ആത്മഹത്യ

ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്.

സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, അതിമദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടപ്പെടുക, രോഗം, കുടുംബ പ്രശ്നങ്ങൾ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കലഹം, കുറ്റബോധം, പ്രണയനൈരാശ്യം, പരീക്ഷയിലെ പരാജയം, അടുത്ത ബന്ധുവിന്റെ മരണം, ബലാത്സംഗം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.

ആത്മഹത്യ
എഡ്വാർഡ് മാനെ എന്ന ചിത്രകാരന്റെ ആത്മഹത്യ എന്ന ചിത്രം. 1877നും 1881നും ഇടയിൽ രചിച്ചത്.
ആത്മഹത്യ
ചരിത്രം
ആത്മഹത്യ ചെയ്തവരുടെ പട്ടിക
ആത്മഹത്യയെ കുറിച്ചുള്ള കാഴ്ചപ്പാട്
വൈദ്യം | സംസ്ക്കാരികം
നിയമം | തത്വശാസ്ത്രപരം
മതപരം | മരിക്കാനുള്ള അവകാശം
ആത്മഹത്യയുടെ പ്രതിസന്ധി
ഇടപെടൽ | തടയൽ
അത്യാഹിതനമ്പർ | ആത്മഹത്യാനിരീക്ഷണം
തരങ്ങൾ
ആത്മഹത്യാരീതികൾ | പകർപ്പ് ആത്മഹത്യ
വംശ ആത്മഹത്യ | ദയാവധം
പ്രേരണ ആത്മഹത്യ| ഇന്റർനെറ്റ് ആത്മഹത്യ
കൂട്ട ആത്മഹത്യ | മർഡർ സൂയിസൈഡ്
ആചാര ആത്മഹത്യ | ചാവേർ ആക്രമണം
ആത്മഹത്യാ ഉടമ്പടി | കൗമാര ആത്മഹത്യ
ബന്ധപ്പെട്ട പ്രവണതകൾ
പാരാസൂയിസൈഡ് | സ്വയം പരിക്കേൽപ്പിക്കൽ
ആത്മഹത്യാചിന്ത | ആത്മഹത്യാക്കുറിപ്പ്

ലഹരിയുപയോഗത്തിനും മാനസിക രോഗങ്ങൾക്കും തക്കതായ ചികിത്സ നൽകുക, സാമ്പത്തികമായ വളർച്ചയ്ക്ക് വഴിയൊരുക്കുക, ബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുക, വിദഗ്ദ്ധ കൗൺസിലിംഗ് എന്നിവ ആത്മഹത്യകൾ ഒഴിവാക്കാനായി സ്വീകരിക്കാവുന്ന മാർഗ്ഗങ്ങളാണ്.

വിവിധ രാജ്യങ്ങളിൽ സാദ്ധ്യതകൾക്കനുസരിച്ച് വ്യത്യസ്ത രീതികളാണ് സാധാരണയായി ആത്മഹത്യയ്ക്കുപയോഗിക്കപ്പെടുന്നത്. തൂങ്ങിമരണം, കീടനാശിനികൾ കഴിക്കുക, സ്വയം വെടിവയ്ക്കുക എന്നിവയാണ് സാധാരണ ഉപയോഗിക്കപ്പെടുന്ന മാർഗ്ഗങ്ങൾ. 8 മുതൽ 10 ലക്ഷം വരെ ആൾക്കാർ എല്ലാ വർഷവും ആത്മഹത്യ ചെയ്യുന്നുണ്ട്. ലോകമാസകലമുള്ള കണക്കെടുത്താൽ ആതഹത്യയാണ് പത്താമത്തെ വലിയ മരണകാരണം. പുരുഷന്മാരാണ് സ്ത്രീകളേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. ഒരു പുരുഷൻ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത സ്ത്രീയെ അപേക്ഷിച്ച് നോക്കുമ്പോൾ നാലിരട്ടിയാണ്. എല്ലാ വർഷവും 1 കോടി മുതൽ 2 കോടി വരെ ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെടുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. പരാജയപ്പെടുന്ന ആത്മഹത്യാ ശ്രമങ്ങൾ കൂടുതലും നടക്കുന്നത് യുവാക്കളിലും സ്ത്രീകളിലുമാണ് .

ആത്മഹത്യ പല രാജ്യങ്ങളിലും നിയമലംഘനമായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് 309 പ്രകാരം ആത്മഹത്യ കുറ്റകരമായി മുൻപ് കണക്കാക്കിയിരുന്നു. എന്നാൽ ഇന്ന്‌ ഇന്ത്യയിൽ ആത്മഹത്യ കുറ്റകരമല്ല. മാനസിക രോഗികൾക്കെതിരെ നിലനിൽക്കുന്ന വിവേചനം ഇല്ലാതാക്കാനും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും വേണ്ടി 2017-ൽ ഇന്ത്യൻ പാർലമെന്റ് പാസ്സ് ആക്കിയ ദേശീയ മാനസികാരോഗ്യ നിയമം ഇത് കുറ്റകരമാക്കുന്ന വകുപ്പ് റദ്ദാക്കുകയുണ്ടായി. മിക്ക പാശ്ചാത്യരാജ്യങ്ങളിലും ആത്മഹത്യയോ ആത്മഹത്യാശ്രമമോ പണ്ട് ശിക്ഷാർഹമായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ കുറ്റകരമല്ല. മാനസികാരോഗ്യ സേവനങ്ങൾ അവിടെ നല്ല രീതിയിൽ ലഭ്യമാക്കുന്നു എന്നതാണ് എടുത്തു പറയേണ്ട വസ്തുത. വികസിത പശ്ചാത്യ രാജ്യങ്ങളിൽ നേരിട്ടോ, ഫോൺ മുഖേനയോ, ഓൺലൈൻ മാർഗത്തിലോ കൗൺസിലിംഗ്, മാനസികാരോഗ്യ വിദഗ്ദരുടെ സേവനം, ചികിത്സ തുടങ്ങിയവ ലഭ്യമാണ്. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഇത് ഒരു ക്രിമിനൽകുറ്റമായാണ് കണക്കാക്കപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും തീവച്ചുള്ള ആത്മഹത്യ ഒരു പ്രതിഷേധമാർഗ്ഗമായി ഉപയോഗിക്കപ്പെട്ടിരുന്നു. പൊതുജനശ്രദ്ധ ഏറ്റവും ആകർഷിക്കുന്ന പ്രതിഷേധമാർഗ്ഗമായി ആത്മഹത്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭീകര സംഘടനകളും വംശീയ സംഘടനകളും ആത്മഹത്യയെ ഒരു ആക്രമണരീതിയായി തന്നെ ഉപയോഗപ്പെടുത്തി കാണുന്നു. ഉദ്ദിഷ്ടകാര്യം നിർവഹിക്കുന്നതിനൊപ്പം ആത്മാഹൂതിക്ക് തയ്യാറാകുകയും ചെയ്തുകൊണ്ടുള്ള ആക്രമണരീതിയാണ് ചാവേർ ആക്രമണം എന്നുപറയുന്നത്. കാമികാസി ചാവേർ ബോംബ് എന്നിവ സൈനികാവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു.

മതം, ആത്മാഭിമാനം, ജീവിതത്തിന്റെ അർത്ഥം മുതലായ ചിന്താധാരകൾ ആത്മഹത്യയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട്. അബ്രഹാമികമതങ്ങൾ ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത്. ജപ്പാനിലെ സമുറായിവർഗ്ഗത്തിന്റെ കാലഘട്ടത്തിൽ സെപ്പുകു എന്ന ആത്മഹത്യാരീതി പരാജയത്തിന്റെ കറ കഴുകിക്കളയാനും പ്രതിഷേധിക്കാനുമുള്ള ആദരണീയമായ മാർഗ്ഗമായി കണക്കാക്കപ്പെട്ടിരുന്നു. ഹിന്ദുസമുദായത്തിൽ നിലനിന്നിരുന്നതും ഇപ്പോൾ നിരോധിക്കപ്പെട്ടതുമായ സമ്പ്രദായമായിരുന്നു സതി. സ്വമനസാലെയോ മറ്റുള്ളവരുടെ നിർബന്ധം മൂലമോ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യമാർ ആത്മാഹൂതി ചെയ്യുക എന്ന രീതിയായിരുന്നു ഇത്.

നിർവചനങ്ങൾ

പൂർത്തിയാക്കപ്പെട്ട ഒരു സ്വയംവധത്തിലൂടെ സ്വന്തം ജീവനൊടുക്കുന്നതിനെയാണ് സാധാരണഗതിയിൽ ആത്മഹത്യ എന്ന് വിശേഷിപ്പിക്കുന്നത്. ജീവിതമവസാനിപ്പിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്യുന്നുവെങ്കിലും, തനിക്കുതന്നെ ദോഷം ചെയ്തുകൊണ്ട്, മരണത്തിൽ അവസാനിക്കാത്ത സംഭവങ്ങളെയാണ് ആത്മഹത്യാശ്രമം എന്ന് വിശേഷിപ്പിക്കുന്നത്. മറ്റൊരാളുടെ സഹായത്തോടെ (ആത്മഹത്യചെയ്യാൻ സഹായകമായ ഉപദേശം നൽകുകയോ അതിനു തക്ക സാഹചര്യമൊരുക്കിക്കൊടുക്കുകയോ) ആത്മഹത്യ ചെയ്യുന്നതിനെ അസിസ്റ്റഡ് സൂയിസൈഡ് എന്ന് വിളിക്കുന്നു. മറ്റൊരാളുടെ മരണം ത്വരിതമാക്കാൻ കൂടുതൽ ആഴത്തിലുള്ള സഹായം ചെയ്യുന്ന പ്രവൃത്തിയാണ് ദയാവധം. സ്വന്തം ജീവനെടുക്കുന്നതിനെപ്പറ്റി സ്ഥിരമായി ചിന്തിക്കുന്നതിനെ ആധുനിക വൈദ്യശാസ്ത്രത്തിൽ സൂയിസൈഡൽ ഐഡിയേഷൻ എന്ന് പറയുന്നു.

അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ

ആത്മഹത്യ 
2008-ൽ പതിനാറ് അമേരിക്കൻ സംസ്ഥാനങ്ങളിലെ ആത്മഹത്യയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങൾ സംബന്ധിച്ച സ്ഥിതിവിവരക്കണക്ക്.

മാനസികരോഗങ്ങൾ, മയക്കുമരുന്നിന്റെ ഉപയോഗം, മാനസികസ്ഥിതി, സാമൂഹ്യവും കുടുംബപരവുമായ സാഹചര്യങ്ങൾ, ജനിതകകാരണങ്ങൾ എന്നിവ ആൾക്കാർ ആത്മഹത്യ ചെയ്യാനുള്ള അപകട സാദ്ധ്യതയെ സ്വാധീനിക്കും. ആത്മഹത്യ ചെയ്യുന്നവരിൽ മാനസിക രോഗവും മയക്കുമരുന്നുപയോഗവും പലപ്പോഴും ഒരുമിച്ച് കാണപ്പെടാറുണ്ട്. ആത്മഹത്യ ചെയ്യാനുള്ള മാർഗ്ഗങ്ങളെന്തെങ്കിലും കൈയ്യെത്തും ദൂരത്തുണ്ടാകുന്നത് ആത്മഹത്യയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കുടുംബത്തിൽ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിലോ, മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെങ്കിലോ മസ്തിഷ്കത്തിന് പരിക്കുപറ്റിയിട്ടുണ്ടെങ്കിലോ ഒരാൾ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. വീട്ടിൽ തോക്കുകൾ സൂക്ഷിക്കുന്നത് ആത്മഹത്യയുണ്ടാവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്ന് കാണപ്പെട്ടിട്ടുണ്ട്. തൊഴിലില്ലായ്മ, ദാരിദ്ര്യം, വീടില്ലാത്ത സാഹചര്യം, വിവേചനം എന്നിങ്ങനെയുള്ള സാമൂഹിക സാമ്പത്തിക ഘടകങ്ങൾ ആത്മഹത്യയെപ്പറ്റിയുള്ള ചിന്തയ്ക്ക് കാരണമാകുന്നുണ്ട്. ഉദ്ദേശം15–40% ആൾക്കാർ ആത്മഹത്യാക്കുറിപ്പുകൾ എഴുതാറുണ്ട്. 38% മുതൽ 55% വരെ ആത്മഹത്യാസ്വഭാവത്തെ ജനിതകകാരണങ്ങൾ സ്വാധീനിക്കുന്നുണ്ട്. യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള സൈനികർ മറ്റുള്ളവരെ അപേക്ഷിച്ച് ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. മാനസിക രോഗമുണ്ടാകാനുള്ള ഉയർന്ന സാദ്ധ്യതയും യുദ്ധവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇതിന് കാരണമാണ്.

