് കീഴിലുള്ള ഇവയെല്ലാം കാതോലിക്കോസിൽ നിന്ന് ഭരണപരമായി സ്വതന്ത്രമാണ്. കേരളത്തിലെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിൽ ആകെ 4,83,000ൽ അധികം അംഗങ്ങളുണ്ട്.

  1. ഇന്ത്യൻ അതിഭദ്രാസനം (യാക്കോബായ സുറിയാനി സഭ)
    1. അങ്കമാലി ഭദ്രാസനം
    2. കൊല്ലം ഭദ്രാസനം
    3. നിരണം ഭദ്രാസനം
    4. തുമ്പമൺ ഭദ്രാസനം
    5. കോട്ടയം ഭദ്രാസനം
    6. കൊച്ചി ഭദ്രാസനം
    7. കണ്ടനാട് ഭദ്രാസനം
    8. തൃശ്ശൂർ ഭദ്രാസനം
    9. മലബാർ ഭദ്രാസനം
    10. ഇടുക്കി ഭദ്രാസനം
    11. കോഴിക്കോട് ഭദ്രാസനം
  2. ക്നാനായ അതിഭദ്രാസനം
  3. പൗരസ്ത്യ സുവിശേഷസമാജം അതിഭദ്രാസനം
  4. സിംഹാസനപള്ളികളുടെ അതിഭദ്രാസനം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വയംശീർഷക ഓറിയന്റൽ ഓർത്തഡോക്സ് സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഥവാ ഇന്ത്യൻ ഓർത്തഡോക്സ് സഭ. പൊതുവേ കേരളത്തിൽ ഓർത്തഡോക്‌സ് സഭ എന്നുമാത്രമാണ് ഇത് അറിയപ്പെടുന്നത്. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും എന്നാണ് സഭയുടെ പരമാദ്ധ്യക്ഷൻ ഔദ്യോഗികമായി അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴിയിൽ സ്ഥിതിചെയ്യുന്ന ദേവലോകം കാതോലിക്കേറ്റ് അരമന ആണ് സഭയുടെ ആസ്ഥാന കാര്യാലയം. ആഗോളതലത്തിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകൂട്ടായ്മയുടെ ഭാഗമായി എണ്ണപ്പെടുന്ന ഈ സഭ അതിലെ ഒട്ടുമിക്ക അംഗസഭകളുമായും സഭാകൂട്ടായ്മയിലാണ്. കേരളത്തിൽ ആകെ 4,94,000ലധികം മലങ്കര ഓർത്തഡോക്സ് സഭക്കാർ ഉണ്ട്.

1912ൽ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്ര കാതോലിക്കാസനം സ്ഥാപിച്ച ഈ സഭ അക്കാലം മുതൽ സുറിയാനി ഓർത്തഡോക്സ് സഭയുമായും അതിന്റെ പ്രാദേശിക ഘടകമായ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുമായും തർക്കത്തിലാണ്.

ഇന്ത്യയിലുടനീളവും ലോകത്തിലെ ഇതരരാജ്യങ്ങളിലും സഭയ്ക്ക് ഭദ്രാസനങ്ങൾ നിലവിലുണ്ട്. കേരളത്തിലെ മലങ്കര ഓർത്തഡോക്സ് ഭദ്രാസനങ്ങൾ താഴെപ്പറയുന്നവയാണ്:

