ഉത്തരാധുനികമലയാളകവിതയിലെ കവിയും നാടകകൃത്തും സംവിധായകനും എഴുത്തുകാരനുമാണ് കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗം മുൻഅദ്ധ്യക്ഷനായ ഡോ.
എൽ. തോമസ്കുട്ടി. ഫുൾബ്രൈറ്റ് ഫെല്ലാഷിപ്പ് നേടിയ ആദ്യ മലയാളം അദ്ധ്യാപകൻ കൂടിയാണ് ഇദ്ദേഹം.
കൊല്ലം ജില്ലയിൽ കൊടുവിള, കിഴക്കേ കല്ലട ഗ്രാമത്തിൽ 1964ൽ ജനനം. കെ. പി. ലാസർ, സിലസ്റ്റീന ലാസർ എന്നിവർ മാതാപിതാക്കൾ. സെന്റ് ഫ്രാൻസിസ് എൽ. പി. എസ്,സി. വി. കെ, എം. എച്ച്. എസ് എന്നീ സ്കൂളുകളിലും ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം എസ്. എൻ. പാരലൽ കോളജ്, കേരള സർവകലാശാല (കേരളയൂണിവേഴിസിറ്റി ലൈബ്രറി, പാളയം) കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളിൽ പഠനം. മലയാളസാഹിത്യത്തിൽ എം. എ., പി. എച്ച്. ഡി ബിരുദങ്ങൾ. കേരള സർവ്വകലാശാാലയിൽ സമർപ്പിച്ച 'പരീക്ഷണപ്രവണതകൾ മലയാള നാടകത്തിൽ: പുളിമാന, സി. ജെ., സി. എൻ., ജി. ശങ്കരപ്പിള്ള എന്നിവരെ മുൻനിർത്തിയുള്ള അന്വേഷണം' എന്ന പ്രബന്ധത്തിന് 1996ൽ പി. എച്ച്.ഡി ലഭിച്ചു.ഫുൾബ്രൈറ്റ് പോസ്റ്റ് ഡോക്ടർ ഫെല്ലോ (സീനിയർ റിസർച്ച് പ്രോഗ്രാം) എന്ന നിലയിൽ 2005-ൽ അമേരിക്കയിൽ കാലിഫോർണിയയിൽ ക്ലേർ മൗണ്ടിലെ പമോന കോളേജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് തിയേറ്റർ & ഡാൻസിൽ ഗവേഷണപഠനം.നിർവ്വഹിച്ചു. ഫുൾബ്രൈറ്റ് ലഭിക്കുന്ന ആദ്യത്തെ മലയാളം അദ്ധ്യാപകനാണ്.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പാലക്കാട് സെന്ററിൽ അദ്ധ്യാപകനായി 1995ൽ ഔദ്യോഗികജീവിതം ആരംഭിച്ചു. തിരുവല്ല, പന്മന പ്രാദേശികകേന്ദ്രങ്ങളിലും പ്രവർത്തിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ആദ്യത്തെ കാമ്പസ് തിയേറ്റർ' ദേശി' തിരുവല്ല കാമ്പസിൽ സ്ഥാപിച്ചു. സംസ്കൃതവിഭാഗം അദ്ധ്യാപകനായ സുരേഷ് ബാബുമായി ചേർന്ന് ശക്തിഭദ്രന്റെ സംസ്കൃതനാടകം അംഗുലീയാങ്കം സംവിധാനംചെയ്ത് നിരവധി തുറന്നവേദികളിൽ അവതരിപ്പിച്ചു. 1998ൽ കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിൽ അദ്ധ്യാപകനായി ചേർന്നു. 2014-16,2018-20 വർഷങ്ങളിൽ വകുപ്പദ്ധ്യക്ഷനായി സേവനം അനുഷ്ഠിച്ചു. ഗവേഷണമാർഗ്ഗദർശിയാണ്. എട്ട് ഗവേഷകർക്ക് ഡോക്ടറൽ ബിരുദം ലഭിച്ചു. കേരള, കാലിക്കറ്റ്, എം. ജി, മലയാള അലിഗഡ് സർവ്വകലാശാലകളിലെ സിലബസ്സുകളിൽ ലേഖനങ്ങളും കവിതകളും പാഠഭാഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട് . കേരള വിദ്യാഭ്യാസവകുപ്പിന്റെ പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട് കേരള വിദ്യാഭ്യാസവകുപ്പിനു കീഴിലുളള എസ്. സി. ആർ. ടി യിൽ +2 മലയാളത്തിൽ സബ്ജക്ട് എക്സ്പർട്ടായിരുന്നു.
വിദ്യാർത്ഥിജീവിതകാലത്ത് ആരംഭിച്ച നാടകപ്രവർത്തനം ഗവേഷകൻ എന്ന നിലയിലും അദ്ധ്യാപകൻ എന്ന നിലയിലും വളർത്തിയെടുക്കുകയും ക്യാമ്പസ് തിയ്യേറ്ററുകൾ സജീവമാക്കുകയും ചെയ്തു. ഗവേഷണപഠനത്തിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിലെ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് സി. ജെ. തോമസിന്റെ വിഖ്യാതനാടകം 'ക്രൈം 27' എന്ന പേരിൽ അവതരിപ്പിച്ചു. 1990കളിൽ നാല്പതോളം ഗ്രാമീണസ്ത്രീകളെ അണിനിരത്തി 'കളി' എന്ന സ്ത്രീനാടകം, തെരുവുമൂലനാടകമായി കൊല്ലം കണ്ടറയിൽ അവതരിപ്പിച്ചു. കേരളത്തിലെ ആദ്യകടലോരനാടകമായി വിശേഷിപ്പിക്കപ്പെട്ട 'മുക്കുവനും ഭൂതവും' എന്ന നാടകത്തിന്റെ രചന നിർവ്വഹിച്ചു. സാജോ പനയംകോട് സംവിധാനം ചെയ്ത്, DPIFCയുടെ നേതൃത്വത്തിൽ കൊല്ലം മുതൽ ആലപ്പുഴവരെ കടൽപ്പുറത്തുകൂടി നടന്ന് അവതരിപ്പിച്ച ഈ നാടകത്തിൽ കടൽ ഒരു കഥാപാത്രമാണ്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ദേശി, കാലിക്കറ്റ് സർവ്വകലാശാലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി തിയേറ്റർ ഗ്രൂപ്പ് എന്നിവയിൽ നേതൃത്വപരമായ പങ്കുവഹിച്ചു. പി. ബാലചന്ദ്രന്റെ മായാസീതാങ്കം,ശക്തിഭദ്രന്റെ സംസ്കൃതനാടകം അംഗുലീയാങ്കം എന്നിവയും ആൽമരം, ആക്ട് വിത്തൗട്ട് വേഡ്സ്, ഇരുളിൽ അലിയുന്ന സന്ധ്യ, ഖനി, ന്റെ പുള്ളിപ്പയ്യ് കരയുകയാണ്, പാവക്കൂത്ത്, തീൻമേശയിലെ ദുരന്തം എന്നിവയും ശ്രദ്ധേയങ്ങളായ നാടകാവതരണങ്ങളാണ്.
This article uses material from the Wikipedia മലയാളം article എൽ. തോമസ്കുട്ടി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.