മാനസികരോഗങ്ങൾ

ആത്മഹത്യ ചെയ്യുന്ന സമയത്ത് 27% മുതൽ 90%-ലധികം വരെ ആൾക്കാർക്ക് മാനസികരോഗമുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. മാനസികരോഗ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള ആൾക്കാർ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത ഉദ്ദേശം 8.6% വരും. ആത്മഹത്യ ചെയ്യുന്നവരിൽ പകുതിപ്പേർക്കും വിഷാദരോഗം കാണാറുണ്ട്. വിഷാദരോഗമോ ബൈപോളാർ അസുഖം പോലെ മാനസികനിലയെ ബാധിക്കുന്ന അസുഖങ്ങളോ ഉള്ളവർ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത 20 മടങ്ങാണ്. സ്കീസോഫ്രീനിയ (14%), വ്യക്തിത്വസംബന്ധമായ അസുഖങ്ങൾ (14%), ബൈപോളാർ അസുഖം, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നീ അസുഖങ്ങളുള്ളവരും ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. സ്കീസോഫ്രീനിയ ബാധിച്ചവരിൽ 5% ആത്മഹത്യയിലൂടെയാണ് മരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ച രോഗങ്ങൾ ഉള്ളവരിലും ആത്മഹത്യാസാദ്ധ്യത കൂടുതലാണ്.

മുൻപ് ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെങ്കിൽ അതാണ് പിന്നീട് ആത്മഹത്യയിലൂടെ ജീവൻ നഷ്ടപ്പെടാനുള്ള സാദ്ധ്യതയിലേയ്ക്ക് വിരൽചൂണ്ടുന്ന ഏറ്റവും പ്രധാന ഘടകം. ആത്മഹത്യ ചെയ്യുന്നവരിൽ ഏകദേശം 20% പേർ ഇതിനുമുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവരാണ്. ഒരു പ്രാവശ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുന്നവരിൽ 1% പേർ അടുത്ത ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്യാറുണ്ട്. ആത്മഹത്യ ചെയ്ത് പരാജയപ്പെട്ടവരിൽ 5% 10 വർഷത്തിനുശേഷം ആത്മഹത്യ ചെയ്യാറുണ്ട്. ആത്മഹത്യകളായി കണക്കാക്കാത്ത തരം സ്വയം പരുക്കേൽപ്പിക്കുന്ന പ്രവൃത്തികളും ആത്മഹത്യയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

മരണത്തിൽ കലാശിക്കുന്ന 80% ആത്മഹത്യകളിലും ആൾക്കാർ സംഭവത്തിന് തൊട്ടുമുൻപ് ഒരു വർഷത്തിനിടയിലും, 45% കേസുകളിൽ ആത്മഹത്യക്കു മുൻപുള്ള ഒരു മാസത്തിനിടയിലും ഒരു ഡോക്ടറെ സന്ദ്ർശിച്ചിട്ടുണ്ടാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പഠനത്തിൽ കണ്ടത് ആത്മഹത്യയിലൂടെ മരിച്ചുപോയവരിൽ 25–40% പേരും തൊട്ടുമുൻപത്തെ ഒരു വർഷത്തിനുള്ളിൽ മാനസികരോഗവിദഗ്ദ്ധരെ സന്ദർശിച്ചിട്ടുണ്ടാകുമെന്നാണ്.

ലഹരിവസ്തുക്കളുടെ ദുരുപയോഗം

ആത്മഹത്യ 
"ദി ഡ്രങ്കാർഡ്സ് പ്രോഗ്രസ്", 1846. മദ്യപാനം എങ്ങനെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നു എന്ന് ചിത്രീകരിക്കുന്നു.

വിഷാദരോഗം കഴിഞ്ഞാൽ ആത്മഹത്യയ്ക്ക് വഴിവയ്ക്കുന്ന പ്രധാന ഘടകം ലഹരിവസ്തുക്കളുടെ ദുരുപയോഗമാണ്. ലഹരിവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നത് മാത്രമല്ല, അവ അമിതമായി ലഹരികേറും വിധം ഉപയോഗിക്കുന്നതും ആത്മഹത്യാസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. വേർപാടുകൾ പോലെയുള്ള സ്വകാര്യ ദുഃഖങ്ങളും ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ലഹരിമരുന്നുകളുടെ ദുരുപയോഗത്തിന് മാനസികരോഗവുമായും ബന്ധമുണ്ട്.

ആത്മഹത്യ ചെയ്യുന്ന അവസരത്തിൽ ധാരാളം ആൾക്കാർ സെഡേറ്റീവ്-ഹിപ്നോട്ടിക് മരുന്നുകൾ കഴിച്ചിട്ടുണ്ടാവും. 15% മുതൽ 61% വരെ കേസുകളിൽ മദ്യവും ഉള്ളിൽ ചെന്നിട്ടുണ്ടാകും. മദ്യത്തിന്റെ ഉപയോഗം കൂടുതലുള്ളതും കൂടുതൽ മദ്യശാലകളുള്ളതുമായ രാജ്യങ്ങളിൽ ആത്മഹത്യാനിരക്കും കൂടുതലാണ്. മൊത്തത്തിൽ എല്ലാ തരം മദ്യങ്ങളൂടേയും ആകെ ഉപഭോഗത്തേക്കാൾ വാറ്റിയെടുത്ത മദ്യത്തിന്റെ മാത്രം ഉപഭോഗവുമായാണ് ഇതിന് നേരിട്ടുള്ള ബന്ധമുള്ളത്.[14] മദ്യപാനത്തിന് എപ്പോഴെങ്കിലും ചികിത്സ തേടിയിട്ടുള്ളവരിൽ 2.2–3.4% ആത്മഹത്യയിലൂടെ മരണപ്പെടാറുണ്ട്. ആത്മഹത്യയ്ക്കുശ്രമിക്കുന്ന മദ്യപാനികൾ സാധാരണഗതിയിൽ ഇതിനു മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതും പ്രായമുള്ളതുമായ പുരുഷന്മാരാണ്. ഹെറോയിൽ ഉപയോഗിക്കുന്നവരിലെ മരണങ്ങളിൽ 3- മുതൽ 35% വരെ ആത്മഹത്യയാണ്. ഇത് ഹെറോയിൻ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് 14 മടങ്ങാണ്.

കൊക്കൈൻ മെത്താംഫിറ്റമിൻ എന്നിവയുടെ ദുരുപയോഗവും ആത്മഹത്യയുമായി ശക്തമായ ബന്ധമുണ്ട്. കൊക്കൈൻ ഉപയോഗിക്കുന്നവരിൽ ആത്മഹത്യാസാദ്ധ്യത ഏറ്റവും കൂടുതലുള്ളത് മരുന്ന് ലഭ്യമല്ലാത്ത അവസ്ഥയിലാണ് (വിത്ഡ്രോവൽ ഫേസ്). ശ്വസിക്കുന്ന തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരും ആത്മഹത്യ ചെയ്യാൻ ഉയർന്ന സാദ്ധ്യതയുള്ളവരാണ്. ഇത്തരക്കാരിൽ 65% ആത്മഹത്യയെപ്പറ്റി ചിന്തിക്കുകയും 20% ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

പുകവലിക്കുന്നതും ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകമാണ്. എന്തുകൊണ്ടാണ് ഈ ബന്ധം കാണപ്പെടുന്നത് എന്നത് വ്യക്തമല്ല. പുകവലിക്ക് അടിമപ്പെടാൻ സാദ്ധ്യതയുള്ളവർ ആത്മഹത്യ ചെയ്യാനും സാദ്ധ്യതയുണ്ട് എന്നും, പുകവലി കാരണമുണ്ടാകുന്ന അസുഖങ്ങൾ ജീവിതമവസാനിക്കാൻ ഒരു പ്രേരണയാകുന്നുണ്ടാകാം എന്നും പുകവലി തലച്ചോറിൽ ആത്മഹത്യാപ്രവണതയുണ്ടാക്കുന്ന തരം രാസമാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നുമുള്ള സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗങ്ങളും ആത്മഹത്യാപ്രവണത വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ചൂതാട്ടം

ചൂതാട്ടത്തിനോടുള്ള ആസക്തി ആത്മഹത്യാസാദ്ധ്യതയും ആത്മഹത്യാശ്രമം നടത്താനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. ഇത്തരക്കാരിൽ ആത്മഹത്യയെപ്പറ്റിയുള്ള ചിന്തയും കൂടുതലായി കാണപ്പെടുന്നുണ്ട്. ചൂതാട്ടത്തോട് അത്യാസക്തിയുള്ളവരിൽ (പാത്തോളജിക്കൽ ഗാംബ്ലേഴ്സ്) 12 മുതൽ 24% വരെ ആൾക്കാർ ആത്മഹത്യയ്ക്ക് ശ്രമിക്കാറുണ്ട്. ഇത്തരക്കാരിലെ ദമ്പതിമാരിൽ സാധാാരണക്കരെ അപേക്ഷിച്ച് മൂന്നിരട്ടി ആത്മഹത്യാസാദ്ധ്യതയുണ്ട്. ചൂതാട്ടക്കാരിൽത്തന്നെ മാനസിക രോഗമുള്ളവർ, മദ്യപാനികൾ, ലഹരിമരുന്നുപയോഗിക്കുന്നവർ എന്നീ വിഭാഗങ്ങളിൽ ആത്മഹത്യാസാദ്ധ്യത കൂടുതലാണ്.

രോഗാവസ്ഥകൾ

ആത്മഹത്യയും ശാരീരിക രോഗങ്ങളും തമ്മിൽ ബന്ധമുള്ളതായി കാണപ്പെട്ടിട്ടുണ്ട്. വിട്ടുമാറാത്ത വേദന, മസ്തിഷ്കത്തിലേൽക്കുന്ന പരിക്ക്, അർബ്ബുദം, ഡയാലിസിസ് ചെയ്യുന്നവർ, എച്ച്.ഐ.വി. ബാധിതർ, സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസിസ് ബാധിച്ചവർ തുടങ്ങിയവരിൽ ആത്മഹത്യാ സാദ്ധ്യത കൂടുതലായാണ് കാണപ്പെടുന്നത്. അർബ്ബുദബാധിതരാണെന്ന് രോഗനിർണ്ണയം നടന്നുകഴിഞ്ഞാൽ ആത്മഹത്യാസാദ്ധ്യത ഇരട്ടിയായി വർദ്ധിക്കും. ഒന്നിലധികം രോഗങ്ങളുള്ളവരിൽ ആത്മഹത്യാസാദ്ധ്യത വളരെയധികമാണ്. ജപ്പാനിൽ രോഗങ്ങളാണ് ആത്മഹത്യയ്ക്ക് ഏറ്റവും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഉറക്കക്കുറവ് സ്ലീപ് ആപ്നിയ എന്നിവ വിഷാദത്തിനും ആത്മഹത്യയ്ക്കും കാരണമാകുന്ന ഘടകങ്ങളാണ്. ചില സാഹചര്യങ്ങളിൽ വിഷാദരോഗവുമായി ബന്ധമില്ലാതെ തന്നെ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആത്മഹത്യയ്ക്ക് കാരണമാകാം.