  1. തിരുവനന്തപുരം ഭദ്രാസനം
  2. കൊല്ലം ഭദ്രാസനം
  3. കൊട്ടാരക്കര-പുനലൂർ ഭദ്രാസനം
  4. അടൂർ-കടമ്പനാട് ഭദ്രാസനം
  5. തുമ്പമൺ ഭദ്രാസനം
  6. മാവേലിക്കര ഭദ്രാസനം
  7. ചെങ്ങന്നൂർ ഭദ്രാസനം
  8. നിരണം ഭദ്രാസനം
  9. നിലയ്ക്കൽ ഭദ്രാസനം
  10. കോട്ടയം ഭദ്രാസനം
  11. കോട്ടയം സെൻട്രൽ ഭദ്രാസനം
  12. ഇടുക്കി ഭദ്രാസനം
  13. കണ്ടനാട് ഈസ്റ്റ് ഭദ്രാസനം
  14. കണ്ടനാട് വെസ്റ്റ് ഭദ്രാസനം
  15. അങ്കമാലി ഭദ്രാസനം
  16. കൊച്ചി ഭദ്രാസനം
  17. തൃശ്ശൂർ ഭദ്രാസനം
  18. കുന്നംകുളം ഭദ്രാസനം
  19. മലബാർ ഭദ്രാസനം
  20. സുൽത്താൻ ബത്തേരി ഭദ്രാസനം

മലബാർ സ്വതന്ത്ര സുറിയാനി സഭ

തൃശ്ശൂർ ജില്ലയിലെ തൊഴിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ഓറിയന്റൽ ഓർത്തഡോക്സ് സഭയാണ് മലബാർ സ്വതന്ത്ര സുറിയാനി സഭ അഥവാ തൊഴിയൂർ സഭ. മുൻ ആസ്ഥാനം അഞ്ഞൂർ എന്ന സ്ഥലത്ത് ആയിരുന്നതിനാൽ അഞ്ഞൂർ സഭ എന്നും ഇത് അറിയപ്പെടുന്നുണ്ട്. ആകെ 10,000നടുത്ത് വിശ്വാസികളാണ് ഈ സഭയിൽ ഉള്ളത്. സഭ ഭദ്രാസനങ്ങളായി വിഭജിക്കപ്പെട്ടിട്ടില്ല. ഈ സഭ മറ്റ് ഓറിയന്റൽ ഓർത്തഡോക്സ് സഭകളുമായി ഒന്നുംതന്നെ സഭാകൂട്ടായ്മ സ്ഥാപിച്ചിട്ടില്ലെങ്കിലും ചരിത്രപരമായ കാരണങ്ങളാൽ മാർത്തോമാ സഭയുമായി സഭാകൂട്ടായ്മ നിലനിർത്തുന്നുണ്ട്. എന്നാൽ മാർത്തോമാ സഭ ഭാഗമായ ആംഗ്ലിക്കൻ കൂട്ടായ്മയിലെ ഇതര ഇവർ കൂട്ടായ്മ സ്ഥാപിച്ചിട്ടില്ല.

ഇതര സുറിയാനി സഭകൾ

കൽദായ സുറിയാനി സഭ

ഇന്ത്യയിലെ പൗരാണിക ക്രൈസ്തവ സഭയായ കിഴക്കിന്റെ സഭയുടെ ഇന്ത്യാ മെത്രാസനത്തിന്റെ തുടർച്ചയായാണ് കൽദായ സുറിയാനി സഭ. കിഴക്കിന്റെ സഭയുടെ പരമ്പരാഗത ആരാധനാക്രമവും ദൈവശാസ്ത്രവും പിന്തുടരുന്ന വിഭാഗമായ കിഴക്കിന്റെ അസ്സീറിയൻ സഭയുടെ ഇന്ത്യൻ ഘടകമാണ് ഇത്. അസ്സീറിയൻ സഭയുടെ കിഴക്കിന്റെ കാതോലിക്കോസിനെ ആഗോള പരമാദ്ധ്യക്ഷനായി കണക്കാക്കുന്ന ഈ സഭയുടെ പ്രാദേശിക തലവൻ മലബാറിന്റെയും അഖിലേന്ത്യയുടെയും മെത്രാപ്പോലീത്ത എന്നറിയപ്പെടുന്നു. യു. എ. ഇ.യിലെ സഭാഭരണത്തിന്റെ ചുമതലയും ഇവർക്കുണ്ട്. തൃശ്ശൂർ നഗരത്തിലെ ഏറ്റവും പുരാതന ക്രിസ്തീയ ദേവാലയമായ മർത്തമറിയം വലിയ പള്ളിയാണ് സഭയുടെ ആസ്ഥാന ദേവാലയം. സഭയിൽ രൂപതാ വിഭജനം നിലവിൽ ഇല്ല.