മാനസികാവസ്ഥകൾ

നിരാശാബോധം, ജീവിതത്തിൽ സന്തോഷമില്ലാതാകുക, ഡിപ്രഷൻ വ്യാകുലത എന്നിങ്ങനെ പല മാനസികാവസ്ഥക‌ൾ ആത്മഹത്യയ്ക്ക് കാരണമാകാറുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുകുറവ്, മുൻപുണ്ടായിരുന്ന ശേഷികൾ നഷ്ടപ്പെടുക, പെട്ടെന്നുണ്ടാകുന്ന മനഃശ്ചാഞ്ചല്യങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകുറവ് എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. പ്രായമുള്ളവരിൽ മറ്റുള്ളവർക്ക് ബാദ്ധ്യതയാകും എന്ന തോന്നൽ പ്രാധാന്യമർഹിക്കുന്നു.

കുടുംബാംഗത്തിന്റെയോ സുഹൃത്തിന്റെയോ മരണം, തൊഴിൽ നഷ്ടപ്പെടുക, സമൂഹത്തിൽ ഒറ്റപ്പെടുക (ഒറ്റയ്ക്കുതാമസിക്കുന്നതുപോലെ) എന്നിങ്ങനെയുള്ള ജീവിതത്തിലെ പിരിമുറുക്കങ്ങൾ ആത്മഹത്യയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. വിവാഹം കഴിച്ചിട്ടില്ലാത്തവരുടെ അപായസാദ്ധ്യത കൂടുതലാണ്. മതവിശ്വാസം ആത്മഹത്യാസാദ്ധ്യത കുറയ്ക്കും. മിക്ക മതങ്ങളും ആത്മഹത്യയ്ക്കതിരായി നിലപാടെടുക്കുന്നതാവാം ഇതിന് കാരണമെന്നാണ് കരുതുന്നത്. മതം ഒരാൾ മറ്റു മനുഷ്യരുമായി ഇടപെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതും ഇതിന്റെ കാരണമാകാം. മതവിശ്വാസികളിൽ തന്നെ മുസ്ലീമുകളാണ് ഏറ്റവും കുറഞ്ഞ ആത്മഹത്യാനിരക്കുള്ള വിഭാഗം.

മറ്റുള്ളവർ തങ്ങളുടെ മേൽ കുതിരകയറുന്നതോ തങ്ങൾക്കെതിരായ മുൻധാരണകൾ വച്ചുപുലർത്തുന്നതോ ആത്മഹത്യയ്ക്ക് കാരണമാകാം. കുട്ടിക്കാലത്തുണ്ടായ ലൈംഗികചൂഷണവും യഥാർത്ഥ മാതാപിതാക്കളല്ലാത്തവരുടെ സംരക്ഷണയി‌ൽ വളരുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ആത്മഹത്യകൾ മുഴുവനായെടുത്താൽ ഏകദേശം 20% എണ്ണം ലൈംഗികചൂഷണം കാരണമുണ്ടാകുന്നതാണ്.

ആത്മഹത്യയുടെ പരിണാമസംബന്ധിയായ ഒരു വിശദീകരണം ഇത് സമൂഹത്തിന്റെ ഇൻക്ലൂസീവ് ഫിറ്റ്നസ് ( ധാരാളം സന്തതികളുണ്ടാകാനും, അവർക്ക് താങ്ങയി നിൽക്കാനും, ആ സന്തതികൾക്ക് തിരികെ തങ്ങൾക്ക് ചുറ്റുമുള്ളവർക്കു താങ്ങായിമാറാനും ഉള്ള ശേഷി) വർദ്ധിപ്പിക്കുമെന്നതാണ്. ആത്മഹത്യ ചെയ്യുന്ന വ്യക്തിക്ക് കൂടുതൽ കുട്ടികൾ ഉണ്ടാകാനോ അയാൾ മറ്റുള്ളവരെ സഹായിക്കാനോ ഉള്ള സാദ്ധ്യതകൾ ഇല്ലെങ്കിൽ പോലും ജീവിച്ചിരിക്കുന്നതിലൂടെ അയാൾ തന്റെ ബന്ധുക്കളുടെ വിഭവങ്ങൾ ഫലത്തിൽ ശോഷിപ്പിക്കുന്നുണ്ട് എന്നതാണ് ഈ വാദത്തിന്നടിസ്ഥാനം. ആരോഗ്യമുള്ള കൗമാരപ്രായക്കാർ ആത്മഹത്യ ചെയ്യുന്നത് ഇൻക്ലൂസീവ് ഫിറ്റ്നസ് വർദ്ധിപ്പിക്കുന്നില്ല എന്നതാണ് ഇതിനെതിരായ ഒരു വാദം. പഴയ ഒരു സാഹചര്യത്തിൽ ജീവിക്കുവാനുള്ള ശേഷി വികസിപ്പിച്ചാലും അത് പുതിയ സാഹചര്യത്തിൽ ഫലവത്താകണമെന്നില്ല.

ദാരിദ്ര്യം ആത്മഹത്യാസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ചുറ്റുമുള്ളവരെ അപേക്ഷിച്ച് ഒരാൾക്കു ദാരിദ്ര്യം വർദ്ധിക്കുന്നത് അയാളുടെ ആത്മഹത്യാസാദ്ധ്യത കൂട്ടുന്നതായി കാണപ്പെട്ടിട്ടുണ്ട്. 1997-നു ശേഷം ഇന്ത്യയിൽ 200,000-ലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. കടം സംബന്ധിച്ച പ്രശ്നങ്ങളാണ് ഇതിന്റെ ഭാഗികമായ കാരണം. ചൈനയിൽ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ ആത്മഹത്യാസാദ്ധ്യത മൂന്നിരട്ടിയാണ്. ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികബുദ്ധിമുട്ടുകളാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

മാദ്ധ്യമങ്ങൾ

ഇന്റർനെറ്റുൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ ആത്മഹത്യകളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാദ്ധ്യമങ്ങൾ ആത്മഹത്യയെ പ്രാധാന്യത്തോടെ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതും കാ‌ൽപ്പനികമായ ഒന്നായി ചിത്രീകരിക്കുന്നതും ആത്മഹത്യാനിരക്ക് വർദ്ധിക്കാൻ കാരണമാകും. ആത്മഹത്യ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വളരെ വിശദമായി പ്രതിപാദിക്കുന്നത് ആത്മഹത്യകളുടെ എണ്ണം കൂടാൻ കാരണമാകും.

ഒരു ആത്മഹത്യയെ മാതൃകയാക്കി മറ്റനേകം പേർ ആത്മഹത്യ ചെയ്യാറുണ്ട്. ഗോഥെയുടെ ദി സോറോസ് ഓഫ് യങ് വെർത്തർ എന്ന കൃതിയെ അടിസ്ഥാനമാക്കി ഈ പ്രതിഭാസത്തെ വെർത്തർ പ്രഭാവം എന്ന് വിളിക്കാറുണ്ട്. മരണത്തിന്റെ കാല്പനികഭാവത്തിൽ ആകൃഷ്ടരാകുന്ന കൗമാരപ്രായക്കാരിലാണ് അപകടസാദ്ധ്യത കൂടുതൽ. വാർത്താമാദ്ധ്യമങ്ങൾക്ക് ആത്മഹത്യാസ്ഥിതിവിവരക്കണക്കുകളിൽ ഒരു പ്രധാന സ്ഥാനമാണുള്ളതെങ്കിലും വിനോദമാദ്ധ്യമങ്ങൾക്ക് ഇതിലുള്ള പ്രാധാന്യം വ്യക്തമല്ല. ആത്മഹത്യാപ്രവണതയുള്ളവർക്ക് എങ്ങനെ ആത്മഹത്യയിൽ നിന്ന് രക്ഷപെടാം എന്നതുസംബന്ധിച്ച വാർത്തകൾക്ക് ആത്മഹത്യാനിരക്ക് കുറയ്ക്കാനുള്ള കഴിവുണ്ട്. ഇതിനെ പാപാജെനോ പ്രഭാവം എന്നാണ് വിളിക്കുന്നത്. മൊസാർട്ടിന്റെ ദി മാജിക് ഫ്ലൂട്ട് എന്ന ഒപറയിലെ കഥാപാത്രത്തിന്റെ പേരിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രഭാവത്തിന് പേരു ലഭിച്ചത്. സ്നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുമോ എന്ന് ഭയന്ന് ആത്മഹത്യയ്ക്കൊരുങ്ങുന്ന ഒരാളെ സുഹൃത്തുക്കൾ രക്ഷിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. മാദ്ധ്യമങ്ങൾ വാർത്താ റിപ്പോർട്ടിംഗിൽ മാർഗ്ഗരേഖകൾ പാലിച്ചാൽ ആത്മഹത്യകൾ കുറയ്ക്കാൻ സാധിക്കും. എങ്കിലും മാദ്ധ്യമരംഗം ദീർഘകാലാടിസ്ഥാനത്തിൽ ഇതിനോട് സഹകരിക്കാറില്ല.

യുക്തിപരമായ തീരുമാനം

ചിന്തിച്ച് കാര്യകാരണസഹിതം സ്വന്തം ജീവനെടുക്കാൻ തീരുമാനിക്കുന്നതിനെയാണ് റാഷണൽ സൂയിസൈഡ് (യുക്തിപരമായ ആത്മഹത്യ) എന്ന് വിളിക്കുന്നത്. ആത്മഹത്യ ഒരിക്കലും യുക്തിസഹമല്ല എന്നാണ് ചിലരുടെ അഭിപ്രായം. മറ്റുള്ളവരുടെ പ്രയോജനത്തിനായി സ്വന്തം ജീവനെടുക്കുന്നതിനെ ആൾട്രൂയിസ്റ്റിക് സൂയിസൈഡ് എന്നാണ് വിളിക്കുന്നത്. പ്രായം കുറവുള്ളവർക്ക് കൂടുതൽ ഭക്ഷണം ലഭ്യമാകട്ടെ എന്ന് കരുതി ഒരു വൃദ്ധൻ ആത്മഹത്യ ചെയ്യുന്നത് ഇതിനുദാഹരണമാണ്. ചില എസ്കിമോ സംസ്കാരങ്ങളി‌ൽ ഇത് ബഹുമാനവും ബുദ്ധിയും സൂചിപ്പിക്കുന്ന പ്രവൃത്തിയായാണ് കണക്കാക്കപ്പെടുന്നത്.

ഒരാൾ തന്റെ തന്നെ മരണത്തിനിടയാകും എന്ന അറിവോടെ ഒരു രാഷ്ട്രീയനടപടി എന്ന നിലയ്ക്ക് മറ്റുള്ളവർക്കെതിരേ നടത്തുന്ന ആക്രമണത്തെയാണ് ചാവേർ ആക്രമണം എന്ന് വിളിക്കുന്നത്. സ്വന്തം ദേഹത്ത് സ്ഫോടകവസ്തുക്കൾ വച്ചുകെട്ടി ലക്ഷ്യസ്ഥാനത്തെത്തി സ്ഫോടനം നടത്തുന്ന രീതിയാണ് ഇതിലെ ഒരു രീതി. രാജീവ് ഗാന്ധി, പ്രേമദാസ എന്നിവർ ഇത്തരം ആത്മഹത്യാ ബോംബറുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രമുഖരാണ്.

വീരചരമം പ്രാപിക്കുക എന്ന ആഗ്രഹമാണ് ചിലരെ ആത്മഹത്യാബോം‌ബിംഗ് നടത്താൻ പ്രേരിപ്പിക്കുന്നത്. കാമികാസി ആക്രമണങ്ങൾ ഒരുയർന്ന ലക്ഷ്യത്തിനായോ നൈതികമായ ഒരു ചുമതലയായോ കണ്ടാണ് നടത്തപ്പെട്ടിരുന്നത്. കൊലപാതകത്തെത്തുടർന്ന് ഒരാഴ്ച്ചയ്ക്കുള്ളിൽ ആത്മഹത്യ ചെയ്യുന്നതിനെയാണ് മർഡർ സൂയിസൈഡ് എന്ന് വിളിക്കുന്നത്.. സാമൂഹ്യ സമ്മർദ്ദത്തെത്തുടർന്നാണ് കൂട്ട ആത്മഹത്യകൾ സാധാരണഗതിയിൽ നടക്കുന്നത്. ഒരു സമൂഹത്തിലെ അംഗങ്ങൾ ഒരു നേതാവിന്റെ ഇച്ഛയ്ക്ക് വഴങ്ങുകയാണ് സാധാരണഗതിയിൽ സംഭവിക്കുന്നത്. രണ്ടാളുകൾ ചേർന്ന് ആത്മഹത്യ ചെയ്യുന്നതിനെ ആത്മഹത്യാ ഉടമ്പടി എന്ന് വിളിക്കാറുണ്ട്.

ജീവിതസാഹചര്യങ്ങൾ അസഹ്യമാകുമ്പോൾ (തുടർന്ന് ജീവിക്കുന്നത് അസഹനീയമാണെന്ന സാഹചര്യത്തിൽ) ചിലർ ഒരു രക്ഷ എന്ന നിലയിൽ ആത്മഹത്യ ചെയ്യാറുണ്ട്. നാസി കോൺസൺട്രേഷൻ കാമ്പുകളിലെ ചില അന്തേവാസികൾ ഇലക്ട്രിക് വേലികളിൽ മനഃപൂർവ്വം പിടിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട്.

പഴയ തമിഴകത്തിൽ, യുദ്ധത്തിൽ പരാജിതരാകുകയോ, സാമൂഹ്യോത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാതെ പോകുകയോ ചെയ്യുന്ന ഭരണകർത്താക്കളും മറ്റും ഒരിടത്ത് വടക്കോട്ടു നോക്കിയിരുന്ന്, ഭക്ഷണവും പാനീയങ്ങളും വർജ്ജിച്ച്, ജീവനൊടുക്കുന്ന "വടക്കിരിക്കൽ" എന്ന സ്വയംഹത്യാരീതി സ്വീകരിച്ചിരുന്നതായി സംഘകാലകൃതികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

രീതികൾ

ആത്മഹത്യ 
അമേരിക്കൻ ഐക്യനാടുകളിൽ വിവിധ രീതികളുപയോഗിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ നിരക്ക്.

വിവിധ രാജ്യങ്ങളിൽ ആത്മഹത്യക്കുപയോഗിക്കപ്പെടുന്ന മാർഗങ്ങളിൽ വൈവിധ്യമുണ്ട്. എങ്കിലുംതൂങ്ങിമരണം, കീടനാശിനികൾ കഴിക്കൽ, വെടിവച്ചുള്ള മരണം എന്നിവയാണ് പ്രധാന രീതികൾ. വിവിധ ആത്മഹത്യാമാർഗ്ഗങ്ങളുടെ ലഭ്യതയാണ് നിരക്കുകളിലെ വൈവിദ്ധ്യത്തിന്ന് കാരണം എന്ന് വിശ്വസിക്കപ്പെടുന്നു. 56 രാജ്യങ്ങളിലെ നിരക്കുകൾ പരിശോധിച്ചതിൽ മിക്ക രാജ്യങ്ങളിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മാർഗ്ഗം തൂങ്ങിമരണമാണെന്നാണ് കാണപ്പെട്ടത്. പുരുഷന്മാരിൽ 53% ആൾക്കാരും സ്ത്രീകളിൽ 39% പേരും തൂങ്ങിമരിക്കുകയാണ് ചെയ്യുന്നത്. തൂങ്ങിമരണം, വിഷം കഴിക്കൽ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ആത്മഹത്യാരീതികൾ . സ്വയം തീപ്പൊള്ളലേൽപ്പിക്കുക, വെള്ളത്തിലേക്കോ തീവണ്ടിക്ക് മുന്നിലേക്കോ ചാടുക, സ്വയം മുറിവേൽപ്പിക്കുന്ന മറ്റു മാർഗ്ഗങ്ങൾ എന്നിവയൊക്കെ ഇന്ത്യയിൽ പ്രയോഗിക്കപ്പെടാറുണ്ട്.

ലോകമാസകലമുള്ള കണക്കെടുത്താൽ 30% ആത്മഹത്യകൾ കീടനാശിനി കഴിക്കുന്നതുമൂലമാണ്. യൂറോപ്പിൽ 4% ആൾക്കാർ മാത്രമാണ് ഈ രീതി തിരഞ്ഞെടുക്കുന്നതെങ്കിലും പസഫിക് പ്രദേശത്ത് 50%-ലധികം ആൾക്കാരും ഈ മാർഗ്ഗമാണ് സ്വീകരിക്കുന്നത്. കർഷകർക്ക് എളുപ്പത്തിൽ ലഭ്യമായതിനാൽ ലാറ്റിൻ അമേരിക്കൻ പ്രദേശത്തും ഇത് സാധാരണമാണ്. മിക്ക രാജ്യങ്ങളിലും മരുന്നുകൾ അപകടമായ അളവിൽ കഴിക്കുന്നതിലൂടെ ആത്മഹത്യ ചെയ്യുന്ന രീതി സ്ത്രീകളിൽ 60% വരെയും പുരുഷന്മാരിൽ 30% വരെയുമാണ് കാണപ്പെടുന്നത്. ഇത്തരം മിക്ക ആത്മഹത്യകളും മുൻ‌കൂട്ടി തയ്യാറെടുത്ത് ചെയ്യുന്നതല്ല. പെട്ടെന്നെടുക്കുന്ന തീരുമാനം മൂലമാണ് മിക്കവയും നടക്കുന്നത്. വിവിധ ആത്മഹത്യാരീതികളിലെ മരണനിരക്ക്: വെടിവച്ചുള്ള ആത്മഹത്യാശ്രമം: 80-90%, മുങ്ങിമരണം: 65-80%, തൂങ്ങിമരണം: 60-85%, കാറിന്റെ എക്സോസ്റ്റ് വാതകം ശ്വസിക്കൽ 40-60%, ചാടിമരിക്കുക: 35-60%, മരക്കരി കത്തിച്ചുള്ള മരണം 40-50%, കീടനാശിനികൾ കഴിക്കുക: 6-75%, മരുന്നുകൾ ഓവർഡോസായി കഴിക്കുക: 1.5-4%.

അമേരിക്കൻ ഐക്യനാടുകളിൽ 57% ആത്മഹത്യകൾ തോക്കുപയോഗിച്ചുള്ളവയായിരുന്നു. ഇത് പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണ്. രണ്ടാം സ്ഥാനത്തെത്തിയത് പുരുഷന്മാരിൽ തൂങ്ങിമരണവും സ്ത്രീകളിൽ വിഷം കഴിക്കുന്നതുമായിരുന്നു. 40% പേരും ഈ രണ്ടു രീതികളിലൊന്നുപയോഗിച്ചാണ് ആത്മഹത്യ ചെയ്യുന്നത്. സ്വിറ്റ്സർലാന്റിൽ ഏതാണ്ടെല്ലാവർക്കും തോക്കുണ്ടെങ്കിലും ഏറ്റവുമധികം ആൾക്കാർ തൂങ്ങിമരിക്കുകയാണ് ചെയ്യുന്നത്. ഹോങ്കോങ് (50%), സിങ്കപ്പൂർ (80%) എന്നിവിടങ്ങളിൽ ഉയരത്തിൽ നിന്ന് ചാടിമരിക്കുകയാണ് സാധാരണ രീതി. ചൈനയിൽ കീടനാശിനി കഴിക്കുന്നതിനാണ് പ്രചാരം കൂടുതലുള്ളത്. ജപ്പാനിൽ വയറുകീറിയുള്ള സെപ്പുക്കു എന്ന ആത്മഹത്യാരീതി ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും തൂങ്ങിമരണമാണ് സാധാരണയായി ഉപയോഗിക്കപ്പെടുന്നത്.

പാത്തോഫിസിയോളജി

ആത്മഹത്യയോ വിഷാദമോ ശാരീരികമായ എന്ത് മാറ്റം മൂലമാണുണ്ടാകുന്നത് എന്നത് വ്യക്തമല്ല. സാമൂഹികവും സാമ്പത്തികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾക്ക് പുറമേ വ്യക്തിബന്ധങ്ങളുടെ വികാസപരിണാമങ്ങളിലൂടെ ശൈശവം മുതൽ രൂപംകൊള്ളുന്ന ശീലവ്യതിയാനങ്ങളും(behavioural changes) ഇവക്ക് കാരണങ്ങളാകാമെന്ന് കരുതപ്പെടുന്നു.

തലച്ചോറിൽ ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോപിക് ഫാക്റ്റർ (ബി.ഡി.എൻ.എഫ്.) എന്ന വസ്തുവിന്റെ അളവ് കുറവായിരിക്കുന്ന അവസ്ഥയ്ക്ക് ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് കണ്ടിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, സ്കീസോഫ്രേനിയ ഒബ്സസീവ് കംപൾസീവ് ഡിസോർഡർ തുടങ്ങിയ അസുഖങ്ങളുമായും ബന്ധമുണ്ട്. മാനസിക രോഗങ്ങളുള്ളവരുടെ ഹിപ്പോകാമ്പസ്, പ്രീഫ്രോണ്ടൽ കോർട്ടക്സ് എന്നീ മസ്തിഷ്കഭാഗങ്ങളിൽ ബി.ഡി.എൻ.എഫ്. കുറവാണെന്ന് പോസ്റ്റ് മോർട്ടം പരിശോധനകളിൽ കാണപ്പെട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നവരിൽ സീറോടോണിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററും കുറവാണെന്ന് കാണപ്പെട്ടിട്ടുണ്ട്. സീറോട്ടോണിൻ റിസപ്റ്ററുകളുടെ വർദ്ധനയും സെറിബ്രോസ്പൈനൽ ഫ്ലൂയിഡിൽ സീറോട്ടോണിൻ വിഘടിച്ചുണ്ടായ രാസവസ്തുക്കളുടെ ഉയർന്ന സാന്നിദ്ധ്യവുമാണ് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകൾ. നേരിട്ടുള്ള തെളിവുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. എപിജനറ്റിക്സ് എന്ന പ്രതിഭാസത്തിനും (ജനിതകഘടന മാറാതെ തന്നെ സാഹചര്യങ്ങൾക്കനുസരിച്ച് ജനിതകഘടനയുടെ പ്രകടഭാവം മാറുന്നത്) ആത്മഹത്യയുടെ സാദ്ധ്യത കൂട്ടുന്നതിൽ പങ്കുണ്ട്.

ആത്മഹത്യ തടയൽ

ആത്മഹത്യ 
ആത്മഹത്യ തടയാനുള്ള ശ്രമം എന്ന നിലയിൽ ഗോൾഡൻ ഗേറ്റ് പാലത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ ബോർഡിൽ അടിയന്തര സാഹചര്യങ്ങളിൽ വിളിക്കാനുള്ള ഒരു നമ്പർ നൽകിയിട്ടുണ്ട്.