മാർത്തോമ്മാ സഭ

പ്രൊട്ടസ്റ്റൻറ് സഭകൾ

കത്തോലിക്കാ-ഓർത്തഡോക്സ്-പൗരസ്ത്യ സഭകളിൽ പെടാത്ത സഭകളെ പ്രൊട്ടസ്റ്റൻറ് വിഭാഗത്തിലാണ് പൊതുവേ പെടുത്തിയിരിക്കുന്നത്. പ്രധാന പ്രൊട്ടസ്റ്റൻറ് സഭകൾ ഇവയാണ്.

സി. എസ്. ഐ. സഭ

ആംഗ്ലിക്കൻ സഭയുടെ ഇന്ത്യൻ പ്രവിശ്യാസഭകളിൽ ഒന്നാണ് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയാണ് ഇന്ത്യയിലെ അവശേഷിക്കുന്ന ആംഗ്ലിക്കൻ സഭാ പ്രവിശ്യ. ആഗോളതലത്തിൽ ആംഗ്ലിക്കൻ കൂട്ടായ്മയുടെ സജീവ അംഗമായ ഈ സഭ ആംഗ്ലിക്കൻ സഭയുടെ അദ്ധ്യക്ഷനായ കാന്റർബറി ആർച്ച്ബിഷപ്പിന്റെ നേതൃസ്ഥാനം അംഗീകരിക്കുന്നു. എന്നാൽ പൂർണ്ണ സ്വയംഭരണ അധികാരത്തോടെയാണ് സഭ പ്രവർത്തിക്കുന്നത്.

നിലവിൽ സി. എസ്. ഐ. സഭയ്ക്ക് കേരളത്തിൽ ഉത്തരകേരള മഹായിടവക, മദ്ധ്യകേരള മഹായിടവക, പൂർവകേരള മഹായിടവക, ദക്ഷിണകേരള മഹായിടവക എന്നീ രൂപതകൾ ഉണ്ട്.

പെന്തക്കോസ്ത് സഭകൾ

പെന്തക്കോസ്ത് പ്രസ്ഥാനം പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും ആദ്യമായി ഈ പ്രസ്ഥാനം വേരുറപ്പിച്ചത് കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ പെന്തക്കോസ്ത് സഭകളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ പെന്തക്കോസ്ത് കൂട്ടായ്മകൾ ആഭരണങ്ങളുടെ ഉപയോഗം വിലക്കുന്നു. ഇതിന് പുറമേ വിവിധ സഭകളിൽ പലതരത്തിലുള്ള വിലക്കുകൾ നിലവിലുണ്ട്. സഭയിലെ ആത്മീയ നേതാക്കൾ മത പ്രഭാഷകർ മുതലായവർ പാസ്റ്റർമാർ എന്നാണ് അറിയപ്പെടുന്നത്.

യുണൈറ്റഡ് പെന്തകോസ്ത് സഭ (യു. പി. സി.), ഇന്ത്യൻ പെന്തക്കൊസ്തു സഭ (ഐ. പി. സി.), ദൈവസഭ (ചർച്ച് ഓഫ് ഗോഡ്), അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (ഡബ്ല്യു. എം. ഇ.), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ.

മറ്റ് ക്രിസ്തീയ വിഭാഗങ്ങൾ

മുഖ്യധാര ക്രൈസ്തവസഭകളിൽ പെടാത്ത ക്രിസ്തീയ വിഭാഗങ്ങളും കേരളത്തിലുണ്ട്.