മുൻകരുതലുകളിലൂടെ ആത്മഹത്യ തടയാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. വിഷവസ്തുക്കളോ തോക്കുകളോ പോലെ ആത്മഹത്യയ്ക്കുപയോഗിക്കാവുന്ന ചില മാർഗ്ഗങ്ങളുടെ ലഭ്യത തടയുക മൂലം ആത്മഹത്യാനിരക്ക് കുറയ്ക്കാൻ സാധിക്കും പാലങ്ങളിലും റെയിൽ പ്ലാറ്റ്‌ഫോമുകളിലും വേലികൾ നിർമ്മിക്കുകയും ചെയ്യാവുന്നതാണ്. ലഹരിമരുന്നുകളോടും മദ്യത്തോടുമുള്ള ആസക്തി, വിഷാദരോഗം എന്നിവ ചികിത്സിക്കുകയും മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവർക്ക് മതിയായ ശ്രദ്ധ നൽകുകയും ചെയ്യുന്നത് ഗുണം ചെയ്യും. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക എന്ന നടപടിയും ഒരു മാർഗ്ഗമായി ചിലർ മുന്നോട്ടുവച്ചിട്ടുണ്ട് (ബാറുകളുടെ എണ്ണം കുറയ്ക്കുക ഉദാഹരണം). അടിയന്തരഘട്ടങ്ങളിൽ വിളിക്കാനുള്ള ഫോൺ നമ്പറുകൾ സാധാരണയായി ഉണ്ടെങ്കിലും ഇവയുടെ ഫലപ്രാപ്തിയോ ഇവയ്ക്ക് ഗുണമില്ല എന്ന വശമോ സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന യുവാക്കളിലും കൗമാരപ്രായക്കാരിലും കോഗ്നീറ്റീവ് ബിഹേവിയറൽ തെറാപ്പി ഗുണം ചെയ്യുന്നതായി അടുത്തകാലത്ത് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികപുരോഗതി കൈവരിക്കുന്നത് വഴി ദാരിദ്ര്യം കുറയ്ക്കുന്നതിലൂടെ ആത്മഹത്യാനിരക്ക് കുറയ്ക്കാൻ സാധിച്ചേയ്ക്കും. പ്രായമുള്ളവരുടെ സാമൂഹിക ബന്ധങ്ങൾ വർദ്ധിപ്പികുന്നത് ആത്മഹത്യ കുറയ്ക്കാൻ വഴിയൊരുക്കും.

സ്ക്രീനിംഗ്

പൊതുജനങ്ങളിൽ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയുള്ളവരെ സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ചും ചോദ്യാവലികളിലൂടേയുമായി വേർതിരിച്ചുകണ്ടെത്തി നടപടികൾ സ്വീകരിക്കുന്നത് ആത്മഹത്യാനിരക്ക് കുറയ്ക്കുമോ എന്നതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഇത്തരം സ്ക്രീനിംഗ് മാനസികരോഗ ചികിത്സാസംവിധാനങ്ങളെ അപ്രധാനമേഖലകളിലേയ്ക്ക് വഴിതിരിച്ച് വിടും എന്ന ആശങ്ക പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യാസാദ്ധ്യത കൂടുതലുള്ളവരെ പരിശോധിക്കുകയാണ് കരണീയമായ മാർഗ്ഗം. ആത്മഹത്യയെപ്പറ്റി ചോദിക്കുന്നത് ഇതിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി കാണപ്പെട്ടിട്ടില്ല.

മാനസികരോഗം

മാനസികരോഗമുള്ളവരിൽ ആത്മഹത്യാസാദ്ധ്യത കുറയ്ക്കുന്ന പലതരം ചികിത്സകളുണ്ട്. ആത്മഹത്യാശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരെ അവരുടെ സമ്മതത്തോടെയോ അല്ലാതെയോ മാനസികരോഗചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാവുന്നതാണ്. സ്വയം അപകടം വരുത്താവുന്ന വസ്തുക്കൾ അവരുടെ പരിസരങ്ങളിൽനിന്ന് നീക്കം ചെയ്യേണ്ടതാണ്. ചില ഡോക്ടർമാർ രോഗികളെക്കൊണ്ട് ആത്മഹത്യ ചെയ്യാതിരിക്കാനുള്ള കരാറിൽ ഒപ്പുവയ്പ്പിക്കാറുണ്ട്. തങ്ങളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്താലും സ്വയം ദോഷം വരുത്താതെയിരിക്കാം എന്നാണ് കരാറിന്റെ ഉള്ളടക്കം. ഇത്തരം ചെയ്തികൾക്ക് കാര്യമായ ഗുണമുള്ളതായി തെളിവില്ല. അപകടസാദ്ധ്യത കുറവുള്ള രോഗികൾക്ക് ഔട്ട്-പേഷ്യന്റ് ചികിത്സ മതിയാകും. സ്ഥിരമായി ആത്മഹത്യാസാദ്ധ്യതയുള്ള തരം ബോർഡർലൈൻ വ്യക്തിത്വപ്രശ്നമുള്ളവരെ കുറച്ചുകാലം ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കുന്നത് സമൂഹത്തിൽ അവർക്ക് പൂർണ്ണ പിന്തുണ ലഭ്യമാക്കുന്നതിനേക്കാൾ ഗുണകരമാണെന്ന് തെളിവുകളില്ല.

സൈക്കോതെറാപ്പി (പ്രത്യേകിച്ച് ഡയലക്റ്റിക്കൽ ബിഹേവിയർ തെറാപ്പി) ബോർഡർലൈൻ വ്യക്തിത്വപ്രശ്നമുള്ളവരിലും കൗമാരക്കാരിലെയും ആത്മഹത്യാപ്രവണത കുറയ്ക്കും എന്നതിന് ദുർബ്ബലമായ തെളിവുകളുണ്ട്. ആത്മഹത്യാസാദ്ധ്യതയുള്ള മുതിർന്നവരിലും ഇത് ഉപകാരപ്രദമായേക്കും. എന്നാൽ ആത്മഹത്യമൂലമുള്ള മരണങ്ങളിൽ ഇതുമൂലം കുറവുണ്ടാകുന്നതായി തെളിവ് ലഭിച്ചിട്ടില്ല.

വിഷാദരോഗങ്ങൾക്കുള്ള മരുന്നുകൾ (ആന്റീഡിപ്രസന്റ്സ്) ഫലപ്രദമാണോ അതോ ദോഷകരമാണോ എന്നത് വിവാദവിഷയമാണ്. എസ്.എസ്.ആർ.ഐ. ഇനത്തിൽപ്പെട്ട വിഷാദത്തിനുള്ള മരുന്നുകൾ യുവാക്കളിലും കൗമാരക്കാരിലും ആത്മഹത്യാനിരക്ക് 1000-ന് 25 എന്നതിൽ നിന്ന് 1000-ന് 40 എന്നായി വർദ്ധിപ്പിക്കുന്നതായാണ് കാണപ്പെടുന്നത്. മുതിർന്നവരിൽ ഈ മരുന്നുകൾ അപകടസാദ്ധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. ബൈപോളാർ, യൂണിപോളാർ വിഷാദമുള്ളവരിൽ അപകടസാദ്ധ്യത സാധാരണക്കാർക്കുള്ളയത്രയുമായി കുറയ്ക്കുന്നതിന്ന് ലിഥിയം ഫലപ്രദമായി കാണപ്പെട്ടിട്ടുണ്ട്.

സ്ഥിതിവിവരക്കണക്കുകൾ

ആത്മഹത്യ 
സ്വയം ഏൽപ്പിക്കുന്ന പരിക്കുകളാലുണ്ടാകുന്ന മരണ‌ങ്ങൾ 100,000 ആൾക്കാരിൽ (2004).
  അറിവില്ലാത്തത്
  <3
  3–6
  6–9
  9–12
  12–15
  15–18
  18–21
  21–24
  24–27
  27–30
  30–33
  >33

0.5% മുതൽ 1.4% വരെ ആൾക്കാർ മരിക്കുന്നത് ആത്മഹത്യയിലൂടെയാണ്. ആഗോളതലത്തിൽ, 2008/2009-ലെ കണക്കനുസരിച്ച്, ആത്മഹത്യയാണ് പത്താമത്തെ പ്രധാന മരണകാരണം. 800,000 മുതൽ പത്തുലക്ഷം വരെ ആൾക്കാർ വർഷംതോറും ആത്മഹത്യ ചെയ്യുന്നുണ്ട്. ആത്മഹത്യ മൂലമുള്ള മരണനിരക്ക് 100,000 വ്യക്തികൾക്ക് വർഷം 11.6 ആണെന്ന് കാണാം. 1960കൾക്കും 2012-നുമിടയിൽ ആത്മഹത്യാനിരക്ക് 60% വർദ്ധിച്ചിട്ടുണ്ട്. ഈ വർദ്ധന പ്രാഥമികമായി കാണപ്പെടുന്നത് വികസ്വര രാജ്യങ്ങളിലാണ്. 10- മുതൽ 40-വരെ പേർ ആത്മഹത്യാശ്രമങ്ങൾ നടത്തുമ്പോൾ അതിൽ ഒരാളുടേതുമാത്രമാണ് മരണത്തിൽ കലാശിക്കാറുള്ളത്. വിവിധ കാലഘട്ടങ്ങളിലെ നിരക്കുകളും വിവിധ രാജ്യങ്ങളിലെ നിരക്കുകളും നോക്കിയാൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ കാണാൻ സാധിക്കും. 2008-ൽ ആകെ മരണത്തിലെ ആത്മഹത്യാശതമാനം : ആഫ്രിക്കയിൽ 0.5%, ദക്ഷിണപൂർവ്വേഷ്യയിൽ 1.9%, അമേരിക്കയിൽ 1.2%, യൂറോപ്പിൽ 1.4% എന്നിങ്ങനെയായിരുന്നു. അതേ വർഷം പ്രതിലക്ഷം മരണങ്ങളിൽ അത്: ഓസ്ട്രേലിയയിൽ 8.6, കാനഡയിൽ 11.1, ചൈനയിൽ 12.7, ഇന്ത്യയിൽ 23.2, ഇംഗ്ലണ്ടിൽ 7.6, അമേരിക്കൻ ഐക്യനാടുകളിൽ 11.4 എന്നിങ്ങനെയായിരുന്നു 2009-ൽ അമേരിക്കൻ ഐക്യനാടുകളിലെ പത്താമത്തെ പ്രധാന മരണകാരണം ആത്മഹത്യയായിരുന്നു. ആ വർഷം 36,000 ആത്മഹത്യകളാണ് അമേരിക്കയിൽ നടന്നത്. അമേരിക്കയിൽ പ്രതിവർഷം ഉദ്ദേശം 650,000 പേർ ആത്മഹത്യാശ്രമത്തിനെത്തുടർന്ന് ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടാറുണ്ട്. ലിത്വാനിയ, ജപ്പാൻ, ഹങ്കറി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും ഉയർന്ന നിരക്കുകളുള്ളത്. ഏറ്റവും കൂടുതൽ ആൾക്കാർ ആത്മഹത്യ ചെയ്യുന്ന രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണ്. ലോകത്തിൽ ആകെ ആത്മഹത്യ ചെയ്യുന്നവരിൽ പകുതിയിലധികവും ഈ രണ്ട് രാജ്യങ്ങളിലാണ്. ചൈനയിലെ അഞ്ചാമത്തെ പ്രധാന മരണകാരണമാണ് ആത്മഹത്യ.

ലിംഗഭേദം

ആത്മഹത്യ  ആത്മഹത്യ 
ആത്മഹത്യാനിരക്ക് 100,000 പുരുഷന്മാരിൽ (ഇടത്); സ്ത്രീകളിൽ (വലത്) (1978–2008കാലത്തെ കണക്ക്).
  ലഭ്യമല്ല
  < 1
  1–5
  5–5.8
  5.8–8.5
  8.5–12
  12–19
  19–22.5
  22.5–26
  26–29.5
  29.5–33
  33–36.5
  >36.5

പാശ്ചാത്യലോകത്ത് സ്ത്രീകൾ ആത്മഹത്യയിലൂടെ മരണം വരിക്കുന്നതിന്റെ മൂന്നിരട്ടിയാണ് പുരുഷന്മാരുടെ നിരക്ക്. എങ്കിലും സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ ആത്മഹത്യാശ്രമ‌ങ്ങൾ നടത്തുന്നത്. പുരുഷന്മാർ കൂടുതൽ മാരകമായ രീതികളാണ് ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുക്കുന്നത് എന്നതാണ് ഇതിനു കാരണം. ഈ വ്യത്യാസം അറുപത്തഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ കൂടുതൽ വ്യക്തമാണ്. ഈ പ്രായമുള്ള പുരുഷന്മാർ സ്ത്രീകളേക്കാൾ പത്തിരട്ട് കൂടുതൽ ആത്മഹത്യ ചെയ്യുന്നുണ്ട്. ലോകത്തിൽത്തന്നെ സ്ത്രീകളുടെ ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. പുരുഷന്മാരേക്കാൾ ആത്മഹത്യാനിരക്കിൽ സ്ത്രീകൾ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണിത് (0.9 എന്ന അനുപാതം). കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്ത് സ്ത്രീക‌ളിലും പുരുഷന്മാരിലും ആത്മഹത്യാനിരക്ക് ഏറെക്കുറെ തുല്യമാണ്. ദക്ഷിണ കൊറിയയിൽ സ്ത്രീകളുടെ ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലാണ്. 100,000-ൽ 22 സ്ത്രീകളാണ് ഇവിടെ ആത്മഹത്യ ചെയ്യുന്നത്. ദക്ഷിണപൂർവ്വേഷ്യയിലും പടിഞ്ഞാറൻ പസഫിക് പ്രദേശത്തും ആത്മഹത്യാനിരക്ക് പൊതുവിൽ ഉയർന്നതാണ്.

പ്രായം

പല രാജ്യങ്ങളിലും മദ്ധ്യവയസ്കരിലും വൃദ്ധരിലും ആണ് ആത്മഹത്യാ നിരക്ക് കൂടുതൽ. എന്നാൽ ആത്മഹത്യ ചെയ്യുന്നവരുടെ ആകെ കണക്കെടുത്താൽ അത് 15 മുതൽ 29 വയസ്സിനുള്ളിലുള്ളവരാണ്. 15 മുതൽ 29 വരെ പ്രായമുള്ളവർ മദ്ധ്യവയസ്കരേക്കാൾ കൂടുതലായതിനാൽ ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ 80 വയസ്സിൽ കൂടുതൽ പ്രായമുള്ള വെള്ളക്കാരായ പുരുഷന്മാരിലാണ് ആത്മഹത്യാനിരക്ക് ഏറ്റവും ഉയർന്നത്. പ്രായം കുറവുള്ളവരാണ് താരതമ്യേന കൂടുതൽ ആത്മഹത്യാശ്രമങ്ങൾ നടത്താറുള്ളത്. കൗമാര പ്രായക്കാരിൽ രണ്ടാമത്തെ പ്രധാന മരണകാരണമാണിത്. അപകടങ്ങൾ മൂലമുള്ള മരണം മാത്രമാണ് ഈ വിഭാഗത്തിൽ ആത്മഹത്യയേക്കാൾ മുന്നിൽ നിൽക്കുന്നത്. വികസിതരാജ്യങ്ങളിലെ യുവാക്കളിൽ ഏകദേശം 30% മരണങ്ങളും ആത്മഹത്യ മൂലമാണുണ്ടാകുന്നത്. വികസ്വരരാജ്യങ്ങളിൽ നിരക്ക് സമാനമാണെങ്കിലും ആകെ മരണങ്ങളിൽ ചെറിയ വിഭാഗം മാത്രമേ ആത്മഹത്യ മൂലം നടക്കുന്നുള്ളൂ. പരിക്കുകൾ മൂലമുള്ള മരണനിരക്ക് താരതമ്യേന കൂടുതലായതിനാലാണിത്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള കണക്കിൽ നിന്ന് വ്യത്യസ്തമായി ദക്ഷിണപൂർവ്വേഷ്യയിൽ യുവതികളിൽ വൃദ്ധകളേക്കാൾ കൂടുതൽ ആത്മഹത്യകൾ കണ്ടുവരുന്നു.

ഇന്ത്യയിൽ

"ഇന്ത്യയിൽ 2013-ൽ 1,35,445 ആളുകളാണ്‌ ആത്മഹത്യ ചെയ്‌തത്‌. കുറ്റകൃത്യങ്ങളുടെ രേഖകൾ സൂക്ഷിക്കുന്ന ദേശീയകാര്യാലയത്തിൻറെ കണക്കനുസരിച്ച്, ഒരു മണിക്കൂറിൽ ശരാശരി 15 ആളുകൾ, അതായത്‌ ഒരു ദിവസം 371 പേർ ആത്മഹത്യ ചെയ്യുന്നു.”

കേരളത്തിൽ

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ആത്മഹത്യാനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുകയാണെന്നും ആത്മഹത്യ ചെയ്യുന്നവരിൽ പുരുഷന്മാരുടെ എണ്ണം കൂടുതലാണെന്നും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ ആത്മഹത്യകളിൽ 14.3 ശതമാനവും മാനസികാസ്വാസ്ഥ്യം മൂലമാണ് എന്ന് ഹിന്ദു ദിനപത്രം സൂചിപ്പിക്കുന്നു..

ചരിത്രം

ആത്മഹത്യ 
ടാജൻ സ്തൂപത്തിൽ ഡെസെബാലസിന്റെ ആത്മഹത്യ ചിത്രീകരിച്ചിരിക്കുന്നു.

പുരാതന ഏഥൻസിൽ ഭരണകൂടത്തിന്റെ അനുമതി കൂടാതെ ആത്മഹത്യ ചെയ്തവർക്ക് സാധാരണ മരണാനന്തരചടങ്ങുകൾ നിഷേധിക്കപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്തവരെ നഗരപ്രാന്തത്തിൽ സ്മാരകശിലകളോ അടയാളങ്ങളോ ഇല്ലാതെ ഒറ്റയ്ക്ക് മറവുചെയ്യുകയായിരുന്നു ചെയ്തിരുന്നത്. ആത്മഹത്യ സൈനികപരാജയം സംഭവിക്കുമ്പോൾ ചെയ്യാവുന്ന ഒരു കാര്യമായായിരുന്നു പുരാതന ഗ്രീസിലും പുരാതന റോമിലും കണക്കാക്കപ്പെട്ടിരുന്നത്. പുരാതന റോമിൽ ആദ്യകാലങ്ങളിൽ ആത്മഹത്യ അനുവദിച്ചിരുന്നുവെങ്കിലും പിൽക്കാലത്ത് ഇതിന്റെ സാമ്പത്തികവശം കണക്കിലെടുത്ത് രാജ്യത്തിനെതിരായ ഒരു കുറ്റമായി കണക്കാക്കപ്പെടാൻ തുടങ്ങി. 1670-ൽ ഫ്രാൻസിലെ ലൂയി പതിനാലാമൻ പുറപ്പെടുവിച്ച ഒരു ക്രിമിനൽ ഉത്തരവ് വളരെ കഠിനമായിരുന്നു. ആത്മഹത്യ ചെയ്ത ആളുടെ ശരീരം തെരുവുകളിലൂടെ കമഴ്ത്തിക്കിടത്തി വലിച്ചിഴയ്ക്കുകയും ചവറുകൂനയിൽ വലിച്ചെറിയുകയോ തൂക്കിയിടുകയോ ചെയ്യണം എന്നുമായിരുന്നു ഇത്. ഇതുകൂടാതെ ആത്മഹത്യ ചെയ്തവരുടെ എല്ലാ വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യുമായിരുന്നു. ക്രിസ്തുമത സഭകളിൽ ചരിത്രപരമായി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ സഭയിൽ നിന്നു തന്നെ പുറന്തള്ളുകയാണ് ചെയ്തിരുന്നത്. ആത്മഹത്യ ചെയ്യുന്നവരെ സെമിത്തേരികൾക്കുവെളിയിലുള്ള തെമ്മാടിക്കുഴിയിലായിരുന്നു അടക്കിയിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന സമയത്ത് ആത്മഹത്യാശ്രമം കൊലപാതകശ്രമത്തിനു സമാനമായാണ് ബ്രിട്ടണിൽ കണക്കാക്കിയിരുന്നത്. തൂക്കിക്കൊല്ലലായിരുന്നു ഇതിന്റെ ശിക്ഷ. യൂറോപ്പിൽ 19-ആം നൂറ്റാണ്ടിൽ ആത്മഹത്യ പാപമാണ് എന്ന നിലപാടിൽ നിന്ന് ക്രമേണ ഇത് ഭ്രാന്ത് കാരണമാണ് ചെയ്യുന്നത് എന്ന നിലപാടിലേയ്ക്ക് മാറ്റമുണ്ടായി.

സാമൂഹികവും സാംസ്കാരികവുമായ വശം

നിയമനിർമ്മാണം

ആത്മഹത്യ 
സെപ്പുകു എന്ന തരം ആത്മഹത്യയ്ക്കായി തയ്യാറാക്കിയ ടാന്റോ കത്തി.

മദ്ധ്യകാലഘട്ടം മുതൽ 1800-കൾ വരെയെങ്കിലും മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ആത്മഹത്യ കുറ്റമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ മിക്ക പാശ്ചാത്യ രാജ്യങ്ങളിലും ഇപ്പോൾ ആത്മഹത്യ കുറ്റമായി കണക്കാക്കപ്പെടുന്നില്ല. പല ഇസ്ലാമിക രാജ്യങ്ങളും ഇത് ഒരു ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്.

ഓസ്ട്രേലിയയിൽ ആത്മഹത്യ ഒരു കുറ്റമല്ല. എന്നിരുന്നാലും ആത്മഹത്യ ചെയ്യാൻ ഒരാളെ ഉപദേശിക്കുകയോ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ മാർഗ്ഗങ്ങൾ ഒരുക്കിക്കൊടുക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഒരാൾ ആത്മഹത്യ ചെയ്യുന്നത് തടയാൻ ആവശ്യമായ ബലപ്രയോഗം നടത്താനും നിയമം വ്യക്തികൾക്ക് അധികാരം നൽകുന്നുണ്ട്. ഓസ്ട്രേലിയയിൽ നോർതേൺ ടെറിട്ടറിയിൽ 1996 മുതൽ 1997 വരെ ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ നടത്തുവാനുള്ള നിയമാനുമതിയുണ്ടായിരുന്നു.

ഇപ്പോൾ യൂറോപ്പിലെ ഒരു രാജ്യവും ആത്മഹത്യയോ ആത്മഹത്യാശ്രമമോ ഒരു കുറ്റമായി കണക്കാക്കുന്നില്ല. ഇംഗ്ലണ്ടും വെയിൽസും 1961-ലെ ആത്മഹത്യാനിയമത്തിലൂടെയും റിപ്പബ്ലിക് ഓഫ് അയർലന്റ് 1993-ലും ആത്മഹത്യ കുറ്റകരമല്ലാതെയാക്കി.

ഇന്ത്യയിൽ ആത്മഹത്യ നിയമവിരുദ്ധമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഇതുമൂലം നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ആത്മഹത്യ നടക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്നവർ ആവശ്യമായ രക്ഷാപ്രവർത്തം ചെയ്തില്ല എന്ന പേരിൽ നിയമനടപടികൾക്ക് വിധേയരാകാൻ സാദ്ധ്യതയുണ്ട്. ജർമ്മനിയിൽ ഒരാൾ എന്തെങ്കിലും പ്രവൃത്തിയിലൂടെ മറ്റൊരാളുടെ ദയാവധം നടത്തുന്നത് (active euthanasia) നിയമവിരുദ്ധമാണ്. സ്വിറ്റ്സർലാന്റിൽ വിട്ടുമാറാത്ത മാനസികരോഗമുള്ളവർക്ക് മറ്റൊരാളിന്റെ സഹായത്തോടെ നടക്കുന്ന ആത്മഹത്യ നിയമവിധേയമാക്കിയിട്ടുണ്ട്.

അമേരിക്കൻ ഐക്യനാടുകളിൽ ആത്മഹത്യ നിയമവിരുദ്ധമല്ലെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് പിഴ ചുമത്തപ്പെടാൻ സാദ്ധ്യതയുണ്ട്. ഡോക്ടറുടെ സഹായത്തോടെ നടക്കുന്ന ആത്മഹത്യ ഓറിഗണിലും വാഷിംഗ്ടണിലും നിയമവിധേയമാണ്.

മതപരമായ കാഴ്ച്ചപ്പാടുകൾ

ആത്മഹത്യ 
ഒരുഹിന്ദു വിധവ തന്റെ ഭർത്താവിന്റെ ചിതയിൽ വെന്തുമരിക്കുന്നു. 1820കൾ.