യഹോവയുടെ സാക്ഷികൾ

മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി സഹസ്രാബ്ദവാഴ്ച്ചാ സിദ്ധാന്തം, അത്രിത്വവാദം, സഭാപുനരുദ്ധാരണവാദം, എന്നിവ പിന്തുടരുന്ന ഒരു അന്താരാഷ്ട്ര ക്രിസ്തീയ വിഭാഗമാണ് യഹോവയുടെ സാക്ഷികൾ. 1876ൽ അമേരിക്കൻ മിഷനറിയായ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ ആണ് ഈ യഹോവയുടെ സാക്ഷികൾ എന്ന ഈ വിഭാഗം സ്ഥാപിച്ചത്.

അവലംബം

സൂചിക

കുറിപ്പുകൾ

സ്രോതസ്സുകൾ

Tags:

ക്രിസ്തുമതം കേരളത്തിൽ ചരിത്രംക്രിസ്തുമതം കേരളത്തിൽ സഭാ വിഭാഗങ്ങൾക്രിസ്തുമതം കേരളത്തിൽ അവലംബംക്രിസ്തുമതം കേരളത്തിൽഅപ്പസ്തോലന്മാർഏഴരപ്പള്ളികൾകേരളത്തിലെ ലത്തീൻ കത്തോലിക്കർക്രിസ്തുമതംതോമാശ്ലീഹപേർഷ്യൻ സഭമാർത്തോമാ നസ്രാണികൾ

🔥 Trending searches on Wiki മലയാളം:

വയലാർ പുരസ്കാരംകാസർഗോഡ്തിരുവിതാംകൂർ ഭരണാധികാരികൾമന്നത്ത് പത്മനാഭൻമനോജ് വെങ്ങോലചില്ലക്ഷരംഎ.കെ. ഗോപാലൻകേരളചരിത്രംമൻമോഹൻ സിങ്ശംഖുപുഷ്പംകേരള വനിതാ കമ്മീഷൻഅപർണ ദാസ്കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസജിൻ ഗോപുരതിസലിലംകുവൈറ്റ്ബൈബിൾസമാസംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകൂട്ടക്ഷരംനക്ഷത്രം (ജ്യോതിഷം)ശിവൻഖുർആൻഅസ്സലാമു അലൈക്കുംതൃശ്ശൂർ ജില്ലവൃത്തം (ഛന്ദഃശാസ്ത്രം)നി‍ർമ്മിത ബുദ്ധിമനുഷ്യൻകുഞ്ഞുണ്ണിമാഷ്പാലക്കാട് ജില്ലമലയാളി മെമ്മോറിയൽഗുജറാത്ത് കലാപം (2002)എം.കെ. രാഘവൻചങ്ങലംപരണ്ടകൃഷ്ണൻകാവ്യ മാധവൻഒളിമ്പിക്സ്തിരുവോണം (നക്ഷത്രം)ടൈഫോയ്ഡ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനാടകംവാഴശിവം (ചലച്ചിത്രം)ഇന്ത്യൻ ഭരണഘടന ഭേദഗതികൾകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഭഗവദ്ഗീതകേരള നിയമസഭനായസി. രവീന്ദ്രനാഥ്മോഹൻലാൽതമിഴ്വ്യക്തിത്വംആഗോളതാപനംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020സുകന്യ സമൃദ്ധി യോജനകൃഷ്ണഗാഥരാജ്‌മോഹൻ ഉണ്ണിത്താൻഇലഞ്ഞിയൂട്യൂബ്കുറിച്യകലാപംസദ്ദാം ഹുസൈൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംദുൽഖർ സൽമാൻചാറ്റ്ജിപിറ്റിപൊന്നാനി നിയമസഭാമണ്ഡലംമുലപ്പാൽസിറോ-മലബാർ സഭകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഷെങ്ങൻ പ്രദേശംചിക്കൻപോക്സ്വൃദ്ധസദനംഓട്ടൻ തുള്ളൽനക്ഷത്രംഎം. മുകുന്ദൻ🡆 More