ക്രിസ്തുമതത്തിലെ മിക്ക വിഭാഗങ്ങളും ആത്മഹത്യ ഒരു പാപമായാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനം മദ്ധ്യകാലഘട്ടത്തിലെ പ്രധാന ക്രിസ്തുമത ഗ്രന്ഥങ്ങളുടെ സ്വാധീനമാണ്. സെയിന്റ് അഗസ്റ്റിൻ, സെയിന്റ് തോമസ് അക്വിനാസ് എന്നിവരുടെ രചനക‌ൾ എടുത്തുപറയാവുന്നതാണ്. പക്ഷേ ബൈസന്റൈൻ ക്രിസ്തുമത നിയമസംഹിതയായിരുന്ന ജസ്റ്റീനിയൻ കോഡിലും മറ്റും ഇത് പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല. കത്തോലിക്കാ മതതത്ത്വമനുസരിച്ച് പത്തുകൽപ്പനകളിലെ "നീ ജീവനെടുക്കാൻ പാടില്ല" (യേശു മത്തായി 19:18 പ്രകാരം പുതിയ ഉടമ്പടിയിലും ഇത് ബാധകമാക്കിയിരുന്നു) എന്ന ശാസനവും, ജീവൻ ദൈവം തരുന്ന ഒരു സമ്മാനമാണെന്നും ഇത് തട്ടിക്കളയാൻ പാടില്ല എന്നുമുള്ള വിശ്വാസവും, ആത്മഹത്യ "സ്വാഭാവിക ക്രമത്തിന്" എതിരാണെന്നും അതിനാൽ ഇത് ദൈവത്തിന്റെ പദ്ധതിയെ ബാധിക്കുമെന്ന ചിന്തയും ആത്മഹത്യ ചെയ്തൂകൂട എന്ന നിലപാടിനെ പിന്തുണയ്ക്കുന്നു.

മാനസിക രോഗങ്ങളോ പീഡകളോടുള്ള ഭയമോ ആത്മഹത്യ ചെയ്യുന്നയാളുടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം കുറയ്ക്കുന്നു എന്ന വിശ്വാസം നിലവിലുണ്ട്. കത്തോലിക്കാ നിലപാടിനെതിരായ വാദങ്ങൾ ഇവയാണ്: ആറാമത്തെ കൽപ്പനയുടെ ശരിയായ തർജ്ജമ "നീ കൊല ചെയ്യാൻ പാടില്ല" എന്നാണ്. ഇത് സ്വന്തം ജീവന്റെ കാര്യത്തിൽ ബാധകമാവണമെന്നില്ല. ദൈവം മനുഷ്യന് വിശേഷബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവും നൽകിയിട്ടുണ്ട്. ഒരു അസുഖം ഭേദപ്പെടുത്തുന്നതും ദൈവത്തിന്റെ പദ്ധതിയെ ബാധിക്കും. ബൈബിളിൽ ദൈവത്തെ പിന്തുടരുന്നവരിൽ ധാരാളം പേർ ആത്മഹത്യ ചെയ്തതായി സൂചിപ്പിക്കുന്നുണ്ട്, ഇതിലൊന്നും ദൈവകോപമുണ്ടായതായി സൂചനയില്ല.

ജൂതമതം ജീവന് വിലനൽകുന്നതിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഈ ലോകത്തിൽ ദൈവത്തിന്റെ നന്മ നിഷേധിക്കുന്നതിനു തുല്യമാണ് ആത്മഹത്യ എന്നാണ് ജൂതമതവിശ്വാസം. എന്നിരുന്നാലും പ്രത്യേക സാഹചര്യങ്ങളിൽ കൊല ചെയ്യപ്പെടുകയോ സ്വന്തം മതത്തെ ചതിക്കാൻ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്ന് രക്ഷപെടാൻ മറ്റു മാർഗ്ഗമില്ല എന്ന സ്ഥിതിയിൽ ജൂതന്മാർ ആത്മഹത്യ ചെയ്ത പല സംഭവങ്ങളുമുണ്ട്. ചിലപ്പോൾ കൂട്ട ആത്മഹത്യയും ഉണ്ടായിട്ടുണ്ട് (മസാദ, ഫ്രാൻസിൽ ജൂതന്മാരുടെ ആദ്യ പീഠനകാലം, യോർക്ക് കോട്ട എന്നിവ കാണുക). വീരമൃത്യു പ്രാപിക്കുന്നതിനെ ജൂതമതത്തിലെ അധികാരികൾ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട്.

ഇസ്ലാം മതത്തിൽ ആത്മഹത്യ അനുവദനീയമല്ല. സമകാലീന ഹിന്ദുമതത്തിൽ ആത്മഹത്യ പൊതുവിൽ മറ്റൊരാളെ കൊല്ലുന്നതിനു തുല്യമായ പാപമായാണ് കണക്കാക്കപ്പെടുന്നത്. ആത്മഹത്യ ചെയ്യുന്നയാളുടെ ആത്മാവ് അയാൾ സ്വാഭാവികമായി എത്ര നാൾ ജീവിക്കുമായിരുന്നുവോ അത്രയും സമയം പ്രേതാത്മാവായി ലോകത്തിൽ അലയേണ്ടിവരും എന്ന വിശ്വാസം ഹിന്ദു മത ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അക്രമരഹിതമായ രീതിയിൽ ഉപവാസത്തിലൂടെ മരണം വരിക്കുവാനുള്ള അവകാശം മനുഷ്യർക്കുണ്ട് (പ്രായോപവേശം) എന്ന് ഹിന്ദുമതത്തിൽ വിശ്വാസമുണ്ട്. ജീവിതത്തിൽ മറ്റൊരു ആശയോ ആഗ്രഹമോ ഉത്തരവാദിത്തമോ അവശേഷിച്ചിട്ടില്ലാത്തവർക്കാണ് ഈ മാർഗ്ഗം സ്വീകരിക്കാൻ അവകാശമുള്ളത്. ജൈനമതത്തിൽ സന്താര എന്നൊരു സമാനവിശ്വാസമുണ്ട്. ഇന്ത്യയിൽ മദ്ധ്യകാലത്ത് നിലനിന്നിരുന്ന അനുഷ്ടാനാത്മക സ്വയംഹത്യയാണ് സതി. ശിവ പത്നിയായ സതിയുടെ സ്വയംഹത്യ സംബന്ധിച്ച ഐതിഹ്യമാണ് ഈ ആചാരത്തിനുപിന്നിലുള്ളത്.

ജപ്പാനിൽ യോദ്ധാക്കൾ അനുഷ്ടിച്ചുവന്നിരുന്ന വയറുകീറിയുള്ള ആത്മഹത്യരീതിയാണ്‌ ഹരാകിരി.

തത്ത്വചിന്ത

ആത്മഹത്യ 
പുറത്തേയ്ക്കുള്ള വഴി, ആത്മഹത്യ സംബന്ധിച്ച ചിന്തകൾ: ജോർജ്ജ് ഗ്രൈ, 2007.

എന്താണ് ആത്മഹത്യ, ആത്മഹത്യ യുക്തിപരമായി എടുക്കാവുന്ന ഒരു തീരുമാനമാണോ, നൈതികമായ പിന്തുണ ആത്മഹത്യക്ക് നൽകാനാവുമോ എന്നിങ്ങനെ പല ചോദ്യങ്ങൾ ആത്മഹത്യ സംബന്ധിച്ച തത്ത്വചിന്തയിൽ ഉന്നയിക്കപ്പെടുന്നുണ്ട്. ആത്മഹത്യ സന്മാർഗ്ഗപരമോ നൈതികമായി ശരിയോ അല്ല എന്ന തരത്തിലുള്ള ശക്തമായ എതിർപ്പും താൻ യുക്തിപരമായി ചിന്തിച്ചെടുത്ത തീരുമാനമാണ് ആത്മഹത്യ എന്ന് വിശ്വസിക്കുന്ന എല്ലാവർക്കുമുള്ള ഒരവകാശമാണ് ഇതെന്ന തരത്തിലുള്ള ശക്തമായ പിന്തുണയും ആത്മഹത്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

ആത്മഹത്യയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നവർ പ്രധാനമായും ക്രിസ്ത്യൻ തത്ത്വചിന്തകരായ ഹിപ്പോയിലെ അഗസ്റ്റീൻ തോമസ് അക്വിനാസ്, ഇമ്മാനുവൽ കാന്റ് ജോൺ സ്റ്റുവർട്ട് മിൽ – സ്വാതന്ത്ര്യം സ്വയം നിർണ്ണയാവകാശം എന്നിവ സംബന്ധിച്ച മിലിന്റെ അഭിപ്രായമനുസരിച്ച് ഒരു വ്യക്തി ഭാവിയിൽ തനിക്ക് സ്വയം നിർണ്ണയാവകാശം നഷ്ടപ്പെടുത്തുന്ന നടപടിയെടുക്കുന്നത് അസ്വീകാര്യമായിരുന്നു തുടങ്ങിയവരായിരുന്നു. മറ്റുള്ളവർ ആത്മഹത്യ വ്യക്തിപരമായ തീരുമാനത്തിൽ പെടുന്ന കാര്യമാണ് എന്നാണ് കണ്ടിരുന്നത്. ഈ അഭിപ്രായമുണ്ടായിരുന്നവരുടെ വാദം ഒരാളെയും തന്റെ സമ്മതമില്ലാതെ പീഡനം അനുഭവിക്കാൻ നിർബന്ധിക്കാൻ പാടില്ല എന്നായിരുന്നു. ചികിത്സിച്ചുമാറ്റാനാകാത്ത അസുഖം, വാർദ്ധക്യം മൂലമുള്ള പീഡകൾ എന്നീ സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്യാവുന്നതാണെന്നായിരുന്നു ഇവരുടെ വാദം. ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ ത‌‌ള്ളിക്കളഞ്ഞിരുന്നു. വേദനയോ പീഡയോ അനുഭവിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ന്യായമായ ഒരു അവസാന മാർഗ്ഗമാണ് ആത്മഹത്യ എന്നാണ് ഇവരുടെ വാദം. കൂടുതൽ ശക്തമായ ഒരു നിലപാട് ദുരിതം അനുഭവിക്കുന്നവർക്കു മാത്രമല്ല, എല്ലാവർക്കും മരിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട് എന്നാണ്. ഡേവിഡ് ഹ്യൂംജേക്കബ് ആപ്പൽ എന്നിവർ ഈ വിശ്വാസമുണ്ടായിരുന്നവരാണ്.

പിന്തുണ

ആത്മഹത്യ 
അലക്സാൺട്രേ ഗബ്രിയൽ ഡെകാംമ്പ്സിന്റെ ഈ ചിത്രത്തിൽ തറയിൽ കിടക്കുന്ന പാലറ്റ്, പിസ്റ്റൾ, നോട്ട് എന്നിവ സൂചിപ്പിക്കുന്നത് ഈ സംഭവം ഇപ്പോൾ നടന്നിട്ടേയുള്ളൂ എന്നാണ്. കലാകാരൻ സ്വന്തം ജീവനെടുത്തു എന്നർത്ഥം.

പല സമൂഹങ്ങളും വിഭാഗങ്ങളും ആത്മഹത്യയ്ക്കനുകൂലമായ നിലപാടെടുത്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാനീസ് സൈന്യം കാമികാസി ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഇവയെ മഹത്ത്വവ‌ൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാനീസ് വൈമാനികർ സഖ്യകക്ഷികളുടെ നാവികക്കപ്പലുകൾക്കെതിരേ നടത്തിയ ആത്മഹത്യാ ആക്രമണങ്ങളാണ് കാമികാസി എന്നറിയപ്പെടുന്നത്. ജപ്പാനിലെ സമൂഹം പൊതുവിൽ ആത്മഹത്യയോട് സഹിഷ്ണുതാമനോഭാവം പുലർത്തുന്നതായി വിവരിക്കപ്പെട്ടിട്ടുണ്ട്. (ജപ്പാനിലെ ആത്മഹത്യകൾ കാണുക).

ഇന്റർനെറ്റിൽ ആത്മഹത്യയെപ്പറ്റി തിരഞ്ഞാൽ ലഭിക്കുന്ന പേജുകളിൽ 10 മുതൽ 30% വരെ ആത്മഹത്യാശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്. ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയു‌ള്ളവരെ ഇത്തരം സൈറ്റുകൾ ആത്മഹത്യയിലേയ്ക്ക് നയിക്കും എന്ന വ്യാകുലത പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിലർ ഓൺലൈൻ ആത്മഹത്യാ ഉടമ്പടികളിൽ ഏർപ്പെടാറുണ്ട്. ഇത് മുന്നേ അറിയാവുന്ന സുഹൃത്തുക്കളോടോ ഇന്റർനെറ്റിൽ പരിചയപ്പെട്ടവരോടോ ആകാം. ഇന്റർനെറ്റ് ഒറ്റപ്പെടുന്നവർക്ക് കൂട്ടായി സോഷ്യൽ കൂട്ടായ്മകൾ നൽകുന്നതിലൂടെ ചിലപ്പോൾ ആത്മഹത്യയെ തടയാൻ സഹയിച്ചേയ്ക്കാം.

ആത്മഹത്യക്ക് പേരുകേട്ട സ്ഥലങ്ങൾ

ആത്മഹത്യ 
കൊടൈക്കനാലിലെ ആത്മഹത്യാമുനമ്പ്

ചില സ്ഥലങ്ങളിൽ ധാരാ‌ളം ആത്മഹത്യാശ്രമങ്ങൾ നടക്കാറുണ്ട്. സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലം, ജപ്പാനിലെ അവോകിഘാര കാട്, ഇംഗ്ലണ്ടിലെ ബീച്ചി ഹെഡ്, ടൊറാണ്ടൊയിലെ ബ്ലൂർ സ്ട്രീറ്റ് വയഡക്റ്റ് എന്നിവ ഉദാഹരണങ്ങളാണ്. കൊടൈക്കനാലിലുള്ള ഒരു വൻ കൊക്ക ആത്മഹത്യാമുനമ്പ് (Suicide point) എന്നറിയപ്പെടുന്നു. വിനോദ സഞ്ചാരികൾ ആത്മഹത്യാമുനമ്പ് കാണാനുള്ള ശ്രമത്തിൽ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. [അവലംബം ആവശ്യമാണ്]

1937-ൽ നിർമിച്ചതിനുശേഷം 2010 വരെ ഗോൾഡൻ ഗേറ്റ് പാലത്തിൽ നിന്നും 1,300-ലധികം ആൾക്കാർ ചാടി മരിച്ചിട്ടുണ്ട്. ആത്മഹത്യ സാധാരണയായി നടക്കുന്ന സ്ഥലങ്ങൾക്കു ചുറ്റും വേലിക്കെട്ടുകൾ നിർമ്മിക്കാറുണ്ട്. ടൊറോണ്ടോയിലെ ലൂമിനസ് വെയിൽ, പാരീസിലെ ഐഫൽ ടവർ, ന്യൂ യോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് എന്നിവ ഉദാഹരണം. ഗോൾഡൻ ഗേറ്റ് പാലത്തിലും ഇത്തരം ഒരു വേലി നിർമ്മിക്കപ്പെടുന്നുണ്ടായിരുന്നു. ഇത്തരം തടസ്സങ്ങൾ പൊതുവിൽ വളരെ ഫലപ്രദമാണ്.

ശ്രദ്ധേയമായ കേസുകൾ

1978-ൽ "ജോൺസ്ടൗൺ" എന്ന സ്ഥലത്ത് ജിം ജോൺസ് എന്നയാൾ നയിച്ചിരുന്ന പീപ്പിൾസ് ടെമ്പിൾ എന്ന കൾട്ടിലെ 918 അംഗങ്ങൾ സയനൈഡ് ചേർത്ത മുന്തിരിച്ചാറ് കഴിച്ച് ആത്മഹത്യ ചെയ്തു. സായിപാൻ യുദ്ധത്തിന്റെ അവസാനത്തോടടുത്ത് 10,000-ലധികം ജപ്പാൻകാരായ നാട്ടുകാർ ആത്മഹത്യ ചെയ്യുകയുണ്ടായി. ചിലർ "സൂയിസൈഡ് ക്ലിഫ്", "ബൻസായി ക്ലിഫ്" എന്നിവിടങ്ങളിൽ നിന്ന് ചാടിമരിക്കുകയായിരുന്നു.

ബോബി സാൻഡ്സ് നയിച്ച 1981-ലെ ഐറിഷ് നിരാഹാരസത്യാഗ്രഹങ്ങളിൽ 10 പേർ മരിക്കുകയുണ്ടായി. കൊറോണർ മരണകാരണം "സ്വയം തിരഞ്ഞെടുത്ത പട്ടിണി" എന്നാണ് (ആത്മഹത്യ എന്നല്ല) രേഖപ്പെടുത്തിയത്. ഇത് സമരം ചെയ്തവരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് "പട്ടിണി" എന്നാക്കി ഭേദഗതി ചെയ്യുകയുണ്ടായി. ഹിറ്റ്‌ലറുടെ ജീവനെടുക്കാനുള്ള ജൂലൈ 20 ഗൂഢാലോചനയെപ്പറ്റി എർവിൻ റോമലിന് അറിവുണ്ടായിരുന്നു. ആത്മഹത്യ ചെയ്തില്ലെങ്കിൽ ഇദ്ദേഹത്തെ പൊതുവിചാരണ ചെയ്യുകയും വധിക്കുകയും ചെയ്യുമെന്നും ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഇതിന്റെ പരിണതഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നുമുള്ള ഭീഷണിയെത്തുടർന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

മറ്റു ജീവികൾ

ആത്മഹത്യയിൽ മരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയ പ്രവൃത്തി ആവശ്യമായതിനാൽ മനുഷ്യനല്ലാത്ത ജീവികളിൽ ഇത് സാദ്ധ്യമല്ല എന്നാണ് ചിലരുടെ അഭിപ്രായം. സാൽമൊണല്ല എന്ന സൂക്ഷ്മജീവിയിൽ ആത്മഹത്യയ്ക്ക് സമാനമായ പ്രവൃത്തി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മത്സരിക്കുന്ന മറ്റ് ബാക്റ്റീരിയകളെ നശിപ്പിക്കാനായി അവയ്ക്കെതിരേ ഒരു രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം തുടങ്ങിവയ്ക്കുകയാണ് സാൽമൊണല്ല ചെയ്യുന്നത്. ഫോറേലിയസ് പ്യൂസിലസ് (Forelius pusillus) എന്ന ബ്രസീലിയൻ ഉറുമ്പിനത്തിലും ആത്മഹത്യ ചെയ്ത് മറ്റുള്ള ഉറുമ്പുകളെ രക്ഷിക്കുന്ന സ്വഭാവം കാണപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ഒരുപറ്റം ഉറുമ്പുകൾ കൂട് വെളിയിൽ നിന്ന് ഭദ്രമായി അടച്ചശേഷം പുറത്ത്നിൽക്കുന്നതാണ് ഈ സ്വഭാവം.

ലേഡിബഗ് പീ ആഫിഡുകളെ ആക്രമിക്കുമ്പോൾ, ഈ അഫിഡ്ഡുകൾ സ്വയം പൊട്ടിത്തെറിക്കുകയും ഇതിലൂടെ മറ്റ് ആഫിഡുകളെ സംരക്ഷിക്കുകയും ചിലപ്പോൾ ലേഡിബഗിനെ കൊല്ലുകയും ചെയ്യും. ചിലയിനം ചിതലുകൾക്ക് പൊട്ടിത്തെറിക്കാൻ ശേഷിയുള്ള സൈനികരുണ്ട്. പശപോലെയുള്ള വസ്തുക്കൾ കൊണ്ട് ശത്രുക്കളെ മൂടുകയാണ് ഇതിന്റെ പരിണതഫലം.

നായ്ക്കൾ, ഡോൾഫിനുകൾ, കുതിരകൾ എന്നിവ ആത്മഹത്യ ചെയ്തതിന്റെ കഥകൾ ധാരാളമുണ്ട്. സംശയരഹിതമായ തെളിവുകൾ പക്ഷേ ലഭ്യമല്ല. മൃഗങ്ങൾ ആത്മഹത്യ ചെയ്യുന്നതുസംബന്ധിച്ച് ശാസ്ത്രീയപഠനങ്ങൾ നടന്നിട്ടില്ല.

ഇതും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

ആത്മഹത്യ നിർവചനങ്ങൾആത്മഹത്യ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾആത്മഹത്യ രീതികൾആത്മഹത്യ പാത്തോഫിസിയോളജിആത്മഹത്യ തടയൽആത്മഹത്യ സ്ഥിതിവിവരക്കണക്കുകൾആത്മഹത്യ ചരിത്രംആത്മഹത്യ സാമൂഹികവും സാംസ്കാരികവുമായ വശംആത്മഹത്യ മറ്റു ജീവികൾആത്മഹത്യ ഇതും കാണുകആത്മഹത്യ അവലംബംആത്മഹത്യ കൂടുതൽ വായനയ്ക്ക്ആത്മഹത്യ പുറത്തേയ്ക്കുള്ള കണ്ണികൾആത്മഹത്യBipolar disorderSchizophreniaജീവൻ

🔥 Trending searches on Wiki മലയാളം:

കെ.ആർ. മീരമലയാളഭാഷാചരിത്രംപാലോളി മുഹമ്മദ് കുട്ടിസമസ്ത കേരള ജംഇയ്യത്തുൽ ഉലമവൈക്കം സത്യാഗ്രഹംന്യുമോണിയലാ നിനാലളിതാംബിക അന്തർജ്ജനംപ്രധാന താൾഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്ഓസ്ട്രേലിയപന്ന്യൻ രവീന്ദ്രൻഗണപതിസാഹിത്യംനവരത്നങ്ങൾഖണ്ഡകാവ്യംമകയിരം (നക്ഷത്രം)കേരള പോലീസ്ശോഭനകേരള നിയമസഭകോഴിക്കോട്ലീലാതിലകംബ്ലെസിഇടുക്കി ജില്ലമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികവടകരമലങ്കര സുറിയാനി കത്തോലിക്കാ സഭമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികകേരള വനിതാ കമ്മീഷൻമഹാത്മാ ഗാന്ധിനളിനിസൈലന്റ്‌വാലി ദേശീയോദ്യാനംബിഗ് ബോസ് മലയാളംആർത്തവവിരാമംഎബ്രഹാം ലിങ്കൺശീതങ്കൻ തുള്ളൽസ്വാതിതിരുനാൾ രാമവർമ്മഏപ്രിൽ 18ഇന്ത്യൻ ശിക്ഷാനിയമം (1860)ഷാഫി പറമ്പിൽമോഹിനിയാട്ടംആൻജിയോഗ്രാഫികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമസ്തിഷ്കാഘാതംബഹ്റൈൻസ്വർണവും സാമ്പത്തിക ശാസ്ത്രവുംകൂടൽമാണിക്യം ക്ഷേത്രംഇടതുപക്ഷ ജനാധിപത്യ മുന്നണിനയൻതാരഇന്ദിരാ ഗാന്ധിഐക്യരാഷ്ട്രസഭകേരളത്തിലെ തനതു കലകൾലത്തീൻ കത്തോലിക്കാസഭസാദിഖ് (നടൻ)ഇന്ത്യയിലെ പഞ്ചായത്തി രാജ്കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംകയ്യൂർ സമരംനായർരാമചരിതംജ്ഞാനപ്പാനരണ്ടാമൂഴംടൈഫോയ്ഡ്വെരുക്മൗലിക കർത്തവ്യങ്ങൾമലബാർ കലാപംതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംഖൻദഖ് യുദ്ധംഉപ്പുസത്യാഗ്രഹംഖസാക്കിന്റെ ഇതിഹാസംവിദ്യാരംഭംദൈവംഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺശുഭാനന്ദ ഗുരുഉഭയവർഗപ്രണയിപഴഞ്ചൊല്ല്ഗുജറാത്ത്🡆 More